കൂടെക്കൂടെ നമ്മുടെ രാജ്യത്തിന്റെ പുരോഗമനം (പ്രത്യേകിച്ച് മതവും, വ്യക്തിസ്വാതന്ത്ര്യവും മനുഷ്യാവകാശവും) സംബന്ധിച്ചുള്ള ചർച്ചകളിൽ കടന്നുവരാറുള്ള ഒരു പറച്ചിലാണ് , ങ്ങ്ഹും നമ്മൾ അതിന് പുറകോട്ടല്ലേ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്, ഇവിടെ ഇപ്പോൾ അതിനൊന്നും ഒരു വിലയുമില്ല, സ്ത്രീകളുടെ അവകാശങ്ങൾക്ക് പുല്ല് വില പോലും ഇല്ലാതിരുന്ന “സൗദി അറേബ്യയിൽ പോലും” ലിബറൽ ആശയങ്ങൾക്ക് അല്പം സ്ഥാനം ലഭിക്കാൻ തുടങ്ങി, സ്ത്രീകൾക്ക് വാഹനം ഓടിക്കാനും, വോട്ട് ചെയ്യാനും, പുരുഷ മേധാവിത്തത്തിൽ നിന്നും പുറത്ത് വരാനും ഒക്കെ ഇപ്പോൾ സാധിക്കുന്നു ,സിനിമ തിയേറ്ററുകൾ ഒക്കെ തുറന്നു ,അവർ മാറ്റത്തിന്റെ പാതയിലാണ് അതിന്റെ ഗുണഫലങ്ങൾ നമ്മുടെ പ്രവാസി മലയാളികൾക്കും അനുഭവിക്കാം എന്നൊക്കെ. അങ്ങനെ നമ്മുടെ പ്രശംസക്ക് പാത്രമായ അതേ സൗദി അറേബ്യയിൽ നിന്നും ഇന്നലെ ഒരു ദൗർഭാഗ്യകരവും വിരോധാഭാസകരവുമായ ഒരു വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടു. സൗദിയിലെ സ്ത്രീകളുടെ അവകാശങ്ങൾക്കും അവരുടെ ഉന്നമനത്തിനും വേണ്ടി പോരാടിയ, ഇന്ന് അവിടുത്തെ സ്ത്രീകൾ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് കാരണക്കാരായ മനുഷ്യാവകാശ പ്രവർത്തകരിൽ ഒരാളും ആക്ടിവിസ്റ്റുമായ ലുജൈൻ അൽ ഹത്ലൂലിന് സൗദിയിൽ ഈ ഒരു മാറ്റത്തിന് തുടക്കമിട്ടതിനും, വിദേശ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്നു എന്ന പേരിലും ഇൻ്റർനെറ്റിലൂടെ രാജ്യത്തെ ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നു എന്ന കുറ്റത്തിനും 5 വർഷവും 8 മാസവും (ആകെ 68 മാസം) സൗദി കോടതി ജയിൽ ശിക്ഷ വിധിച്ചു. അന്താരാഷ്ട്ര മാധ്യമങ്ങളിലൊക്കെ അത് വലിയ വാർത്തയാവുകയും ചർച്ചയാവുകയും, ഐക്യരാഷ്ട്ര സഭ ഈ വിധിയോട് വിയോജിപ്പ് അറിയിക്കുകയും ചെയ്തപ്പോൾ, മലയാളം മാധ്യമങ്ങളിൽ അത് വളരെ ചെറിയ ഒരു വാർത്തയിൽ ഒതുങ്ങി.
ആരാണ് ലുജൈൻ അൽ ഹത്ലൂൽ? സൗദി സ്വദേശിനിയായ മുപ്പത്തിയൊന്ന്കാരി. സൗദിയിൽ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച ശക്തരായ മനുഷ്യാവകാശ പ്രവർത്തകരിൽ ഒരാൾ. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിൽ നിന്നും ഫ്രഞ്ച് ഭാഷയിൽ ബിരുദ പഠനം പൂർത്തിയാക്കി. സോഷ്യൽ മീഡിയയിലൂടെ സജീവമായി സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു.
എന്തായിരുന്നു ലുജൈൻ അൽ ഹത്ലൂൽ സൗദിയിലെ സ്ത്രീകൾക്ക് വേണ്ടി ചെയ്തത്?
ലുജൈൻ എറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് 2013ൽ സൗദിയിൽ സ്ത്രീകൾക്ക് വാഹനം ഓടിക്കാൻ ഉള്ള അവകാശത്തിന് വേണ്ടിയും പുരുഷമേധാവിത്തത്തിനെതിരെയുമുള്ള (male guardianship) പോരാട്ടത്തിലൂടെയുമായിരുന്നു. അതിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ അവർ കാർ ഓടിക്കുന്നതും മുഖാവരണം ധരിക്കാതെയും ഒക്കെയുള്ള ചിത്രം പങ്ക് വെച്ചു. സൗദിയിൽ ഇത് ഒരു പ്രക്ഷോഭത്തിന് വഴി തുറന്നു. 2014ൽ യു. എ. ഇ യിൽ നിന്നും റിയാദിലേക്ക് കാർ ഓടിച്ചതിന് 73 ദിവസം ലുജൈൻ തടങ്കലിലാക്കപ്പെട്ടു. ലൈസൻസ് ഉണ്ടായാലും, രാജ്യാതിർത്തി കടന്നതും സ്ത്രീകൾ വാഹനമോടിക്കാൻ പാടില്ല എന്നതുമായിരുന്നു ആരോപിക്കപ്പെട്ട കുറ്റങ്ങൾ. പിന്നീട് വിട്ടയച്ചെങ്കിലും 2018 മേയിൽ പ്രക്ഷോഭം ശക്തിപ്പെട്ടതോടെ മറ്റു മനുഷ്യാവകാശ പ്രവർത്തകരോടൊപ്പം ലുജൈനും പോലീസ് തടവിലായി. രാജ്യദ്രോഹ കുറ്റങ്ങളിൽ ഐക്യരാഷ്ട്ര സഭയില്‍ ജോലിക്ക് അപേക്ഷ നല്‍കിയത് പോലും ഉള്‍പ്പെടും! പിന്നീട് ഒരു മാസത്തിന് ശേഷം 2018 ജൂണിൽ സ്ത്രീകൾക്ക് വാഹനമോടിക്കാൻ ഉള്ള നിരോധനം സൗദി ഒഴിവാക്കി ലോകത്തിൻ്റെ ശ്രദ്ധ പിടിച്ചുപറ്റി. പലരും ഈ ചരിത്ര മുഹൂർത്തത്തെ വാഴ്ത്തി. പക്ഷെ പിന്നാമ്പുറത്ത് 10 മാസം ഒരു വിചാരണയും നടത്താതെ ഭരണകൂടം ലുജൈനിനെ ഏകാന്ത തടവിലിട്ടു. ജയിലിൽ ഇവർക്ക് മാത്രം സന്ദർശകരെ ഒന്നും അനുവദിച്ചിരുന്നില്ല. ആംനസ്റ്റി ഇൻ്റർനാഷണലിൻ്റെ റിപ്പോർട്ട് പ്രകാരം ഈ കാലമത്രയും ക്രൂരമായ ശാരീരിക പീഡനവും (ചാട്ടവാറടി, ഷോക്ക് ഏൽപ്പിക്കൽ) ലൈംഗിക പീഡനവും അവർ നേരിട്ടു. ഒരു വർഷത്തിനു ശേഷം കേസ് അന്വേഷണം പൂർത്തിയായി എങ്കിലും വിചാരണ അനന്തമായി സൗദി ഭരണകൂടം നീട്ടിക്കൊണ്ട് പോയി. അങ്ങനെ ഒടുവിൽ, 2 ദിവസങ്ങൾക്ക് മുമ്പ് 6 വർഷത്തോളം ഉള്ള ജയിൽവസത്തിന് ശിക്ഷ കൽപിക്കപ്പെട്ടു.
ഡ്രൈവിംഗ് അവകാശം നേടിയെടുക്കുന്നതിന് പുറമെ സ്ത്രീകൾക്ക് വോട്ട് ചെയ്യാനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനും ഉള്ള അനുമതി നേടിയെടുക്കാനും ലുജൈനിനും കൂട്ടർക്കും കഴിഞ്ഞു. 2015ൽ നിയമ പോരാട്ടത്തിലൂടെ തെരഞ്ഞെടുപ്പിൽ ലുജൈൻ മത്സരിച്ചെങ്കിലും, ബാലറ്റിൽ പേര് ഉണ്ടായിരുന്നില്ല എന്നാണ് ആംനസ്റ്റി ഇൻ്റർനാഷണൽ റിപ്പോർട്ട് ചെയ്തത്.
സൗദി അറേബ്യ ഒരു നവോത്ഥാന പാതയിലാണെന്ന് പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും ഇത്തരത്തിലുള്ള പല പരോക്ഷമായ സംഭവങ്ങളും ഇരട്ടത്താപ്പും നടന്നുകൊണ്ടിരിക്കുന്നു എന്നതാണ് നമ്മൾ മനസ്സിലാക്കേണ്ടത് . ആക്ടിവിസവും രാജ്യദ്രോഹവും തമ്മിലുള്ള അന്തരം ഭരണകൂടം തിരിച്ചറിയാതെ പോകുന്നിടത്തോളം ഇനിയും ലുജൈനുമാരും റുകി ഫെർണാണ്ടസുമാരും ഒക്കെ ജയിൽവാസം ഏറ്റുവാങ്ങേണ്ടി വരും. ഇതിൻ്റെ ഒക്കെ അലകൾ നമ്മുടെ ഇന്ത്യാ മഹാരാജ്യത്തും അടിച്ചുതുടങ്ങിയിട്ടുണ്ടെന്നു പിന്നെ പ്രത്യേകം പറയേണ്ടതില്ലല്ലോ!
Picture courtesy: AFP/Getty Images
GOOD ONE….
LikeLiked by 1 person