നാദിയ മുറാദ് ആകുമോ അവസാനത്തെ പെൺകുട്ടി??

കിൻഡിലിലേക്ക് എന്തെങ്കിലും കുറച്ച് പുസ്തകങ്ങൾ വാങ്ങണം എന്ന് കരുതിയാണ് ഞാൻ ആമസോണിൽ വെറുതെ ഒന്ന് പരതിയത്. പ്രത്യേകിച്ച് ഒരു പുസ്തകം ഒന്നും മനസ്സിൽ ഉണ്ടായിരുന്നില്ല. പല പുസ്തകങ്ങളും സ്ക്രീനിലൂടെ കടന്നു പോയിക്കൊണ്ടിരിക്കെ അതിൽ വന്ന ഒരു സജഷൻ ആയിരുന്നു നാദിയ മുറാദിൻ്റെ ആത്മകഥയായ “അവസാനത്തെ പെൺകുട്ടി; എൻ്റെ തടങ്കലിൻ്റെയും ഇസ്ലാമിക് സ്റ്റേറ്റ് വിരുദ്ധ പോരാട്ടത്തിൻ്റെയും കഥ.” നാദിയ മുറാദിന് 2018ൽ ഇറാഖിലെ വംശഹത്യക്കും സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾക്കും കൂട്ടക്കുരുതിക്കും ഒക്കെ എതിരെ പോരാടിയതിന് സമാധാനത്തിനുള്ള നോബേൽ പുരസ്കാരം കിട്ടിയതായി ഒക്കെ അറിയാമായിരുന്നെങ്കിലും , ഇങ്ങനെ ഒരു പുസ്തകം ഒക്കെ അവർ എഴുതിയിട്ടുണ്ട് എന്നൊന്നും എനിക്ക് അറിവില്ലായിരുന്നു. ഇതേ പാറ്റേണിൽ ഉള്ള മലാല യൂസഫ് സായിയുടെ പുസ്തകം പക്ഷെ വായിച്ചിട്ടുണ്ട്, ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. കൂടാതെ ജോ ബൈഡൻ അമേരിക്കൻ പ്രസിഡൻ്റ് ആകുന്ന ഈ വേളയിൽ പല ചർച്ചകളിലും ഇസ്ലാമിക് സ്റ്റേറ്റ്, മധ്യപൂർവേഷ്യയിലെ അമേരിക്കയുടെ ഇടപെടൽ, നടത്തിയ ആക്രമണങ്ങൾ, സൈനിക നടപടികൾ ഇവയൊക്കെ വിഷയം ആയി കടന്നു വന്നത്, ഈ വിഷയത്തിൽ കൂടുതൽ എന്തെങ്കിലും ഒക്കെ വായിച്ചറിയണം എന്നൊക്കെ ഞാൻ മനസ്സിൽ വിചാരിക്കാനൊക്കെ കാരണമായ സമയം കൂടി ആണ് താനും. എന്തായാലും, ഈ കാരണങ്ങളൊക്കെ കൊണ്ട് ഈ പുസ്തകത്തിൻ്റെ കിൻ്റിൽ വേർഷൻ ഞാൻ വാങ്ങി. ഇംഗ്ലീഷിൽ ആണ് പുസ്തകം പ്രസിദ്ധീകരിച്ചത് എങ്കിലും, ഇതൊരു പച്ചയായ ജീവിതാനുഭവം ആയത് കൊണ്ട് പുസ്തകവുമായി ഒരു ബന്ധം കുറച്ച് കൂടി കിട്ടുക മലയാളത്തിൽ ആയിരിക്കും എന്നെനിക്ക് തോന്നി (എൻ്റെ ഒരു തോന്നൽ മാത്രമാണേ). അത് കൊണ്ട് ഇതിൻ്റെ മലയാളം വിവർത്തനം ആണ് വാങ്ങിയത്. പുസ്തകം മറിച്ച് നോക്കിയപ്പോഴാണ് ഇത് മനോരമ ന്യൂസിലെ അവതാരക നിഷ പുരുഷോത്തമൻ ആണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത് എന്ന് മനസ്സിലായത്. അതുകൊണ്ട് പുസ്തകം വായിക്കാനൊരുത്സാഹം ഒക്കെ ഒന്ന് കൂടി വർദ്ധിച്ചു. നമ്മൾ അറിയുന്ന, നമുക്ക് കണ്ട് പരിചയം ഉള്ള ഒരാളുടെ എഫർട് എന്നത് വായിക്കാൻ ഒരു പ്രേരകശക്തി തന്നെയാണല്ലോ!

അപ്പോൾ അതാണ് പുസ്തകം വാങ്ങിയ കഥ. ഇനി പുസ്തകത്തിൻ്റെ കഥ:

പുസ്തകം തുടങ്ങുന്നത് തന്നെ”എല്ലാ യസീദികൾക്കും വേണ്ടി എഴുതിയ പുസ്തകം” എന്ന് പറഞ്ഞുകൊണ്ടാണ്. ഇസ്ലാമിക് സ്റ്റേറ്റിൻ്റെ ക്രൂരതക്ക് പാത്രമാകേണ്ടി വന്ന ഇരുന്നൂറോളം യസീദി കുടുംബങ്ങളിൽ ഒന്നിൽ ജനിച്ച, ഇറാഖി സർക്കാർ ഒരു കാലത്തും അംഗീകരിക്കാത്ത, ഒരു സമൂഹത്തിൻ്റെ ജീവിക്കുന്ന പ്രതിനിധിയായ നാദിയ പിന്നെ ആർക്കാണിത് സമർപ്പിക്കുക? തുടർന്ന് ആദ്യത്തെ അധ്യായത്തിന് തൊട്ടു മുമ്പ് ഇറാഖിൻ്റെ 2014ലെ ഒരു ഭൂപടം ഒക്കെ നൽകിയിട്ടുണ്ട് (പിന്നീടങ്ങോട്ടുള്ള അധ്യായങ്ങളിൽ പറയുന്ന പല സ്ഥലങ്ങളെയും കുറിച്ച് ഒരു ധാരണ കിട്ടാൻ ഇത് വളരെ ഗുണം ചെയ്യുന്നുണ്ട്). വടക്കൻ ഇറാഖിലെ സിഞ്ചാർ പ്രവിശ്യയുടെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന കൊച്ചോ എന്ന ഒരു കുഞ്ഞു യസീദി ഗ്രാമത്തിലാണ് നാദിയ ജനിച്ചത്. കൊച്ചോയിലെ യസീദികൾ ആരാണ്, അവരെങ്ങനെ സുന്നി, കുർദ് മുസ്ലീങ്ങളിൽ നിന്നും വിശ്വാസങ്ങളിലും ആരാധനാ രീതികളിലും വ്യത്യസ്തരായിരിക്കുന്നു, അവിടുത്തെ ഭൂപ്രകൃതി, ജീവിത പശ്ചാത്തലം-നാടോടി കർഷകർ, ആടുമേക്കാൻ പോകുന്നവർ,പുണ്യസ്ഥലങ്ങൾ, അയൽ ഗ്രാമങ്ങൾ ഇതൊക്കെ ഒരു ചിത്രം പോലെ കൊച്ചോയെ വായനക്കാരുടെ മനസ്സിൽ ഇടം പിടിക്കാൻ സഹായിക്കുന്ന തരത്തിൽ മനോഹരമായാണ് ആദ്യഭാഗത്ത് വിവരിച്ചിരിക്കുന്നത്. അറബികൾ അല്ലാത്ത, തലയിൽ ശിരോവസ്ത്രം ധരിക്കാത്ത, അമുസ്ലീങ്ങൾ എന്ന് ചാപ്പ കുത്തപ്പെട്ട യസീദികളെ ഒരു രണ്ടാം കിട സമൂഹമായിയാണ് ഇറാഖി ഭരണകൂടം കണ്ടിരുന്നത് എന്ന് വളരെ വ്യക്തമായി മനസ്സിലാക്കി തരുന്നുണ്ട് നാദിയ. 2014ൽ ആഭ്യന്തര പ്രശ്നങ്ങൾ ചെറിയ തോതിൽ കൊച്ചോയെ ബാധിക്കാൻ തുടങ്ങുന്നത് അവിടുത്തെ രണ്ട് കർഷകരെ അയൽ സുന്നി ഗ്രാമത്തിലേക്ക് തട്ടിക്കൊണ്ട് പോകുന്നതോടെയാണ്. ക്രമേണ ഇത് വലുതാവുകയും അയൽ ഗ്രാമങ്ങളിൽ നിന്നും സഖ്യ കക്ഷികളിൽ നിന്നുമുള്ള സഹായ സഹകരണങ്ങൾ കൊച്ചോക്ക് ലഭിക്കാതാവുകയും ചെയ്തു. അമേരിക്ക – ഇറാഖ് യുദ്ധം ശക്തിപ്പെട്ടതോടെ ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്) കൊച്ചോയെ അവരുടെ അധികാര പരിധിയിലാക്കി. യസീദികളെ മറ്റു മുസ്ലീമുകൾ അമുസ്ലിം ആയിട്ടായിരുന്നു കണക്കാക്കിയിരുന്നത് എന്നത് കൊണ്ട് അവരെ പരമാവധി ഉപദ്രവിച്ചാൽ ദൈവകൃപയും സ്വർഗ്ഗരാജ്യവും തങ്ങൾക്കു ലഭിക്കുമെന്നായിരുന്നു ഐസിസ് ഭീകരരുടെ വിശ്വാസം! അതിനാൽ യസീദികളോട് മതം മാറാൻ അവർ നിർബന്ധിച്ചു. ഇല്ലെങ്കിൽ കടുത്ത ശിക്ഷ നൽകുമെന്ന് ഭീഷണി മുഴക്കിയപ്പോൾ നാദിയ ഉൾപ്പെടുന്ന യസീദികൾ പലായനം തുടങ്ങി. ജീവിതകാലമത്രയും സന്തോഷമായി കൊച്ചോയിൽ കഴിഞ്ഞ യസീദികൾ ഒരു സുപ്രഭാതത്തിൽ വീടും വളർത്തു മൃഗങ്ങളും അവിടുത്തെ ഓർമകളും എല്ലാം ഉപേക്ഷിച്ച് പോകേണ്ടി വന്നു. ഇറാഖി സർക്കാരും കുർദുകളും ഒന്നും ഒരു സഹായവും ചെയ്തില്ല . അമേരിക്കക്കും സഹായിക്കാൻ കഴിയുന്ന സാഹചര്യം ആയിരുന്നില്ല. അങ്ങനെ ഗ്രാമത്തിലെ മുഴുവൻ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും അവർ ഒരു സ്കൂളിൽ തടവിലാക്കി. അതിനു ശേഷം പുരുഷന്മാരെ ഒരു ഭാഗത്തേക്ക് കൊണ്ടുപോയി വെടിവെച്ച് കൊലപ്പെടുത്തി. സ്ത്രീകളിൽ അവിവാഹതരായവരെയും പെൺകുട്ടികളെയും മാത്രം തിരഞ്ഞു പിടിച്ച് മറ്റൊരിടത്തേക്ക് കൊണ്ടുപോയി. ഇതിൻ്റെ ഉദ്ദേശം അവരെയെല്ലാം സബയ ( ലൈംഗിക അടിമ) ആക്കുകയായിരുന്നു. വിശുദ്ധ ഖുർആനിൽ അത് അനുവദിച്ചിട്ടുണ്ടെന്നും പാപം അല്ലെന്നും ഐസിസ് ഈ പ്രവൃത്തിയെ ന്യായീകരിക്കുകയും ചെയ്തു. അടിമകളുടെ കൂട്ടത്തിൽ നാദിയയും അവരുടെ ബന്ധുക്കളായ പെൺകുട്ടികളും ഒക്കെ ഉണ്ടായിരുന്നു.

മൊസൂളിലേക്ക് ബസ്സിൽ കൊണ്ടുപോകുന്ന വഴിക്ക് തന്നെ അക്ഷമനായി ഒരു ഐസിസ് ഭീകരൻ നാദിയയെ സ്വകാര്യ ഭാഗങ്ങളിലോക്കെ സ്പർശിച്ച് പീഡനം തുടങ്ങുന്നുണ്ട്. ബഹളം വെച്ച നാദിയ അന്ന് മുതൽ തന്നെ അവരുടെ കണ്ണിലെ കരടായി മാറി. മൊസൂളിൽ എത്തിയ ശേഷം ഓരോ ഭീകരർ പെൺകുട്ടികളെ ലൈംഗിക അടിമ ആയി കൊണ്ടുപോയി. ഐസിസിൻ്റെ കണ്ണിൽ അമുസ്‌ലിമായ പെൺകുട്ടികളെ ഒരു വിൽപന വസ്തു ആയി കണ്ടിരുന്നത് കൊണ്ട് സബയകളെ ചന്തകളിലും മറ്റും വെച്ച് കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരുന്നു . യാദൃച്ഛികമായി ഒരു ചന്തയിൽ വെച്ച് നാദിയ അവരുടെ ഒരു ബന്ധുവിനെ അടിമയായി കാണുകയൊക്കെ ചെയ്യുന്നത് നാദിയ ഹൃദയസ്പർശിയായി പറയുന്നുണ്ട്. ഏതാനും ദിവസങ്ങൾക്ക് ശേഷം ഒരു ഐസിസ് കോടതിയിൽ വെച്ച് നാദിയയെ അബായയും ശിരോവസ്ത്രവും മുഖവരണവും നിർബന്ധിച്ച് ധരിപ്പിച്ചു. നാദിയയെ കിട്ടിയ ഐസിസ് ഭീകരൻ അവരെ ലൈംഗിക പീഡനത്തിനിരയാക്കി. പിന്നീട് പലർക്കും ഇടക്കിടെ ഒറ്റക്കും കൂട്ടമായും ഒക്കെ കാഴ്ചവച്ചു. ആർത്തവ സമയം ആണെന്ന് പറഞ്ഞിട്ടും അത് പരിശോധിച്ച് ഉറപ്പു വരുത്തണം എന്ന് ആവശ്യപ്പെടുകയും പരിശോധിച്ച് ഉറപ്പു വരുത്തി, ശേഷം ക്രൂരമായി പീഡിപ്പിക്കപ്പെടുകകയും തളർന്നു പോകുകയും ഒക്കെ ചെയ്ത സംഭവങ്ങൾ നാദിയ പറയുമ്പോൾ, വായനക്കാരിലേക്ക് കൂടി ആ തളർച്ചയും വേദനയും തുളച്ചു കയറുന്നുണ്ട്. ഇറാഖിലെ കൊടും ചൂടുള്ള കാലാവസ്ഥയെ കുറിച്ചും നിർജലീകരണത്തെ കുറിച്ചും നാദിയ പറയുമ്പോൾ വായനക്കാരനിലേക്കും ആ ചൂട് ഇറങ്ങുന്നുണ്ട്. ഒരു ഭീകരൻ്റെ വീട്ടിൽ ജോലിക്കാരി ആയി തൻ്റെ അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീ, തൻ്റെ അവസ്ഥകൾ മുഴുവൻ പറഞ്ഞറിഞ്ഞിട്ടും ക്രൂരമായി പെരുമാറിയത് നാദിയയെയും വായനക്കാരെയും ഒരുപോലെ അൽഭുതപ്പെടുത്തുന്നുണ്ട്. ഇടയ്ക്ക് രക്ഷപ്പെടാൻ ശ്രമിച്ചതിന് കൊടിയ പീഡനം ആണ് നാദിയക്ക് അനുഭവിക്കേണ്ടി വന്നത്. ശാരീരികമായി തകർന്നെങ്കിലും മനോവീര്യം ഒട്ടും നഷ്ടപ്പെടാതിരുന്ന നാദിയ പ്രതീക്ഷ വെച്ച് പുലർത്തി. ഇടയ്ക്ക് തൻ്റെ ബന്ധുക്കൾക്ക് എന്ത് സംഭവിച്ചു , കൂടെ ഉണ്ടായിരുന്ന പെൺകുട്ടികൾക്ക് എന്ത് സംഭവിച്ചു, അവർ എവിടെയാണ്, ജീവിച്ചിരിപ്പുണ്ടോ എന്നൊക്കെ ഓർത്ത് നാദിയ വിഷമിക്കുകയും ഉൽക്കണ്ഠപ്പെടുകയും ചെയ്തു.ഒടുവിലായി കൈമാറ്റം ചെയ്യപ്പെട്ട ഭീകരൻ സിറിയയിലേക് തന്നെ കൊണ്ടുപോകും എന്നൊരു ഘട്ടം വന്നപ്പോൾ എങ്ങനെയും രക്ഷപ്പെടണം എന്ന് നാദിയ കരുതി. സംഗതിവശാൽ അവസാനം നാദിയ ചെന്നു പെട്ട ഹാജി സൽവൻ എന്ന ഭീകരൻ ഒരല്പം മനുഷ്യത്വം ഉള്ളവൻ ആയിരുന്നു. തളർന്നു പോയിരുന്ന നാദിയക്ക് അയാൾ ഭക്ഷണവും മരുന്നുമൊക്കെ നൽകി, നാദിയക്ക് വസ്ത്രങ്ങൾ വാങ്ങാൻ തയ്യാറായി. അതിനായി വീടിൻ്റെ വാതിൽ പൂട്ടാതെ അയാൾ പുറത്ത് പോയ സമയം രണ്ടാമതൊന്ന് ആലോചിക്കാതെ നാദിയ തൻ്റെ മനോബലം മാത്രം കൈ മുതലാക്കി അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. ഒരുപാട് ഒളിഞ്ഞും തെളിഞ്ഞും ഓടിയും നടന്നും നാദിയ പ്രാന്തപ്രദേശങ്ങളിൽ എത്തി. ഐസിസ് കേന്ദ്രങ്ങൾ ഉണ്ടായിരുന്ന പ്രദേശങ്ങളെക്കാളും വളരെ താഴെ തട്ടിൽ ജീവിച്ചിരുന്ന ഒരു കൂട്ടം സാധാരണക്കാരുടെ പ്രദേശം ആണ് അതെന്ന് മനസ്സിലാക്കിയ നാദിയ കൂടുതലൊന്നും ആലോചിക്കാതെ പാതി രാത്രിയിൽ ഒരു വീട്ടിലേക്ക് ഓടി ക്കയറി. റെസ്റ്റ് ഈസ് ഹിസ്റ്ററി എന്ന് വേണം പറയാൻ. ഐസിസ് നടപടികളിൽ മനം മടുത്ത ഒരു സാധാരണ സുന്നി മധ്യവർഗ കുടുംബത്തിൻ്റെ വീടായിരുന്നു അത്. അവിടെ ഉള്ളവർ വളരെ നല്ലവരും സഹായ മനസ്ഥിതി ഉള്ളവരും ആയിരുന്നു. സുന്നി ആയിരുന്നിട്ടും അവർ യസീദിയായ നാദിയയെ സംരക്ഷിച്ചു. ഐസിസ് ഭീകരരുടെ കണ്ണുവെട്ടിച്ച് നാദിയയെ അവിടെ നിന്നും രക്ഷപ്പെടുത്തുക വളരെ ശ്രമകരമായ ഒരു ദൗത്യം തന്നെ ആയിരുന്നു. എങ്കിലും അവിടുത്തെ ഒരു നാസർ എന്ന ചെറുപ്പക്കാരൻ ആ വെല്ലുവിളി ഏറ്റെടുക്കുകയും, കുർദിസ്ഥാനിലെ നാദിയയുടെ സഹോദരനുമായി ബന്ധപ്പെടുകയും, നാദിയക്ക് ഭാര്യ ആണെന്ന് പറഞ്ഞു ഒരു വ്യാജ ഐ ഡി ഉണ്ടാക്കി കുർദിസ്ഥാനിലേക്ക് കടക്കാൻ സഹായിക്കുകയും ചെയ്തു. നാദിയയും നാസറും കുർദിസ്ഥാനിലേക്ക് ഐസിസിൻ്റെ ഓരോ ചെക്പോസ്‌റ്റിലെയും ചോദ്യങ്ങൾ നേരിട്ടുകൊണ്ട് പോകുന്ന ആ ഉദ്വേഗജനകമായ യാത്രാവിവരണം ഒരു വായനക്കാരനും മറക്കാൻ കഴിയില്ല. പൊതു ലൈംഗിക അടിമയാക്കി നിശ്ചയിച്ചിരുന്ന നാദിയയുടെ ചിത്രം ഉണ്ടായിരുന്ന ചെക്പോസ്റ്റിൽ ഒരു ചെറിയ സംശയം തോന്നി, മുഖാവരണം ഒന്ന് പൊക്കി നോക്കിയാൽ തീർന്നു പോകുമായിരുന്നു നാദിയയുടെയും നാസറിൻ്റെയും കുടുംബത്തിൻ്റെയും ജീവൻ . ആ ഒരു വെല്ലുവിളി ഏറ്റെടുത്ത നാസറിനെ വളരെ ബഹുമാനത്തോടെ അല്ലാതെ ഒരു വായനക്കാരനും നോക്കി കാണാൻ സാധിക്കുകയില്ല. നാദിയയെ അവരുടെ സഹോദരനെ ഏൽപിച്ച് നാസർ തിരിച്ച് പോരുമ്പോൾ നാദിയയുടെ കണ്ണുകൾ മാത്രമല്ല നിറയുന്നത്. നാസറിനെ പോലെ ഉള്ള നല്ല മനുഷ്യർ ഉള്ളത് കൊണ്ടാണ് ഈ ലോകം നിലനിന്നു പോകുന്നത് എന്ന് ഒരു ഓർമപ്പെടുത്തൽ കൂടി അത് തരുന്നുണ്ട്.

സഹോദരൻ്റെ അടുത്തെത്തിയ നാദിയ തൻ്റെ കുടുംബത്തിന് സംഭവിച്ചത് ഒക്കെ അറിഞ്ഞു വിഷമിച്ചു. അവശേഷിക്കുന്ന ബന്ധുക്കളെ പല ക്യാംപുകളിൽ നിന്നും കണ്ടുപിടിക്കാൻ ശ്രമിച്ചു. ശേഷം ജർമനി യിലേക്ക് അഭയാർത്ഥികളായി പോയി. അഭിഭാഷക അമൽ ക്ലൂണിയെ കണ്ട് മുട്ടി. അവരിലൂടെ ലോകം യസീദികളെ അറിഞ്ഞു, നാദിയ ഉൾപ്പടെയുള്ള പെൺകുട്ടികൾക്ക് സംഭവിച്ചത് എന്തെന്ന് അറിഞ്ഞു, നാദിയയുടെ പോരാട്ടങ്ങൾ അറിഞ്ഞു. ഇന്നും നാദിയ തൻ്റെ പഴയ കൊച്ചോ തിരിച്ച് കിട്ടാനും അവിടത്തെ പഴയ ജീവിതവും ആഗ്രഹിക്കുന്നു. ഒരു പെൺകുട്ടികൾക്കും ഇങ്ങനെ സംഭവിക്കരുത്, അതിൽ അവസാനത്തെ പെൺകുട്ടി ആയിരിക്കണം നാദിയ എന്ന് ആത്മകഥയുടെ അവസാനം പുസ്തകത്തിൻ്റെ പേര് അന്വർത്ഥം ആക്കിക്കൊണ്ട് നാദിയ പറഞ്ഞു വെക്കുന്നു.

ഇങ്ങനെ സംഭവിക്കുന്ന അവസാനത്തെ പെൺകുട്ടി ആവണം നാദിയ എന്ന് ഇന്ന് നമ്മൾ കേൾക്കുമ്പോൾ, ലോകത്ത് എത്രയോ നാദിയമാർ ജനിച്ചിട്ടുണ്ടാവും എന്നത് തീർച്ച. ചൈനയിലെ ഉയ്ഗൂർ വംശഹത്യയുടെയും ബംഗ്ലാദേശിലെ രോഹിൻക്യരുടെ പീഡന അനുഭവങ്ങളും അതിജീവനത്തിൻ്റെ കഥകളും ആർജ്ജവത്തോടെ മറ്റൊരു നാദിയ വന്ന് പറഞ്ഞു കേൾക്കും വരെ ഒന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച് ഈ മൂഢസ്വർഗത്തിൽ നമുക്ക് കാത്തിരിക്കാം!

ഇനി പുസ്തകം വായിച്ചു കഴിഞ്ഞ് പറയാനുള്ള കഥ:

ആർക്കെങ്കിലും ഇനി ഈ പുസ്തകം വാങ്ങാനോ വായിക്കാനോ താൽപര്യം ഉണ്ടെങ്കിൽ അവരോട് ചിലത് പറയാനുണ്ട്:

1. മലയാളം വിവർത്തനത്തിൽ ഒരുപാട് അച്ചടി പിശകുകൾ ഉണ്ട്. അത് ഒരു കല്ലുകടിയായി തോന്നി. ഇംഗ്ലീഷ് വേർഷൻ ആയിരിക്കും ഇക്കാര്യത്തിൽ മെച്ചം.

2. പുസ്തകം വായിക്കുമ്പോൾ നാദിയയുടെ പ്രസംഗങ്ങളുടെ ഒക്കെ യൂട്യൂബ് വീഡിയോകൾ കാണുന്നത് നന്നായിരിക്കും.

3. പുസ്തകത്തിൽ പറയുന്ന പല കാര്യങ്ങളും വിശ്വാസികളായ മുസ്ലീം സഹോദരങ്ങൾക്ക് ഉൾകൊള്ളാൻ കഴിഞ്ഞെന്ന് വരില്ല. യഥാർത്ഥ വായനക്കാരൻ എന്ന നിലയിലേക്ക് മാറാൻ ഒരു മതത്തിൻ്റെ മാത്രം വക്താവായി ഈ പുസ്തകത്തെ സമീപിച്ചാൽ കഴിഞ്ഞെന്നും വരില്ല!

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s