വന്നു, കണ്ടു, സെൽഫി എടുത്തു!✌🏾

മാറുന്ന യാത്രാശീലങ്ങളും മറക്കുന്ന മര്യാദകളും. 


കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലത്തിനിടക്ക് നമ്മുടെ വിനോദയാത്രാശീലങ്ങളിലും അതിലുപരി സന്ദർശന മര്യാദകളിലും (travel etiquettes) വലിയ ഒരു മാറ്റമാണ് ഉണ്ടായിട്ടുള്ളത് . ആണ്ടിനോ സംക്രാന്തിക്കോ എങ്ങോട്ടെങ്കിലും പോവുക എന്നതിൽ നിന്നും ഇന്ന് വിനോദയാത്ര ചെയ്യുന്ന ആളുകളുടെയും സ്ഥലങ്ങളുടെയും എണ്ണം കൂടുകയും ഇടയ്ക്ക് ഒരു ചെറിയ ലിഷർ ട്രിപ്പ്  പോവുക എന്നത് ഇന്ന് സർവസാധാരണവുമായിട്ടുണ്ട് . വിമാന യാത്രാനിരക്കിൽ ഉണ്ടായിരിക്കുന്ന വലിയ കുറവും,ബഡ്ജറ്റ് യാത്രാ ക്‌ളാസ്  വന്നത് കൊണ്ടും ഒക്കെ പ്രാദേശികമായ യാത്രകൾ മാത്രം ചെയ്തുകൊണ്ടിരുന്ന നിലയിൽ നിന്നും വിദേശ യാത്രകളിലേക്ക് പലരും മാറിയിട്ടുണ്ട്. യാത്ര പോകുന്നതും സ്ഥലങ്ങൾ സന്ദർശിക്കുകയും ഒക്കെ ചെയ്യുന്നത് കൂടുതലും സമ്പന്നരുടെ മാത്രം വിഷയം ആയിരുന്ന ഒരു കാലത്തിൽ നിന്നും ഇന്ന് ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്. പ്രത്യക്ഷത്തിൽ ഇതിൻ്റെ ഒരു കാരണം സാമൂഹികവും സാമ്പത്തികവുമായ സുസ്ഥിതിയിൽ ഉണ്ടായ ഒരു മാറ്റം ആണെങ്കിലും പരോക്ഷമായി ടെക്നോളജിയുടെയും സോഷ്യൽ മീഡിയയുടെയും കടന്നുവരവും അതുണ്ടാക്കിയ വലിയ സ്വാധീനവും ഒരു കാരണം ആണ് എന്നു വേണം പറയാൻ. 


 ക്യാമറയുള്ള സ്മാർട്ഫോണുകളുടെ വരവും സോഷ്യൽ മീഡിയയും ഇന്റർനെറ്റും യാത്രകൾ ചെയ്യുന്നത് തത്സമയം ലോകത്തോട് പങ്കുവെക്കാനുള്ള ഒരു വലിയ  സാധ്യതയാണ് നമുക്ക് തുറന്നുതന്നത് .പലരും തങ്ങളുടെ യാത്ര അനുഭവങ്ങൾ  വീഡിയോയായും ചിത്രങ്ങളായും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമ്പോൾ സ്വാഭാവികമായും അത് കാണുന്ന ഏതൊരാളിലും എനിക്കും /ഞങ്ങൾക്കും ഇതുപോലെയൊക്കെ ഒരു യാത്ര പോകണം, ഇതൊക്കെയല്ലേ ലൈഫ് എന്ന ഒരു തോന്നലുളവാക്കുന്നുണ്ട്.ഒരു സ്ഥലത്തു പോയതിന്റെ നല്ലതും ചീത്തയുമായ അനുഭവങ്ങളും ഇനി അത്തരം സ്ഥലങ്ങളിലേക്ക് പോകുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് തുടങ്ങിയ പല ഉപകാരപ്രദമായ അറിവുകൾ  സോഷ്യൽ മീഡിയയുടെ വരവോടു കൂടി വളരെയധികം ജനകീയവും പ്രാപ്യവും ആയിട്ടുണ്ട്. മാത്രവുമല്ല  അറിയപ്പെടാതെ കിടന്നിരുന്ന പല ചരിത്ര-സാംസ്കാരിക പ്രാധാന്യമുള്ള, പ്രകൃതി രമണീയമായ സ്ഥലങ്ങൾക്കും ഇതുവഴി വലിയൊരു സ്വീകാര്യതയും ദൃശ്യപരതയും ഇത്തരത്തിലുള്ള യാത്രക്കാരെക്കൊണ്ട് ലഭിച്ചു . വിനോദയാത്രകളുടെ പ്രധാന ഉദ്ദേശങ്ങളുടെ ലിസ്റ്റ് ജീവിതത്തിനു തൽകാലം അതിന്റെ സമ്മർദ്ദങ്ങളിൽ നിന്നും ഒരു മോചനം നൽകി മാനസികമായി പുതിയ  ഉണർവു നൽകുക, പുതിയ ആളുകളെയും സംസ്കാരങ്ങളെയും പരിചയപ്പെടുക, നല്ല ഓർമ്മകൾ ഉണ്ടാക്കുക എന്നിങ്ങനെ പോകുന്നു . എന്നാൽ ഇന്നത്തെ നമ്മുടെ യാത്രകൾ ഇത്തരത്തിലുള്ള ലക്ഷ്യങ്ങളിൽ നിന്നൊക്കെ അകന്നോ ? കേവലം സോഷ്യൽ മീഡിയയിൽ സെൽഫികളും  വീഡിയോകളും പങ്കുവെക്കുക, ഞാൻ/ ഞങ്ങൾ ഇവിടെ പോയി എന്ന് എല്ലാവരെയും ഒന്നറിയിക്കുക എന്ന ഒരു ലക്ഷ്യത്തിലേക്ക് മാത്രം നമ്മുടെ യാത്രകൾ ചുരുങ്ങുന്നുണ്ടോ ? ഒരു സ്ഥലം സന്ദർശിക്കുന്നതിനേക്കാൾ സമാധാനവും സന്തോഷവും സോഷ്യൽ മീഡിയയിൽ നിന്നും കിട്ടുന്ന ലൈക്കുകളും കമെന്റുകളും നമുക്ക് തരുന്നുണ്ടോ? അപ്രാപ്യമല്ലാത്ത ഒരു സ്ഥലവും ഇല്ലെന്നും എപ്പോൾ വേണമെങ്കിലും ചെയ്യാവുന്ന വെറും ഒന്നാണ് യാത്ര എന്ന ഒരു തോന്നൽ നമ്മൾക്കുണ്ടോ ? 


തീർച്ചയായും യാത്രകൾ പോകണം , ചിത്രങ്ങളും  എടുക്കണം . എന്നാൽ സോഷ്യൽ മീഡിയ ചിത്രങ്ങളെടുക്കാനുള്ള യാത്രകളാണ് യാത്രയുടെ സ്വത്വത്തെ കളഞ്ഞു കുളിക്കുന്നത് . പല ടൂറിസ്റ്റു കേന്ദ്രങ്ങളിലും സെൽഫി സ്പോട്ടുകൾ വന്നതും , “സെൽഫി ടൂറിസം” എന്നൊരു പുതിയ ആശയം തന്നെ ഉണ്ടായതും ഇതിന്റെ ഒരു ഭാഗമായാണ് . പലപ്പോഴും നമ്മളും  ഈ സെൽഫി ടൂറിസത്തിന്റെ ഇരകളും ഇരപിടിയന്മാരുമായിട്ടുണ്ടാകും. ഒരു സ്ഥലത്തു പോകുമ്പോൾ ഓ, നമ്മൾ ഒരു സെൽഫി പിടിക്കുന്നത് കൊണ്ട് എന്തുണ്ടാവാനാ എന്ന് ചിന്തിക്കുമ്പോൾ, നമ്മളെപ്പോലെ ഒരു നൂറു പേർ അതെ സ്ഥലത്തു അതെ സമയത്തു അത് ചിന്തിക്കുമ്പോഴാണ് ആ സ്ഥലത്തിന്റെ ആകർഷണീയത നമ്മൾക്ക് നഷ്ടപ്പെടുന്നത് . ഒരു തരം വില്പനവസ്തുവായിട്ടാണ് പിന്നെ അതിനെ നോക്കിക്കാണാൻ കഴിയുക . തിക്കിലും തിരക്കിലും എങ്ങനെയെങ്കിലും അവിടുന്ന് ഒരു ഫോട്ടോ എടുത്ത് അടുത്ത സ്പോട്ടിലേക്ക് പോകാൻ നമ്മൾ പ്രേരിപ്പിക്കപ്പെടുകയാണ് .(വളരെയധികം തിരക്കുള്ള പല ആരാധനാലയങ്ങളിലും നമ്മൾക്കു ഒരു ആത്മീയാനുഭവം എന്നതിലുപരി ഇതേ വികാരം തന്നെയാണ് അനുഭവപ്പെടുക,) നമ്മുടെ ഇത്തരത്തിലുള്ള അഭിനിവേശങ്ങൾക്കും അമിതമായ ടൂറിസത്തിനും പല തരത്തിലുള്ള പരിണതഫലങ്ങളുണ്ട്.ഏതെങ്കിലും ഒരു സ്ഥലം അറിയപ്പെടാതെ കിടക്കുക , ഒരു ദിവസം ഒരാൾ അത് കണ്ടുപിടിക്കുക , സോഷ്യൽ മീഡിയയിൽ ഒരു നല്ല ഫോട്ടോ ഇട്ട്  അത് വൈറലാവുക, പിന്നീട് പറ്റുന്നത്ര എല്ലാവരും അങ്ങോട്ട് ഇരച്ചെത്തുക  അതേപോലുള്ള ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്യുക എന്ന ഒരു സംസ്‍കാരം നമ്മൾ കാണുന്നതാണ് . അവിടുത്തെ പരിസ്ഥിതിയെയും ആവാസവ്യവസ്ഥയെയും ആളുകളുടെ സ്വൈരജീവിതത്തെയും ഇതെങ്ങനെ പ്രതികൂലമായി ബാധിക്കപ്പെടുന്നെന്നൊന്നും നമ്മൾ ആലോചിക്കാറേയില്ല. തീർച്ചയായും സാമ്പത്തികമായി അത് പല തൊഴിൽ സാധ്യതകളും അവിടുത്തെ ജനങ്ങൾക്ക് നൽകുന്നുണ്ട്. എങ്കിലും നമ്മുടെ യാത്രാ മര്യാദകൾ,ഉദാഹരണത്തിന് പ്ലാസ്റ്റിക് സാധനങ്ങൾ അലക്ഷ്യമായി വലിച്ചെറിയുക, അവിടുത്തെ ജീവികളെ ഉപദ്രവിക്കുക, പേടിപ്പിച്ചു ഓടിക്കുക,ചുമരിലും മറ്റും എഴുതി വൃത്തികേടാക്കുക മുതലായവ അവിടെ പാലിക്കപ്പെടുന്നുണ്ടോ എന്നൊന്നും ഉറപ്പുവരുത്താറില്ല. ഇത്തരം സന്ദർശക മര്യാദയുടെ അഭാവം തന്നെയാണ് പല സ്ഥലങ്ങളും യുനെസ്കോയുടെയും മറ്റും പൈതൃക സ്ഥലങ്ങളായി മാറാനും കർശനമായി സന്ദർശകരെ നിജപ്പെടുത്താനും ചില സ്ഥലങ്ങൾ സന്ദർശകർക്കായി തുറന്ന് കൊടുക്കുകയേ ചെയ്യാതിരിക്കാനും  അവരെ പ്രേരിപ്പിക്കുന്നത്.പല മ്യൂസിയങ്ങളിലും ഫോൺ അനുവദിക്കാത്തതിന്റെ ഒരു കാരണം നമ്മുടെ ഈ അഭിനിവേശവും മഹത്തായ ഒരു കലാസൃഷ്ടി ആസ്വദിക്കാനോ പുരാതനമായ ഒരു സംസ്കാരത്തിന്റെ ശേഷിപ്പുകളെ മാനിക്കാനോ ഉള്ള താല്പര്യമില്ലായ്മയും ഒക്കെയാണ്.

ഇക്കാര്യത്തിൽ എന്റ്റെ  ഒരു അനുഭവം പറയുകയാണെങ്കിൽ  ,നാല് വർഷം മുമ്പ് പാരീസിലെ ലൂവ് മ്യൂസിയം സന്ദർശിക്കാൻ  ഒരു ഭാഗ്യം എനിക്കുണ്ടായി . ലോകത്തിലെ ഏറ്റവും വലിയ ആർട്ട് മ്യൂസിയം ആണ് ലൂവ് . ലിയനാർഡോ ഡാ  വിഞ്ചിയുടെ  500 വർഷം പഴക്കമുള്ള പ്രശസ്ത പെയിന്റിങ് ആയ മോണ ലിസ അവിടെയാണുള്ളത് .അകത്തു കയറാൻ ഒന്നും സമയമില്ലാത്ത ഒരു വിഭാഗം ആളുകൾ പുറത്തു നിന്ന് സെൽഫി എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ടു നിർവൃതി അടയുന്നതാണ് ആദ്യം അവിടെ കണ്ടത് (ഈ വികാരത്തെ  ചൂഷണം ചെയ്തും പല ബിസിനസ്സുകൾ  ഉണ്ട്. ഒരു നഗരത്തിൽ പോയാൽ ഒരു മണിക്കൂറോ ഒന്നര മണിക്കൂറോ കൊണ്ട് നഗരത്തിലെ പ്രധാന സന്ദർശക കേന്ദ്രങ്ങൾ ഒരു ബസ്സിൽ കയറ്റി കാണിച്ചു തരികയും , അഞ്ച്  മിനുറ്റ് ഓരോ സ്ഥലത്തും നിർത്തി ഫോട്ടോ മാത്രം എടുത്ത് പോരാനുള്ള സംവിധാനങ്ങൾ ഒക്കെ ഇപ്പൊൾ പല വലിയ നഗരങ്ങളിലും ഉണ്ട്. പശുവിന്റെ ചൊറിച്ചിലും തീരും, കാക്കയുടെ വിശപ്പും മാറും! ) പ്രതിദിനം ശരാശരി 15000 -20000 സന്ദർശകരാണ് ലൂവിനുള്ളത് . അതുകൊണ്ട് തന്നെ വലിയ തിരക്കാണ് പ്രതീക്ഷിച്ചതും .ടിക്കറ്റെടുത്തു അകത്തു കടന്നപ്പോൾ വലിയ കാര്യമായ തിരക്കും ഫോട്ടോയെടുപ്പും ഒന്നും ആദ്യം കണ്ടില്ല. പക്ഷെ മോണ ലിസ യുടെ അടുത്തെത്തിയപ്പോ സംഗതി മനസ്സിലായി . നാല്  നിലകളുള്ള,  വളരെയധികം വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന, ആ മ്യൂസിയത്തിൽ ഇവിടെ മാത്രം വലിയ തിക്കും തിരക്കും സെൽഫിയെടുപ്പും. സ്വസ്ഥമായി നിന്ന് മോണ ലിസയെ കാണാനോ മഹത്തായ ആ കലാ സൃഷ്ടിയെ വിലമതിക്കാനോ കഴിയാത്ത, വേറെ ഒരാളുടെ ഇടി കൊള്ളേണ്ട അവസ്ഥ. പല രാജ്യങ്ങളിൽ നിന്നും, ഒരേ സമയം ആ ഒരു കലാസൃഷ്ടി കാണാൻ മാത്രമായി വന്ന കൂട്ടം ആളുകൾ പരസ്പരം പാലിക്കേണ്ട ഒരു മര്യാദ ആണ് നമ്മളെ പോലെ മറ്റുള്ളവരെയും കാണാൻ അനുവദിക്കുക എന്നത് . മറിച്ച് തികച്ചും അരോചകമായ ഒരു ദൃശ്യാനുഭവവും നിരാശയും ആണ് മോണ ലിസ തന്നത് .ആ മ്യൂസിയത്തിൽ എന്തായാലും കണ്ടിരിക്കേണ്ട ഒന്നാണ് മോണ ലിസ എന്ന് എല്ലാവരും പറയുന്നു, എന്നാലോ മോണ ലിസയുടെ അടുത്ത് ചെല്ലുമ്പൊ അതിനെ മാത്രം കാണാൻ പറ്റാത്ത ഒരു അവസ്ഥ .അന്ന് എനിക്ക് കാണാൻ ആയ മോണ ലിസ ആണ് ചുവടെ !

2019 ൽ ബ്രിട്ടീഷ് ടൂറിസ്റ്റുകളുടെ ഒരു പോളിൽ ലോകത്തെ ഏറ്റവും നിരാശാജനകമായ ടൂറിസ്ററ് കേന്ദ്രമായി (World’s most disappointing attractions) തെരെഞ്ഞെടുക്കപ്പെട്ടത് മോണ ലിസ ആയിരുന്നു. മോണ ലിസ സെൽഫി ടൂറിസം മറ്റു പല പ്രശ്നങ്ങൾക്കും പാത്രമാവുന്നുണ്ട് . അഭൂതപൂർവമായ തിരക്ക് ലൂവിന് സമ്മാനിക്കുന്നത് സുരക്ഷാ പ്രശ്നങ്ങൾ ആണ് . മോണ ലിസ ഇന്ന് ഒരു സെൽഫി ബ്രാൻഡ് മാത്രമാവുമ്പോൾ അവിടെയുള്ള ബാക്കി ഏഴായിരത്തോളം പെയിന്റിങ്ങുകളും സംസ്കാരങ്ങളും അപ്രസക്തമാക്കപ്പെടുകയാണ് . ഇത് മോണ ലിസയുടെ മാത്രം അവസ്ഥയല്ല. മറ്റ് മ്യൂസിയങ്ങളുടെയും പൈതൃകസ്ഥാനങ്ങളുടെയും താജ് മഹലിന്റെയും ബീച്ചുകളുടെയും അവസ്ഥ വ്യത്യസ്തമല്ല .ഈയടുത്ത് ഇറ്റലിയിൽ ഒരു മ്യൂസിയത്തിൽ അന്റോണിയോ ക്യാനോവയുടെ ഒരു ശില്പത്തിൽ ഒരു സന്ദർശകൻ സെൽഫിയെടുക്കാൻ കയറിയിരുന്ന് അതിന്റെ കാലിലെ മൂന്ന് വിരലുകൾ പൊട്ടിച്ചെടുത്തത് ഒരു വാർത്തയായിരുന്നു. സെൽഫി ടൂറിസത്തിന്റെ ഒരു അവസാന വാക്കെന്നോണം അമേരിക്കയിലെ മയാമിയിൽ ഒരു സെൽഫി മ്യൂസിയം തന്നെയുണ്ട് . അവിടെ ഒരാൾക്കു ഫോണും കൊണ്ടുപോയി അവിടത്തെ പലവിധത്തിലുള്ള പശ്ചാത്തല ചിത്രങ്ങളുടെ മുന്നിൽ നിന്ന് വേണ്ടത്ര സെൽഫികൾ എടുക്കാം എന്നതാണ് ഓഫർ. അതുപോലെ ലോകത്തിന്റെ സെൽഫി തലസ്ഥാനം (world’s selfie capital or world’s selfiest city  ) എന്ന് ഇപ്പോൾ ഫിലിപ്പീൻസിലെ മനില മാറിക്കഴിഞ്ഞു.  

A news clip appeared in the New York Times.
https://www.google.com/amp/s/www.nytimes.com/2020/08/19/world/europe/italy-vandalism-tourism.amp.html


സെൽഫി യുഗവും ടൂറിസവും ഇങ്ങനെ പുരോഗമിക്കുമ്പോൾ വെറും ഒരു സന്ദർശകൻ എന്നുള്ള നിലയിൽ നിന്നും മര്യാദയും മൂല്യവും ഉള്ള  സന്ദർശകൻ എന്ന തലത്തിലേക്ക്  നമ്മൾ മാറേണ്ടതുണ്ട് . ടൂറിസം സാക്ഷരത എന്നൊന്ന് കൂടി ഈ ഇന്റർനെറ്റ് യുഗം ഇപ്പോൾ ആവശ്യപ്പെടുന്നുണ്ട് .സോഷ്യൽ മീഡിയയുടെയും ടെക്നോളോജിയുടെയും വിവേകപൂർണമായ ഉപയോഗം , മറ്റു സന്ദർശകരുടെ അവകാശങ്ങളെ മാനിക്കൽ, സന്ദർശിക്കുന്ന സ്ഥലങ്ങളുടെ സ്വത്വത്തെ മാനിക്കൽ  എന്നിവയൊക്ക നമ്മൾ ഒരു യാത്രയിൽ അറിഞ്ഞിരിക്കേണ്ടതുണ്ട്. 

1 thought on “വന്നു, കണ്ടു, സെൽഫി എടുത്തു!✌🏾

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s