ഈ കൊറോണക്കാലത്ത് , അതിൻ്റെ തുടക്കത്തിൽ , സോഷ്യൽ മീഡിയ ഏറ്റെടുത്ത ഒരു “ആപ്ത വാക്യം” ആയിരുന്നു “വീട്ടിലിരി മൈരെ/മലരേ” എന്നുള്ളത്. ശരിയാണ്, കൊറോണ ആണ്, കറങ്ങി നടക്കാതെ കഴിവതും വീട്ടിൽ ഇരിക്കണം; അതിലൊന്നും ഒരു തർക്കവുമില്ല. പറഞ്ഞു വരുന്നത്, “വീട്ടിൽ ഇരിക്കൂ ” എന്ന് മാത്രം പറയുന്നതിനേക്കാൾ ഫലപ്രാപ്തി, അതിൻ്റെ കൂടെ ഒരു ‘മൈരോ മലരോ’ ചേർത്ത് പറയുമ്പോൾ കിട്ടുന്നു, അല്ലെങ്കിൽ നമ്മുടെ ഉള്ളിലുള്ള, ഉറങ്ങുകയൊ എണീറ്റ് ഇരിക്കുകയോ ചായ കുടിച്ച് കൊണ്ടിരിക്കുകയോ ചെയ്യുന്ന വിപ്ലവസിംഹം അത് ആവശ്യപ്പെടുന്നു, എന്നൊരു പൊതു ധാരണ ഇന്ന് നമുക്കിടയിൽ വ്യാപകമായി കണ്ടുവരുന്നുണ്ട്. നമ്മുടെ വികാരപ്രകടനത്തിൻ്റെ ഭാഷകളിൽ സുപ്രധാനമായ ഒന്നാണ് തെറിയും. ചിലർ തങ്ങളുടെ വെറുപ്പോ കോപമോ പ്രകടിപ്പിക്കാൻ തെറി വിളിക്കുന്നു. മറ്റു ചിലർ മറ്റുള്ളവരുടെ മേൽ ആധിപത്യം നേടാൻ തെറി വിളിക്കുന്നു. ഒരു റിബൽ ആണെന്ന് സ്വയമൊരു തോന്നൽ ഉളവാക്കാൻ തെറി പ്രയോഗം സഹായിക്കുമെന്ന് വാദിക്കുന്നവർ ചിലർ. അമർഷവും നിരാശയും അടിച്ചമർത്താനുള്ള വഴിയായി ഒരു കൂട്ടർ തെറി വിളിയെ കാണുമ്പോൾ മറ്റൊരു കൂട്ടർ അതിനെ സ്നേഹം പ്രകടിപ്പിക്കാനുള്ള ഒരു രീതിയായി ആവിഷ്കരിക്കുന്നു. ജീവിത സാഹചര്യങ്ങളോടുള്ള ഒരു പ്രതികരണം എന്ന നിലയിലും, സാഹിത്യപരമായുമൊക്കെ തെറിയെ വീക്ഷിക്കുന്നവരും ഉണ്ട്. അങ്ങനെ നോക്കുമ്പോൾ തെറിക്ക് അതിൻ്റേതായ ഒരു അസ്തിത്വം ഉണ്ട്. എങ്കിലും അതിൻ്റെ പ്രാഥമിക ധർമം മനസ്സിൽ ഉള്ള വികാര വിക്ഷോഭത്തെ ഒറ്റ വാക്കിൽ ഒരു മിനി ബോംബായി പുറന്തള്ളാൻ നമ്മളെ സഹായിക്കുക എന്നുള്ളതാണ്.
എന്നാൽ ഇന്ന് നമുക്കിടയിൽ തെറി വാക്കുകൾ ഉപയോഗിക്കപ്പെടുന്നത് അതിൻ്റെ ശരിയായ ലക്ഷ്യത്തിലാണോ? പതിറ്റാണ്ടുകളായി തെറികൾ എന്ന് നമ്മൾ കരുതിയിരുന്ന പല വാക്കുകളും സാമാന്യവൽക്കരിക്കപ്പെടുകയും അതിനു വലിയൊരു സ്വീകാര്യത കിട്ടുകയും ചെയ്യുന്നുണ്ടോ? ഇന്നത്തെ നമ്മുടെ സമൂഹം ഇതിനോട് സഹിഷ്ണുത വെച്ച് പുലർത്താൻ തുടങ്ങിയോ? ഉദാഹരണത്തിന് നേരത്തെ പറഞ്ഞ വാക്കുകൾ തന്നെ എടുക്കുക. പരിചയം ഇല്ലാത്ത, മനസ്സിലാകാത്ത, ഏതെങ്കിലും ഒരു കാര്യം, അതിനോടുള്ള തികച്ചും സാധാരണമായ ഒരു പ്രതികരണം എന്ന നിലയിൽ “ഇതെന്ത് മൈര്!?” എന്ന് പറയുന്ന പ്രവണത ഇന്ന് വർദ്ധിച്ച് വരികയാണ്. വിചാരിച്ച കാര്യം നടക്കാതെ വരുമ്പോൾ, അല്ലെങ്കിൽ സ്നേഹരൂപേണ ഒക്കെ ആളുകൾ ഈ ഒരു “മൈരിസ”ത്തിന് വിധേയമാകാറുണ്ട്. ആദ്യകാലങ്ങളെ അപേക്ഷിച്ച് ഇത്തരം പദ പ്രയോഗങ്ങളോട് നമുക്ക് ഉണ്ടായിരുന്ന അസഹിഷ്ണുത ഇന്ന് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതിനുള്ള ഒരു കാരണം, സമൂഹ മാധ്യമങ്ങളുടെ ഇടപെടലാണ്. മുമ്പ് മഞ്ഞ പത്രങ്ങൾ വായിച്ചും എഴുതിയും ഒക്കെ തൃപ്തിപ്പെട്ടിരുന്നവർക്ക് ഒരു വലിയ അവസരം ആണ് യൂട്യൂബ് ഫേസ്ബുക്ക് മുതലായവയുടെ കടന്ന് വരവ് ഒരുക്കി കൊടുത്തത്. അവിടെ ആരെയും ഭയക്കാതെ തെറി പറയാനുള്ള ഒരു ഇടം കിട്ടുകയും, ആ തെറി നൂറ് പേർ ഏറ്റു പറയുമ്പോൾ, അതിൻ്റെ തീവ്രത കുറയുകയും അത് പിന്നെ ഒരു തെറി അല്ലാതാവുകയും ചെയ്യുന്ന ഒരു സാഹചര്യം രൂപപ്പെടുന്നു. ഇത് പറയുമ്പോൾ സ്വാഭാവികമായും ഉയരുന്ന ചോദ്യങ്ങൾ, എന്താണ് ഇവിടെ മോശം/ അശ്ലീലം, ആരാണ് എന്താണ് അശ്ലീലം എന്നും അല്ലാത്താതെന്നും നിശ്ചയിക്കുന്നത് ,ഒരു വാക്ക് തെറി/അശ്ലീലം ആണോ അല്ലയോ എന്ന് നിശ്ചയിക്കുന്നതിൻ്റെ മാനദണ്ഡം എന്താണ് തുടങ്ങിയവയാണ്. ഒരു പരിധി വരെ ഇതൊക്കെ നമ്മൾ സ്വയം തീരുമാനിക്കുകയാണ് ചെയ്യുന്നത്.
വ്യാപകമായി ഉപോഗിക്കപ്പെടുന്ന തെറികളുടെ ഒരു പൊതു സ്വഭാവം, അത് ഒന്നുകിൽ എതെങ്കിലും ഒരു ശരീരഭാഗവുമായി ബന്ധപ്പെടുന്നതോ , മറ്റു ജീവികളോ (ഉദാഹരണത്തിന് പട്ടി, നായ, കുരങ്ങ്, കഴുത, പന്നി..(പാവങ്ങൾ!) ), ജാതീയമായോ സാമ്പത്തികമായോ തൊഴിൽപരമായോ താഴെ തട്ടിലെന്ന് മുദ്ര കുത്തപ്പെട്ട ഒരു വിഭാഗത്തെ പ്രതിനിധീകരിക്കുന്നവയോ, വിസർജ്യ വസ്തുക്കളോ, ആണ് എന്നതാണ്. ഇത്തരം വാക്കുകൾ നിരന്തമായും അലക്ഷ്യമായും ഉപയോഗിക്കുന്നതിലൂടെയും, അങ്ങനെ സാമാന്യവൽകരിക്കുന്നതിലൂടെയും നമ്മൾ ചിന്തിക്കാതെ പോകുന്ന ചില വസ്തുതകൾ ഉണ്ട്. ശരീര ഭാഗങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള തെറി പ്രയോഗങ്ങൾ നടത്തുമ്പോൾ നമ്മൾ അറിയാതെ സെക്‌സിസത്തിൻ്റെ പ്രാഥമിക വക്താക്കളാവുകയാണ്. സ്ത്രീകളെ അപമാനിച്ചവരെ കയ്യേറ്റം ചെയ്യാൻ പോകുമ്പോൾ രോഷം പ്രകടിപ്പിക്കുന്നതിൻ്റെ ഭാഗമായി “അവൻ്റെ അമ്മേടെ….അമ്മൂമ്മെടെ….” എന്നോക്കെ പറഞ്ഞു കേൾക്കുന്നതിലെ ഔചിത്യം ആലോചിക്കേണ്ടതാണ്. വികരവിക്ഷോഭത്തിനിടക്ക് ഇതൊന്നും നോക്കാൻ പറ്റില്ല എന്ന് അതിനെ ന്യായീകരിക്കാൻ ശ്രമിക്കുമ്പോൾ, മാറേണ്ടത് നമ്മുടെ ഈ മനോഭാവമാണ്. ഇത് ഒരു സ്വഭാവ രൂപീകരണത്തിൻ്റെ ഭാഗമായി പരിശീലനത്തിലൂടെ ആർജിച്ചെടുക്കാൻ കഴിയുന്ന ഒന്ന് തന്നെയാണ്. അസ്ഥാനത്തുള്ള അശ്ലീല പദപ്രയോഗങ്ങൾ, തീർച്ചയായും ഒഴിവാക്കാൻ പറ്റവുന്നതെയുള്ളു. അതിനുള്ള ഒരു ഉദാഹരണമാണ് നമ്മൾ ഇത്തരം വാക്കുകൾ സ്വന്തം വീട്ടിലും, കുടുംബാംഗങ്ങളുടെ അടുത്തും, ജോലി സ്ഥലത്തും ഉപയോഗിക്കുന്നില്ല എന്നുള്ളത്. അസ്ഥാനത്തുള്ള തെറി എന്ന് പറയുമ്പോൾ സ്വാഭാവികമായും, സ്ഥാനത്തുള്ള തെറികളും ഉണ്ടോ, അതെന്ത് എന്ന ചോദ്യം വരും. എളുപ്പം മനസ്സിലാക്കാൻ പറ്റുന്ന ഒരു ഉദാഹരണം, സാഹിത്യ സ്രഷ്ടാക്കൾ അവർക്ക് ഒരു പ്രത്യേക ശരീര ഭാഗത്തെ കൃത്യമായി പരാമർശിക്കാൻ ഇത്തരം വാക്കുകൾ, അത് തെറിയായി കണക്കാക്കപ്പെടുന്നെങ്കിൽ കൂടി, വായനക്കാരിലേക്ക് ഉദ്ദേശിച്ച സന്ദേശം കൈമാറാൻ പ്രചാരമുള്ള വാക്കുകൾ
ഉപയോഗിക്കാറുണ്ട് എന്നതാണ്.
മറ്റൊരു വിഭാഗമാണ് തൊഴിലും ജാതിപ്പേരും ജീവിതസാഹചര്യങ്ങളും വിളിച്ചുള്ള തെറികൾ. യൂട്യൂബ് വീഡിയോയിൽ വന്നും, വാട്ട്സ്ആപ് സ്റ്റാറ്റസുകൾ വഴിയും ഇത്തരം തെറികൾക്ക് നല്ല പ്രചാരം ലഭിക്കുമ്പോൾ, ഇതിൻറെ നാനാർത്ഥങ്ങളിലേക്കൊന്നും ആരും പോകാറില്ലെന്നുള്ളതാണ് വാസ്തവം. ഒരു കാലത്ത് പല അപമാനങ്ങളും സഹിച്ച ഒരു വിഭാഗത്തെ നമ്മുടെ വകയായി വീണ്ടും വീണ്ടും അപമാനിക്കുകയാണ്, പ്രത്യേകിച്ച് ഒരു പ്രശ്നവും ഇല്ലല്ലോ എന്ന് നമ്മൾ കരുതി പോരുന്ന തെറികൾ വിളിക്കുന്നതിലൂടെ നമ്മൾ ചെയ്യുന്നത് എന്നൊരു ബോധം നമുക്ക് വേണ്ടതുണ്ട്. ആന്തരികാർത്ഥം പോയിട്ട്, ഇത്തരം വാക്കുകളുടെ ബാഹ്യാർത്ഥം എന്തെന്ന് പോലും അറിയാതെ, നിർബാധം വെച്ച് കാച്ചുന്ന ഒരു വിഭാഗവും ഇവിടെ ഉണ്ട് എന്നതും ഇതിൻ്റെ കൂടെ ചേർത്ത് വായിക്കേണ്ടതാണ്.
പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള ഒരു തരംഗവും ഇക്കാര്യത്തിൽ നമ്മളെ സ്വാധീനിച്ചിട്ടുണ്ട്. ഉദാഹരണത്തിന് fuck!, oh shit പോലുള്ള വാക്കുകളോട് നമ്മൾ സമരസപ്പെട്ടു കഴിഞ്ഞു. FCUK എന്നെഴുതിയ ടീഷർട്ട് ഒരു ട്രെൻഡ് ആണിപ്പോൾ . വാക്കുകൾ മാത്രമല്ല, ചില ചേഷ്ടകളും ഇപ്പോൾ സാമാന്യവൽക്കരിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, നടുവിരൽ നമസ്കാരം , ഇന്ന് വാട്ട്സ്ആപ്, ഗൂഗ്ൾ ഇമോജികളിൽ വരെ ഇടം നേടിക്കഴിഞ്ഞു. പക്ഷെ അതെടുത്ത് എങ്ങനെ പെരുമാറുക എന്നത് പൂർണമായും നമ്മുടെ ഒരു തെരഞ്ഞെടുപ്പാണ്!
ഉന്നത വിദ്യാഭ്യാസവും, പേരും പ്രശസ്തിയും, സംസ്കാരവും തൊഴിലും ഒക്കെ ഉണ്ടെന്ന് അവകാശപ്പെടുന്നവർ പോലും അലക്ഷ്യമായുള്ള ഇത്തരം പ്രയോഗങ്ങളിലൂടെ തെറ്റായ സന്ദേശം സമൂഹത്തിന് നൽകുന്നുണ്ട്. മാന്യമായ ഭാഷയിൽ ആശയ വിനിമയം ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും എന്നിരിക്കെ , അതിൻ്റെ മാന്യത കാത്തു സൂക്ഷിക്കാനും നമ്മൾ എല്ലാവരും ബാധ്യസ്ഥരാണ്. നമ്മൾ ഉപയോഗിക്കുന്ന വാക്കുകളുടെ തെരഞ്ഞെടുപ്പ് നമ്മുടെ ഐഡൻ്റിറ്റിയും സംസ്കാരവും കൂടിയാണ്. തെറി വിളിക്കുന്നത് നിർത്തുക എന്നത് കേവലം വാക്കുകൾ പ്രയോഗിക്കാതെ ഇരിക്കുക എന്ന് മാത്രമല്ല, നമ്മുടെ മനോഭാവത്തിലും അത് മാറ്റി എടുക്കേണ്ടതുണ്ട് .
Picture courtesy: pixabay.com