മലയാളികൾക്ക് പ്രത്യേകം ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത എഴുത്തുകാരനും കൃതിയുമാണ് ബെന്യാമിനും ‘ആടുജീവിത’വും. ആ മാസ്റ്റർപീസിന് ശേഷം അദ്ദേഹത്തിന്റേതായി പുറത്തു വന്ന മറ്റൊരു വ്യത്യസ്തമായ നോവലാണ് ‘മഞ്ഞവെയിൽ മരണങ്ങൾ’. നമുക്ക് സുപരിചിതമല്ലാത്തതും രേഖീയ സ്വഭാവമില്ലാത്തതുമായ ഒരു ആഖ്യാന ശൈലിയിലുള്ള ഒരു നോവലായാണ് ഒറ്റ നോട്ടത്തിൽ മഞ്ഞവെയിൽ മരണങ്ങളെ വിലയിരുത്താനാവുക. സിംഹഭാഗവും അപസർപ്പക സ്വഭാവമുള്ള ഒരന്വേഷണത്തിലൂടെ പുരോഗമിക്കുന്ന ഈ നോവലിനെ മറ്റു നോവലുകളിൽ നിന്ന് തികച്ചും വ്യത്യസ്തമാക്കുന്നത് നോവലിസ്റ്റ് തന്നെ നോവൽ മുഴുവൻ പറഞ്ഞു തീർക്കുന്നില്ല എന്നതാണ്. Imperfection is perfection to a beautiful perspective എന്ന് പറയാറുള്ളത് പോലെ.വായിച്ചു തീരുമ്പോൾ ഒരു പിടി ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ബാക്കി നിർത്തുകയും ഒട്ടേറെ തുടർചിന്തനങ്ങൾക്കുള്ള ഇടം വായനക്കാർക്ക് സമ്മാനിക്കുകയും ചെയ്യുന്നുണ്ട് ബെന്യാമിൻ.
ഒരു നോവലിനുള്ളിലെ നോവലും (സിനിമക്കുള്ളിലെ സിനിമ എന്നൊക്കെ പറയുന്നതു പോലെ ) ഒരു അന്വേഷണത്തിന്റെ ഫലം കണ്ടെത്താനുള്ള മറ്റൊരു അന്വേഷണവും ആണ് മഞ്ഞവെയിൽ മരണങ്ങൾ. നോവലിലുളടനീളം ഈ രണ്ടു ആഖ്യാനങ്ങളിലെയും കഥാ പരിസരങ്ങളിലേക്ക് വായനക്കാരൻ മാറി മാറി സഞ്ചരിക്കപ്പെടേണ്ടതുണ്ട്. ബെന്യാമിൻ തന്നെയും, അദ്ദേഹത്തിന്റെ കുറച്ചു സുഹൃത്തുക്കളും, അവരുടെ സൗഹൃദ കൂടിച്ചേരലായ ‘വ്യാഴച്ചന്ത’യും ഉൾപ്പെട്ടതാണ് നോവലിലെ ഒരു കഥാപശ്ചാത്തലം .ഇവരെല്ലാം ഇതേ പേരിൽ യഥാർത്ഥത്തിൽ ജീവിച്ചിരിക്കുന്നവരും വ്യാഴാഴ്ചകളിൽ ഒത്തുകൂടുന്നവരുമാണെങ്കിലും , നോവലിലേക്ക് വരുമ്പോൾ ഇവരെല്ലാം കാല്പനിക കഥാപാത്രങ്ങളാണ് . ഇതൊരു യഥാർത്ഥ സംഭവകഥയാണോ അല്ലയോ എന്ന് ആദ്യഘട്ടത്തിൽ വേർതിരിച്ചറിയുന്നതിൽ വായനക്കാർക്ക് ഒരു ആശയക്കുഴപ്പം അതുകൊണ്ട് അനുഭവപ്പെടുന്നുണ്ട്.
ഉദയംപേരൂരിലെ വലിയേടത്ത് എന്ന ഒരു പുരാതന ക്രിസ്തീയ തറവാട്ടിലേക്ക് ബെന്യാമിനും അദ്ദേഹത്തിന്റെ സുഹൃത്ത് അനിലും ചേർന്ന് ഒരു അന്വേഷണത്തിന്റെ ഭാഗമായി ‘മറിയം സേവ’ക്ക് (ഒരു പ്രത്യേക ആചാരം ) എത്തുന്നതോടെയാണ് നോവൽ ആരംഭിക്കുന്നത് .സന്ദർശനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിലേക്ക് നയിക്കുന്ന സന്ദർഭങ്ങളിലേക്കാണ് പിന്നീട് കഥ നീങ്ങുന്നത്. കഥ നടക്കുന്നത് സോഷ്യൽ മീഡിയ യുടെ കടന്നുവരവിന്റെ തുടക്കത്തിലാണ്. ഈ മെയിലും ഓർക്കുട്ടും വാണിരുന്ന കാലത്ത് (2011 ലാണ് ഈ നോവൽ പ്രസിദ്ധീകരിക്കപ്പെടുന്നത് ). ‘നെടുമ്പാശ്ശേരി’ എഴുതിക്കൊണ്ടിരിക്കെ യാദൃച്ഛികമായി അജ്ഞാതനായ ഒരാളിൽ നിന്നും (അയാളുടെ പേര് ക്രിസ്റ്റി അന്ത്രപ്പേർ എന്നാണെന്ന് പിന്നീട് വെളിവാകുന്നുണ്ട് ) ഒരു ഈ മെയിൽ ലഭിക്കുന്നു. ബെന്യാമിൻ അയാൾക്ക് വളരെ ഇഷ്ടപ്പെട്ട എഴുത്തുകാരനാണെന്നും,താനും നല്ലൊരു എഴുത്തുകാരനാവാൻ കൊതിച്ചു നടന്നിരുന്ന ഒരു മനുഷ്യനായിരുന്നെന്നും ,തന്റെ കയ്യിലൊരു കഥയുണ്ട്, അതിന്റെ ആദ്യ ഭാഗം ഈ ഈ മെയിലിനോടൊപ്പം അയക്കുന്നെന്നും സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങൾ മൂലം കഥയുടെ ബാക്കി ഭാഗങ്ങൾ ഇപ്പോൾ അയക്കാൻ നിർവാഹമില്ലെന്നും അത് കഥയിലെ പല കഥാപാത്രങ്ങളുടെ അടുത്തായി ഏല്പിച്ചിട്ടുണ്ടെന്നും താല്പര്യമുണ്ടെങ്കിൽ സ്വമേധയാ അന്വേഷിച്ചു കണ്ടെടുക്കാമെന്നുമായിരുന്നുമായിരുന്നു ആ മെയിലിന്റെ ഇതിവൃത്തം .ആദ്യം ഈ മെയിലിനു പ്രാധാന്യം കൊടുക്കാതിരുന്ന ബെന്യാമിൻ ‘നെടുമ്പാശ്ശേരി’ വഴിമുട്ടി നിന്നപ്പോൾ ക്രിസ്റ്റി അന്ത്രപ്പേറിന്റെ കഥയുടെ ആദ്യഭാഗം വായിക്കുന്നു . ക്രിസ്റ്റി അന്ത്രപ്പേറിന്റെ ആത്മകഥ സ്വഭാവമുള്ള ഈ ആഖ്യാനത്തിൽ നിന്നാണ് നോവലിനുള്ളിലെ നോവലുണ്ടാകുന്നത്. ബ്രിട്ടീഷ് ഇന്ത്യൻ സമുദ്ര അതിർത്തിയിലെ ഒരു ദ്വീപായ ഡീഗോ ഗാർഷ്യയിലെ പ്രമാണിമാരായ അന്ത്രപ്പേർ തലമുറയിലെ അംഗമാണ് ക്രിസ്റ്റി.ഡീഗോ ഗാർഷ്യയുടെ ഭൂമിശാസ്ത്രവും,കാലാവസ്ഥയും, ക്രിസ്റ്റിയുടെ ഏറ്റവും മുതിർന്ന മുൻഗാമിയായ അവിരാ അന്ത്രപ്പേറിന്റെ ഡീഗോയുടെ അധികാരിയായുള്ള കുടിയേറ്റവും, തുടർന്നുണ്ടായ അധികാര നഷ്ടവും ,അവിടത്തെ ക്രൈസ്‌തവരുടെ ചരിത്രവും,ജീവിതരീതികളും, വൻകരയോടുള്ള അവിടത്തുകാരുടെ സ്നേഹവും എല്ലാം ക്രിസ്റ്റിയുടെ ആഖ്യാനത്തിൽ വളരെപ്പെട്ടെന്ന് വായനക്കാരിലേക്ക് ആഗിരണം ചെയ്യപ്പെടുന്നുണ്ട്. എഴുത്ത് ഒരു അഭിനിവേശമായി കൊണ്ടുനടന്നിരുന്ന ക്രിസ്റ്റി, ‘പിതാക്കന്മാരുടെ പുസ്തകം’ എന്നാണ് താനെഴുതുന്ന ഈ കഥക്ക് പേരിടാൻ ഉദ്ദേശിച്ചിരുന്നത്. എഴുത്ത് നടക്കുന്നതിനിടയില്‍ യാദൃച്ഛികമായി ഒരു കൊലപാതകത്തിന് ക്രിസ്റ്റി സാക്ഷിയായി. ആദ്യം അതാരെന്ന് തിരിച്ചറിഞ്ഞില്ലെങ്കിലും വൈകാതെ അത് തന്റെ സഹപാഠി സെന്തിലാണെന്ന് മനസ്സിലായി.പബ്ലിക്ക് സെക്യൂരിറ്റിക്കാര്‍ വന്ന് ക്രിസ്റ്റി നോക്കിനിൽക്കെത്തന്നെ ആ മൃതദേഹം നീക്കം ചെയ്തു. ആശുപത്രിയിൽ മൃതദേഹം അന്വേഷിച്ചു ചെന്ന ക്രിസ്റ്റിയെ അങ്ങനൊരു സംഭവമേ ഡീഗോയിൽ നടന്നിട്ടില്ല എന്നുള്ള അവരുടെ വാദം ഞെട്ടിക്കുന്നു. തുടർന്ന് പോലീസിൽ നിന്നും മറ്റുള്ളവരിൽ നിന്നും അങ്ങനെ ഒരു കൊലപാതകം നടന്നതിന്റെ യാതൊരു സൂചനയും കിട്ടാതായതോടെ താൻ കണ്മുന്നിൽ കണ്ട കൊലപാതകം എങ്ങനെ ഇല്ലാതായെന്ന് ക്രിസ്റ്റി ആകുലപ്പെടാനും ഇതിന്റെ ചുരുളഴിക്കാനുള്ള ശ്രമങ്ങളും തുടങ്ങുന്നു. ഈ മെയിലിൽ ലഭിച്ച ആദ്യഭാഗം ഇത്രയും പറഞ്ഞു അവസാനിപ്പിച്ചതോടെയും പിന്നീട് ക്രിസ്റ്റിക്കെന്താണ് സംഭവിച്ചെന്നുമറിയാനുള്ള ഉത്കണ്ഠ ബെന്യാമിനെ ഈ വിഷയം വ്യാഴച്ചന്തയിലേക്ക് അവതരിപ്പിക്കാൻ പ്രേരിപ്പിക്കുന്നു .
വ്യാഴച്ചന്തയിലെ ചർച്ചയിൽ ബെന്യാമിനും സുഹൃത്തുക്കളും ക്രിസ്റ്റിയുടെ കഥയുമായി വിലയം പ്രാപിക്കുകയും ചർച്ചയിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ അടുത്ത ഭാഗം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങുകയും ചെയ്യുന്നു . അങ്ങനെ ക്രിസ്റ്റിയുടെയും ക്രിസ്റ്റിയുമായി ബന്ധപ്പെട്ട മെൽവിൻ, അനിത, അൻപ് എന്നിവരുടെയെല്ലാം ജീവിതങ്ങളിലേക്ക് കഥ വ്യാപിക്കുന്നു.ഒരു ഘട്ടത്തിൽ ക്രിസ്റ്റിയുടെ അടുത്ത സുഹൃത്ത് മെൽവിനും ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നതോടെ വളരെ ഉദ്വേഗജനകമായനിമിഷങ്ങളിലേക്ക് കഥയുടെ സ്വഭാവം മാറുന്നുണ്ട്. ക്രിസ്റ്റിയുടെ കഥയുടെ ഓരോ ഭാഗങ്ങൾ പലരിൽ നിന്നായി കണ്ടുപിടിക്കപ്പെടേണ്ടി വരുമ്പോൾ ഒരു ട്രഷർ ഹണ്ടിന്റെ പ്രതീതിയാണ് വായനക്കാർക്ക് അനുഭവപ്പെടുന്നത്. ബെന്യാമിന്റെയും ക്രിസ്റ്റിയുടെയും അന്വേഷണങ്ങൾ സമാന്തരമായി പുരോഗമിക്കുന്നതോടെ ഡീഗോ ഗാർഷ്യയിലേക്കും ഉദയം പേരൂരിലേക്കും വല്യേടത്ത് തറവാടിലേക്കും മറിയം സേവയിലേക്കും തൈക്കാട്ടമ്മയിലേക്കും വില്യാർവട്ടത്തിലേക്കും ഉദയം പേരൂർ സുനഹദോസ്, കൂനൻ കുരിശ് സത്യം പോലുള്ള ചരിത്ര പ്രാധാന്യമുള്ള സംഭവങ്ങളിലേക്കും കഥ പൂർണ വളർച്ചയിലെത്തുന്നു . കഥയിലെ പ്രധാനപ്പെട്ട രണ്ടു കൊലപാതകങ്ങളുടെ ചുരുളഴിക്കാനും ഡീഗോ ഗാർഷ്യയിലെ അന്ത്രപ്പേർ കുടുംബത്തിന്റെ ഉദയം പേരൂരിലെ ചരിത്ര വേരുകൾ തേടിയുമുള്ള കഥാപാത്രങ്ങളുടെ യാത്രകൾ തന്മയത്വത്തോടെ ബെന്യാമിൻ അവതരിപ്പിക്കുമ്പോൾ വായനക്കാർക്ക് അവിസ്മരണീയ വായനാനുഭവം അത് സമ്മാനിക്കുന്നു. ഒടുവിൽ, നോവലിന്റെ സാദ്ധ്യമായ ക്‌ളൈമാക്‌സ് വായനക്കാരുടെ ഭാവനയ്ക്കും ഇച്ഛക്കും വിട്ടുകൊടുത്തു കൊണ്ട് ബെന്യാമിന്റെ മഞ്ഞവെയിൽ മരണങ്ങൾ പണി തീരാത്ത ഒരു കഥയായി അവസാനിക്കുന്നു.

കഥയുടെ പല സന്ദർഭങ്ങളിലുമുള്ള ക്രിസ്റ്റിയുടെ ആത്മഗതങ്ങൾ തന്നിലും ഒരു ക്രിസ്റ്റിയുണ്ടെന്നൊരു തോന്നൽ വായനക്കാരിൽ ഉണ്ടാക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ക്രിസ്റ്റിയുടെ മാനസിക വ്യാപാരങ്ങൾ എനിക്കുമുണ്ടാവാറുള്ളതാണല്ലോ എന്നൊരു തോന്നൽ അതുണ്ടാക്കുമ്പോൾ ക്രിസ്റ്റിയുടെ അന്വേഷണത്തിന്റൊപ്പം വായനക്കാരെ വിജയകരമായി സഞ്ചരിപ്പിക്കാൻ ബെന്യാമിന് തന്റെ രചനാ നൈപുണ്യം കൊണ്ട് സാധിക്കുന്നു. മറിയം സേവ , വല്യേടത്ത് വീട് മുതലായ പ്രസക്തമായ ക്രൈസ്തവ പശ്ചാത്തലത്തിലുള്ള കഥാതന്തുക്കളിലൂടെ കടന്നുപോകുമ്പോൾ ടി.ഡി രാമകൃഷ്ണന്റെ ‘ഫ്രാൻസിസ് ഇട്ടിക്കോര’ വായിച്ചവർക്ക് കോര കൊടുപ്പ്, പതിനെട്ടാം കൂറ്റുകാർ പോലുള്ള ചില സമാനതകൾ കണ്ടെത്താനും കഴിയും. പ്രവാസ ജീവിതത്തിലേക്കുള്ള ചില എത്തിനോക്കലുകൾ ആട് ജീവിതം ഓർമപ്പെടുത്തുന്നെന്നപോലെ ഇവിടെയും ബെന്യാമിൻ ചെറുതായി സ്പർശിച്ചു പോകുന്നുണ്ട്. ആടുജീവിതത്തിൽ നജീബായിരുന്നു വായനക്കാരുടെ കൂടെ പോന്നതെങ്കിൽ ഇവിടെ അത് ഒരു കൂട്ടം ആളുകളും അവരുടെ ചരിത്രവും ആണ്. അന്ത്യത്തിൽ അല്പം നിരാശാജനകമായി ചില വായനക്കാർക്ക് അനുഭവപ്പെടുമെങ്കിൽ കൂടിയും ഒരുപാട് ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കും അനുബന്ധ ചർച്ചകൾക്കും വലിയൊരു സാധ്യത മന:പൂർവമാണെങ്കിലും അല്ലെങ്കിലും മനോഹരമായി അവശേഷിപ്പിക്കുന്നുണ്ട് മഞ്ഞവെയിൽ മരണങ്ങൾ എന്നത് നിസ്തർക്കമാണ്.