നമുക്ക് പൊതുവെ ചിന്തിക്കാൻ ഇഷ്ടമില്ലാത്ത വിഷയങ്ങളാണ് മരണവും, മൃതശരീരവും, പോസ്റ്റ് മോർട്ടവും, മരണാനന്തര ചടങ്ങുകളും എല്ലാം. അതുകൊണ്ട് തന്നെ മരണത്തിനും അതിന്റെ ശാസ്ത്രീയ വശങ്ങൾക്കും അതിനെ കുറിച്ചുള്ള വ്യത്യസ്തമായ കാഴ്ചപ്പാടുകൾക്കും അതുമായി നിരന്തരം ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആളുകളുടെയും അവരുടെ അനുഭവങ്ങളുടെയും സ്ഥാനം എക്കാലവും നമ്മുടെ പരിധിക്ക് പുറത്താണ്. അല്ലെങ്കിൽ, “രംഗബോധമില്ലാത്ത കോമാളി, ഹാ, ജനിച്ചാൽ മരിച്ചല്ലേ പറ്റൂ, ദുഷ്ടന്മാരെ പന പോലെ വളർത്തും, നല്ലവരെ ദൈവം വേഗം തിരിച്ചു വിളിക്കും, ജീവിക്കുന്നു ഞങ്ങളിലൂടെ.. ” പോലുള്ള ക്‌ളീഷേ ഡയലോഗുകളിൽ മരണത്തെ കുറിച്ചുള്ള ചിന്തകൾ ഒതുങ്ങും. എല്ലായ്‌പോഴും ഒരു വില്ലൻ പരിവേഷമോ അല്ലെങ്കിൽ ഒരു ദൈവീക പരിവേഷമോ ആണ് മരണത്തിനു ലഭിക്കാറുള്ളത്.ജീവിതത്തിന്റെ നേരെ വിപരീത സ്വഭാവമുള്ള ഒന്നായിട്ടാണ് മരണത്തെ എപ്പോഴും നമ്മൾ തുലനം ചെയ്യാറുമുള്ളത് -ഉദാഹരണത്തിന്,ജീവിതം= നന്മ, ദൈവത്തിന്റെ പ്രതിഫലം, സ്വർഗം, വെളിച്ചം, മരണം = തിന്മ, ദൈവത്തിന്റെ ശിക്ഷ, നരകം, ഇരുട്ട് ..എന്നിങ്ങനെ. കൂടുതൽ കാലം ജീവിച്ചിരിക്കുക എന്നുള്ളത് ആഘോഷിക്കപ്പെടുന്ന ഒരു കാര്യമാണ് . ലോകത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുള്ളത് ഒരു ഫ്രഞ്ച് വനിതയായ ജിന്നി കാൾമെന്റ് ആണ്. 122 വർഷവും 164 ദിവസവുമായിരുന്നു മരിക്കുമ്പോൾ അവരുടെ പ്രായം. താരതമ്യേന ഇവർക്ക് ഒരു 25 വയസ്സ് അധികം കിട്ടി എന്ന് നമ്മൾ കരുതുമ്പോൾ ഈ അധികമായി കിട്ടുന്ന ആയുസ്സ് ജീവിതത്തിന്റെ ഏറ്റവും നിർണായകമായ യുവത്വത്തിൽ കിട്ടുന്നതല്ലേ കൂടുതൽ കാര്യക്ഷമവും ഉപകാരപ്രദവും എന്നും ആലോചിക്കുന്നത് സ്വാഭാവികം. ജനനവും മരണവും ഒരു സാങ്കല്പിക രേഖയുടെ രണ്ടറ്റത്തുള്ള പാരമ്യതയാണ് എന്നുള്ള നമ്മുടെ ഒരു പൊതുബോധത്തിൽ, മരണം മറ്റെന്തെങ്കിലും ഒരു അസ്തിത്വത്തിന്റെ തുടക്കം ആണെന്നുള്ള ഒരു വീക്ഷണം പൊതുവെ ചർച്ച ചെയ്യപ്പെടാറില്ല. മരണാനന്തര ജീവിതം എന്നൊരു ആശയത്തെ കുറിച്ച് പല മതങ്ങൾക്കും പലവിധ കാഴ്ചപ്പാടുകളുണ്ടെങ്കിലും അവയുടെ ഒരു പൊതുസ്വഭാവം ജീവിച്ചിരുന്നതിനേക്കാൾ ശാന്തിയുള്ളതും സമാധാനപൂർണവുമായിരിക്കും മരണാനന്തര ജീവിതം എന്നുള്ള ഒരു തരം വിശ്വാസത്തിൽ അധിഷ്ഠിതമാണ്. ശാസ്ത്രം ഏറെ പുരോഗമിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും മരണം നമുക്കൊരു പ്രഹേളികയാണ്. കുഞ്ചൻ നമ്പ്യാരുടെ ‘കാലനില്ലാത്ത കാലം’ ഇന്നും ഒരു സങ്കല്പമായി തുടരുകയാണ്.
മരണത്തെക്കുറിച്ച് നമ്മുടെ കാഴ്ചപ്പാടുകൾ ഇങ്ങനെയൊക്കെ ആണെങ്കിലും മരണത്തെ മറ്റൊരു വീക്ഷണകോണിലൂടെ നോക്കിക്കാണുന്ന ഒരു കൂട്ടം ആളുകളാണ്, നരവംശ ശാസ്ത്രജ്ഞരും ഫോറൻസിക് വിദഗ്ദ്ധരും. ഇവരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് ‘മരണം’. ഇങ്ങനെയുള്ള ഫോറൻസിക് നരവംശശാസ്ത്രജ്ഞരുടെ കാഴ്ചപ്പാടിൽ നിന്ന് മരണാനന്തര ജീവിതത്തെ കുറിച്ചുള്ള അവരുടെ ബോധ്യങ്ങളും, അനുഭവങ്ങളും പറഞ്ഞു കേൾക്കുന്നത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ്. അത്തരത്തിൽ, മരണത്തെക്കുറിച്ചും, നശ്വരതയെക്കുറിച്ചും കൊലപാതകങ്ങളിലെ ചുരുളഴിക്കലുകളെക്കുറിച്ചും വളരെ രസകരമായി പ്രതിപാദിക്കുന്ന ഒരു പുസ്തകമാണ് “ALL that REMAINS , A renowned forensic scientist on death, mortality and solving crimes “. ഒരു ഫോറൻസിക് നരവംശശാസ്ത്രജ്ഞയും ഡണ്ടീ സർവകലാശാലയിലെ മുൻ അനാട്ടമി പ്രൊഫസ്സറുമായിരുന്ന സ്യൂ ബ്ലാക്ക് (Dame Susan Margaret black ) ആണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. ഇംഗ്ലീഷിലാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നതെങ്കിലും വളരെ ലളിതമായ ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. തന്റെ വ്യക്തി ജീവിതവും, മരണവുമായി ബന്ധപ്പെട്ടുള്ള കണ്ടെത്തലുകളും, ഒരു ജഡം ഏതെല്ലാം വിധത്തിൽ സംസ്കരിക്കുകയും സൂക്ഷിക്കുകയും ചെയ്യാമെന്നുള്ളതും, ജഡത്തിന്റെ ശേഷിപ്പുകളിൽ നിന്നും ഏതെല്ലാം തരത്തിലുള്ള വിവരങ്ങൾ ഒരു ഫോറൻസിക് ശാസ്ത്രഞ്ജന് ശേഖരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ഒരു കൊലപാതകത്തിൻെറ ചുരുളഴിക്കുകയും ചെയ്യാമെന്നും ആ പ്രക്രിയയിൽ നേരിടാറുള്ള വെല്ലുവുളികളും ഒക്കെയാണ് പുസ്തകത്തിന്റെ പ്രമേയം.
പതിമൂന്ന് അധ്യായങ്ങളുള്ള ഈ പുസ്തകം തുടങ്ങുന്നത് സ്യൂ ബ്ലാക്കിന്റെ കുട്ടിക്കാലത്തു നിന്നാണ്. പഠിക്കുന്നതിനോടൊപ്പം കുട്ടികൾ പാർട്ട് ടൈം ജോലി ചെയ്ത് പരിശീലിച്ചിരിക്കണം എന്ന മനോഭാവമുള്ള ആളായിരുന്നു ബ്ലാക്കിന്റെ അച്ഛൻ. അത് കൊണ്ട് പന്ത്രണ്ട് വയസ്സിൽ തന്നെ ബ്ലാക്ക് തന്റെ സമീപത്തുള്ള അറവുശാലയിൽ ബ്ലാക്ക് ഒഴിവു ദിവസങ്ങളിൽ ജോലിക്ക് പോകാൻ തുടങ്ങി. ഫോറൻസിക്സ് പഠിക്കണമെന്നൊരു ധാരണയും അന്നുണ്ടായിരുന്നിലെങ്കിലും, തന്റെ അഭിരുചി മാംസം കാര്യക്ഷമമായി മുറിച്ചെടുക്കലിലായിരുന്നെന്നു അവിടെ നിന്ന് മനസ്സിലായെന്നും, അവിടെ വെച്ചാണ് അനാട്ടമിയുടെ ഏകദേശ ധാരണ തനിക്ക് കിട്ടുന്നത് എന്നും ബ്ലാക്ക് അഭിപ്രായപ്പെടുന്നുണ്ട്. തന്റെ ആദ്യത്തെ ഡിസെക്ഷൻ അനുഭവങ്ങളും, അതിന്റെ ശാസ്ത്രീയമായ നടപടിക്രമങ്ങളും അവർ ലളിതമായ ഭാഷയിൽ പങ്കുവെക്കുന്നുണ്ട് .അക്കാലത്തു (1980 കളിൽ ) ഏറ്റവും കൂടുതൽ ശവ ശരീരങ്ങൾ ഇറക്കുമതി ചെയ്യപ്പെട്ടിരുന്നത് ഇന്ത്യയിൽ നിന്നാണത്രെ! ഇപ്പോഴത് നിയമവിരുദ്ധമാണെകിലും കരിഞ്ചന്ത വ്യാപാരം മുറക്ക് നടക്കുന്നുണ്ട് എന്നാണ് ബ്ലാക്കിന്റെ അഭിപ്രായം.
തുടർന്നുള്ള അധ്യായങ്ങൾ കൂടുതലും ശാസ്ത്രീയ സ്വഭാവമുള്ളവയാണ്. പോസ്റ്റ് മോർട്ടവുമായി ബന്ധപ്പെട്ട ഓരോ ഘട്ടവും ഏതൊരു സാധാരണക്കാർക്കും മനസ്സിലാവുന്ന രീതിയിൽ (ചില സാങ്കേതിക പദങ്ങൾ ഒഴിച്ചാൽ ) ബ്ലാക്ക് ലളിതമായി വിശദീകരിക്കുന്നുണ്ട്. അതിൽ മരിച്ച സമയം തിട്ടപ്പെടുത്തുന്ന പ്രക്രിയയുടെ ഓരോ ഘട്ടവും ഒരു ഉദാഹരണം മാത്രം. വായനക്കാർക്കുള്ള പല സംശയങ്ങൾക്കുമുള്ള ഉത്തരം ഈ അധ്യായങ്ങളിൽ നിന്ന് തീർച്ചയായും ലഭിക്കും. മരണവുമായി ബന്ധപ്പെട്ടുള്ള ഡി എൻ എ അനാലിസിസിന്റെ സാധ്യതകളും അതേ സമയം എങ്ങനെ അതൊരു കുടുംബ രഹസ്യം തകർക്കുന്നു എന്നെല്ലാം ബ്ലാക്ക് രസകരമായി പ്രതിപാദിക്കുന്നുണ്ട്. ഉദാഹരണത്തിന് , കാണാതായ സഹോദരനു എന്തോ അപകടം സംഭവിച്ചെന്ന ധാരണയിൽ രണ്ടു സഹോദരിമാർ ആശുപത്രികളായ ആശുപത്രികൾ കയറിയിറങ്ങുന്നു. എവിടെയും അയാൾ പ്രവേശിപ്പിക്കപ്പെട്ടിട്ടില്ല. ബന്ധുക്കളും സുഹൃത്തുക്കളും അയാളെ അവസാനം കണ്ടിട്ടുമില്ല. ഒരാഴ്ചക്ക് ശേഷം തിരിച്ചറിയാത്ത ഒരു ജഡം കണ്ടു കിട്ടുന്നു, ശാരീരിക ഘടന വെച്ച് കാണാതായ ആള് തന്നെയെന്ന് ഏറെക്കുറെ തിരിച്ചറിഞ്ഞെങ്കിലും ഒരു വിധത്തിലും അയാളുടെ ഡി എൻ എ സഹോദരിമാരുമായി സാമ്യതയില്ലെന്ന് തെളിയുന്നു . തുടർന്നുള്ള അന്വേഷണത്തിൽ ഇത് കാണാതായ ആൾ തന്നെ എന്നും,അയാൾ ഈ സഹോദരിമാരുടെ രക്തത്തിലുള്ള ആളല്ലെന്നും പണ്ട് ദത്തെടുക്കപ്പെട്ടതാണെന്നും തിരിച്ചറിയുന്നു. സഹോദരൻ നഷ്ടപ്പെട്ടു എന്ന ദുഃഖത്തിന് പുറമെ അവർക്കിപ്പോൾ ഒരു ആഘാതം കൂടി-അത് തങ്ങളുടെ രക്തത്തിലുള്ള സഹോദരൻ ആയിരുന്നില്ല എന്ന ഞെട്ടിക്കുന്ന സത്യം -ഏൽക്കേണ്ടി വരുന്നു. ഇങ്ങനെയുള്ള അനുഭവകഥകളിലൂടെ പുസ്തകം പുരോഗമിക്കുമ്പോൾ ബ്ലാക്കിന്റെ സ്വന്തക്കാരുടെ മരണവും ബ്ലാക്കിന്റെ കാഴ്ചപ്പാടിൽ സമാന്തരമായി ചർച്ച ചെയ്യുന്നുണ്ട്.
നമ്മുടെ ശവ സംസ്കാര രീതികളിൽ വന്നിട്ടുള്ള മാറ്റം ബ്ലാക്ക് മറ്റൊരു വിഷയമാക്കുന്നുണ്ട് . കുടിയേറ്റം എങ്ങനെ ശവ സംസ്കാര രീതികളെ ബാധിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നു, പല രാജ്യങ്ങളുടെയും ശവ ദാഹത്തിലുള്ള പ്രത്യേകതകൾ, അതിന്റെ ശാസ്ത്രീയ വശങ്ങൾ എന്നൊക്കെ വളരെ ലളിതമായി ബ്ലാക്ക് വിശകലനം ചെയ്യുന്നുണ്ട്. ഇതിന്റെ കൂടെ മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും വിട്ടു കൊടുക്കുന്നതിന്റെ പല വിധ സാധ്യതകളും വായനക്കാർക്ക് മനസ്സിലാക്കി തരുന്നുമുണ്ട്.

നമ്മുടെ മാധ്യമങ്ങൾ എങ്ങനെ മരണങ്ങളെ ആഘോഷിക്കുന്നു എന്നതിനെ കുറിച്ച ബ്ലാക്ക് ഒരു അധ്യായത്തിൽ വിശകലനം ചെയ്യുന്നുണ്ട്. 24 മണിക്കൂർ വാർത്ത എന്നുള്ള ശീലത്തിലേക്ക് നമ്മൾ മാറിയതും , ലോകത്തെവിടെയും നടക്കുന്ന ദുരന്തങ്ങൾ നിമിഷാർദ്ധത്തിൽ നമ്മളിലേക്ക് എത്തുന്നതും, ആഴ്ചയിൽ ഒരു ദുര്യോഗ വാർത്ത എന്നതിൽ നിന്നും ഇന്ന് ദിവസേന എത്രയോ അത്തരത്തിലുള്ള വാർത്തകൾ എന്ന തലത്തിലേക്ക് നമ്മൾ എത്തി എന്നും ബ്ലാക്ക് വ്യാകുലപ്പെടുന്നു . ഇത്തരത്തിലുള്ള വാർത്തകൾ നമ്മളിൽ എന്നിട്ടും വളരെ ചെറിയ സമയത്തേക്കുള്ള ഒരു മനസികാഘാതമേ ഉണ്ടാക്കുന്നുള്ളു എന്നും അവർ അഭിപ്രായപ്പെടുന്നു . അങ്ങനെ കരുതിയിരിക്കുമ്പോഴാണ് സെർബിയക്കെടുത്തുള്ള കൊസോവോയിലേക്ക് യുദ്ധം നടക്കുന്ന സമയത്തു ബ്ലാക്കിനും പോകാൻ അവസരം ലഭിക്കുന്നത് . അന്താരാഷ്ട്ര പ്രശ്നങ്ങളിൽ ഫോറൻസിക് വിദഗ്ധരുടെ സഹായം എവിടെയാണ് ആവശ്യമായിട്ടുള്ളതെന്ന് ഈ സന്ദർഭത്തിൽ വായനക്കാരന് വ്യക്തമാക്കിത്തരുന്നുണ്ട് ബ്ലാക്ക് . കൂടാതെ അവിടെ നടന്ന കൊടും ക്രൂരതകളുടെ കഥകൾ പറയുമ്പോൾ വായനക്കാരനിൽ അത് വലിയ ഒരു ആധി സൃഷ്ടിക്കുന്നുണ്ട്, കാരണം അത് കൊസോവയുടെ കാര്യത്തിൽ മാത്രമല്ല , ഇന്നും ലോകത്തിൽ പലയിടത്തും സമാനമായ സംഭവങ്ങൾ നടക്കുന്നെന്നുള്ളതുകൊണ്ട് . തന്റെ ജോലിയുടെ സ്വഭാവം മൃതശരീരങ്ങൾ വെട്ടി മുറിക്കലാണെങ്കിലും ആ ജോലിയിൽ സ്വീകരിക്കേണ്ട മൂല്യങ്ങളെന്തെന്ന് ബ്ലാക്ക് പറഞ്ഞുവെക്കുന്നുണ്ട് . അതുപോലെ, 2004 ലെ തായ്‌ലൻഡ് സൂനാമി യിൽ മരണപ്പെട്ടവരുടെ തിരിച്ചറിയൽ പ്രക്രിയയിൽ നേരിട്ട വെല്ലുവിളികളും ട്രാൻസ് ജൻഡറുമായി ബന്ധപ്പെട്ട വിഷയങ്ങളും ഔചിത്യപൂർവം വ്യക്തമാക്കുന്നുണ്ട്.
ഏറ്റവും ഒടുവിലത്തെ അധ്യായത്തിൽ ബ്ലാക്ക് തന്റെ മരണത്തിനു ശേഷം എന്തായിരിക്കും എന്നതിനെ കുറിച്ചൊരു വിശകലനം നടത്തുന്നുണ്ട്. പുസ്തകം വായിച്ചു തീരുമ്പോൾ വായനക്കാർക്ക് ഉണ്ടാവുന്ന വളരെ പ്രസക്തമായ ഒരു ചോദ്യത്തിന് ഉത്തരമെന്നോണം ബ്ലാക്ക് മനോഹരമായി അത് വിശദീകരിക്കുന്നുമുണ്ട്. തന്റെ ശരീരം ഡണ്ടീ സർവകലാശാലയിലെ കുട്ടികൾക്കാണെന്നും അവരുടെ അനാട്ടമി ക്ലാസ്സിലൂടെ താൻ ജീവിക്കുമെന്നും ബ്ലാക്ക് പറയുന്നു . പ്രേതം ഭൂതം പിശാചുക്കളെ പറ്റിയൊക്കെ തന്റെ മുത്തശ്ശി പറഞ്ഞു തന്നിട്ടുണ്ടെങ്കിലും തന്റെ ഇത്രയും കാലത്തെ ‘മരണ’ ജീവിതത്തിൽ , ഒരു മൃതദേഹവും തന്നോട് അപമര്യാദയായി പെരുമാറുകയോ , ദേഷ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും എല്ലാവരും ശാന്തസ്വഭാവമുള്ളവരും, മോർച്ചറിയിലേക്ക് ജീവനോടെ കടന്നു വരികയോ സ്വപ്നത്തിൽ വരികയോ ചെയ്തിട്ടില്ലെന്നും ജീവിച്ചിരിക്കുന്നവരെ കൊണ്ടുള്ള അനർത്ഥങ്ങളാണ് ഇതിലുമൊക്കെ എത്രയോ വലുതെന്നും ബ്ലാക്ക് പറഞ്ഞു വെക്കുന്നു . ഇത്തരത്തിൽ വളരെ സാർത്ഥകവും മനോഹരവുമായ രീതിയിൽ ബ്ലാക്ക് തന്റെ പുസ്തകം അവസാനപ്പിക്കുന്നു.
ആധികാരികതയുള്ള അനുഭവ കഥകൾ വായിക്കാനിഷ്ടപ്പെടുന്നവർക്ക് തീർച്ചയായും നല്ല വായനാനുഭവം സമ്മാനിക്കുന്ന ഒരു പുസ്തകം തന്നെയാണ് ALL that REMAINS.