യൂ ട്യൂബ് വീഡിയോകളിൽ വ്യക്തിപരമായി എനിക്കിഷ്ടപ്പെട്ട ഒരു പരമ്പരയാണ് സഫാരി ചാനലിലെ “ചരിത്രം എന്നിലൂടെ”. അതിൽ ഒരിക്കൽ കേരളാ പോലീസ് മുൻ എസ്.പി ശ്രീ. ജോർജ് ജോസഫ് തന്റെ പോലീസ് ജീവിതം സംബന്ധിച്ചുള്ള വളരെയധികം അനുഭവ കഥകൾ പ്രേക്ഷകരോട് പങ്കുവെക്കുകയുണ്ടായി. അവയിൽ ഏറ്റവും ആകർഷകമായി തോന്നിയ ഒരു കാര്യം, കുറ്റവാളിയുടെ ‘മോഡസ് ഓപ്പറാണ്ടി ‘ വെച്ചു കേസ് തെളിയിക്കുന്ന അദ്ദേഹത്തിന്റെ ഒരു രീതിയായിരുന്നു. ‘മോഡസ് ഓപ്പറാണ്ടി’ എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം ലളിതമായി പറഞ്ഞാൽ, mode of operation അല്ലെങ്കിൽ പ്രവർത്തനശൈലി എന്നാണ്.ഒരു കാര്യം കാര്യക്ഷമതയോടെ നടത്തിയെടുക്കാൻ ഒരാൾ അവലംബിക്കുന്ന മാർഗം എന്നാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ക്രിമിനോളജിയിലാണ് ഈ വാക്ക് കൂടുതലായും ഉപയോഗിക്കാറുള്ളത്. ഒരു കുറ്റവാളിയുടെ ഒരു കൂട്ടം കുറ്റകൃത്യങ്ങളിൽ ബോധപൂർവമുള്ളതും അല്ലാത്തതും ആയ ഒരു പ്രവർത്തനശൈലി കണ്ടെത്താൻ കഴിയുന്നുണ്ടെങ്കിൽ അതിനെ അടിസ്ഥാനമാക്കി അന്വേഷണ ഉദ്യോഗസ്ഥർക്ക് കുറ്റം തെളിയിക്കാൻ സാധിക്കും. ഇങ്ങനെ മോഡസ് ഓപ്പറാണ്ടിയുടെ പേരിൽ കുപ്രസിദ്ധനായ ഒരു കൊലയാളിയായിരുന്നു 1888 മുതൽ 1891 വരെ ലണ്ടനിൽ 11 കൊലപാതകങ്ങൾ നടത്തിയ ജാക്ക് റിപ്പർ. റിപ്പറിന്റെ കൊലപാതകങ്ങളുടെ ഒരു പൊതു സ്വഭാവം കൊല്ലപ്പെട്ടവരെല്ലാം സ്ത്രീകളാണെന്നും പാവപ്പെട്ട, വേശ്യാവൃത്തിയിലേർപ്പെട്ടവർ ആയിരുന്നെന്നും, കൊലപാതകങ്ങൾ നടത്തിയ ശേഷം മൃതദേഹത്തെ ക്രൂരമായി മുറിവേല്പിച്ചിരുന്നു എന്നതുമായിരുന്നു. ഇതുപോലെ ഓരോ കുറ്റവാളിക്കും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ഒരു ശൈലിയുണ്ടാകുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധർ പറയുന്നത്. അതുകൊണ്ട് മോഡസ് ഓപ്പറാണ്ടി എന്ന് കേൾക്കുമ്പോൾ പൊതുവെ നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുക സീരിയൽ കൊലയാളികളും ക്രൈം ത്രില്ലർ സിനിമകളുമൊക്കെയായിരിക്കും. എന്നാൽ ഈ മോഡസ് ഓപ്പറാണ്ടി കുറ്റവാളികളെ ബന്ധപ്പെടുത്തി മാത്രമാണോ നിർവചിക്കാൻ കഴിയുക ? നമുക്കുമുണ്ടോ ഈ പറഞ്ഞ മോഡസ് ഓപ്പറാണ്ടി ?
ഉണ്ടെന്നാണ് ഉത്തരം.
നല്ലതും ചീത്തയുമായ പല തരം ശീലങ്ങൾ ഉള്ളവരാണ് നമ്മളെല്ലാവരും.അവയിൽ ചിലതൊക്കെ ബോധപൂർവമുള്ളതും ചിലത് നമ്മളറിയാതെ തന്നെ തുടർന്നുപോരുന്നതുമായ ശീലങ്ങളായിരിക്കും. ഇത്തരം ശീലങ്ങൾക്ക് നമ്മുടെ ദൈനംദിന പ്രവൃത്തികൾ വിജയകരമായി പൂർത്തിയാക്കുന്നതിൽ വലിയ പങ്കുണ്ട്. നമ്മൾ ചെയ്യുന്ന, അല്ലെങ്കിൽ ഏറ്റെടുക്കുന്ന ഒരു കാര്യം തന്നെ ഒരുദാഹരണമായി എടുത്ത് ഒരു ആത്മപരിശോധന നടത്തുകയാണെങ്കിൽ അതിൽ പല വിധത്തിലുള്ള നമ്മുടേതായ വ്യക്തിമുദ്രയുള്ള, അല്ലെങ്കിൽ ഒരു ശൈലി കാണാൻ സാധിക്കും (സ്‌കൂൾ, കോളജ് പഠന കാലത്ത് പരീക്ഷക്ക് കോപ്പിയടിക്കുന്ന വിരുതരെ കണ്ടിട്ടില്ലേ? അവരിൽ പലരും വ്യത്യസ്തമായ രീതികളായിരിക്കും അവലംബിക്കുന്നത്). ക്രിയാത്മകമായി ഒരു കാര്യം നിർവഹിക്കുന്നതിന് നമ്മൾ പിന്തുടരുന്ന നമ്മുടേതായ ഒരു രീതി,അതിനു ഉപോൽബലകമായി വർത്തിക്കുന്ന നമ്മുടെ ശീലങ്ങൾ, അത് എങ്ങനെ നമ്മൾ എന്ന വ്യക്തിയെ അടയാളപ്പെടുത്തുന്നു, ഇതൊക്കെയാണ് നമ്മുടെ ‘മോഡസ് ഓപ്പറാണ്ടി’യെ നിർവചിക്കുന്നത്.
എന്തൊക്കെയായിരിക്കും നമ്മുടെ മോഡസ് ഓപ്പറാണ്ടിയെ നിർവചിക്കുന്ന ചില ഘടകങ്ങൾ? നമുക്ക് പരിശോധിച്ചുനോക്കാം. ഒരുദാഹരണമാണ് പശ്ചാത്തലത്തിലുള്ള ശബ്ദം. ചിലർക്ക് ഉച്ചത്തിലൊ ശബ്ദം കുറച്ചോ ശരാശരി ശബ്ദത്തിലോ പാട്ട് കേട്ടുകൊണ്ട് ചെയ്താലേ ഒരു കാര്യം നല്ലത് പോലെ ചെയ്ത് തീർക്കാൻ കഴിയൂ. ചിലപ്പോൾ പാട്ടിന്റെ വരികളിലേക്കൊന്നും ശ്രദ്ധ പോകുന്നുണ്ടാകില്ലെങ്കിലും ഒരു സംഗീതം ഇങ്ങനെ പശ്ചാത്തലത്തിൽ ഓടുന്നത് ഇത്തരക്കാർക്ക് അത്യാവശ്യമായിരിക്കും. ഇതിൽ തന്നെ കേൾക്കുന്ന പാട്ടുകളുടെ സ്വഭാവത്തിൽ ഒരു ശൈലി പിന്തുടരുന്നവരും ഉണ്ട്- പഴയ /പുതിയ മെലഡികൾ,പോപ്പ് സംഗീതം , ഗസലുകൾ മുതലായവ. പാട്ടിന് പകരം കറങ്ങുന്ന സീലിംഗ് ഫാനിന്റെ ശബ്ദം ആയിരിക്കാം ചിലർക്ക് വേണ്ടത് (ഫാനിന്റെ കാറ്റില്ലെങ്കിലും ശബ്ദം കേട്ടില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല എന്ന് പറയാറുള്ള ആരെയെങ്കിലുമൊക്കെ നമുക്കറിയാതിരിക്കില്ല!).നേരെ മറിച്ച് ചിലർക്ക് നിശബ്ദമായ അന്തരീക്ഷമായിരിക്കും ഒരു കാര്യം ചെയ്യാൻ വേണ്ടത്. ഒരു മൊട്ടു സൂചി വീഴുന്ന ശബ്ദം കേട്ടാൽ പോലും ജോലി തടസ്സപ്പെടും എന്നുള്ളവർ . ഇത് കേവലം ഇഷ്ടത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള ഒരു തെരെഞ്ഞെടുപ്പാവണമെന്നില്ല . നമ്മുടെ കാര്യക്ഷമതയുടെ തോതിലും ഇതിനു സ്വാധീനമുണ്ടായേക്കാം. നമ്മളിതിനെ കുറിച്ച് ബോധവാന്മാരായിരിക്കാറില്ലെന്ന് മാത്രം.

ജോലി ചെയ്യാൻ തെരഞ്ഞെടുക്കുന്ന സ്ഥലം ഇതുപോലെ നമ്മുടെ മോഡസ് ഓപ്പറാണ്ടിയെ സ്വാധീനിക്കുന്ന ഒരു ഘടകമാണ് . കുറച്ചൊക്കെ ഇത് മറ്റൊരാളുടെ കൂടി തെരെഞ്ഞെടുപ്പാണെങ്കിലും നമുക്ക് സ്വാതന്ത്ര്യമുള്ള സന്ദർഭങ്ങളിൽ നമ്മുടെ കാര്യക്ഷമത നിർണയിക്കുന്നതിൽ ജോലി ചെയ്യാൻ തെരഞ്ഞെടുക്കുന്ന സ്ഥലത്തിനും സ്വാധീനമുണ്ട്. ഉദാഹരണത്തിന് ലാപ്ടോപ്പിൽ ജോലി ചെയ്യുന്ന ആളുകൾ . ചിലർക്ക് കൃത്യമായി ഒരു മേശയും കസേരയുമൊക്കെ ഉണ്ടെങ്കിലേ വൃത്തിയായി ആ ജോലി ചെയ്യാൻ കഴിയൂ. മറ്റു ചിലർക്ക് ബെഡിൽ കാലു നീട്ടിയിരുന്നോ കിടന്നുകൊണ്ടോ ഒക്കെ ചെയ്യുമ്പോഴായിരിക്കും കാര്യക്ഷമത കിട്ടുന്നത്. വീടും ഓഫീസും അല്ലാതെ മറ്റൊരിടമാണ് ലഘുഭക്ഷണ ശാലകൾ.പാശ്ചാത്യ രാജ്യങ്ങളിൽ പരക്കെ കാണുന്ന ഒരു കാഴ്ചയാണ് ലഘു ഭക്ഷണ ശാലകളിൽ കാപ്പിയോ ചായയോ നുകർന്നു കൊണ്ട് ശ്രദ്ധാപൂർവം ലാപ്ടോപ്പിൽ ജോലി ചെയ്യുന്നവരോ പുസ്തകം വായിക്കുന്നവരോ ആയ കുറേ ആളുകൾ . ജോലി ചെയ്യാൻ തെരഞ്ഞെടുക്കുന്ന സ്ഥലം മാത്രമല്ല , ആ സ്ഥലത്തിന്റെ വൃത്തിയും ചിലർക്ക് മുഖ്യമാണ് . വലിച്ചുവാരിയിട്ടിരിക്കുന്ന സാധനങ്ങളുടെ ഇടയിലിരുന്നു കൊണ്ട് മര്യാദക്ക് ജോലി ചെയ്ത് തീർക്കുന്ന ആളുകളുണ്ട്. മറ്റു ചിലർക്ക് വളരെ വൃത്തിയായി വെച്ചിരിക്കുന്ന മേശയും പരിസരവുമൊക്കെ വേണം . ഇത് ജോലിയിൽ മാത്രമല്ല പഠനത്തിന്റെ കാര്യത്തിലും കാണാം . പുസ്തകങ്ങൾ ചുറ്റിലും വലിച്ചു വാരിയിട്ട് പഠിക്കുന്നവർ, പഠിക്കുന്ന പുസ്തകം മാത്രം എടുത്ത് മേശപ്പുറത്തു തുറന്നു വെക്കുന്നവർ, കട്ടിലിൽ ഇരുന്നോ കിടന്നോ പഠിക്കുന്നവർ . തെരഞ്ഞെടുക്കുന്ന സ്ഥലത്തിന് പുറമെ, അവിടെ നമ്മൾ എങ്ങനെ ഇരിക്കുന്നു എന്നതും ചിലർക്ക് മുഖ്യമാണ് . ഉദാഹരണത്തിന് കാലിന്മേൽ കാൽ കയറ്റി വെക്കുക , കാൽ പിണച്ചുവെച്ചിരിക്കുക , കസേരയിൽ ചമ്രം പടിഞ്ഞിരിക്കുക, കസേരയിൽ ചാരിയിരുന്ന് മേശപ്പുറത്ത് കാൽ കയറ്റിവെച്ചിരിക്കുക, ചാരുകസേരയിൽ ചാഞ്ഞിരുന്ന് ചെയ്യുക, ഇതൊന്നുമല്ലാതെ മര്യാദക്ക് രണ്ടു കാലും നിലത്തുറപ്പിച്ച് നിവർന്ന് ഇരിക്കുക, കസേരയുടെയോ സ്റ്റൂളിന്റെയോ ബാറിൽ ചവിട്ടി പിന്നോട്ട് കാലൂന്നിയിരിക്കുക, ചെരുപ്പോ ഷൂസോ ധരിച്ചിട്ടുണ്ടെങ്കിൽ അത് ഊരി ഒരുവശത്തേക്ക് നീക്കിവെച്ച് വെച്ചിരിക്കുക ..ഇങ്ങനെ പലവിധം . മറ്റൊരു വിഭാഗത്തിന് ജോലി ചെയ്യാൻ തെരഞ്ഞെടുക്കുന്ന സ്ഥലത്തെ വെളിച്ചവും സമയവും ഒരു പ്രധാന ഘടകമായിരിക്കും. കഴിവതും പകൽ വെളിച്ചത്തിൽ ചെയ്യാൻ മുൻഗണന കൊടുക്കുന്നവർ, ജനാലക്കരികിലിരുന്ന് ചെയ്യുന്നവർ, ജനാലക്കഭിമുഖമായി ഇരുന്ന് ചെയ്യുന്നവർ, രാത്രിയിൽ ടേബിൾ ലാമ്പിൻറെ അല്ലെങ്കിൽ ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തിൽ പുലരുവോളം ഇരുന്ന് ജോലി ചെയ്ത് പൂർത്തിയാക്കുന്നവർ, ഇരുണ്ട വെളിച്ചത്തിൽ സ്ക്രീനിലെ വെളിച്ചത്തിനെ ആശ്രയിച്ചു ചെയ്യുന്നവർ , അതിരാവിലെ ഉണർന്നിരുന്ന് ചെയ്യുന്നവർ, സന്ധ്യക്കൊന്നു മയങ്ങി പിന്നീട് എഴുന്നേറ്റിരുന്ന് ദീർഘനേരം ജോലി ചെയ്യുന്നവർ ..അങ്ങനെ വെളിച്ചത്തിന്റെ കാര്യത്തിൽ തന്നെ പല രീതികളാണ്. അതുപോലെ മറ്റൊന്നാണ് ഫോൺ , പേഴ്സ് , വള , ബ്രേസ്ലെറ്റ് ,വാച്ച് (പരീക്ഷ ഹാളുകളിൽ അധികവും കാണാറുള്ള വിഭാഗം) ഒക്കെ ഊരി മേശപ്പുറത്ത് വെച്ചിട്ടിരുന്ന് ചെയ്യുന്നവർ..സ്ഥലത്തിനും സമയത്തിനുമുള്ള സ്വാധീനം പോലെ തന്നെയാണ് ചിലർക്ക് എത്ര സമയം ഒരു പ്രവൃത്തിയിൽ ചെലവഴിക്കാൻ കഴിയുന്നു എന്നതിലെ ഓരോരുത്തരുടെ രീതി. ചിലർക്ക് മണിക്കൂറുകളോളം കുത്തിയിരുന്ന് ഒരു കാര്യം ചെയ്തു തീർക്കാൻ കഴിയുമെങ്കിൽ മറ്റു ചിലർക്ക് ഇടയ്ക്കിടെ ഒരു ഇടവേള വേണം. ഇങ്ങനെ സമയബന്ധിതമായല്ലാതെ ,ആവശ്യമാണെന്ന് എപ്പോൾ തോന്നുന്നുവോ അപ്പോൾ ഇടവേള എടുക്കുന്നവരും ഉണ്ട്. അങ്ങനെ ബഹുജനം പലവിധം!

നമ്മൾ തെരഞ്ഞെടുക്കുന്ന വേഷത്തിനും ഉണ്ടൊരു പ്രാധാന്യം . അതിനെക്കുറിച്ച് നമ്മൾ അധികം ആലോചിക്കാറില്ലെന്ന് മാത്രം. ചിലർക്ക് അയഞ്ഞ,വായുസഞ്ചാരമുള്ള വസ്ത്രങ്ങളിടുമ്പോഴാണ് കൂടുതൽ കാര്യക്ഷമമായി ഒരു കാര്യം ചെയ്തു തീർക്കാൻ പറ്റാറുള്ളതെങ്കിൽ ചിലർക്കു ഇറുകിയ വസ്ത്രങ്ങളിലായിരിക്കും ആശ്രയം. അതിൽ നിന്ന് മാറി ഒരു വേഷം എടുക്കുമ്പോൾ നമ്മൾക്കുണ്ടാകാറുള്ള ഒരു “സുഖക്കുറവ് ” (ജോലിയുടെ സ്വഭാവത്തിനെ ആശ്രയിച്ചിരിക്കുമെങ്കിലും കൂടി) ഇതിന്റെ ഒരു സൂചികയാണ്. ഏത് വേഷമായാലും അതൊന്നും ഒരു തരത്തിലും ബാധിക്കാത്തവരും വേഷങ്ങളിൽ തന്നെ പുതിയത് ഇടുമ്പോൾ അത് കാര്യമായി തടസ്സമാകുന്നവരും ഉണ്ട്. വേഷം പോലെ തന്നെ പ്രാധാന്യമുള്ള മറ്റൊരു ഘടകമാണ് ജോലി ചെയ്യുമ്പോളുള്ള നമ്മുടെ ഭക്ഷണ ശീലം. ചിലർക്ക് ഇടയ്ക്കിടെ ഒരു കാപ്പിയോ ചായയോ വേണമെങ്കിൽ ചിലർക്കിടക്കിടെ വെള്ളം കുടിക്കണം. മറ്റു ചിലർക്ക് ഇതൊന്നുമില്ലെങ്കിലും വല്ല ബിസ്കറ്റോ ചോക്ലേറ്റോ ഒക്കെ ആയിരിക്കും സൈഡിൽ വേണ്ടത്. ചിലർക്കിടക്കിടെ ഓരോ സിഗരറ്റ് വലി ആയിരിക്കും വേണ്ടത്. ഏറ്റെടുത്ത പണി പൂർത്തിയാകുന്നതുവരെ വിശപ്പും ദാഹവുമൊന്നും അറിയാത്തവരും നമുക്കിടയിലുണ്ട്.
ഇങ്ങനെയൊക്കെയുള്ള ഒരു കൂട്ടം പ്രവർത്തന ശൈലികളുടെ ആകെത്തുകയാണ് നമ്മൾ ഓരോരുത്തരുടെയും മോഡസ് ഓപ്പറാണ്ടി. ഇത്രയും വായിച്ചു കഴിഞ്ഞെങ്കിൽ എന്താണ് നിങ്ങളുടെ മോഡസ് ഓപ്പറാണ്ടി എന്നൊന്ന് ചിന്തിച്ചു നോക്കുമല്ലോ ?!
Image courtesy: pixabay.com