ഒരു ഭയങ്കര ബീജ ദാനി

രക്ത ദാനം, അവയവ ദാനം മുതലായ വിഷയങ്ങൾക്ക് നമ്മുടെ ഇടയിൽ വലിയ സ്വീകാര്യതയാണുള്ളത്. എന്നാൽ അതുപോലെ തന്നെ പലപ്പോഴും നമ്മുടെ ചർച്ചകൾക്കിടയിൽ സ്ഥാനം പിടിക്കുകയോ പരിഗണിക്കപ്പെടാതെ പോകുന്നതോ ആയ ഒരു വിഷയമാണ് ബീജ ദാനം.രക്തദാനം ജീവൻ നിലനിർത്താൻ സഹായിക്കുമെങ്കിൽ ബീജദാനം ജീവൻ സൃഷ്ടിക്കാനാണ് സഹായിക്കുന്നത്.  ഈ വിഷയം ഞാൻ ആദ്യമായി കേൾക്കുന്നത് 2012 ൽ എം എസ് സി ക്ക് പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ്. അക്കാലത്താണ് ഈ വിഷയത്തെ ചുറ്റിപ്പറ്റി കഥ പറയുന്ന ഹിന്ദി ചലച്ചിത്രം ‘വിക്കി ഡോണർ ‘ ഇറങ്ങുന്നത്. ചിത്രത്തിന്റെ പ്രമേയം ബീജദാനത്തിലൂടെ പണം സമ്പാദിക്കുന്ന വിക്കി എന്ന യുവാവും അദ്ദേഹത്തിന്റെ പ്രണയവും വിവാഹവും തുടർന്ന് വിക്കിയുടെ ജീവിത പങ്കാളി ഇത് മനസ്സിലാക്കുന്നതോടെ കുടുംബത്തിൽ നടക്കുന്ന പൊട്ടിത്തെറികളുമൊക്കെയാണ്.വിക്കി  ഡോണറിന്റെ പ്രഭാവത്തിൽ മാത്രം 2012 ലെ ഇന്ത്യയിലെ ബീജ ദാതാക്കളുടെ എണ്ണത്തിൽ വലിയ കുതിപ്പുണ്ടായി എന്നാണ് അക്കാലത്തു ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്. എന്നാൽ ബീജദാനത്തോട് ഒരു കാലത്തും നമുക്ക് മൃദു  സമീപനമല്ല ഉണ്ടായിട്ടുള്ളത് എന്നതാണ് സത്യം.  അവിവാഹിതരായ സ്ത്രീകൾക്ക് മാതൃത്വം അനുഭവിക്കാൻ ഒരു സാഹചര്യമുണ്ടാക്കുക, വന്ധ്യതാ പ്രശ്നങ്ങൾ അലട്ടുന്നവർക്കും,ലെസ്ബിയൻ ബന്ധത്തിൽ ഏർപ്പെട്ടിട്ടുള്ളവർക്കും ഒരു കുഞ്ഞിനെ വേണം എന്നുണ്ടെങ്കിലുള്ള ഒരു മാർഗം എന്നീ നിലകളിലാണ് ബീജ ദാനത്തിലൂടെ കൃത്രിമ ബീജസങ്കലനം എന്ന ആശയത്തെ നമ്മൾ പ്രഥമദൃഷ്ട്യാ നോക്കിക്കാണേണ്ടത്. ബീജ ദാനത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ പറയുന്നത് പിതൃത്വം സംബന്ധിച്ചു കുഞ്ഞിന്റെ മേൽ നിയമപരമായി യാതൊരാവകാശവും ഉന്നയിക്കാൻ ദാതാവിനു സാധ്യമല്ല എന്നാണ്. സ്വീകർത്താവിനു നേരിട്ടോ, ബീജ ബാങ്ക് വഴിയോ ഫെർട്ടിലിറ്റി ക്ലിനിക്കുകൾ വഴിയോ ബീജ ദാനം സാധ്യമാണ്. ദാതാവിന്റെ വ്യക്തിഗത വിവരങ്ങൾ ഒരിക്കലും ബീജ ബാങ്കോ ക്ലിനിക്കുകളോ പുറത്തു വിടരുതെന്നും (ദാതാവിന്റെ ഉയരം , ശരീര പ്രകൃതം, വിദ്യാഭ്യാസം,പ്രായം മുതലായവ വെളിപ്പെടുത്താം എന്നുണ്ട് ) നിയമം അനുശാസിക്കുന്നുണ്ട്. മാത്രവുമല്ല, സ്വീകരിക്കുന്ന ബീജത്തെ എല്ലാ വിധ ഗുണനിലവാര പരിശോധനകൾക്കും, മയക്കുമരുന്ന് ഉപയോഗം,HIV അടക്കമുള്ള പരിശോധനകൾക്കും വിധേയമാക്കി സുരക്ഷ ഉറപ്പുവരുത്തിയാണ് ദാതാവിന്റെയും സ്വീകർത്താവിന്റെയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ഉറപ്പുവരുത്തിക്കൊണ്ടുള്ള നിയമപരമായുള്ള ഓരോ ബീജ ദാനവും സ്വീകരണവും നടക്കുന്നത്. ഇന്ന് ഇന്ത്യയിൽ ഇതുസംബന്ധിച്ച നിയമങ്ങൾ ഇനി  Assisted Reproductive Technology Bill (ART Bill -2020)  ന്റെ പരിധിയിലാണ് വരിക. Surrogacy (Regulation) Bill, 2019 (SRB) ന്റെ ഒരു അനുബന്ധമാണിത്.ഇതിൽ പല കാര്യങ്ങളും ചോദ്യം ചെയ്തുകൊണ്ടുള്ള വാദ പ്രതിവാദങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതുകൊണ്ട് ART ബില്ലിലെ  പല ചട്ടങ്ങളിലും ഇനിയും വ്യക്തത വരാനുണ്ട്. ART Bill പ്രകാരം ഇന്ത്യയിൽ ഒരു ബീജദാതാവിനു പരമാവധി 75 തവണയാണ് ബീജദാനത്തിനു നിയമാനുമതി ഉള്ളത്. അതുപോലെ സ്ത്രീകൾക്ക് 6 തവണ (ഓരോ തവണക്കും 3 മാസത്തെ ഇടവേള ഉണ്ടായിരിക്കണം)അണ്ഡം ദാനം ചെയ്യാം.

ആത്യന്തികമായി ഇന്നും ബീജദാനത്തിന്റെ  സ്വത്വത്തെ ഉൾകൊള്ളാൻ നമ്മളിൽ ഭൂരിഭാഗം പേർക്കും മാനസികമായി ബുദ്ധിമുട്ടാണ് എന്നതാണ് വസ്തുത . അത് ശരിവെക്കുന്ന തരത്തിൽ പലവിധ കാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം ബീജദാനത്തിന്റെ നൈതിക വശങ്ങളാണ്. പല സ്വകാര്യ സ്ഥാപനങ്ങളും നിയമപരമായല്ലാതെയുള്ള രീതികളിൽ ബീജദാനം കൈകാര്യം ചെയ്യുന്നതിന്റെ ഒട്ടനവധി റിപ്പോർട്ടുകൾ നമുക്ക് മുമ്പിലുണ്ട്. അമിതമായി പണം ഈടാക്കൽ, പിതൃത്വം സംബന്ധിച്ചുള്ള തർക്കങ്ങൾ , ദാതാവിന്റെ ജാതി,മതം മുതലായ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തൽ ,  ബീജ ദാനം രഹസ്യമാക്കി വെക്കുന്നതുകൊണ്ടുള്ള കുടുംബ പ്രശ്നങ്ങൾ, ദമ്പതികളുടെ അറിവോടുകൂടിയല്ലാതെ ബീജദാനത്തിലൂടെ ലഭിച്ച ബീജം ഉപയോഗിച്ചുള്ള ഫെർട്ടിലിറ്റി സെൻറ്ററുകളിൽ നടന്നു വരുന്ന കൃത്രിമ ബീജസങ്കലനം, ഒരു ബീജദാതാവിനു പരമാവധി എത്രതവണ നിയമപരമായി നടത്താം എന്നുള്ളതിന്റെ വ്യവസ്ഥകൾ-പലപ്പോഴും അത് പാലിക്കപ്പെടാതെ പോകുന്നത്,സ്വകാര്യ സ്ഥാപനങ്ങളിലെ ബീജ ബാങ്കുകളുടെ സുരക്ഷാ പരിശോധനകളിലെ അപാകതകൾ- പലപ്പോഴും കൃത്യമായ പരിശോധനാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയുള്ള ഇടപാടുകൾ, ഉണ്ടാകുന്ന കുട്ടികളെ ബാലവേലക്കും ലൈംഗിക തൊഴിലുകൾക്കും ഉപയോഗിക്കുന്നത്, ബീജദാനത്തിന്റെ വൻ തോതിലുള്ള വാണിജ്യവൽക്കരണം, ഇതുമായി ബന്ധപ്പെട്ടുള്ള ഓരോ രാജ്യങ്ങളിലെയും നിയമനിർമാണത്തിലെ അപാകതകളും പഴുതുകളും, ഇവയൊക്കെ ബീജദാനം എന്ന ആശയത്തെ പുറകോട്ടു വലിക്കുന്ന ഘടകങ്ങളാണ്. മരിച്ചുപോയ മകന്‍റെ ബീജത്തിന്‍റെ അവകാശം ഭാര്യയ്ക്ക് മാത്രമാണെന്ന് കൊല്‍ക്കത്ത ഹൈക്കോടതി ഒരാഴ്ച മുമ്പ് വിധി പറയുകയുണ്ടായി .ബീജ ബാങ്കില്‍ മകന്റെ ബീജം സൂക്ഷിക്കാന്‍ അനുവദിക്കണമെന്ന അച്ഛന്റെ ഹര്‍ജി തള്ളിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. തന്റെ ഒരേയൊരു  മകൻ്റെ ബീജം സംരക്ഷിക്കപ്പെടാതെ വന്നാല്‍ കുലം നശിച്ചുപോകുമല്ലോയെന്ന്  അച്ഛന്‍ ഭയപ്പെടുകയും എന്നാൽ ഭാര്യയ്ക്ക് മാത്രമാണ് ഇതില്‍ അവകാശം എന്ന് ഭാര്യ പറയുകയും ചെയ്തതോടെയാണ് പ്രശ്നമായത്. അതുപോലെ പല സ്വീകർത്താക്കളും ജാതിയും മതവും ഒക്കെ നോക്കിയാണ് ദാതാവിനെ തെരഞ്ഞെടുക്കുന്നത്/ആവശ്യപ്പെടുന്നത് എന്നാണ് ചില ഫെർട്ടിലിറ്റി ഡോക്ടർമാരുടെ റിപ്പോർട്ട്.ചില  ബീജ ബാങ്കുകളിൽ ജാതി, മതം,വംശം എന്നൊക്കെ പ്രത്യേകം തരാം തിരിച്ച് വെക്കുന്ന പതിവൊക്കെയുണ്ടത്രേ! ഭിന്ന ശേഷിക്കാരായ ദമ്പതികൾക്ക് മാത്രമേ തന്റെ ബീജം കൊടുക്കാവൂ  എന്ന് നിബന്ധന വെച്ചിരുന്ന  ഒരു യുവ ബീജദാതാവിന്‍റെ അനുമതിയില്ലാതെ ബീജം ഉപയോഗിച്ച് സ്വവർഗാനുരാഗികളായ ദമ്പതികൾക്കും അവിവാഹിതരായ സ്ത്രീകൾക്കുമായി 13 കുഞ്ഞുങ്ങൾ ജനിച്ച സംഭവത്തിൽ  ലോകത്തെ തന്നെ ഏറ്റവും പ്രശസ്തമായ വന്ധ്യതാ നിവാരണ ക്ലിനിക്കുകളിലൊന്നായ മാഞ്ചസ്റ്ററിലെ കെയർ ഫെർട്ടിലിറ്റി എന്ന സ്ഥാപനത്തിനെതിരെ ഉയർന്നു വന്ന പരാതിയും ഈയിടെ മാധ്യമ ശ്രദ്ധ നേടിയിരുന്നു.ഒരു രാജ്യത്തെ പൗരന് മറ്റു ചില രാജ്യങ്ങളിൽ ബീജ ദാനം സാധ്യമാകുന്ന സ്ഥിതിയും ഉണ്ട്.അങ്ങനെ വരുമ്പോൾ യഥാർത്ഥ എണ്ണം തിട്ടപ്പെടുത്തുക എളുപ്പമല്ല.ലോകത്തിലെ ഏറ്റവും വലിയ ബീജ ബാങ്കായ ക്രയോസ് ഇന്റർനാഷണൽ നൂറിലധികം രാജ്യങ്ങളിലേക്കാണ് ബീജം കയറ്റി അയക്കുന്നത് . ഇങ്ങനെ ഒരുപാട് പരാതികൾ ബീജ ദാനവുമായി ബന്ധപ്പെട്ട് പലപ്പോഴായി ഉയർന്നു വരാറുണ്ട് എങ്കിലും യഥാർത്ഥ പരാതികളുടെ എണ്ണം ഇതിലും കൂടുതലായിരിക്കുമെന്നു വേണം കരുതാൻ. ഇതിന്റെ ഒരു രഹസ്യ സ്വഭാവം കൊണ്ടും  പലരും തങ്ങളുടെ സ്വകാര്യ ജീവിതത്തിനു മുൻ‌തൂക്കം കൊടുക്കുന്നതുകൊണ്ടും  ഇത്തരം പ്രവൃത്തികൾ വെളിച്ചത്തു കൊണ്ടുവരാൻ മെനക്കെടാറില്ല എന്നാണ് സത്യം.

ഇന്ത്യയിൽ ഒരാൾക്ക് 75 തവണ ബീജ ദാനം നടത്താൻ നിയമപരമായി അനുമതി ഉള്ളപ്പോൾ മറ്റു പല രാജ്യങ്ങളിലും സ്ഥിതി വളരെ വ്യത്യസ്തമാണ്. ഈയിടെ നെതർലാൻഡ്‌സിൽനിന്നും ഒരു വ്യത്യസ്തമായ ഒരു റിപ്പോർട്ട് ന്യൂ യോർക്ക് ടൈംസ് പ്രസിദ്ധീകരിക്കുകയുണ്ടായി. ജോനാഥൻ ജേക്കബ് മീജർ എന്നൊരു എന്ന സീരിയൽ ബീജ വാണിഭക്കാരന്റെ ക്രയ വിക്രയങ്ങളെ സംബന്ധിച്ചുള്ള കുറേ കണ്ടെത്തലുകളാണ് റിപ്പോർട്ടിൻ്റെ ഉള്ളടക്കം. 2015 ൽ 34 വയസ്സുള്ള അവിവാഹിതയായ വനീസ എവിക് ഒരു കുഞ്ഞിനെ വേണമെന്ന് ആഗ്രഹിക്കുന്നു. മരപ്പണി ചെയ്തു ജീവിതം പുലർത്തിയിരുന്ന അവർക്ക് സാമ്പത്തികമായി ഫെർട്ടിലിറ്റി ക്ലിനിക്കുകളെ സമീപിക്കാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തത് കൊണ്ട് Desire for a Child എന്ന ഒരു ഓൺലൈൻ ബീജ ബാങ്ക് വഴി   ജേക്കബ് മീജർ എന്ന കാഴ്ചയിൽ അതീവ സുന്ദരനായ, മുപ്പതുകാരനായ ഒരു സംഗീതജ്ഞനെ ദാതാവായി തെരഞ്ഞെടുക്കുകയും ചെയ്യുന്നു. മീജറെ ഫോണിലൂടെ ബന്ധപ്പെട്ടപ്പോൾ വനീസക്ക് അദ്ദേഹത്തിന്റെ പെരുമാറ്റം വളരെ ബോധിക്കുകയും ഹേഗ് എന്ന സ്ഥലത്തെ തിരക്കേറിയ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വെച്ച് ബീജം കൈമാറ്റം കൈമാറാമെന്ന് ചട്ടം കെട്ടുകയും ചെയ്തു. നിശ്ചയിച്ചുറപ്പിച്ച പോലെ ബീജ കൈമാറ്റം നടക്കുകയും മീജറിന് 165 യൂറോ അതിന്റെ വിലയായി നൽകുകയും ചെയ്തു. ഏതാനും മാസങ്ങൾക്ക് ശേഷം വനീസ ഒരു പെൺ കുഞ്ഞിന് ജന്മം നൽകി. തന്റെ ആദ്യത്തെ കുഞ്ഞിന്റെ ജനനം സന്തോഷപൂർവം മീജറെ വനീസ അറിയിച്ചപ്പോൾ ഇത് തന്റെ എട്ടാമത്തെ കുട്ടിയാണ് എന്നായിരുന്നു മീജറിന്റെ അപ്പോഴത്തെ മറുപടി.

രണ്ടു വർഷം കടന്നുപോയപ്പോൾ തന്റെ കുഞ്ഞിന് ഒരു കൂട്ടുവേണം എന്നായി വനീസ. വീണ്ടും ഗർഭം ധരിക്കണമെന്ന ആഗ്രഹം ആയപ്പോൾ തന്റെ പഴയ ദാതാവ് തന്നെ വേണം എന്നവർ തീരുമാനിച്ചു. അങ്ങനെ വീണ്ടും പഴയ സ്ഥലത്തു വെച്ച് മീജറുമായി കൂടിക്കാഴ്ച നടത്തുകയും ബീജം വനീസയെ ഏൽപ്പിക്കുകയും ചെയ്തു. ഇത്തവണ ആൺകുട്ടിയാണ് വനീസക്ക് പിറന്നത്.

അപ്പോഴേക്കും അവരൊരു അസ്വസ്ഥമാക്കുന്ന സത്യം അറിഞ്ഞു തുടങ്ങിയിരുന്നു.ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട തന്നെപ്പോലെയുള്ള മറ്റൊരു അമ്മയിൽ നിന്നും അവർക്കും ബീജം കൊടുത്തത് മീജർ ആണെന്നും, 2017 ൽ ഡച്ച് ആരോഗ്യ , കുടുംബക്ഷേമ, കായിക മന്ത്രാലയം നടത്തിയ ഒരു അന്വേഷണത്തിൽ നെതർലാൻഡ്സിൽ അങ്ങോളമിങ്ങോളമായി 102 തവണ മീജർ ഫെർട്ടിലിറ്റി ക്ലിനിക്കുകൾ വഴി മാത്രം ബീജ ദാനം നടത്തിയിട്ടുണ്ടെന്ന് മനസ്സിലായിട്ടുണ്ടെന്നും വനീസ തിരിച്ചറിയുന്നു (ഒറ്റ ക്ലിനിക് വഴിയോ പല ക്ലിനിക്കുകൾ വഴിയോ 25 തവണയേ നിയമാനുസൃതമായി ഒരാൾക്കു നെതർലാൻഡ്സിൽ ബീജദാനം സാധിക്കുകയുള്ളു). ഓൺലൈൻ വെബ്‌സൈറ്റിൽ മീജർ നൽകിയിട്ടുള്ള കണക്കുകൾക്ക് പുറമെയായിരുന്നു ഇത്. നെതർലാൻഡ്‌സ് പോലെയുള്ള 17 ദശലക്ഷം ആളുകൾ മാത്രമുള്ള ഒരു കൊച്ചു രാജ്യത്ത് തന്റെ മക്കൾക്ക്  അറിയപ്പെടാതെ അർദ്ധ സഹോദരർ ഉണ്ടാവാനുള്ള സാധ്യതയും ഇതറിയാതെ തന്റെ മക്കൾ ഡേറ്റിംഗ് വെബ്‌സൈറ്റ് വഴി അവരുമായി ബന്ധപ്പെടുകയും വിവാഹം ചെയ്യുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന കുഞ്ഞുങ്ങൾ പലവിധ ജനിതക പ്രശ്നങ്ങൾ ഉള്ളവരായിരിക്കാൻ സാധ്യതയുണ്ടെന്നതും വനീസയെ വളരെയധികം ആശങ്കപ്പെടുത്തി. ഈ തിരിച്ചറിവിൽ രോഷം പൂണ്ട വനീസ ഉടനെ മീജറെ ഫോണിൽ വിളിച്ച് താൻ കേട്ടതെല്ലാം സത്യമാണോ എന്ന് ആവർത്തിച്ച് ചോദിച്ചു. ഒടുവിൽ  മീജർ വനീസയുടെ ചോദ്യം സമ്മതിച്ചു കൊണ്ട് പറഞ്ഞു ,”കുറഞ്ഞ പക്ഷം 175 കുഞ്ഞുങ്ങളെ എങ്കിലും ഞാൻ ഉണ്ടാക്കിയിട്ടുണ്ട്, ശരിക്കുമുള്ള എണ്ണം അതിലും കൂടുതലായിരിക്കും. ഇതെല്ലാം ഞാൻ സ്ത്രീകളുടെ ജീവിത സാഫല്യം പൂർത്തിയാക്കാൻ വേണ്ടിയാണു ചെയ്യുന്നത് “. തന്റെ കുഞ്ഞുങ്ങളോട് ‘മക്കളെ നിങ്ങൾക് ഒരുപക്ഷെ  മുന്നൂറോളം അർദ്ധ സഹോദരന്മാർ ഈ രാജ്യത്ത് ഉണ്ടായിരിക്കാൻ സാധ്യതയുണ്ട് ” എന്ന് ഒരു അമ്മ എന്ന നിലയിൽ ഞാൻ എങ്ങനെ പറയും എന്നാണ് വനീസ തിരിച്ചു ചോദിച്ചത്.

സത്യത്തിൽ വനീസ അന്ന് വരെ അറിഞ്ഞത് മഞ്ഞുമലയുടെ ഒരറ്റം മാത്രമായിരുന്നു.


മീജറുടെ വെളിപ്പെടുത്തലിനു ശേഷം വനീസ ഇക്കാര്യം ഡച്ച്‌ ഡോണർ ചൈൽഡ് ഫൗണ്ടേഷനിൽ അറിയിച്ചപ്പോൾ ഇതിനോടകം തന്നെ മീജറെക്കുറിച്ചുള്ള പരാതികൾ അവർക്ക് ലഭിച്ചു കഴിഞ്ഞിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒന്നിലധികം ഫെർട്ടിലിറ്റി ക്ലിനിക്കുകളിൽ മീജർ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതിനു പുറമെയാണ് ഓൺലൈൻ ഇടപാടുകൾ (ആ വകയിൽ മാത്രം 80 കുട്ടികൾ) എന്നും ഫൗണ്ടേഷൻ കണ്ടെത്തി.ഇതിനെത്തുടർന്ന് നെതർലാൻഡ്സിലെ ഒരു ക്ലിനിക്കുകളും മീജറുടെ ബീജം സ്വീകരിക്കരുതെന്ന് ഡച്ച് ഗവൺമെന്റ് ഉത്തരവിറക്കി. ഇതിനിടക്ക് വനീസ മീജറുടെ ബീജം സ്വീകരിച്ച മറ്റ് രണ്ടു അമ്മമാരെക്കൂടി കണ്ടെത്തി കൂട്ടുകാരായി. കുട്ടികളുടെ മുഖ സാദൃശ്യം വെച്ചാണ് അവരത് കണ്ടുപിടിച്ചത്. ഇവർ മൂന്ന് പേരുടെയും കൂടി ഒരുപോലിരിക്കുന്ന 9 കുട്ടികൾ! ഇതേസമയം മറ്റൊരു കുപ്രസിദ്ധ ബീജ ദാതാവായിരുന്ന ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ് ഡോ. കാർബാതിന്റെ കേസ് വാദിച്ചിരുന്ന ഒരു അഭിഭാഷകൻ ഈ കേസുമായി ബന്ധപ്പെട്ട് മീജറുടെ ബീജം സ്വീകരിച്ച ഒരു ഡസൻ അമ്മമാർ തന്നെ ബന്ധപ്പെട്ടിരുന്നതായി വെളിപ്പെടുത്തി. നെതർലൻഡ്സ് അല്ലാതെ മറ്റേതെങ്കിലും രാജ്യങ്ങളിൽ മീജർ ബീജ ദാനം നടത്തിയിട്ടുണ്ടോ എന്നന്വേഷിക്കാൻ ഫൗണ്ടേഷന്റെ ഒരു പ്രതിനിധി മറ്റു യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ 2007 മുതൽ യൂറോപ്പിലും, സ്കാന്ഡിനേവിയൻ രാജ്യങ്ങളിലും ഉക്രൈനിലുമായി പല ക്ലിനിക്കുകളിലും എട്ടോളം ഓൺലൈൻ സൈറ്റുകളിലും മീജർ പേര് രജിസ്റ്റർ ചെയ്തിരുന്നതായി കണ്ടെത്തി. ചിലപ്പോഴെല്ലാം മീജർ തന്റെ ബീജ ദാനത്തെ കുറിച്ച് ഫേസ്‌ബുക്കിൽ കുറിക്കുന്ന പതിവും ഉണ്ടായിരുന്നു. മീജറിൽ നിന്നും ബീജം സ്വീകരിച്ചിരുന്നവരും മീജറിനോടൊത്തുള്ള ചിത്രമൊക്കെ പങ്കുവെക്കാറുണ്ടായിരുന്നു. എന്നാൽ വ്യാജ പേരുകളിലായിരുന്നു മീജർ അവയിലൊക്കെ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇതേക്കുറിച്ച് മീജറിനോട്‌ ചോദിച്ചപ്പോൾ താൻ ഒരിക്കലും തന്റെ പേര് മറച്ചുവെക്കാറില്ല എന്നായിരുന്നു മറുപടി.


പല രാജ്യങ്ങളിലായി ക്ലിനിക്കുകളിലും ഓൺലൈൻ സൈറ്റുകളിലും ഇതിനോടകം പേര് രജിസ്റ്റർ ചെയ്ത് കഴിഞ്ഞ മീജർ അന്താരാഷ്ട്ര ബീജ ദാന ഏജൻസിയായ ക്രയോസ് ഇന്റർനാഷണലിലും തന്റെ പ്രകടനം കാഴ്ച വെച്ചിരുന്നു. ഈ സ്ഥാപനത്തിന്റെ  പ്രത്യേകത അവിടെ ഒരാൾക്കു എത്ര വേണമെങ്കിലും ബീജം ദാനം ചെയ്യാം എന്നതാണ്.ഇത്തരം ഏജൻസികൾ ആളുകളെ രജിസ്റ്റർ ചെയ്യുന്നത് വ്യാജ പേരിലോ അല്ലെങ്കിൽ ഒരു നമ്പർ ഉപയോഗിച്ചോ ആണ്. അതുപോലെ സ്വീകർത്താക്കൾ കൊടുക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഒരു ദാതാവിനു എത്ര കുട്ടികളുണ്ടായി എന്നവർ കണക്കാക്കുന്നത്. അതുകൊണ്ട് ഇവരുടെ കണക്കുകൾ ഒരു ഏകദേശ കണക്ക് മാത്രമാണ്. ആഗോള തലത്തിൽ ബീജ ദാതാക്കളുടെ ഒരു ഡേറ്റ ബേസ് ഇല്ല എന്നതും സ്വീകർത്താക്കൾക്ക് തന്റെ ദാതാവ് എവിടെയൊക്കെ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അറിയാനൊരു മാർഗവും ഇല്ല എന്നതും വലിയൊരു പ്രശ്നമായി ഇന്നും തുടരുന്നു. ക്രയോസിൽ അന്വേഷണം എത്തിയതോടെ ക്രയോസ് വഴി മീജറിൽ നിന്നും ബീജം സ്വീകരിച്ച ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് “നിങ്ങളുടെ ദാതാവ് ക്രയോസുമായുള്ള ഉടമ്പടി ലംഘിച്ചിരിക്കുന്നു, നിങ്ങളുടെ ദാതാവിനു ഞങ്ങളുടെ രേഖയിൽ ഉൾപ്പെടാത്ത ഒരുപാട് കുട്ടികൾ ഉണ്ടായേക്കാം എന്ന കാര്യം അറിയിച്ചുകൊള്ളുന്നു  ” എന്നൊരു സന്ദേശം ലഭിക്കുകയും, ഇതേതുടർന്ന് തങ്ങളുടെ ദാതാവ് മീജർ ആണെന്ന് തിരിച്ചറിഞ്ഞ ഓസ്ട്രേലിയ , ഇറ്റലി , സെർബിയ, ഉക്രൈൻ, ജർമ്മനി, പോളണ്ട് ,ഹംഗറി, സ്വിറ്റ്സർലൻഡ്. റൊമാനിയ,സ്വീഡൻ, മെക്സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങളിലെ അമ്മമാർ ഫൗണ്ടേഷനുമായി ബന്ധപ്പെടുകയും ചെയ്തതോടെ മീജറുടെ പ്രവർത്തന മണ്ഡലത്തിന്റെ വ്യാപ്തി ഏകദേശം മനസ്സിലായി.ക്രയോസ് അതിനു ശേഷം മീജറുടെ ബീജം ഇനി സ്വീകരിക്കേണ്ട എന്ന നിലപാടെടുക്കുകയും ചെയ്തു.
ഇത്തരം അന്വേഷണങ്ങളെ കുറിച്ചൊക്കെ അന്വേഷിച്ചപ്പോൾ താൻ ക്ലിനിക്കുകൾ നടത്തുന്ന അഭിമുഖത്തിലും പരിശോധനകളിലുമൊക്കെ പാസ്സാകുന്നുണ്ടെന്നും ഇങ്ങനെയൊരു വിലക്കിനെ കുറിച്ചാരും തന്നോട് ഇതുവരെ പറഞ്ഞിട്ടില്ലെന്നുമാണ്  മീജർ ഇ-മെയിൽ  വഴി  അന്വേഷണ സംഘത്തെ അറിയിച്ചത്. ഇക്കണക്കിന് ആയിരത്തോളം കുട്ടികൾ മീജറുടെ ബീജം സ്വീകരിച്ച് ജനിച്ചിട്ടുണ്ടാകുമെന്നാണ് ഫൗണ്ടേഷന്റെ അഭിപ്രായം. എന്നാൽ ആയിരമൊക്കെ കുറച്ചു കൂടുതലാണ് ഒരു 250 ഒക്കെയാണ് എന്റെ കണക്കിലെന്നാണ് മീജർ പറയുന്നത്. ഞാൻ സ്ത്രീകളുടെ ആഗ്രഹ സാഫല്യത്തിന് ഒരു സഹായമെന്ന നിലക്കാണ് ഈ പ്രവൃത്തിയെ കാണുന്നത്, തൻ്റെയടുത്ത് ആഗ്രഹവുമായി വരുന്നതിനേക്കാൾ എത്രയോ മടങ്ങ്  കൂടുതലാണ് യഥാർത്ഥത്തിൽ ഇതിന്റെ ഡിമാൻഡ്, ഒരു ദാതാവെന്ന നിലയിൽ ഞാൻ ചെയ്ത പ്രവൃത്തിയിൽ ഞാൻ കൃതാർത്ഥനാണ്, ഞാൻ കാരണം എത്ര കുടുംബങ്ങളിലാണ് സന്തോഷമുണ്ടായത്,  നിങ്ങളെന്തിനാണ് ഞാൻ ദാനം ചെയ്ത എണ്ണത്തിന്റെ പുറകെ പോകുന്നത് എന്നും മീജർ ചോദിക്കുന്നു. ഇത് കേൾക്കുമ്പോൾ നമുക്കൊരു ഊഷ്മളതയൊക്കെ തോന്നുമെങ്കിലും മീജറിന്റെ സ്വീകർത്താക്കളിൽ പലർക്കും മീജർ ഇത്രയേറെപ്പേർക്ക് ബീജദാനം ചെയ്തതിനോട് വലിയ മതിപ്പില്ല. ഓസ്‌ട്രേലിയയിൽ മേജറുടെ സ്വീകർത്താക്കളായ 50 അമ്മമാർ ചേർന്ന് മീജറുടെ പ്രവൃത്തികൾ തടയാൻ Moms on a mission എന്നൊരു സംഘം തന്നെ രൂപീകരിച്ചിട്ടുണ്ട്. ഇതുവഴി ഓസ്‌ട്രേലിയയിലുള്ള മീജറുടെ എല്ലാ സ്വീകർത്താക്കളെയും കണ്ടുപിടിച്ച് തങ്ങളുടെ കുട്ടികളുടെ അർദ്ധ സഹോദരരുടെ ഒരു കൂട്ടായ്മ രൂപീകരിക്കാനും അവർക്ക് പദ്ധതിയുണ്ട്. 


എന്തായാലും മീജറിനെപ്പോലുള്ള സീരിയൽ ബീജ ദാനികളുടെ പശ്ചാത്തലത്തിൽ അനിയന്ത്രിതമായുള്ള ബീജദാനത്തിനു തടയിടാനുള്ള ശ്രമം ഡച്ച് ഗവൺമെന്റ് തുടങ്ങിക്കഴിഞ്ഞു. 25 എന്നതിൽ നിന്നും 12 ആയി ഒരാൾക്ക് ഒരു സ്ത്രീക്ക് ബീജ ദാനം നിജപ്പെടുത്തിക്കൊണ്ടുള്ള കർശന നിയമം കൊണ്ടുവരാൻ ഒരുങ്ങുകയാണ് സർക്കാർ. എന്നാലും ആഗോള തലത്തിൽ ഇനിയും ഇത് സംബന്ധിച്ച്  ഒട്ടേറെ കാര്യങ്ങളിൽ നിയമ നിർമാണം നടക്കേണ്ടതുണ്ട്. മീജറിനെ പോലെയുള്ളവരുടെ കഥ വായിക്കുമ്പോൾ ഉയർന്നു വരുന്ന മറ്റൊരു ചോദ്യം കൂടിയുണ്ട് : എന്തായിരിക്കും ഇത്തരക്കാർ അനിയന്ത്രിതമായി ബീജദാനം ചെയ്യുന്നതിന് പിന്നിലെ ചേതോവികാരം? പണം, താൻ “ഭയങ്കരൻ ” ആണെന്ന് തെളിയിക്കാനുള്ള തൃഷ്ണ, തന്റെ ഡീ എൻ എ തലമുറകളോളം കൈ മറഞ്ഞു പോകാനുള്ള ആഗ്രഹം ഇതൊക്കെയാവാം…

References:

1.https://www.nytimes.com/2021/02/01/health/sperm-donor-fertility-meijer.html

2. The surrogacy(regulation) bill-2019 -Approved by LokSabha of the govt. of India http://164.100.47.5/committee_web/BillFile/Bill/70/137/156-C%20of%202019_2019_12_12.pdf

3. https://en.wikipedia.org/wiki/Surrogacy_in_India

Picture courtesy: pixabay.com

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s