ദി ഗ്രേറ്റ് ഇന്ത്യൻ കക്കൂസ്

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്നതുൾപ്പടെ പല  വിധത്തിൽ  ഖ്യാതി നേടിയിട്ടുള്ള രാജ്യമാണ് നമ്മുടെ ഇന്ത്യ. ‘ഇന്ത്യൻ’ എന്ന് കൂട്ടിച്ചേർത്ത ഒട്ടനവധി സവിശേഷമായ വാക്കുകൾ നമ്മൾ ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. അതിൽ ഇന്ത്യക്കാരായ നമ്മളെല്ലാവരും അഭിമാന പുളകിതരുമാവാറുണ്ട്. പക്ഷെ ഒരു  വാക്ക് കേൾക്കുമ്പോൾ നമ്മൾക്കീയിടെയായി  അത്ര ബോധിക്കുന്നില്ല  -ഇന്ത്യൻ ടോയ്‌ലറ്റ് അല്ലെങ്കിൽ ഭാരതീയ കക്കൂസ്. ഇന്ത്യയിൽ ജനിച്ചു വളർന്ന ഏതൊരാൾക്കും പാശ്ചാത്യ രാജ്യങ്ങളിൽ പോകുമ്പോൾ കിട്ടുന്ന ആദ്യത്തെ സാംസ്‌കാരിക ‘ഷോക്കാ’യിരുന്നു യൂറോപ്യൻ/അമേരിക്കൻ മാതൃകയിലുള്ള കക്കൂസും വെള്ളത്തിന് പകരമായുള്ള ടിഷ്യൂ പേപ്പർ ഉപയോഗവും. ആ ഒരു സാഹചര്യത്തിൽ നിന്നുമൊക്കെ മാറി, ഇന്ന് പാശ്ചാത്യവത്കരണത്തോടുള്ള നമ്മുടെ അഭിനിവേശത്തിന്റെ ഒരു ഉത്തമ  ഉദാഹരണമായി കാണിക്കാവുന്ന ഒന്നായി  പരമ്പരാഗത ഇന്ത്യൻ കക്കൂസുകളിൽ നിന്നും യൂറോപ്യൻ മാതൃകയിലേക്കുള്ള നമ്മുടെ ചുവടുമാറ്റം മാറിയിട്ടുണ്ട്. നമ്മൾ ചെയ്ത സാംസ്കാരിക അഡ്ജസ്റ്മെന്റുകളുടെ പട്ടികയിൽ ആദ്യ പത്തിൽ പെടുത്താവുന്ന ഒന്നാണ് വർദ്ധിച്ചു വരുന്ന ഈ പ്രവണത.

ഇന്ത്യൻ കക്കൂസുകൾക്ക്  വെറും വിസർജനം ചെയ്യാനുളള ഒരിടം എന്ന നിലക്കുള്ള സ്ഥാനമല്ല  നമ്മൾ നിത്യജീവിതത്തിൽ കൊടുത്തിരുന്നത്. ഇന്ത്യൻ കക്കൂസിലിരുന്നു മഹത്തായ കണ്ടുപിടുത്തം നടത്തിയ മഹാന്മാരുടെ ചരിത്രമൊന്നും ഉദാഹരണമായി  ചൂണ്ടിക്കാണിക്കാൻ നമ്മുടെ മുന്നിൽ ഇല്ലെങ്കിലും (ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാൻ ഞാൻ ഈ അവസരത്തിൽ വായനക്കാരെ ക്ഷണിക്കുകയാണ്), കുളിമുറിയിലെന്നപോലെ പലപ്പോഴും നമ്മുടെ ഭാവനകളും സംഗീതവും പരിപോഷിക്കപ്പെട്ട  ഒരിടമായിരുന്നു കക്കൂസുകളും എന്നത് നമുക്ക് വിസ്മരിക്കാനാവില്ല. ഇന്ത്യൻ മാതൃകയിലുള്ള കക്കൂസുകളെക്കാളും പാശ്ചാത്യ മാതൃകയിലുള്ള കക്കൂസുകൾക്ക് താരതമ്യേന വില  കൂടുതലാണെന്നിരിക്കെ നിർമിക്കപ്പെടുന്ന ഓരോ പുതിയ വീട്ടിലും, നവീകരിക്കപ്പെടുന്ന പഴയ വീട്ടിലും, മറ്റ്  സ്ഥാപനങ്ങളിലും നിന്ന് പൂർണമായും ഇന്ത്യൻ കക്കൂസുകൾ അപ്രത്യക്ഷമാകുന്നത്  അടുത്ത കാലത്തായി കണ്ടു വരുന്ന ഒരു പൊതുവായ പ്രതിഭാസമാണ്. എന്തായിരിക്കും പാശ്ചാത്യ കക്കൂസുകളോടുള്ള നമ്മുടെ ഈ അഭിനിവേശത്തിനു പിന്നിൽ ?

ഏറ്റവും ആദ്യം പരിഗണിക്കപ്പെടുന്ന ഘടകം  ‘സൗകര്യം’ തന്നെയാണ്. പരമ്പരാഗത ഇന്ത്യൻ കക്കൂസുകളിൽ മുട്ടുമടക്കി ഇരിക്കേണ്ടി  വരുമ്പോൾ (ഇന്ത്യൻ കക്കൂസുകൾക്ക് സ്ക്വാറ്റ് ടോയ്‌ലറ്റ് എന്നും പേരുണ്ട്) ,ബക്കറ്റിൽ വെള്ളം പിടിച്ച് ‘കാര്യ സാധ്യ’ത്തിനു ശേഷം വൃത്തിയാക്കേണ്ടി വരുമ്പോൾ,യൂറോപ്യൻ മാതൃകയിൽ ഇതിനൊന്നും ഒട്ടും പ്രയത്നം ആവശ്യം വരുന്നില്ല. ഇതിന്റെ ഗുണഫലമായി ആളുകൾ ഉയർത്തിക്കാണിക്കുന്ന ഒരു കാര്യമാണ് പ്രായമാകുമ്പോൾ എളുപ്പം ഉപയോഗിക്കാവുന്ന മാതൃകയാണ് ഇതെന്നുള്ളത്. എന്നാൽ ഇത് മാത്രമല്ല കാരണം എന്നതാണ് വസ്തുത. ശുചിത്വത്തെ  കുറിച്ചുള്ള നമ്മുടെ മാനസിക മനോഭാവവും കാഴ്ചപ്പാടും എന്താണ് എന്നുള്ളതും, ഇന്ത്യൻ മാതൃക പാശ്ചാത്യ മാതൃകയേക്കാൾ മോശമാണെന്നുള്ള ഒരു അപകർഷതാ ബോധവും ഒരു പരിധി വരെ ഈ പ്രവണതയിലൂടെ പ്രതിഫലിക്കുന്നുണ്ട് .ഇത് കേവലം കക്കൂസിന്റെ കാര്യത്തിൽ മാത്രമല്ല പുതുതായി നിർമിക്കപ്പെടുന്ന/നവീകരിക്കപ്പെടുന്ന  വീടുകളിലെ  ബാത്റൂം ഫിറ്റിങ്‌സിന്റെ കാര്യത്തിലും കാണാവുന്നതാണ്.

ഇന്ത്യൻ -പാശ്ചാത്യ കക്കൂസുകളുടെ മാതൃകകൾ താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ കക്കൂസുകളുടെ ഘടനയ്ക്ക് നമ്മുടെ ആരോഗ്യത്തിന് അനുഗുണമായ  പല പ്രത്യേകതകൾ ഉണ്ട്. ഏറ്റവും പ്രധാനമായി നേരത്തെ സൂചിപ്പിച്ച മുട്ടുമടക്കിയുള്ള ഇരിപ്പ് (35 ഡിഗ്രി മുന്നോട്ടൂന്നി)തന്നെ. ഇങ്ങനെ ഇരിക്കുന്നതിന്റെ ഗുണഫലങ്ങളെക്കുറിച്ച് ഒട്ടനവധി ശാസ്ത്രീയ പഠനങ്ങൾ നടന്നിട്ടുണ്ട്. അവയെല്ലം സൂചിപ്പിക്കുന്നത് ആരോഗ്യപരമായി ഏറ്റവും നല്ല മല വിസർജ്ജന മാതൃക നമ്മുടെ ഈ ഇന്ത്യൻ/ഏഷ്യൻ  രീതി തന്നെയാണെന്നാണ്. ഗർഭിണികൾക്ക് അവരുടെ ഗര്ഭകാലത്തിന്റെ അവസാന പാദങ്ങളിൽ സുഗമമായ പ്രസവത്തിന്  ഇന്ത്യൻ മാതൃകയിലുള്ള കക്കൂസുകൾ സഹായിക്കുന്നുണ്ടെന്നും പഠനങ്ങളുണ്ട്. പാശ്ചാത്യ കക്കൂസുകളിൽ നമ്മൾ ഒരു കസേരയിലിരിക്കുന്ന ലാഘവത്തോടെയാണ് (90 ഡിഗ്രി ഇരിപ്പിടത്തിന് ലംബമായി) ഇരിക്കാറുള്ളത് . ഇങ്ങനെ ഇരിക്കുന്നതിലൂടെ സുഗമമായ മല വിസർജനത്തിന് നമ്മുടെ വൻകുടലിനും അനുബന്ധഭാഗങ്ങളിലും കൂടുതൽ മർദ്ദം ചെലുത്തേണ്ടി വരികയും അതുവഴി പല ആമാശയ -കുടൽ സംബന്ധമായ പ്രശ്നങ്ങൾ (അപ്പെന്റിസൈറ്റിസ്, ഹെമറോയ്ഡ് , മലബന്ധം, ഇറിറ്റബിൾ ബവൽ സിൻഡ്രോം മുതലായവ) ഉണ്ടാകാനുള്ള സാധ്യത കൂടുതലാകുകയും ചെയ്യുന്നു എന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത്.ഇതിനേക്കാൾ അപകടമാണ് അല്പം മുന്നോട്ട് ഊന്നിയുള്ള ഇരിപ്പ്. അത് കുടലിൽ നിന്നുമുള്ള മലത്തിന്റെ സഞ്ചാരത്തെ വീണ്ടും തടയാൻ കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം. ഇന്ത്യൻ മാതൃകയുടെ മറ്റൊരു ഗുണം പലവിധത്തിലുള്ള രോഗപ്പകർച്ചകൾ ഒഴിവാക്കാൻ മുട്ടുമടക്കി കാലിൽ മാത്രം ഊന്നിയുള്ള ഇരിപ്പ് സഹായിക്കുന്നുണ്ട് എന്നതാണ് . ഇതിന്റെ പ്രകടമായ ഗുണഫലം ലഭിക്കുന്നത് നമ്മുടെ പൊതു ശൗചാലയങ്ങളിലാണ്.  അതേസമയം യൂറോപ്യൻ മാതൃകയിലുള്ള കക്കൂസുകളാണ് നമ്മുടെ പൊതു ഇടങ്ങളിൽ സ്ഥാപിക്കുന്നതെങ്കിൽ പല വ്യക്തികൾ ഉപയോഗിച്ച, ഇരുന്ന അതെ സ്ഥലവുമായി സമ്പർക്കം വരികയും രോഗ സംക്രമം താരതമ്യേന എളുപ്പമാവുകയും ചെയ്യും. ഇരിപ്പിടം വൃത്തിയാക്കാൻ ടിഷ്യു പേപ്പർ ഉപയോഗിക്കുന്നവരുണ്ട്, എങ്കിലും അതൊക്കെ എത്രത്തോളം ഫലവത്താണെന്നുള്ളതും എത്ര സ്ഥലങ്ങളിൽ ടിഷ്യൂ പേപ്പറൊക്കെ  കൃത്യമായി സ്ഥാപിക്കാറുണ്ട് എന്നതും ചോദ്യങ്ങളാണ്.

ഇന്ത്യൻ/ഏഷ്യൻ കക്കൂസുകളെ പ്രാകൃതമായ മാതൃകയാണ് , സംസ്കാരത്തിന് ചേർന്നതല്ല എന്ന് കരുതുന്ന ഒരു വിഭാഗം ഉണ്ട്. മനുഷ്യനുണ്ടായ കാലത്തിനോളം പഴക്കം ചെന്നതാണ് നമ്മുടെ ഈ ഇന്ത്യൻ രീതിയിലുള്ള മല വിസർജന മാതൃക എന്നതാണ്  ഇതിന്റെ പിന്നിലെ ചേതോവികാരം. നമ്മളിന്ന് കാണുന്ന അമേരിക്കൻ /യൂറോപ്യൻ മാതൃക പാശ്ചാത്യ രാജ്യങ്ങളിലെമ്പാടും വ്യാപകമായത് പത്തൊമ്പതാം നൂറ്റാണ്ടിൽ മാത്രമാണ്. കസേരയിൽ ഇരുന്നുകൊണ്ടുള്ള മാതൃകയിലുള്ള വിസർജ്ജന രീതി പാശ്ചാത്യ രാജ്യങ്ങളിൽ ആദ്യം ആവിഷ്‌ക്കരിക്കപ്പെട്ടത് ​അവിടുത്തെ രാജകുടുംബങ്ങളിൽ നിന്നാണ്. സിംഹാസനത്തിന്റെ മാതൃകയിലുള്ള കസേര വേണം കക്കൂസിലിരിക്കുമ്പോൾ, എന്നാലേ തങ്ങളുടെ അന്തസ്സിനു ചേരുകയുള്ളു എന്ന ധാരണയിൽ നിന്നുമാണ് ഇന്നത്തെ പാശ്ചാത്യ കക്കൂസുകളുടെ മാതൃകയുടെ ഉത്ഭവം തന്നെ. പാശ്ചാത്യ രാജ്യങ്ങളിൽ ഈ മാതൃക ജനകീയമായതോടെ, ഇവിടങ്ങളിൽ നിന്നുമുള്ള ഹെമറോയ്ഡ്‌ ,മലബന്ധം , ഹെർണിയ  രോഗികളുടെ എണ്ണം ഇരുപതാം നൂറ്റാണ്ടിന്റെ  മധ്യത്തിൽ  ക്രമാതീതമായി ഉയർന്നുവെന്നും എന്നാൽ പരമ്പരാഗത മല വിസർജ്ജന രീതി അനുവർത്തിച്ചുപോന്ന ഇന്ത്യൻ /ആഫ്രിക്കൻ /ഏഷ്യൻ രാജ്യങ്ങളിലെ രോഗികളുടെ എണ്ണം വളരെ കുറവായിരുന്നെന്നുമാണ് (അതിൽ തന്നെ ആഫ്രിക്കയിൽ ഒരു ഘട്ടത്തിൽ പൂജ്യം ശതമാനത്തോട് അടുത്തെത്തിയിരുന്നു എന്നും) പഠന റിപ്പോർട്ട് ​ഉണ്ട്. ഇതിന്റെ മൂലകാരണമായി ആദ്യം സായിപ്പന്മാർ ചൂണ്ടിക്കാണിച്ചത് നാരുകളടങ്ങിയ ഭക്ഷണക്രമത്തിന്റെ അഭാവമാണെന്നായിരുന്നു. എന്നാൽ നാരുകളടങ്ങിയ ഭക്ഷണം കഴിച്ചിട്ടും അവിടെ നിന്നുമുള്ള രോഗികളുടെ എണ്ണത്തിൽ കുറവൊന്നുമുണ്ടായില്ല എന്നായതോടെ കക്കൂസ് മാതൃകയാണ് പ്രശ്നമെന്ന് കണ്ടെത്തുകയായിരുന്നു. ഭൂമിശാസ്ത്രപരമായി ഈ രോഗികളുടെ എണ്ണം പരിശോധിച്ചപ്പോൾ പാശ്ചാത്യ രീതിയിലുള്ള മാതൃക അവലംബിക്കുന്ന രാജ്യങ്ങളിൽ നിന്നുമാണ് ഈ രോഗികളുടെ സിംഹഭാഗവും എന്നതും ശ്രദ്ധേയമായി.

വൃത്തിയെക്കുറിച്ചുള്ള നമ്മുടെ മാനസികമായ മനോഭാവം എന്താണ്, അത് പാശ്ചാത്യരുമായി എങ്ങനെ താരതമ്യം ചെയ്യപ്പെടുന്നു എന്നും ഈ ഘട്ടത്തിൽ നമ്മൾ ആലോചിക്കേണ്ടതായി വരുന്നുണ്ട്. പാശ്ചാത്യരാജ്യങ്ങളിൽ പോകുമ്പോൾ കിട്ടുന്ന ഒരു കൾച്ചറൽ ഷോക്കാണ് കക്കൂസിൽ വെള്ളത്തിന് പകരം ടിഷ്യൂ പേപ്പർ ഉപയോഗിച്ചു ശരീരഭാഗം വൃത്തിയാക്കുന്നത്. ഒരു വൃത്തികേടിനെ ഏതു തരത്തിൽ വൃത്തിയാക്കുമ്പോഴാണ് നമുക്ക് “വൃത്തിയായി” എന്ന ‘തോന്നലും മാനസിക സംതൃപ്തിയും’ ഉണ്ടാകുന്നത് എന്നതാണ് ഇവിടുത്തെ പ്രശ്നം. ഉദാഹരണത്തിന്, നമ്മുടെ തറയിൽ ഒരു അഴുക്ക് ഉണ്ടെങ്കിൽ ഒരു പേപ്പർ ഉപയോഗിച്ച് അത് നീക്കം ചെയ്യുമ്പോഴും വെള്ളവും തുണിയും ഉപയോഗിച്ച് അത് നീക്കം ചെയ്യുമ്പോഴും അതിനു അണുനാശിനിയോ സോപ്പോ കൂടി ഉപയോഗിച്ചു  നീക്കം ചെയ്യുമ്പോഴും നമുക്ക് കിട്ടുന്ന മാനസിക സംതൃപ്‌തിയുടെ തോത് വ്യത്യസ്തമാണ്. നമ്മുടെ മനഃസംതൃപ്തി മാത്രമല്ല പ്രശ്നം , മറ്റൊരാളുടെ വൃത്തിയെയും നമ്മൾ ഇതേ അളവുകോലുകൊണ്ടാണ് അളക്കുന്നത് എന്നും ഉണ്ട്. പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ളവർ ടിഷ്യൂ പേപ്പർ ഉപയോഗിച്ചു വൃത്തിയാക്കുമ്പോൾ, അവിടെ വിസർജ്യവുമായി നേരിട്ട് കൈക്ക് സമ്പർക്കം വരുന്നില്ല , അങ്ങനെ ഉണ്ടാവുന്നത് വൃത്തിഹീനമായ ഏർപ്പാടാണ് എന്ന ആശയമാണ് അവർ മുഖവിലക്കെടുക്കുന്നത്, അല്ലെങ്കിൽ അതാണ് വൃത്തിയെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട്. എന്നാൽ നമ്മുടെ കക്കൂസുകളിലോ ? കൈയും വെള്ളവും ഉപയോഗിച്ച് കഴുകുന്നു (വെള്ളം ഉപയോഗിച്ച് കഴുകലാണ് നമ്മുടെ ‘വൃത്തി ‘) , കൈയുമായി നേരിട്ട് സമ്പർക്കം വരുന്നു( ഇതുകൊണ്ട് നല്ല കാര്യങ്ങൾക്ക്  ഇടതു കൈ വലതു കയ്യിനെക്കാൾ മോശം എന്നൊക്കെ വിശ്വസിക്കുന്നവർ ഉണ്ട്) . അതിനു ശേഷം സോപ്പിട്ടു കൂടി കൈ കഴുകുന്നു (നഖങ്ങൾക്കിടയിൽ വല്ലതും കയറിയിരിപ്പുണ്ടെങ്കിൽ അതൊക്കെ സോപ്പിട്ടാൽ പോകുന്നുണ്ടോ എന്നതൊരു ചോദ്യം ആണ്). കക്കൂസിൽ പോയാൽ കൈ കഴുകാനൊരു സോപ്പ് , കുളിക്കാൻ വേറൊരു സോപ്പ് എന്ന രീതിയും  ചിലയിടങ്ങളിൽ ഉണ്ട് (അടിസ്ഥാനപരമായി സോപ്പ് വൃത്തിയാക്കാനുള്ള ഉള്ള സാധനമല്ലേ, അപ്പോൾ അതിനെ കുളിക്കാനുള്ളത് കക്കൂസ് ആവശ്യത്തിനുള്ളത് എന്നൊക്കെ തരം  തിരിക്കുന്നതിൽ കാര്യമുണ്ടോ എന്നും ചിന്തിക്കാൻ വകുപ്പുണ്ട്). വെള്ളം ഉപയോഗിച്ചു കഴുകുന്നത് അഴുക്ക് പറ്റിപ്പിടിച്ചിരിക്കാനുള്ള സാധ്യത കുറക്കുന്നുണ്ട് എന്നും ബദലായി നമുക്ക് അവകാശപ്പെടാം . മതപരമായും വെള്ളം ഉപയോഗിച്ചു കഴുകുന്നതിനെ സാധൂകരിക്കപ്പെടാറുണ്ട്. ഉദാഹരണത്തിന് ഇസ്ളാം മത വിശ്വാസികൾക് കക്കൂസുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ടുള്ള പെരുമാറ്റച്ചട്ടം തന്നെയുണ്ട്, അതിൽ വരുന്ന ഒന്നാണ് വെള്ളം ഉപയോഗിച്ചു വൃത്തിയാക്കുക എന്നത്. മറ്റൊരു കാര്യം നമ്മുടെ പല  വീടുകളിലും ഈ ഇന്ത്യൻ -പാശ്ചാത്യ മാതൃകകളുടെ ഒരു സങ്കര രീതിയാണ് ഓടിക്കൊണ്ടിരിക്കുന്നത് എന്നതാണ്. യൂറോപ്യൻ കക്കൂസിന്റെ കൂടെ ബക്കറ്റും വെള്ളവും. വൃത്തിയാക്കാൻ എത്ര ദുഷ്കരമായ  മോഡലാണത്, ഒരു സർക്കസ് അഭ്യാസിക്കൊക്കെയെ അത് ഉപയോഗിക്കാൻ പറ്റുകയുള്ളു. ചില സ്ഥലങ്ങളിൽ ഹാൻഡ് ഹെൽഡ്  ബൈഡറ്റ് സ്‌പ്രെയർ (കയ്യിലെടുത്ത് വെള്ളം സ്പ്രേ ചെയ്യാൻ പറ്റുന്ന തരം പൈപ്പ് – ഈ പേര് കണ്ടുപിടിക്കാൻ ഞാൻ വളരെ കഷ്ടപ്പെട്ടു- എന്റെ വീട്ടിൽ ഇതിന് ‘വാല് പൈപ്പ്’ എന്നാണേ  പറയുന്നത്) കൂടി അതിന്റെ കൂടെ സ്ഥാപിക്കാറുണ്ട്.  വെള്ളം ഉപയോഗിച്ച് വൃത്തിയാക്കുന്നവർക്കതൊരു അനുഗ്രഹം ആണ്. 

കക്കൂസും വൃത്തിയും എന്ന വിഷയത്തെക്കുറിച്ച്  പറയുമ്പോൾ ഓർക്കുന്ന മറ്റൊരു കാര്യം, അറ്റാച്ച്ഡ് കക്കൂസുകളുടെ ഒരു യുഗത്തിലൂടെയാണ് നമ്മളിപ്പോൾ സഞ്ചരിക്കുന്നത് എന്നതാണ്. യഥാർത്ഥത്തിൽ, കക്കൂസിന്റെ മാതൃകയിൽ വന്ന മാറ്റത്തിനു മുമ്പ് വന്ന ഒരു വലിയ മാറ്റമാണ് വീടിനുള്ളിൽ തന്നെ  കക്കൂസ് സ്ഥാപിക്കുക എന്നുള്ളത്.  പഴയ തലമുറയിൽ പെട്ട ആളുകൾക്ക് കിട്ടിയ ഒരു ഷോക്കായിരുന്നു തുടക്കത്തിൽ ഈ ‘അറ്റാച്ഡ്’ സങ്കൽപം. പഴയകാല  വീടുകളിലൊക്കെ വീട്ടിൽ നിന്നും അല്പം മാറിയായിരുന്നു കക്കൂസ് സ്ഥാപിച്ചിരുന്നത്.വാസ്തുപരമായി  പല കാരണങ്ങളും വെച്ച് പഴമക്കാർ അതിനെ സാധൂകരിക്കുമായിരുന്നു. ‘കക്കൂസിലേക്കുള്ള യാത്ര’ എന്നൊക്കെ നിർവചിക്കാവുന്നത്ര ദൂരത്തിൽ, വെള്ളവും ബക്കറ്റിൽ താങ്ങിപ്പിടിച്ചുകൊണ്ട് പോയിരുന്ന കാലം. ഒരു തരത്തിൽ ഒരു വ്യായാമം ആയിരുന്നു ആ നടത്തവും, ഭാരം എടുക്കലും എല്ലാം. പിന്നീടത് വീടിനോട് ചേർന്ന് തന്നെയായി,പിന്നെ വീട്ടിലെ എല്ലാവർക്കും പോകാവുന്ന തരത്തിൽ വീടിനകത്തായി, കുറച്ചു കാലം കൂടി ചെന്നപ്പോൾ കിടക്കക്കരികിലായി. ഇന്നും പഴമക്കാരുള്ള വീടുകളിൽ അവർക്ക്  പുറത്തെ കക്കൂസ് ഉപയോഗിച്ചാലേ, അതും ഇന്ത്യൻ തന്നെ ഉപയോഗിച്ചാലേ  തൃപ്തി വരൂ എന്നൊക്കെ നിർബന്ധമുള്ളവർ  ഉണ്ട് . പല പഴയ വീടുകളും നവീകരിക്കപ്പെടുമ്പോൾ ഏറ്റവും പ്രാധാന്യം കൊടുക്കുന്ന ഒന്നായി അറ്റാച്ഡ് കക്കൂസുകൾ മാറിയിട്ടുണ്ട് . പലപ്പോഴും പ്രായമായവരെയും രോഗികളെയും പരിഗണിച്ചാണ് ഇങ്ങനെ ചെയ്യുന്നതെങ്കിലും ഈ പ്രശ്നങ്ങൾ ഒന്നും  ഇല്ലാത്തവരും  മുഴുവനായി ഇന്ത്യൻ കക്കൂസ് ഒഴിവാക്കി ,അറ്റാച്ഡ് യൂറോപ്യൻ കക്കൂസുകൾ സ്ഥാപിക്കുന്ന ഒരു പ്രവണത കണ്ടുവരുന്നുണ്ട്. ഇത്തരക്കാരിൽ ചിലർ പിന്നീട് കാശു മുടക്കി യോഗ ക്ലാസ്സുകളിൽ പോയി ഇതേ ഇരിപ്പ് ഏതെങ്കിലും ആസനം ആണെന്ന് പറഞ്ഞു ആവേശത്തോടെ ചെയ്യാറുണ്ട് എന്നതാണ് രസം. 


നമ്മൾ പാശ്ചാത്യ കക്കൂസുകളുടെ പിന്നാലെ പോകുമ്പോൾ , അവർ ഇന്ത്യൻ/ഏഷ്യൻ  കക്കൂസ് മാതൃകയുടെ ആരോഗ്യപരമായ മേന്മകളെ സ്വാഗതം ചെയ്തു  കൊണ്ട് നിലവിലുള്ള പാശ്ചാത്യ മാതൃകയെ ഭാഗികമായി ഇന്ത്യൻ മോഡലാക്കി (ഭാഗികമായി മുട്ട് മടക്കി ഇരിക്കുന്ന തരത്തിൽ) പരീക്ഷണങ്ങൾ തുടങ്ങിക്കഴിഞ്ഞു എന്നതാണ് വസ്തുത. ഇതിനു വേണ്ടി യൂറോപ്യൻ  മാതൃകയോടൊപ്പം ഉപയോഗിക്കാൻ പറ്റുന്ന സ്ക്വാറ്റ് സ്റ്റൂളുകൾ വിപണിയിൽ ലഭ്യമാണ്. അതേസമയം ഇരിക്കാൻ ശാരീരികമായി പ്രയാസം ഉള്ളവർ ഒരിക്കലും കഷ്ടപ്പെട്ട് ഇന്ത്യൻ രീതികൾ പിന്തുടരണം എന്ന് ഇതിനർത്ഥം ഇല്ല.

എന്തുതന്നെയായാലും, പാശ്ചാത്യ രീതികളെ സ്വാഗതം ചെയ്യുമ്പോൾ തന്നെയും, നമുക്ക് അനുഗുണമായിട്ടുള്ള, മെച്ചപ്പെട്ടതെന്ന് ശാസ്ത്രീയമായി അടിത്തറയുള്ള ഈ ഗ്രേറ്റ് ഇന്ത്യൻ കക്കൂസിനെ കേവലം എല്ലാവരും ചെയ്യുന്നു ,എന്നാപ്പിന്നെ നമ്മളും എന്ന  ഒരു തരംഗത്തിന്റെ പേരിൽ  നമ്മുടെ വീട്ടിൽ നിന്ന് പൂർണമായി ഒഴിവാക്കേണ്ട യാതൊരു കാര്യവുമില്ല. 

​​

References :​1 . ​​​Health promotion and prevention of bowel disorders through toilet designs: A myth or reality?​, ​doi: 10.4103/jehp.jehp_198_18​

2 .​​​Squatting and Risk of Colorectal Cancer:A Case-Control Study​, ​Middle East J Dig Dis. 2012 Jan; 4(1): 23–27​

3. Comparison of Straining During Defecation in Three Positions Results and Implications for Human Health, Digestive Diseases and Sciences, Vol. 48, No. 7 (July 2003), pp. 1201–1205 

4 .  “For Best Toilet Health: Squat Or Sit?”. NPR. September 28, 2012. Retrieved December 2, 2020.

5 .“Don’t Just Sit There!”. slate. August 26, 2010. Retrieved December 2,2020

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s