കോവിഡിന്റെ അതിശക്തമായ രണ്ടാം തരംഗത്തിലൂടെയാണ് നമ്മൾ ഇന്ത്യക്കാർ ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. പല സംസ്ഥാനങ്ങളിലും സ്ഥിതി രൂക്ഷമായതോടെ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. സമാന്തരമായി പ്രതിരോധ വാക്സീൻ വിതരണം ദ്രുതഗതിയിലാക്കാനുള്ള സജ്ജീകരണങ്ങളും നടക്കുന്നുണ്ട്. വാക്സീൻ എന്ന ഉത്തരം നമ്മുടെ മുന്നിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ വന്നു എന്നുള്ളതും അതിന്റെ ഫലം പല രാജ്യങ്ങളിലും ഇപ്പോഴേ കണ്ടു തുടങ്ങി എന്നതും നമുക്ക് തരുന്ന ആശ്വാസം ചെറുതല്ല. പൊതുവെ നമ്മുടെ നിലപാട് രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കുക എന്നതാണ്. അവിടെ തന്നെയാണ് പ്രതിരോധ വാക്സീനിന്റെ പ്രസക്തിയും.
കോവിഡ് പകരുന്ന അതേ തീവ്രതയിൽ തന്നെയാണ് അതിനേക്കാൾ മാരകമായ, കോവിഡ് സംബന്ധിച്ച തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് എന്നുള്ളതും ശ്രദ്ധേയമാണ്. വാക്സീൻ വന്നപ്പോൾ അതിനെയും ആളുകൾ വെറുതെ വിട്ടില്ല. അതിൽ ഏറ്റവും പുതുതായി ശ്രദ്ധയിൽ പെട്ടത് കോവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് മറ്റുള്ളവരിലേക്ക് അത് പകർത്താൻ കഴിയുമെന്നുള്ള വിചിത്രമെന്ന് തോന്നുന്നതും വ്യാജവുമായ വാർത്തകൾ ഈയിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതാണ് . വാക്സീൻ എടുത്തവരുടെ വിയർപ്പ്, രക്തം, ഉമിനീർ മുതലായവയിലൂടെ മറ്റൊരാളിലേക്ക് വാക്സീൻ പകർത്താൻ കഴിയുമെന്നും അതുവഴി സ്ത്രീകളുടെ പ്രത്യുല്പാദന ശേഷിക്ക് തകരാർ സംഭവിക്കുമെന്നുമാണ് പ്രചരിക്കുന്നത്. ഇത് പൂർണമായും വ്യാജ പ്രചാരണമാണെന്ന് സ്ഥിരീകരിച്ച് ആരോഗ്യ വിദഗ്ധർ രംഗത്ത് വരികയും അശാസ്ത്രീയമായ കാര്യമാണിതെന്നു അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം , ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ നടത്തിയവർ കൂട്ടുപിടിച്ചത് മറ്റുള്ളവരിലേക്ക് പകരാൻ കഴിയുന്ന വാക്സീനെക്കുറിച്ചുള്ള ശാസ്ത്ര റിപ്പോർട്ടുകളിലെ ചില പ്രത്യേക ശകലങ്ങൾ മാത്രം അടർത്തിയായിരുന്നു എന്നുള്ളതാണ്. അതിനാൽ തന്നെ അതിനെ വിശ്വാസയോഗ്യമായി ആളുകൾ കണക്കാക്കി ഏറ്റെടുത്തു പ്രചരിപ്പിച്ചു.
അപ്പോൾ ചോദ്യമിതാണ് : ഒരു വാക്‌സീന് അങ്ങനെ മറ്റൊരാളിലേക്ക് പകരാൻ കഴിയുമോ ?
കഴിയുന്ന വാക്‌സിനുകൾ ഉണ്ടെന്നാണ് ഉത്തരം, പക്ഷെ ഇതുവരെ മനുഷ്യരിൽ ഇത് പരീക്ഷിച്ചിട്ടില്ല എന്ന് മാത്രം. അങ്ങനെയെങ്കിൽ എങ്ങനെയാണു പകരുന്ന വാക്സീനുകൾ പ്രവർത്തിക്കുന്നത് ?
മനുഷ്യന്റെ കൈകടത്തലുകളുടെ ഭാഗമായി കാലം ചെല്ലുന്തോറും മൃഗങ്ങളുമായി അടുത്തിടപഴകുന്നത്തിന്റെ തോത് വർദ്ധിച്ചു വരുന്നുണ്ട്. ആളുകൾ കൂടുതൽ യാത്ര ചെയ്യുകയും, കാട് കയ്യേറി കൃഷി ചെയ്യുകയും, മരം വെട്ടുകയും, വീട് വെക്കുകയും, പക്ഷികളെയും മൃഗങ്ങളെയും ഭക്ഷിക്കുകയെല്ലാം ചെയ്യുമ്പോൾ അവിടുത്തെ മൃഗങ്ങളിലൂടെ പല പുതിയ, പരിചയമില്ലാത്ത വൈറസുകളുമായി മനുഷ്യർ സമ്പർക്കത്തിൽ വരുന്നു. എന്നാൽ നമ്മൾ ഇത്തരത്തിലുള്ള പകർച്ചവ്യാധികളെയൊന്നും ഒരിക്കലും മുന്നിൽകാണാറില്ല എന്നുള്ളതും, അതിന് വേണ്ട തയ്യാറെടുപ്പുകളൊന്നും നടത്താറുമില്ല എന്നതാണ് വസ്തുത. ഇങ്ങനെ വന്യജീവികളിൽ നിന്ന് മനുഷ്യരിലേക്ക് പടർന്ന പുതിയ പകർച്ച വ്യാധികൾക് സാക്ഷ്യം വഹിച്ചതിനു പലവിധ ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. 2014/15 കാലഘട്ടത്തിൽ ആഫ്രിക്കയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട എബോള , സാർസ്, മേഴ്‌സ്, നിപ്പ, H1 N1 മുതൽ ഇപ്പോഴത്തെ കോവിഡ്-19 വരെ. ഇത്തരം പകർച്ച വ്യാധികളെ നമ്മൾ സാധാരണയായി നേരിടാറുള്ളത് രോഗവാഹകരായ ജീവികളുമായുള്ള സമ്പർക്കം ഒഴിവാക്കുന്നതിലൂടെയാണ്. എന്നാൽ രോഗം പടരാതിരിക്കാൻ നമുക്ക് ചെയ്യാൻ കഴിയുന്ന മറ്റൊരു സാധ്യതയുണ്ട് : രോഗവാഹകരായ മൃഗങ്ങൾക്കിടയിൽ ഇത്തരം വൈറസുകൾക്ക് പെരുകാൻ അവസരം കൊടുക്കാതെ ഇരിക്കുക എന്നത്. ഇതൊരു പുതിയ ഐഡിയ ഒന്നുമല്ല. പേപ്പട്ടി വിഷബാധക്ക് കാരണമായ റാബീസ് വൈറസിന്റെ മനുഷ്യരിലേക്കുള്ള പകർച്ചയുടെ നിരക്ക് ലോകമെമ്പാടും വൻ തോതിൽ കുറഞ്ഞത് റാബീസ് പടർത്താൻ സാധ്യതയുള്ള എല്ലാ ജീവികളെയും സാർവത്രികമായി വാക്സീൻ കുത്തിവെപ്പിന് വിധേയമാക്കിയതിലൂടെയാണ്. അങ്ങനെയാണ് മനുഷ്യരിലേക്കുള്ള പകർച്ച നിയന്ത്രണവിധേയമാക്കിയത് . വന്യ ജീവികളിലുള്ള പ്രതിരോധ കുത്തിവെപ്പ് കൊള്ളാമല്ലോ എന്ന് തോന്നുമെങ്കിലും പ്രത്യുൽപാദന നിരക്ക് കൂടിയ, മനുഷ്യരിലേക്ക് രോഗം പടർത്താൻ ശേഷിയുള്ള ജീവികളെയെല്ലാം തിരഞ്ഞു പിടിച്ച് കുത്തിവെപ്പിന് വിധേയമാക്കുക എന്നത് പ്രായോഗികമായി എളുപ്പമല്ല . ഓരോ രാജ്യങ്ങളുടെയും ഇതിനോടുള്ള നിലപാട് വ്യത്യസ്തവുമാണ്.
എന്നാൽ മൃഗങ്ങൾക്കിടയിൽ സ്വയം പകരാൻ ശേഷിയുള്ള ഒരു വാക്സീനായാലോ? അങ്ങനെ ഒന്ന് സാധ്യമാണെന്നാണ് അടുത്തിടെ നടന്ന ചില പഠനങ്ങൾ തെളിയിക്കുന്നത്. ഒരു ജീവിയിൽ ഇങ്ങനെ സ്വയം പകരാൻ ശേഷിയുള്ള വാക്‌സിനേഷൻ നടത്തുക, അതിനെ സ്വതന്ത്രമായി അതിന്റെ കൂട്ടത്തിലുള്ള മറ്റു ജീവികളോട് സമ്പർക്കത്തിലേർപ്പെടാൻ വിടുക, അങ്ങനെ വാക്‌സിൻ മറ്റു ജീവികളിലേക്ക് പടരുന്നതിലൂടെ രോഗപ്രതിരോധശേഷി കൈവരിക്കുക, ഇതാണ് ലക്ഷ്യം. ഇത്തരത്തിലുള്ള വാക്സീനെ പറയുന്നത് ‘self-disseminating vaccines’ എന്നാണ്. ജീവനുള്ളതോ അല്ലാത്തതോ ആയ വൈറസുകളെ ഉപയോഗിച്ച് തന്നെ രോഗത്തെ ചെറുക്കുക എന്ന പരമ്പരാഗത ആശയത്തിൽ അധിഷ്ഠിതമായായിരുന്നു ഈയടുത്ത കാലം വരെ വികസിപ്പിച്ചെടുത്ത വാക്സീനിൻറെ പ്രവർത്തന തത്വം. കുത്തിവെപ്പിലൂടെ രോഗത്തിനനുസൃതമായ പ്രതിരോധം സൃഷ്ടിക്കാൻ പ്രാപ്തിയുള്ള ജീവനുള്ള വൈറസുകളെ രോഗവാഹകരാവാൻ സാധ്യതയുള്ള ജീവികളുടെ ശരീരത്തിലേക്ക് കടക്കാൻ അനുവദിക്കുകയും, അവയുടെ സാന്നിധ്യത്തിൽ ശരീരത്തിൽ രോഗത്തെ പ്രതിരോധിക്കാനുള്ള ആന്റിബോഡികൾ ഉണ്ടാവുകയും അതുവഴി പ്രതിരോധ ശേഷി കൈവരികയുമാണ് ചെയ്യുന്നത്. സാധാരണഗതിയിൽ ഇങ്ങനെയുള്ള വൈറസുകൾക്ക് ആ ജീവിയിൽ അണുബാധയൊന്നും ഉണ്ടാക്കാൻ ശേഷി ഉണ്ടായിരിക്കുകയില്ല (അവക്ക് ആ ജീവിയുടെ ശരീരത്തിൽ എണ്ണം പെരുകാൻ സാധിക്കില്ല ). അതിനുള്ള സജ്ജീകരണങ്ങളൊക്കെ നടത്തിയാണ് ഇത്തരം വാക്സീനുകൾ വികസിപ്പിച്ചെടുക്കാറുള്ളത്. എന്നാൽ ഇതിനു കഴിവുള്ള, കുത്തിവെപ്പിന് വിധേയമാകുന്ന ജീവിക്ക് ഹാനികരമല്ലാത്ത വൈറൽ വാക്സീനുകളും ഉണ്ട്. അത്തരം വാക്സീനുകളിലുപയോഗിക്കുന്ന വൈറസിന് എണ്ണം പെരുകാൻ കഴിയുമെങ്കിലും മറ്റൊരു ജീവിയിലേക്ക് പകരാൻ കഴിയുന്ന നിരക്ക് വളരെ കുറവായിരിക്കും . അതുകൊണ്ട് തന്നെ ഇത്തരം വൈറസുകളെ പ്രയോജനപ്പെടുത്തി സ്വയം പടരുന്ന വാക്സീൻ വികസിപ്പിച്ചെടുക്കുക്ക വളരെ പ്രയാസമാണ്.
ജീനോം എഞ്ചിനീയറിംഗ് വഴി പകർച്ചാ ശേഷി കൂടിയ വാക്സീനുകളിലും പഠനങ്ങൾ പുരോഗമിക്കുകയാണ്. ഇവിടെ ചെയ്യുന്നത് രോഗം പരത്തുന്ന വൈറസുകളുടെ ജീനോമിന്റെ ഒരു ഭാഗം എടുത്ത് കുത്തിവെപ്പെടുക്കുന്ന ജീവിക്ക് ഹാനികരമല്ലാത്ത ഒരു വൈറസിൽ നിക്ഷേപിക്കുകയും, തുടർന്ന് വാക്‌സിനേഷനിലൂടെ ആ വൈറസിനെ മറ്റു ജീവികളിലേക്ക് രോഗം പടരുന്ന പോലെ പടരാൻ അനുവദിക്കുക എന്നുമാണ്. ഇങ്ങനെ ഒരു ജീവിയിൽ നിന്നും സ്വയം മറ്റൊരു ജീവിയിലേക്ക് പടരാൻ അനുവദിക്കുന്നതു വഴി ജീവികൾക്കിടയിൽ നല്ല തോതിൽ രോഗ പ്രതിരോധശേഷി കൈവരികയും മനുഷ്യരിലേക്ക് പകരാതെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ രോഗ പ്രതിരോധം സാധ്യമാകുകയും ചെയ്യും . ഇങ്ങനെയുള്ള അതിനൂതന സാങ്കേതിക വിദ്യയുപയോഗിച്ച് വികസിപ്പിച്ചെടുത്ത സ്വയം പകരുന്ന വാക്സീനിന്റെ പരീക്ഷണങ്ങൾ കാട്ടു മുയലുകളിലൊക്കെ നടത്തി വിജയകരമായിട്ടുണ്ട്.
ലാസ,എബോള മുതലായ മനുഷ്യരിലേക്ക് സംക്രമിക്കാൻ കഴിയുന്ന വൈറസുകൾക്കുള്ള ഇത്തരം വാക്സീനുകളിലുള്ള ഗവേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷി മൃഗാദികളിൽ ഇത് വിജയകരമായി പ്രയോഗിക്കാൻ കഴിഞ്ഞാൽ തന്നെ വലിയ തോതിൽ, ചുരുങ്ങിയ ചെലവിൽ ഇത്തരം സാംക്രമിക രോഗങ്ങളെ നമുക്ക് പ്രതിരോധിക്കാൻ കഴിയും. പകർച്ചാശേഷിയുള്ള വാക്സീനുകൾ മനുഷ്യരിലും വിജയകരമായി വികസിപ്പിക്കാൻ കഴിഞ്ഞാൽ ശാസ്ത്രരംഗത്തിന്റെ മറ്റൊരു വലിയ സംഭവനയായിരിക്കുമത്. എന്നാൽ ശൈശവ ദിശയിലുള്ള ഈ ഗവേഷണം ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ട്. വാക്സീനിലുള്ള വൈറസുകൾ അനിയന്ത്രിതമായി പെരുകുമോ, മറിച്ച്, കുത്തിവെപ്പെടുത്ത ഒരു ജീവിക്ക് ഒരു നിശ്ചിത എണ്ണം ജീവികളിലേക്ക് മാത്രം പടർത്താൻ കഴിയുന്ന തരത്തിൽ അതിനെ നിജപ്പെടുത്തി നിർത്താൻ സാധിക്കുമോ, പരീക്ഷണത്തിൽ നിഷ്കർഷിക്കാത്ത മറ്റേതെങ്കിലും ജീവികളിലേക്ക് പടരുമോ, വാക്സീനിലെ വൈറസിന് ഒരു സമയപരിധി കഴിഞ്ഞാൽ ജനിതകമാറ്റം വരുമോ, പരീക്ഷണഘട്ടത്തിലില്ലാത്ത പുതിയ ഏതെങ്കിലും അവസ്ഥയിൽ വാക്സീനിലെ വൈറസ് പെരുകി അണുബാധയുണ്ടാക്കുമോ തുടങ്ങിയ കാര്യങ്ങളിൽ ഇനിയും പഠനങ്ങൾ നടത്തേണ്ടതുണ്ട്.
എന്തായാലും ഗവേഷണങ്ങൾ പുരോഗമിക്കട്ടെ, അത് വരെ ഇതുമായി ബന്ധപ്പെട്ട വ്യാജ വാർത്തകളൊന്നും പ്രചരിപ്പിക്കാതെ നമുക്ക് സഹകരിക്കാം.
Related reads:
- Nature Ecology & Evolution, volume 4, pages1168–1173(2020)
- https://www.sciencedirect.com/science/journal/0966842X
- Expert Rev. Vaccines, 2016;15(1) 31-39
- https://www.newscientist.com/article/mg24732960-100-we-now-have-the-technology-to-develop-vaccines-that-spread-themselves/