ഈ വർഷത്തെ ശാസ്ത്ര നൊബേൽ സമ്മാനങ്ങൾ പ്രഖ്യാപിക്കപ്പെട്ട ഒരാഴ്ചയാണ് കടന്നുപോയത്. എല്ലാ വർഷത്തെയും പോലെ, രസതന്ത്രം, ഭൗതിക ശാസ്ത്രം, വൈദ്യശാസ്ത്രം എന്നീ ശാസ്ത്രശാഖകളിൽ മികച്ച സംഭാവന നൽകിയ ഏതാനും ശാസ്ത്രജ്ഞർക്ക് പുരസ്കാരവും ലഭിച്ചു. സമ്മാനം ലഭിച്ച എല്ലാ ശാസ്ത്രജ്ഞരും അഭിനന്ദനങ്ങൾ അർഹിക്കുന്നു. മനുഷ്യരാശിക്കനുഗുണമായ ശാസ്ത്രരംഗത്തെ നേട്ടങ്ങൾ തീർച്ചയായും അംഗീകരിക്കപ്പെടണം, ആദരിക്കപ്പെടുകയും വേണം. എന്നാൽ നൊബേൽ സമ്മാനം നൽകുന്നതിലെ അശാസ്ത്രീയത ശാസ്ത്രലോകത്തെ വിമർശകർ എക്കാലവും ഉയർത്തിപിടിക്കാറുള്ള ഒരു ഗൗരവമേറിയ വിഷയമാണ്. ഒരുപക്ഷെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള വിഷയം. നൊബേൽ സമ്മാനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉൾകൊള്ളുന്ന വലിയ വിക്കിപീഡിയ പേജ് തന്നെ അതിന് സാക്ഷ്യം. പുരസ്‌കാര നിർണയത്തിൽ ശാസ്ത്രത്തിന്റെ സ്വഭാവം വളച്ചൊടിക്കുകയും അതിന്റെ ചരിത്രം തിരുത്തിയെഴുതുകയും, പ്രധാന സംഭാവന നൽകുന്ന പല പിന്നണി ശാസ്ത്രജ്ഞരെയും അവഗണിക്കുകയും ചെയ്യുന്നതിലൂടെ ശാസ്ത്രത്തെ അപമാനിക്കുകയാണ് പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ നിർഭാഗ്യവശാൽ സംഭവിക്കാറുള്ളത്.
നൊബേൽ സമ്മാനം ആദ്യമായി നൽകപ്പെട്ട 1901 തന്നെ എടുക്കുക . ആന്റിടോക്‌സിൻ കണ്ടുപിടിച്ചതിന് എമിൽ അഡോൾഫ് വോൺ ബെഹ്റിംഗിന് ആയിരുന്നു വൈദ്യശാസ്ത്രത്തിലെ ആദ്യ നൊബേൽ. എന്നാൽ അതെ കണ്ടുപിടുത്തതിൽ അദ്ദേഹത്തിന്റെ അടുത്ത സഹപ്രവർത്തകനായിരുന്ന കിറ്റാസാറ്റോ ഷിബാസബ്യൂറോയുടെ പേര് നാമനിർദേശം ചെയ്യപ്പെട്ടെങ്കിലും കമ്മിറ്റി പരിഗണിച്ചില്ല . ക്ഷയരോഗത്തിനുള്ള സ്ട്രെപ്റ്റോമൈസിൻ എന്ന സുപ്രധാനമായ ആൻറിബയോട്ടിക് കണ്ടുപിടിച്ചതിന് 1952 ലെ മെഡിസിൻ, ഫിസിയോളജി സമ്മാനം സെൽമാൻ വാക്സ്മാനെ മാത്രമായി തേടിയെത്തിയപ്പോൾ അതേ കണ്ടുപിടുത്തതിൽ പ്രധാന പങ്കാളിയായിരുന്ന ആൽബർട്ട് ഷാറ്റ്സ് പിന്തള്ളപ്പെടുകയാണുണ്ടായത് . കണ്ടുപിടുത്തം തനിക്കും കൂടി അവകാശപ്പെട്ടതാണെന്നു വാദിച്ചുകൊണ്ടു ഷാറ്റ്സ് സെൽമാനെതിരെ നിയമയുദ്ധത്തിൽ ഏർപ്പെട്ടെങ്കിലും നൊബേൽ ജേതാവെന്ന ആ സുവർണ പദവി ലഭിച്ചില്ല. ഷാറ്റ്സിനു നഷ്ടപരിഹാരം നൽകി തർക്കം പരിഹരിക്കുകയാണുണ്ടായത്. 1962 ൽ ഡി എൻ എ യുടെ പിരിയൻ ഗോവണി ആകൃതി കണ്ടുപിടിച്ചതിന് വാട്സണും ക്രിക്കിനും വിൽകിൻസിനും നൊബേൽ ലഭിച്ചപ്പോൾ ആ കണ്ടുപിടുത്തത്തിന് അടിസ്ഥാനപരമായ സംഭാവന നൽകിയ റോസലിൻഡ് ഫ്രാങ്ക്‌ളിൻ എങ്ങനെ അവഗണിക്കപ്പെട്ടെന്നുള്ളത് ഇന്നും ചർച്ച ചെയ്യപ്പെടാറുള്ളതാണ് . 2008 ലെ രസതന്ത്ര സമ്മാനം ഗ്രീൻ ഫ്ലൂറസന്റ് പ്രോട്ടീൻ (GFP) കണ്ടുപിടിച്ചതിന് മൂന്ന് ഗവേഷകർക്ക് ലഭിച്ചു. എന്നാൽ ജിഎഫ്പിക്ക് വേണ്ടി ആദ്യമായി ജീൻ ക്ലോൺ ചെയ്ത ഡഗ്ലസ് പ്രാഷർ എന്ന ശാസ്ത്രജ്ഞൻ അവരുടെ കൂട്ടത്തിലായിരുന്നില്ല. ജിഎഫ്പി എന്ന ആശയം ആദ്യമായി കൊണ്ടുവന്നത് പ്രാഷർ ആയിരുന്നെങ്കിലും ഗവേഷണം നടത്താനുള്ള സാമ്പത്തിക സഹായം അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് ലഭിക്കാതിരുന്നതിനെ തുടർന്ന് അദ്ദേഹത്തിന് ഗവേഷണം തുടരാൻ കഴിഞ്ഞില്ല.പിന്നീട് പല ഗവേഷണ സ്ഥാപനങ്ങളിലേക്കും ജിഎഫ്പി യിൽ ഗവേഷണം നടത്താനുള്ള സാമ്പത്തിക സഹായത്തിനു വേണ്ടി അപേക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തുടർന്ന് അദ്ദേഹത്തിന്റെ വ്യക്തിജീവിതം തന്നെ സാമ്പത്തികമായി തകർന്ന അവസ്ഥയിലായപ്പോൾ ഒരു ഷട്ടിൽ ബസ് ഡ്രൈവറായി ജോലി ചെയ്തു . ഈ സമയത്താണ് ജിഎഫ്പിക്ക് നൊബേൽ സമ്മാനം ലഭിക്കുന്നതും, ആ മൂന്ന് ഗവേഷകർ തങ്ങളുടെ നോബൽ സമ്മാനദാന ചടങ്ങിലെ പ്രസംഗത്തിൽ പ്രാഷറിനോട് നന്ദി പറയുകയും ചെയ്തത്. ഇവരുടെ ഇടപെടലുകളെ തുടർന്ന് 2010 ൽ പ്രാഷർ തിരിച്ചു ഗവേഷണരംഗത്തേക്ക് പ്രവേശിക്കുകയും ചെയ്തു. ഇതുപോലെ ഒരുപാട് ഉദാഹരണങ്ങൾ ശാസ്ത്ര നൊബേലിന്റെ ചരിത്രം പരിശോധിച്ചാൽ കണ്ടെത്താൻ സാധിക്കും. കഴിഞ്ഞ വർഷത്തെ രസതന്ത്ര നൊബേലിൽ വരെ.

ചിലരൊക്കെ അർഹിച്ച നൊബേൽ കിട്ടാതാവുമ്പോൾ സ്വയം പൊട്ടിത്തെറിച്ച് പ്രതിഷേധിച്ചിട്ടുമുണ്ട് . ഉദാഹരണത്തിന്, റെയ്മണ്ട് വഹൻ ദമാഡിയൻ എന്ന ശാസ്ത്രജ്ഞൻ . 2003 ലെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനം പോൾ ലോട്ടർബർ , സർ പീറ്റർ മാൻസ്ഫീൽഡ് എന്നിവർക്ക് ” മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ്(എംആർഐ) സംബന്ധിച്ച അവരുടെ കണ്ടെത്തലുകൾക്ക് ” ആണ് ലഭിച്ചത് . എന്നാൽ റെയ്മണ്ട് വഹൻ ദമാഡിയൻ ആയിരുന്നു മാഗ്നറ്റിക് റെസൊണൻസ് ഉപയോഗിച്ച് കാൻസർ ബാധിച്ചതും ബാധിക്കാത്തതുമായ കോശങ്ങളെ തിരിച്ചറിയാൻ സാധിക്കുമെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് . പിന്നീട് അദ്ദേഹം ഈ വിദ്യ ആദ്യമായി മനുഷ്യന്റെ സ്കാനിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്തു. ദമാഡിയന്റെ ഈ യഥാർത്ഥ റിപ്പോർട്ടായിരുന്നു എൻഎംആറിനെ ഇന്നത്തെ രീതിയിലേക്ക് വികസിപ്പിക്കാൻ നൊബേൽ ലഭിച്ച ലൗട്ടർബറിനെ പ്രേരിപ്പിച്ചതുതന്നെ . എന്നിട്ടും തന്നെ നൊബേലിന് പരിഗണിക്കാത്തതിലുള്ള അമർഷം തീർക്കാൻ ദമാഡിയൻ വ്യത്യസ്തമായ ഒരു പ്രതിഷേധ രീതിയായിരുന്നു അവലംബിച്ചത്. ന്യൂയോർക്ക് ടൈംസ് , ദി വാഷിംഗ്ടൺ പോസ്റ്റ് , ലോസ് ഏഞ്ചൽസ് ടൈംസ് തുടങ്ങിയ മുൻ നിര അന്താരാഷ്ട്ര പത്രങ്ങളിൽ അദ്ദേഹം തന്റെ സംഭവനകളെക്കുറിച്ചു ഒരു മുഴു പേജ് പരസ്യം തന്നെ നൽകി.ഏറ്റവും കുറഞ്ഞത് തുല്യമായ അംഗീകാരമെങ്കിലും ദമാഡിയന്റെ സൃഷ്ടിക്ക് അർഹിക്കുന്നുവെന്ന് ചില ഗവേഷകർക്ക് തോന്നി.” ഒരു തിങ്കളാഴ്ച സുപ്രഭാതത്തിൽ ഉറക്കമുണർന്ന് നോക്കുമ്പോൾ ഞാൻ ചരിത്രത്തിൽ നിന്നും നിഷ്കരുണം മായ്ച്ചുകളയപ്പെട്ടിരിക്കുന്നു , എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു അത് .”, എന്നായിരുന്നു ന്യൂയോർക്ക് ടൈംസിനോട് അദ്ദേഹം പറഞ്ഞത്.
ആർക്കൊക്കെ സമ്മാനം ലഭിക്കേണ്ടതായിരുന്നു ലഭിക്കരുതായിരുന്നു എന്ന വാഗ്‌വാദത്തിനപ്പുറം , ശാസ്ത്ര നൊബേലുകൾ കേവലം ഒരു വ്യക്തി അല്ലെങ്കിൽ പരമാവധി മൂന്ന് വ്യക്തികൾക്ക് പ്രതിഫലം നൽകുന്നതിലേക്ക് ഒതുക്കപ്പെടുന്നു എന്നതാണ് പുനർവിചിന്തനത്തിനു വിധേയമാക്കപ്പെടേണ്ട വിഷയം. ശാസ്ത്ര മുന്നേറ്റങ്ങളും കണ്ടുപിടിത്തങ്ങളും ഒരിക്കലും ഒരു ഏകാന്ത പഥികന്റെ ഗവേഷണ സഞ്ചാരത്തിൽ നിന്നുണ്ടാകുന്നതല്ലെന്നുള്ള യാഥാർഥ്യം നിലനിൽക്കെ ഓരോ വർഷവും ഒന്നോ രണ്ടോ മൂന്നോ ഗവേഷകരുടെ പേരിലേക്ക് മാത്രമായി ഇത്തരം പ്രതിഫലങ്ങൾ വ്യക്തിനിഷ്ഠമായി പോകുന്നതിലെ യുക്തി പുനഃപരിശോധിക്കേണ്ടതാണ്. ശാസ്ത്ര ഗവേഷണം ഒരു സംഘടിത പരിശ്രമം ആണ്. അതുകൊണ്ടാണ് ‘ഗവേഷണ സംഘ’ങ്ങൾ രൂപീകരിക്കപ്പെടുന്നത്. ഓരോ ഗവേഷണ സംഘത്തിലും ഒരു തലവന് പുറമെ , അനവധി ഗവേഷക വിദ്യാർത്ഥികളുടെയും ,പോസ്റ്റ്‌ഡോക്കുകളുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു വലിയ നിര തന്നെ പ്രവർത്തിക്കാറുണ്ട് . എന്നാൽ ഇത്തരം അംഗീകാരങ്ങൾ വരുമ്പോൾ അത് ആ ഗവേഷക സംഘത്തിന്റെ കപ്പിത്താന്റെ പേരിൽ മാത്രമായി ആലേഖനം ചെയ്യപ്പെടുകയാണ് പതിവ് . ജീവിതകാലം മുഴുവൻ “നൊബേൽ ജേതാവ് ” എന്ന സുവർണ പദവി അവർക്ക് ലഭിക്കും. ആളുകൾ അവരുടെ കീഴിൽ ഗവേഷണം നടത്തുവാൻ തിക്കും തിരക്കും കൂട്ടും. അവരുടെ പ്രഭാഷണങ്ങൾക്ക് വലിയ ഡിമാൻഡും സ്വീകാര്യത ലഭിക്കും. ഇത് ഒരു മുഖ്യ ഗവേഷകൻ/ഗവേഷക നയിക്കുന്ന ഗവേഷക സംഘത്തിന്റെ കാര്യം . മിക്കപ്പോഴും, ഒന്നിലധികം ഗവേഷക സംഘങ്ങൾ ഒരൊറ്റ പ്രോജക്റ്റിൽ സഹകരിക്കുന്ന സാഹചര്യം ഉണ്ട് . ഉദാഹരണത്തിന് 2017 ൽ “ഗുരുത്വാകർഷണ തരംഗങ്ങളെ സംബന്ധിച്ച കണ്ടെത്തലുകൾക്ക്” ഭൗതികശാസ്ത്ര നൊബേൽ ലഭിച്ചത് എടുത്ത് പരിശോധിച്ചു നോക്കുക. ഈ തരംഗങ്ങൾ രേഖപ്പെടുത്തിയ ലേസർ ഇന്റർഫെറോമീറ്റർ ഗ്രാവിറ്റേഷണൽ-വേവ് ഒബ്സർവേറ്ററി (ലിഗോ / LIGO) പദ്ധതിക്ക് നേതൃത്വം നൽകിയ റെയ്നർ വെയ്സ്, കിപ് തോൺ, ബാരി ബാരിഷ് എന്നിവർക്കാണ് സമ്മാനം ലഭിച്ചത്. അതേസമയം ലിഗോ ടീം തങ്ങളുടെ ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിന്റെ രചയിതാക്കളുടെ പട്ടിക മൂന്ന് പേജുകളുണ്ട് ! അതായത് അത്രയും പേരുടെ സംഭാവന ഈ അംഗീകാരത്തിന് പിന്നിലുണ്ടെന്നർത്ഥം. ശാസ്ത്രത്തിനു ഇതുവരെ പിടികൊടുക്കാത്ത ഹിഗ്സ് ബോസോണിന്റെ പിണ്ഡം കൃത്യമായി കണക്കാക്കിയത് വിശദീകരിക്കുന്ന 2015 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പ്രബന്ധത്തിൽ 5,154 രചയിതാക്കളുണ്ട്. 33 പേജ് ഉള്ള ഈ പ്രബന്ധത്തിൽ 24 പേജോളം ഇതിൽ ഉൾപ്പെട്ടിട്ടുള്ള ഗവേഷകരുടെയും അവർ പ്രതിനിധീകരിക്കുന്ന സ്ഥാപനങ്ങളുടെയും പേരുകളാണ്.
ഇത്തരം വിമർശനങ്ങളെ നൊബേൽ കമ്മിറ്റി എങ്ങനെ പ്രതിരോധിക്കുന്നു എന്നതും കൗതുകമുളവാക്കുന്ന കാര്യമാണ്. നൊബേൽ സമ്മാനവുമായി ബന്ധപ്പെട്ട് ആൽഫ്രഡ് നോബലിന്റെ വിൽപത്രത്തിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾക്ക് വിധേയമായി മാത്രമേ തങ്ങൾ പ്രവർത്തിക്കുന്നുള്ളു എന്നാണ് ഇക്കൂട്ടരുടെ വാദം. അങ്ങനെയാണെങ്കിൽ ”മുൻവർഷത്തിൽ” അതാതു മേഖലയിൽ സുപ്രധാന കണ്ടുപിടിത്തം നടത്തിയ “വ്യക്തിയെ” അംഗീകരിക്കാനാണ് വിൽപത്രം ആവശ്യപ്പെടുന്നത് . അതായത് ഒരു വ്യക്തിക്ക് മാത്രമേ ഒരു മേഖലയിലെ നൊബേൽ സമ്മാനം നൽകാൻ പാടുള്ളു. ഏക പ്രതിഭാ സങ്കല്പം. എന്നാൽ സമീപകാലങ്ങളിൽ ഇതിൽ നിന്ന് വിഭിന്നമായി നോബൽ കമ്മിറ്റി മൂന്നു പേരെ വരെ അവരുടെ സംഭാവനകളുടെ അടിസ്ഥാനത്തിൽ അംഗീകരിക്കുന്നുണ്ട് . അതായത് വിൽപത്രത്തിലെ നിയമങ്ങൾ നിലവിൽ ലംഘിക്കപ്പെട്ടു കഴിഞ്ഞു . അങ്ങനെയെങ്കിൽ ഗവേഷണം ഒരു കൂട്ടായ പരിശ്രമമാണെന്ന് അംഗീകരിച്ച് ഒരു പടി കൂടി മുന്നോട്ട് കടന്ന് ഒരു മാതൃക സൃഷ്ടിക്കാൻ തീർച്ചയായും നൊബേൽ കമ്മിറ്റിക്ക് ശ്രമിക്കാവുന്നതേയുള്ളൂ . സമാനമായ ഒരു നിർദേശം സയന്റിഫിക് അമേരിക്കൻ എന്ന ശാസ്ത്ര മാസികയുടെ എഡിറ്റർമാർ 2012 ൽ മുന്നോട്ടു വെച്ചിരുന്നു - സമാധാനത്തിനുള്ള നൊബേൽ നൽകുന്നത് പോലെ എന്തുകൊണ്ട് ശാസ്ത്ര നൊബേലുകൾ ഒരു ഗവേഷക സംഘത്തിന് നൽകിക്കൂടാ എന്ന്. മരണാനന്തര ബഹുമതിയായും നൊബേൽ സമ്മാനങ്ങൾ നൽകാറില്ല എന്നതും ശ്രദ്ധേയം. സുപ്രധാനമായ ശാസ്ത്ര സംഭാവനകൾ നടത്തിയാൽ മാത്രം പോരാ , കമ്മിറ്റി പരിഗണിക്കുന്നത് വരെ ജീവിച്ചിരിക്കുന്നെങ്കിൽ മാത്രമേ പരിഗണന ലഭിക്കുകയുള്ളു. റോസലിൻഡ് ഫ്രാങ്ക്ളിന് നൊബേൽ ലഭിക്കാതെ പോയത് അവർ ജെയിംസ് വാട്സൺ, ഫ്രാൻസിസ് ക്രിക്ക്, മൗറിസ് വിൽക്കിൻസ് എന്നിവർക്ക് നോബൽ നൽകുന്നതിന് നാല് വർഷം മുമ്പ് മരണപ്പെട്ടതുകൊണ്ടാണെന്ന് കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു . എന്നാൽ 2011 ൽ വൈദ്യ ശാസ്ത്രത്തിനുള്ള നൊബേൽ റാൽഫ് സ്റ്റീൻമാന് മരണാന്തര നൊബേൽ ആയിട്ടാണ് നൽകിയത്. അവാർഡിന് പരിഗണിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോൾ മരണപ്പെടുകയാണെങ്കിൽ നൊബേൽ നൽകാൻ നിയമം അനുശാസിക്കുന്നുവെന്ന് കമ്മിറ്റി വാദിച്ചു . നമ്മുടെ മഹാത്മാ ഗാന്ധിക്ക് എന്തുകൊണ്ട് നൊബേൽ നൽകിയില്ല എന്നതിനും ഇതേ ഉത്തരമാണ് നൊബേൽ കമ്മിറ്റി നൽകിയത്. ആ തീരുമാനത്തിൽ പിന്നീട് കമ്മിറ്റി ഖേദം പ്രകടിപ്പിച്ചെങ്കിലും. ഇങ്ങനെ നോക്കുമ്പോൾ 2019 ൽ രസതന്ത്ര നൊബേൽ ലഭിച്ച 97 കാരനായ ജോൺ ഗൂഡിനഫ് തന്റെ ദീർഘായുസ്സിനോട് തീർച്ചയായും നന്ദി പറയേണ്ടതായി വരും.

ഏക /ഏകാന്ത പ്രതിഭ സങ്കല്പത്തിൽ അധിഷ്ഠിതമായ ശാസ്ത്ര നോബേൽ ചരിത്രം പരിശോധിച്ചാൽ കാണുന്ന മറ്റൊരു വസ്തുത ഈ പ്രതിഭകൾ മിക്കപ്പോഴും വെളുത്തവരും പുരുഷന്മാരുമാണ് എന്നുള്ളതാണ്. 120 വർഷത്തെ ശാസ്ത്ര നോബൽ ജേതാക്കളിൽ മൂന്ന് ശതമാനത്തിൽ താഴെ മാത്രമാണ് സ്ത്രീകൾ, അതിൽ തന്നെ കറുത്ത വർഗക്കാരിയായ ഒരു സ്ത്രീക്ക് മാത്രമേ നൊബേൽ ലഭിച്ചിട്ടുള്ളൂ.വൈദ്യശാസ്ത്ര നൊബേൽ ആകെ 224 വിജയികൾക്ക് നൽകിയപ്പോൾ അതിൽ 12 എണ്ണം മാത്രമാണ് സ്ത്രീകൾക്ക് ലഭിച്ചത്. രസതന്ത്ര നൊബേലിന്റെ 188 മൊത്തം ജേതാക്കളിൽ 7 സ്ത്രീകളാണ് ഇതുവരെയുള്ളത്. 1901 മുതൽ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച 219 ജേതാക്കളിൽ നാല് പേർ മാത്രമാണ് സ്ത്രീകൾ. കഴിഞ്ഞ വർഷം താരതമ്യേന ഭേദപ്പെട്ട ഒരു വർഷമായിരുന്നു ഇക്കാര്യത്തിൽ. 11 നൊബേൽ പുരസ്കാരങ്ങളിൽ 4 എണ്ണം സ്ത്രീകൾക് ലഭിച്ചു. അതിൽ തന്നെ ആദ്യമായി രസതന്ത്ര നൊബേൽ രണ്ടു വനിതകൾക്ക് മാത്രമായി ലഭിച്ചു. എന്നാൽ ഇത്തവണത്തെ ശാസ്ത്ര നോബേൽ പ്രഖ്യാപിച്ചപ്പോൾ അതിൽ സ്ത്രീകൾ ആരും തന്നെ ഇല്ല. ശാസ്ത്ര സംഭാവനകൾ മാത്രം സുതാര്യമായി മാനദണ്ഡമാക്കുന്നിടത്ത് സ്ത്രീകളെ പ്രത്യേകമായി പരിഗണിക്കേണ്ടതില്ല . ആത്യന്തികമായി, നൊബേൽ വിജയികളുടെ ലിംഗ ഘടനയുടെ പ്രശ്നം സാമൂഹികമായ സ്ത്രീ-പുരുഷ ലിംഗ അസമത്വത്തിന്റെ പ്രതിഫലനം ലളിതമായി വിളിച്ചോതുക മാത്രമേ ചെയ്യുന്നുള്ളു . ശാസ്ത്ര നൊബേൽ ജേതാക്കളിലെ ലിംഗ വിടവ് ഉടലെടുക്കുന്നത് ശാസ്ത്ര സാങ്കേതിക മേഖലകളിൽ , പ്രത്യേകിച്ച് അക്കാദമിക് രംഗത്ത് പുരുഷന്മാരെ അപേക്ഷിച്ച് ഇന്നും സ്ത്രീകളുടെ പ്രാതിനിധ്യം ഇന്നും താരതമ്യേന കുറവായതുകൊണ്ടാണ്. സ്ത്രീകളായ വിജയികളുടെ എണ്ണവും അതിനാൽ അനുപാതികമായേ പ്രതീക്ഷിക്കേണ്ടതുള്ളൂ. അതുകൊണ്ട് നൊബേൽ സമ്മാനം പ്രഖ്യാപിക്കുന്ന വേളയിൽ മാത്രം സ്ത്രീകൾക് നൊബേൽ ലഭിക്കുന്നില്ല എന്ന തോന്നൽ ഈ വിടവ് നികത്താൻ ഇനിയും പരിശ്രമിക്കേണ്ടിയിരിക്കുന്നു എന്നാണ് ഓർമപ്പെടുത്തുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോ യുടെ കണക്കു പ്രകാരം 1970 ൽ 8 ശതമാനം സ്ത്രീകൾ ശാസ്ത്ര സാങ്കേതിക അക്കാഡമിക് മേഖലയിൽ ഉണ്ടായിരുന്നപ്പോൾ 2019 ൽ അത് 27 ശതമാനം ആയിട്ടുണ്ട് . ഇനിയും അത് മെച്ചപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇതിലും പരിതാപകരമാണ്കറുത്തവർഗക്കാരായ ജേതാക്കളുടെ എണ്ണം .നൊബേലിന്റെ 120 വർഷത്തെ ചരിത്രത്തിൽ കറുത്ത വർഗക്കാരായ ഒരാൾക്കും ശാസ്ത്ര വിഭാഗത്തിൽ സമ്മാനം ലഭിച്ചിട്ടില്ല.ഈ വർഷം ആദ്യം ബെയ്‌റൂട്ടിലെ അമേരിക്കൻ സർവകലാശാല പ്രസിദ്ധീകരിച്ച ഒരു പഠനം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ലഭിച്ച 141 മുൻനിര ശാസ്ത്ര പുരസ്കാരങ്ങൾ വിശകലനം ചെയ്യുകയും , ശാസ്ത്ര രംഗത്തെ പ്രധാന അവാർഡുകളിൽ ഗവേഷണങ്ങൾ മെച്ചപ്പെട്ട ഗുണനിലവാരം പുലർത്തിയാൽ കൂടി പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് പ്രധാന അവാർഡുകൾ നേടാനുള്ള സാധ്യത വളരെ കുറവാണെന്ന് കണ്ടെത്തി. വ്യവസ്ഥാപിതമായ സ്ത്രീപുരുഷ അസമത്വവും വംശീയതയുമെല്ലാം സ്ത്രീകളുടെയും വെള്ളക്കാരല്ലാത്തവരുടെയും നൊബേൽ സമ്മാനങ്ങളിലെ പ്രാതിനിധ്യം തുലാസിലാക്കുന്നു.

നൊബേൽ സമ്മാനം ഇത്രയധികം അംഗീകരിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ഇതൊരു വലിയ സംഭവമായി ലോകം മുഴുവൻ കണക്കാക്കപ്പെടുകയും ചെയ്യുമ്പോഴാണ് ഇത്തരം സമ്മാനങ്ങൾ നിർണയിക്കുന്നതിൽ ഉള്ള അശാസ്ത്രീയതകൾക്കുള്ള പ്രസക്തി. വ്യകതിപരമായി നൽകുന്ന ഇത്തരം സമ്മാനങ്ങൾ സാമൂഹിക അംഗീകാരങ്ങൾ കൂടിയാണ്. നിർഭാഗ്യവശാൽ നോബൽ ജേതാക്കൾ പലരും പിന്നീട് കപട ശാസ്ത്രങ്ങളുടെയും വംശീയ വെറിയുടെയും ഒക്കെ വക്താക്കളായത് നമുക്ക് കാണാവുന്നതാണ്. നൊബേൽ ഡിസീസ് അഥവാ നൊബേലിറ്റിസ് എന്നാണീ പ്രവണതക്ക് പറയുന്നത്. ഉദാഹരണത്തിന്, ട്രാൻസിസ്റ്ററിന്റെ കണ്ടുപിടുത്തതിന് 1956 ലെ ഭൗതികശാസ്ത്ര സമ്മാനം ലഭിച്ച വില്യം ഷോക്ക്ലി, പിന്നീട വംശീയ വെറിയുടെയും വർഗോന്നതിയുടെയും വക്താവായി. ആഫ്രിക്കൻ അമേരിക്കക്കാർ ഐക്യു കുറവ് ഉള്ളവരാണെന്നും അവർ വന്ധ്യംകരിക്കപ്പെടണമെന്നും അദ്ദേഹം വിശ്വസിക്കുകയും വാദിക്കുകയും ചെയ്തു. ഇതിന് ഉപോൽബലകമായി ആഫ്രിക്കക്കാർ ശരാശരിയേക്കാൾ ബുദ്ധി കുറഞ്ഞവരാണെന്നും ജെയിംസ് വാട്സൺ അവകാശപ്പെട്ടു . 1954 ലെ രസതന്ത്ര നൊബേൽ ലഭിച്ച ലീനസ് പോളിംഗ് വലിയ അളവിൽ (സാധാരണ ഡോസിന്റെ 120 മടങ്) വിറ്റാമിൻ സി കഴിക്കുന്നത് സ്‌കീസോഫ്രീനിയ, കാൻസർ മുതലായ രോഗങ്ങൾ ശമിപ്പിക്കുമെന്ന് യാതൊരു ശാസ്ത്രീയ പിൻബലവുമില്ലാതെ വാദിച്ചു. ലോകമെമ്പാടുമുള്ള എല്ലാ ബയോളജി ലാബുകളിലും ഉപയോഗിക്കുന്ന പിസിആർ സൃഷ്ടിച്ചതിന് 1993 ൽ രസതന്ത്ര സമ്മാനം ലഭിച്ച കാരി മുള്ളിസ് ജ്യോതിഷത്തിന്റെ ഒരു വക്താവായി മാറി. ആഗോള താപനം എന്നൊരു പ്രതിഭാസം ഇല്ലെന്ന് വാദിച്ചു.
ശാസ്ത്ര നൊബേലുകൾ ശാസ്ത്രമൂല്യത്തിന്റെ അവസാന വാക്കാണെന്നും അത് ലഭിക്കുന്ന ഏക പ്രതിഭകൾ ശാസ്ത്രത്തിന്റെ അപ്പോസ്തലന്മാരുമാണെന്ന് കരുതുന്ന ഒരു പ്രവണത നമ്മൾ മാറ്റേണ്ടതുണ്ട്. മറ്റേതു മേഖലയിലെയും പുരസ്‌കാരങ്ങൾ നിർണയിൽക്കുന്നതിലെ അപാകതകളും അശാസ്ത്രീയതകളും വൈകല്യങ്ങളും നൊബേൽ സമ്മാനത്തിന്റെ കാര്യത്തിലും ഉണ്ട് എന്ന് മനസ്സിലാക്കേണ്ടതുണ്ട്.
References:
- https://www.smithsonianmag.com/smart-news/the-nobel-gender-gap-widens-as-no-women-awarded-science-prizes-180978835/
- https://en.wikipedia.org/wiki/Nobel_disease
- The gender gap in highly prestigious international research awards, 2001–2020, https://doi.org/10.1162/qss_a_00148
- https://en.wikipedia.org/wiki/Nobel_Prize_controversies
- https://www.theatlantic.com/science/archive/2017/10/the-absurdity-of-the-nobel-prizes-in-science/541863/
- Combined Measurement of the Higgs Boson Mass in pp Collisions at square root of s=7 and 8 Te with the ATLAS and CMS Experiments, PRL 114, 191803 (2015)