ഒരു 80 -90 വയസ്സിന് മേലെ പ്രായമായ , തികച്ചും ഊർജ്ജസ്വലരായ, കർമ്മനിരതരായ, സന്തോഷമായിട്ടിരിക്കുന്ന ആളുകളെ കാണുമ്പോൾ “ഈ പ്രായത്തിലും എന്നാ ഒരിതാ!! “, “പയറുമണി പോലെ ഓടിനടന്ന് പണിയെടുക്കുന്നത് കണ്ടോ !” എന്നൊക്കെ നമ്മൾ അത്ഭുതത്തോടെ അഭിപ്രായപ്പെടാറുണ്ട്. എന്തിനേറെ പറയുന്നു , 70 വയസ്സായ മമ്മൂട്ടിയുടെ പ്രായവും “ചെറുപ്പവും” നമുക്ക് ചർച്ചാവിഷയമാണ് . നൂറു പേരിൽ വിരലിൽ എണ്ണാവുന്നത്ര ആളുകളെ മാത്രമേ നമുക്കങ്ങനെ കാണാൻ കിട്ടാറുള്ളു എന്നത് കൊണ്ടാണ് ഇത്തരക്കാർ പലപ്പോഴും വാർത്താശ്രദ്ധ പിടിച്ചുപറ്റാറുള്ളത് . 96 വയസുള്ള പുഞ്ചിരിയമ്മച്ചിയെ ഏതാനും മാസങ്ങൾക്ക് മുമ്പ് സമൂഹ മാധ്യമങ്ങളിൽ ആഘോഷിക്കപ്പെട്ടിരുന്നതും നമ്മിൽ ചിലർ ഓർക്കുന്നുണ്ടാകും.100 വയസ്സ് വരെ ജീവിച്ചിരിക്കുക , അതും ആരോഗ്യത്തോടെ, സന്തോഷത്തോടെയും ജീവിച്ചിരിക്കുക എന്നുള്ളത് നമുക്കെപ്പോഴും അപ്രാപ്ര്യമായതെന്ന് തോന്നുന്ന സംഗതിയാണ്. നമ്മുടെ ആരോഗ്യ ശീലങ്ങൾ, സാമൂഹിക പശ്ചാത്തലം, മാനസിക നിലവാരം ഇതൊക്കെ നമ്മുടെ ദീർഘായുസ്സിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നമ്മുടെ ശരാശരി ആയുർദൈർഖ്യം 70 വയസ്സാണെങ്കിലും , പിറന്നാൾ ആഘോഷവേളകളിൽ നമ്മൾ പരസ്പരം ആശംസിക്കാറുള്ളത് many many happy returns of the day എന്നോ സ്വല്പം കടത്തി ആയുഷ്മാൻ ഭവഃ എന്നൊക്കെയാണ്. നമുക്ക് പ്രിയപ്പെട്ടവരൊക്ക കുറേ കാലം ജീവിച്ചിരിക്കണം എന്നാണ് നമ്മുടെ ചിന്ത. ഇതൊക്കെയാണെങ്കിലും “എന്തിനാ ഇങ്ങനെ കുറേ കാലം ഭൂമിക്ക് ഭാരമായി ജീവിച്ചിരുന്നിട്ട് !, ഞാനൊക്കെ ഒരു 40-50 ന്റെ മേലെ പോകില്ല , ജീവിതം മടുത്തു ..” എന്നൊക്കെയുള്ള നെടുവീർപ്പെടലുകളും നമ്മൾ പലരിൽ നിന്നും തമാശ രൂപേണയും അല്ലാതെയും ഒക്കെ നിത്യേനയെന്നോണം കേൾക്കാറുണ്ട്. പ്രത്യേകിച്ചൊന്നും ഇനി ചെയ്യാനില്ലാത്തതുകൊണ്ട് മരിച്ചു കളയാം എന്ന് വിചാരിക്കുന്ന നായകനുള്ള സിനിമ പോലും മലയാളത്തിലുണ്ട്. ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ചെയ്യാൻ വേണം, ചെയ്തുകൊണ്ടിരിക്കണം ഇല്ലെങ്കിൽ മരിക്കുന്നതാണ് നല്ലത് എന്നൊക്കെ ചിന്തിക്കാറുണ്ട്. തികച്ചും സ്വാഭാവികമാണത് . പ്രായമാകുന്തോറും ആളുകളുടെ സന്തോഷവും ആരോഗ്യവുമൊക്കെ നഷ്ടപ്പെടും, അവർക്കിനി പണ്ടത്തേതു പോലെ ഒന്നും ചെയ്യാനാവില്ല എന്നുള്ള ഒരു പൊതുധാരണ നമുക്കുണ്ട്. “ചെറുപ്പം നിലനിർത്തുക’ എന്നത് ഒരു ഭഗീരഥ പ്രയത്നമായിട്ടാണ് കണക്കാക്കപ്പെടാറുള്ളത് .
എന്നാൽ ഒരു നാട്ടിലെ ജനങ്ങളുടെ ഏറ്റവും കുറഞ്ഞ ആയുസ്സ് 94 വയസ്സാണെങ്കിലോ ? അങ്ങനെ ഒരു നാടുണ്ട് .ജപ്പാനിലെ ഒക്കിനാവ ദ്വീപിലെ ഒഗിമി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ചു ലോകത്ത് ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള രാജ്യം ജപ്പാനാണ്.പുരുഷൻമാരുടെ ശരാശരി ആയുർദൈർഘ്യo 85 വയസ്സും സ്ത്രീകൾക്ക് 87.7വയസ്സും .ഓരോ പത്തുലക്ഷം പേരിലും 520-ൽ ഏറെ ശതായുഷ്‌മാന്മാരുള്ളതും ജപ്പാനിലാണത്രെ!. അതിൽ തന്നെ 24 ശതമാനം ആളുകളും ശതാഭിഷക്തരായ ഒഗിമിയെ കുറിച്ചും, ജാപ്പനീസ് സംസ്കാരത്തെ കുറിച്ചും അവിടുത്തെ ആളുകളുടെ ജീവിതരീതികളേക്കുറിച്ചും ദീർഘായുസ്സിന്റെ രഹസ്യങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ഒരു പുസ്തകമാണ് “ഇക്കിഗായ്: ആഹ്ളാദകരമായ ദീർഘായുസ്സിന് ഒരു ജാപ്പനീസ് രഹസ്യം.” ഏറെ നാളുകളായി വായിക്കണമെന്ന് കരുതിയതാണ് ഇക്കിഗായ്. എല്ലാറ്റിനും അതിന്റെതായ സമയമുണ്ട് ദാസാ എന്നാണല്ലോ. അതുകൊണ്ട് ഈ പുതുവർഷത്തിലെ ആദ്യ വാരാന്ത്യത്തിലാണ് ഈ പുസ്തകം വായിക്കാനെടുത്തത്. വെറും 205 പേജുള്ള ഒരു കൊച്ചു പുസ്തകം. കെ. കണ്ണൻ പരിഭാഷപ്പെടുത്തിയ മലയാളം വിവർത്തനമാണ് വായിച്ചത്. യഥാർത്ഥ എഴുത്തുകാർ ഹെക്ടർ ഗാർഷ്യ , ഫ്രാൻസെസ്‌ക് മിറാല്യസ് എന്നീ രണ്ടുപേർ.സുഹൃത്തുക്കളായ ഇവർ ജപ്പാനിൽ ഇത്തരത്തിൽ ദീർഘായുസ്സുള്ളവരുടെ നാടുകളിൽ പോയി താമസിച്ച്, അവരുടെ ദീർഘായുസ്സിന്റെ രഹസ്യങ്ങളും ജീവിതരീതികളും ഒക്കെ മനസ്സിലാക്കി അല്പം ശാസ്ത്രത്തിന്റെ മേമ്പൊടിയോടെ നമുക്ക് പറഞ്ഞുതരാൻ ശ്രമിക്കുകയാണ് ഈ പുസ്തകത്തിൽ. പുസ്തകത്തിന്റെ മേന്മയായി തോന്നിയത് അധ്യായങ്ങൾ ലളിതമായ ഭാഷയിലും ചിട്ടയോടും കൂടി ക്രമീകരിച്ചിരിക്കുന്നു എന്നുള്ളതാണ്. വായിക്കുമ്പോൾ നോട്ടെഴുതുന്ന സ്വഭാവക്കാരുണ്ടെങ്കിൽ അവർക്കു സൗകര്യമാകും വിധത്തിൽ നിബന്ധനകൾ, രീതികൾ, താരതമ്യ പഠനങ്ങൾ എന്നിവയുടെ സംക്ഷിത രൂപങ്ങൾ പുസ്തകത്തിലുടനീളം കാണാൻ സാധിക്കും. പുസ്‌തകത്തിന്റെ പിന്നിലെ പ്രയത്നവും ഗവേഷണവും അദ്ധ്യായങ്ങളിൽ നൽകിയിരിക്കുന്ന വിശദാംശങ്ങളിലും സ്ഥിതിവിവരക്കണക്കുകളിലും എല്ലാം കാണാം. പോരായ്മയായി തോന്നിയത് മലയാളം വിവർത്തനമാണ്. പലയിടത്തും വാക്കുകളുടെ നേർ വിവർത്തനമാണുള്ളത് എന്നതും അച്ചടി പിശകുകളും കല്ലുകടിയായി അനുഭവപ്പെട്ടു.


എന്താണ് ഇക്കിഗായ് ? ജീവിക്കാനുള്ള കാരണം എന്നാണിതിന്റെ ലളിതമായ അർത്ഥം. ഒരു ജീവിതരീതി എന്നോ, നിലനിൽപ്പിന്റെ കേന്ദ്ര ബിന്ദു എന്നൊക്കെയും ഇതിനെ വ്യാഖ്യാനിക്കാം.ജപ്പാൻകാരുടെ അഭിപ്രായമനുസരിച്ച് എല്ലാവർക്കും ഒരു ഇക്കിഗായ് ഉണ്ടായിരിക്കുമെന്നാണ്. നമ്മുടെ ഇക്കിഗായ് നമ്മൾ കണ്ടെത്താൻ ശ്രമിക്കുകയും അതിനുവേണ്ടിയുള്ള നിരന്തര പരിശ്രമത്തിലേർപ്പെടുകയും ചെയ്താൽ അത് നമുക്ക് മാനസിക സംതൃപ്തിയും ആഹ്ളാദവും അതിന്റെ ഫലമായി ദീർഘായുസ്സും തിരിച്ചു തരും എന്നാണ് ഗ്രന്ഥകാരന്മാർ പ്രധാനമായും ഈ പുസ്തകത്തിന്റെ ഇതിവൃത്തമായി അടിവരയിടുന്നത്. ഒരുപക്ഷെ, നമ്മൾ വായിച്ചിട്ടുള്ള പ്രശസ്തങ്ങളായ സെല്ഫ്-ഹെല്പ് അല്ലെങ്കിൽ മോട്ടിവേഷണൽ പുസ്തകങ്ങളുടെ ഒരു ആഖ്യാന രീതി ചിലയിടത്ത് കാണാമെങ്കിലും, ജാപ്പനീസ് സംസ്കാരത്തിന്റെ പശ്ചാത്തലമാണ് പുസ്തകത്തിലേക്കെന്നെ അടുപ്പിച്ചത്. ആദ്യത്തെ ഏതാനും അധ്യായങ്ങളിൽ നമ്മുടെ ജീവിതത്തിന്റെ പരമമായ ലക്ഷ്യങ്ങളെ, ഇക്കിഗായിയെ കണ്ടെത്തുന്നതിനെക്കുറിച്ചാണ് വിശദമാക്കിയിട്ടുള്ളത്.വിരമിക്കൽ എന്നൊരു പ്രക്രിയ നമ്മെ മാനസികമായി പുറകോട്ടു വലിക്കാൻ ഉള്ളതല്ലെന്നും അവസാന ശ്വാസം വരെ ജോലി ചെയ്യേണ്ടുന്നതിന്റെ പ്രസക്തിയെക്കുറിച്ചും ഒക്കെ വളരെ ലളിതമായി പുസ്തകം വിവരിക്കുന്നുണ്ട്. ജപ്പാനിൽ ജോലി ചെയ്യുന്ന ചില സുഹൃത്തുക്കൾ, ജപ്പാനിലെ ആളുകൾ വളരെയധികം പരിശ്രമശാലികളാണെന്നും, അവരോടൊപ്പം പിടിച്ചു നിൽക്കാൻ പ്രയാസമാണ് എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. അതവരുടെ സംസ്കാരത്തിന്റെയും ജീവിത രീതിയുടെയും ഭാഗമാണെന്നും, ഇക്കിഗായ് എങ്ങനെ അതിനെ സാധൂകരിക്കുന്നു എന്നുള്ളതും ഇത് വായിച്ചപ്പോൾ കൂടുതൽ വ്യക്തമായി. ഇംഗ്ളീഷിലെ റിട്ടയർ എന്നതിന് തുല്യമായ വിരമിക്കൽ എന്ന വാക്കോ കാഴ്ചപ്പാടോ ജപ്പാൻകാരുടെ നിഘണ്ടുവിലില്ല. മരണം വരെ അവർക്കിഷ്ടമുള്ള ജോലി അവർ സന്തോഷപൂർവം ചെയ്തുകൊണ്ടേയിരിക്കും. ജീവിതത്തോടുള്ള അഭിനിവേശത്തിന്, എല്ലാ ദിവസവും രാവിലെ എഴുന്നേൽക്കാനുള്ള പ്രേരക ശക്തിക്ക്, വൃദ്ധരാകുമ്പോഴും യൗവനം കാത്തുസൂക്ഷിക്കുന്നതിന്, എല്ലാം കാരണമിതാണ്. ഒക്കിനാവക്കാരുടെ ജീവിത രീതിയുടെ പ്രധാന സവിശേഷതകൾ അവർ സൗഹൃദം പരിപോഷിപ്പിക്കുന്നു, ലളിതമായി മാത്രം ആഹാരം കഴിക്കുന്നു, ആവശ്യത്തിന് വിശ്രമിക്കുന്നു, മിതമായ വ്യായാമം, നേരത്തെ എഴുന്നേൽക്കുകയും ഉറങ്ങുകയും ചെയ്യുന്നു, കൃഷിയിടങ്ങളിലും പൂന്തോട്ടങ്ങളിലും മിക്ക സമയവും ചെലവഴിക്കുന്നു എന്നൊക്കെയാണ്. ഇതൊക്കെ കേൾക്കുമ്പോൾ നമ്മുടെ പഴമക്കാരുടെ ജീവിതചര്യകളുമായി (സാമൂഹിക പശ്ചാത്തലം ഒഴിച്ച് നിർത്തിയാൽ) ചില സാമ്യങ്ങളൊക്കെ തോന്നിയേക്കാം. ഒരുകണക്കിന് നമ്മുടെ നിലനിൽപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആധുനിക സമൂഹങ്ങളുടേതാണ്.

ഏറ്റവും എടുത്ത് പറയേണ്ട ഒരു സവിശേഷത ഒക്കിനാവക്കാരുടെ ആഹാര രീതിയാണ്. ഹര ഹാച്ചി ബു എന്നാണവരുടെ ആപ്ത വാക്യം. എപ്പോഴും അവരത് ഓർത്തിരിക്കും. നിങ്ങളുടെ വയർ 80 ശതമാനം മാത്രം നിറക്കുക എന്നാണിതിന്റെ അർത്ഥം. നമ്മുടെ പഴമക്കാരും ഇതുപോലെ വയറു നിറയെ ഭക്ഷണം കഴിക്കുന്ന ശീലമില്ലായിരുന്നു എന്നോർക്കണം. ഒക്കിനാവക്കാർ അതുകൊണ്ട് 80 ശതമാനം വയറു നിറഞ്ഞാൽ ഭക്ഷണം കഴിക്കുന്നത് നിർത്തും. കിറുകൃത്യമായി ഈ 80 ശതമാനം എങ്ങനെ തിട്ടപ്പെടുത്തും എന്ന് ചിന്തിക്കുക സ്വാഭാവികം. ഇനി ജപ്പാൻകാർക്ക് ഇതിനായി വല്ല മാപിനിയോ മറ്റോ ഉണ്ടോ ? ഇല്ലെന്നാണ് ഉത്തരം. വയറു നിറഞ്ഞെന്ന് തോന്നി തുടങ്ങിയാൽ നിർത്തുക -അത്രയേ മാർഗമുള്ളൂ. എങ്കിലും കഴിക്കുന്ന ഭക്ഷണം അത്യന്തം പോഷകസമൃദ്ധമായതായിരിക്കും എന്നൊരു പ്രത്യേകതയുണ്ട്.
അടുത്ത ഏതാനും അധ്യായങ്ങളിൽ ശതാഭിഷക്തരായ കലാകാരന്മാരുമായും, സാധാരണക്കാരുടെയും, സൂപ്പർ സെന്റേറിയൻമാരുമായും (110 വയസ്സിനു മുകളിൽ പ്രായമുള്ളവർ) അഭിമുഖങ്ങങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ടോയോട്ട കമ്പനിയിൽ കൈ കൊണ്ട് സ്ക്രൂ നിർമിക്കുന്ന ആളുകളെ കുറിച്ചുള്ള വിവരണവും സ്റ്റീവ് ജോബ്സ് ജപ്പാനിൽ നടത്തിയ സന്ദർശനങ്ങളെക്കുറിച്ചുള്ള അദ്ധ്യായങ്ങളും പുതിയ അറിവായിരുന്നു. അയൽപക്ക കൂട്ടായ്മകൾ, കായിക വിനോദങ്ങളൊക്കെ എങ്ങനെ ഒക്കിനാവക്കാരുടെ ദീർഘായുസ്സിന് സഹായകരമാവുന്നു എന്നൊക്ക മികച്ച വായനാനുഭവമായിരുന്നു. പ്രത്യേകിച്ച് ഒക്കിനാവയിൽ സംഘടിപ്പിച്ച ഒരു പ്രാദേശിക മത്സരത്തിൽ അവിടുത്തെ ടീം വൃദ്ധരോട് ടീം ഗ്രന്ഥകർത്താക്കൾ തോറ്റുപോയതിനെക്കുറിച്ചുള്ള പരാമർശങ്ങൾ വായനക്കിടയിൽ ചിരി പടർത്തി.
അവസാനത്തെ അധ്യായങ്ങളിൽ ദീർഘായുസ്സിന്റെ പിന്നിലുള്ള ശാസ്ത്രീയതയും, പൗരസ്ത്യ രാജ്യങ്ങളിലെ വ്യായാമ രീതികളെ കുറിച്ചുള്ള സംഗ്രഹവുമാണ് പ്രധാന പ്രതിപാദ്യം. യോഗ, റേഡിയോ ടെയ്‌സോ, തായ് ചി, ക്വിഗോങ്, ഷിയാൽസു മുതലായവയെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. ഇവയിൽ റേഡിയോ ടെയ്‌സോ വ്യാപകമായി പിന്തുടരുന്ന ഒരു വ്യായാമരീതിയാണ്. യോഗ പോലുള്ള ഒരു വ്യായാമക്രമം ആണിത് . റേഡിയോയിലാണ് നിർദേശങ്ങൾ കൊടുത്തിരുന്നതെന്നുകൊണ്ടാണ് റേഡിയോ എന്ന വാക്കിതിൽ കയറിക്കൂടാൻ കാരണം. ഇപ്പോൾ ടെലിവിഷനിലേക്ക് ചുവടുമാറി .ആളുകൾ ഒത്തുചേർന്നാണ് ടി വി യിലെ നിർദേശങ്ങൾ നോക്കി ചെയ്യുന്നത് . വീടുകളിൽ, വിദ്യാലയങ്ങളിൽ രാവിലെ ക്‌ളാസ് തുടങ്ങുന്നതിന് മുമ്പ്, പൊതുസ്ഥാപനങ്ങളിൽ അങ്ങനെ എല്ലായിടത്തും റേഡിയോ ടെയ്‌സോ നടത്തുന്ന പതിവുണ്ട്. വാബി സാബി അഥവാ വീണ്ടെടുക്കൽ ശേഷി കൈവരിക്കുന്നതിൻറെ പ്രാധാന്യത്തെ കുറിച്ചും ജപ്പാൻകാരെ ആധാരമാക്കി പുസ്തകം നമ്മെ പഠിപ്പിക്കുന്നുണ്ട്. ജപ്പാൻകാരുടെ വീണ്ടെടുക്കൽ ശേഷിയെക്കുറിച്ച് നമുക്കെല്ലാവർക്കുമറിയാം. ലോകമഹായുദ്ധങ്ങൾ പ്രകൃതിദുരന്തങ്ങൾ എല്ലാം പരീക്ഷിച്ച ജനതയാണ് ജപ്പാൻ ജനത . ജീവിതം നൈമിഷികമാണെന്നുള്ള ഉറച്ച ബോധ്യത്തിൽ ഓരോ നിമിഷവും ആസ്വദിക്കുക എന്നാണവരുടെ ചിന്താഗതി.വർത്തമാനകാലത്തിൽ വേവലാതിയില്ലാതെ ജീവിക്കാൻ പഠിച്ചവർ.

പുസ്തകം വായിച്ച് തീരുമ്പോൾ ഒക്കിനാവയിൽ ഒരിക്കലെങ്കിലും പോകണം, അവരിലൊരാളായി ഈയുള്ളവൾക്കും ജീവിക്കണം എന്നൊക്കെ തോന്നി. എന്തിനാ പെണ്ണെ ഇതിനായി ജപ്പാനിലേക്കൊക്കെ പോകുന്നത് , നമുക്കിത് ഇവിടെ തന്നെ സാധ്യമാകില്ലേ? എന്നുള്ള ഒരു മറുചോദ്യം അപ്പോൾ എന്നെ നോക്കി പല്ലിളിച്ചു.
എന്താണ് നമ്മുടെ ഇക്കിഗായ് എന്ന് കണ്ടെത്താൻ സാധിക്കുമോ ? എങ്ങോട്ടാണ് , എന്തിന്റെ പിറകെയാണ് നമ്മൾ ഇങ്ങനെ ഓടുന്നത് ? എന്തിനീ തിരക്ക് ?
കൊളളാം
LikeLike