Category Archives: Science

ക്ലീൻ എനർജിയിലേക്കുള്ള ക്ലീനല്ലാത്ത വഴികൾ

കാലാവസ്ഥാ വ്യതിയാനത്തെ വരുതിയിലാക്കുന്നതിന്റെ ഭാഗമായി ഫോസിൽ ഇന്ധനങ്ങളുടെ മേലുള്ള ആശ്രയത്വം ഒഴിവാക്കി പരിസ്ഥിതി സൗഹാർദ സമീപനങ്ങളുമായി മുന്നോട്ടു പോകുന്നതുമായി ബന്ധപ്പെട്ട് ആഗോള തലത്തിൽ ഒട്ടേറെ ചർച്ചകളും,പ്രതിജ്ഞകളും നയരൂപീകരണങ്ങളുമൊക്കെ നടക്കുന്ന ഒരു സമയമാണിത്. കാർബൺ ഉത്സർജനം പരമാവധി കുറച്ചുകൊണ്ട് ,ഒരു അക്ഷയ ഊർജ വിപ്ലവത്തിന്റെ പാതയിലേക്ക് മാറി സഞ്ചരിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയടക്കം പല രാജ്യങ്ങളും.ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള “ബ്രൗൺ ” എനർജിക്ക് ബദലായി പരിസ്ഥിതിക്ക് അനുഗുണമായ, പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജ സ്രോതസ്സുകളിൽ നിന്നുള്ള ഹരിത ഊർജത്തെ ആശ്രയിക്കുകയാണ് ഇതിന്റെ പരമമായ ലക്‌ഷ്യം. ചിലർ ഇതിനെ ക്ളീൻ എനർജി വിപ്ലവം എന്നൊക്കെ വിശേഷിപ്പിക്കുന്നു.

ഒറ്റനോട്ടത്തിൽ യാതൊരു അപാകതയും തോന്നാത്ത, സോദ്ദേശപരമായ ഒരു നീക്കമാണ് ഇതെന്ന് തോന്നുമെങ്കിലും ക്ളീൻ എനർജി വിപ്ലവത്തിലേക്കുള്ള വഴി യഥാർത്ഥത്തിൽ “അത്ര ക്ളീനായിരിക്കില്ല ” എന്നതാണ് വസ്തുത. അക്ഷയ ഊർജ സ്രോതസ്സുകളെ ആശ്രയിക്കുന്ന സൗരോർജ ഉല്പാദന പ്ലാന്റുകൾ , ഉപകരണങ്ങൾ , കാറ്റാടിയന്ത്രങ്ങൾ , വൈദ്യുത വാഹനങ്ങൾ എന്നിവയുടെ നിർമിതിയിലെല്ലാം നാനാവിധത്തിലുള്ള ധാതുക്കൾ, അതും വലിയ അളവിൽ ആവശ്യമായി വരുന്നുണ്ട്. അതായത്, നമ്മുടെ കാലാവസ്ഥാ ലക്ഷ്യങ്ങളിൽ എത്താൻ , ലോകത്തിന് ധാരാളം പുതിയ ഖനികൾ ആവശ്യമായി വരുമെന്നർത്ഥം. അന്താരാഷ്ട്ര ഊർജ ഏജൻസി (International Energy Agency, IEA ) യുടെ 2021 റിപ്പോർട്ട് പ്രകാരം 2050-ഓടെ കാർബൺ തുലിതാവസ്ഥ (Net zero emission) കൈവരിക്കാനാണ് നമ്മുടെ ലക്ഷ്യമെങ്കിൽ ചെമ്പ്, നിക്കൽ , ലിഥിയം , കൊബാൾട്ട് മുതലായ നിർണായക ധാതുക്കളുടെ ആവശ്യകത ആറിരട്ടിയായി വർധിക്കും. ജപ്പാനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻവയോൺമെന്റൽ സ്റ്റഡീസിന്റെ കണക്കിൽ ഇത് 2050 ഓടെ ഏഴു മടങ്ങാകുമെന്നാണ് പ്രവചിക്കുന്നത്.

സ്വർണ ഖനി (പ്രതീകാത്മക ചിത്രം)

ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യമായ ബാറ്ററികൾ, വൈദ്യുതി പ്രസരണികൾ, കാറ്റാടി യന്ത്രങ്ങളുടെ ഭാഗമായ ടർബൈനുകൾ, സോളാർ പാനലുകൾ, വൈദ്യുതി വിതരണ ലൈനുകൾ എന്നിവയുടെ നിർണായക ഭാഗമാണ് ധാതുക്കളും ലോഹങ്ങളും. IEA യുടെ  കണക്കുകൾ പ്രകാരം, ഒരു ഇലക്ട്രിക് കാറിന് അതിന്റെ പെട്രോൾ വകഭേദത്തെക്കാൾ ആറിരട്ടി കൂടുതൽ ധാതുക്കൾ ആവശ്യമാണ് (സ്റ്റീലും അലുമിനിയവും ഒഴികെയാണിത്). ഒരു ഓഫ്‌ഷോർ കാറ്റാടിപ്പാടത്തിന് തുല്യ ശേഷിയുള്ള, ഗ്യാസ് ഉപയോഗിച്ച്  പ്രവർത്തിക്കുന്ന പവർ പ്ലാന്റിനേക്കാൾ 13 മടങ്ങ് അധികമാണ് ധാതുക്കളും ലോഹങ്ങളും ആവശ്യമായി വരുന്നത് . പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജസ്രോതസ്സുകളിലേക്കുള്ള  ചുവടുമാറ്റം അർത്ഥമാക്കുന്നത് ഒരു യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് 2010-ൽ ഉണ്ടായിരുന്നതിനേക്കാൾ 50 ശതമാനം കൂടുതൽ ധാതുക്കൾ ആവശ്യമുണ്ട് എന്നാണ്. ഇപ്പോൾ തന്നെ, ചില അവശ്യ ധാതുക്കൾക്കും ലോഹങ്ങൾക്കും ഈ വർഷം കുത്തനെ വില വർധിച്ചു. ബാറ്ററിയുടെ അവിഭാജ്യ  ഘടകങ്ങളായ  ലിഥിയത്തിന്റെ വിലയിൽ ഏകദേശം മൂന്നിരട്ടിയും  കോബാൾട്ടിന്റെ വിലയിൽ  60 ശതമാനത്തോളവുമാണ് വർദ്ധിച്ചത് . വൈദ്യുത ലൈനുകൾ, ബാറ്ററികൾ, സോളാർ പാനലുകൾ  മുതലായവയിലും  “വൈദ്യുതിയുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതികവിദ്യകളുടെയും മൂലക്കല്ല്” എന്ന് IEA വിശേഷിപ്പിക്കുന്ന ചെമ്പിന്റെ വില,  നിലവാരമുള്ള നിക്ഷേപങ്ങളുടെ അഭാവം കാരണം ഏകദേശം 25 ശതമാനം ഉയർന്നു. ബാറ്ററി-ഗ്രേഡ് നിക്കലും പിന്നിലല്ല , കൂടാതെ നിക്ഷേപം കുറവുള്ള  മറ്റു  ലോഹങ്ങളെ ചുറ്റിപ്പറ്റിയും ആശങ്കയുണ്ട്.

അവലംബം: IEA Report 2021 on The Role of Critical Minerals in Clean Energy Transitions

IEA യുടെ കണ്ടെത്തലുകൾ അനുസരിച്ച്, ഒരു ധാതു നിക്ഷേപത്തെ ഉൽപ്പാദനക്ഷമമായ ഖനിയാക്കി മാറ്റാൻ എടുക്കുന്ന ശരാശരി ദൈർഘ്യം 16.5 വർഷമാണ്. അതിന്റെ ആദ്യ ദശകമോ അതിൽ കൂടുതലോ സമയം ചെലവഴിക്കുന്നത് ആസൂത്രണതിനും സാധ്യതാ പഠനങ്ങൾക്കുമാണ്. പിന്നീട് ഖനി കുഴിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ നാലോ അഞ്ചോ വർഷം. ഇതിൽ ആസൂത്രണ ഘട്ടത്തിന്റെ ദൈർഘ്യം കുറയ്ക്കാൻ ചില സാധ്യതകൾ ഉണ്ടെങ്കിലും വിതരണത്തിൽ ഞെരുക്കം നേരിടേണ്ടി വരും. ധാതു നിക്ഷേപവുമായി ബന്ധപ്പെട്ട മറ്റൊരു വിഷയം, അറിയപ്പെടുന്ന പല ധാതു നിക്ഷേപങ്ങളും വിരലിലെണ്ണാവുന്ന രാജ്യങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നു എന്നുള്ളതാണ്, അതിൽ തന്നെ പല ഖനികളും സ്ഥിരതയുള്ളവയുമല്ല .ലോകത്തിലെ കോബാൾട്ടിന്റെ ഭൂരിഭാഗവും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് (DRC). ലിഥിയത്തിന്റെ ഭൂരിഭാഗവും ബൊളീവിയയിലും ചിലിയിലുമാണ്. ബാറ്ററി-ഗ്രേഡ് നിക്കൽ ഇന്തോനേഷ്യയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ലാൻഥനൈഡ്‌ വിഭാഗത്തിൽ പെടുന്ന ധാതുക്കൾ 60 ശതമാനവും ചൈനയിലുമാണ്. ഇത് ഭാവിയിൽ ഭൗമരാഷ്ട്രീയ തർക്കങ്ങൾക്കും നയാ രൂപീകരണങ്ങളിലേക്കും നയിച്ചേക്കും. ഉല്പാദനവും വിതരണവും സുഗമമാക്കാക്കാൻ രാജ്യങ്ങൾ തമ്മിൽ വ്യാപാര കരാറുകൾ ഉണ്ടാക്കി പരസ്പരാശ്രയത്തിൽ ഏർപ്പെടുമ്പോൾ പ്രധാനപ്പെട്ട ഉത്പാദക രാജ്യങ്ങളുമായുള്ള വ്യാപാര തർക്കങ്ങൾ ആഗോള വിതരണത്തിലും വിലയിലും വലിയ സ്വാധീനം ചെലുത്തും. പ്രകൃതി ദുരന്തങ്ങളും ആഗോള വിതരണത്തെ ബാധിച്ചേക്കും. അതിനാൽ തന്നെ, ഏക സ്രോതസ്സുകളെ ആശ്രയിക്കാതെ പലവിധ സ്രോതസ്സുകളിൽ നിന്ന് ലഭ്യത ഉറപ്പുവരുത്തുക എന്നത് പരമപ്രധാനമാണ് . പുതിയ നിക്ഷേപങ്ങൾ കണ്ടെത്തുന്നതിന്റെ ബാധ്യത സർക്കാരുകൾ ഏറ്റെടുക്കണം. ഇതിനായി ജിയോളജിക്കൽ സർവേ ഏജൻസികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ശക്തമാക്കണം. പുതിയ നിക്ഷേപങ്ങൾ കണ്ടെത്തുമ്പോൾ അത് എത്രത്തോളം പരിസ്ഥിതി സൗഹാർദപരമായി കൈകാര്യം ചെയ്യണമെന്നും പരിഗണിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, ഇന്തോനേഷ്യയിൽ നിന്നുള്ള നിക്കൽ നിക്ഷേപങ്ങൾ പലതും പരിസ്ഥിതി ലോല പ്രദേശങ്ങളിലും ദേശീയോദ്യാനങ്ങളിലുമാണ്.

അവലംബം: IEA (2020a); USGS (2021), World Bureau of Metal Statistics (2020); Adamas Intelligence (2020).

മേല്പറഞ്ഞവയെല്ലാം നമ്മുടെ ഊർജ്ജ സ്വപ്നങ്ങൾക്ക് വലിയ ആശങ്ക നൽകുന്നുണ്ടെങ്കിലും, ആശ്വാസവും പ്രതീക്ഷയും നൽകുന്ന ചില കണ്ടെത്തലുകളും കണക്കുകളും ധാതുക്കളെ സംബന്ധിച്ച് നമുക്ക് മുന്നിലുണ്ട്. അതിലേറ്റവും പ്രധാനം ധാതുക്കളെ റീസൈക്കിൾ ചെയ്യാൻ കഴിയുന്ന സാങ്കേതിക വിദ്യകൾ ഇന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ട് എന്നുള്ളതാണ്. ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററികളിൽ നിന്നുള്ള കൊബാൾട്ടും നിക്കലും മികച്ച രീതിയിൽ പുനരുപയോഗം ചെയ്യുന്നതിലൂടെ, കാലക്രമേണ ഖനനത്തിന്റെ ആവശ്യകത കുറക്കാൻ സാധിക്കും . ഇതിന്റെ കാര്യക്ഷമത എത്രത്തോളമാണ്‌ എന്നത് ഒരു തുറന്ന ചോദ്യമാണ്. നിലവിൽ സ്റ്റീൽ, അലൂമിനിയം, ചെമ്പ് മുതലായ ലോഹങ്ങൾക്ക് മതിയായ കാര്യക്ഷമതയുള്ള സാങ്കേതിക വിദ്യകൾ ലഭ്യമാണ് . 2030 നും 2040 നും ഇടയിൽ, ഉപയോഗശൂന്യമായ ബാറ്ററികളിൽ നിന്ന് റീസൈക്കിൾ ചെയ്തെടുക്കാവുന്ന ചെമ്പ്, കോബാൾട്ട്, നിക്കൽ, ലിഥിയം മുതലായ ലോഹങ്ങളുടെ അളവ് പ്രതിവർഷം 100,000 ടണ്ണിൽ നിന്ന് 1.2 ദശലക്ഷം ടണ്ണായി (10 മടങ്ങോളം) വർദ്ധിപ്പിക്കേണ്ടതുണ്ട് എന്നാണ് IEA യിലെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. റീസൈക്ലിങ്ങിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനായി നിർമ്മാതാക്കൾ കൂടുതൽ എളുപ്പത്തിൽ പുനരുപയോഗിക്കാവുന്ന ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യേണ്ടതുമുണ്ട്. സർക്കാരുകൾക്കും ചെയ്യാവുന്ന ചിലതുണ്ട് . കാര്യക്ഷമമായ മാലിന്യ ശേഖരണവും തരംതിരിക്കലും പ്രോത്സാഹിപ്പിക്കേണ്ടത് സർക്കാർ തലത്തിൽ ഏറ്റെടുത്ത് നടത്തേണ്ടതാണ്.

സോളാർ പാനലുകളുടെ അവിഭാജ്യ ഘടകമായ ​ ​ഫോട്ടോവോൾട്ടെയ്‌ക്കുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യം വെള്ളിയുടെയും സിലിക്കണിന്റെയും ആവശ്യം വർധിപ്പിച്ചപ്പോൾ,​ ​​ഇവ രണ്ടിന്റെയും അളവ് കുറച്ചുകൊ​ണ്ടാണ് നിർമ്മാതാക്കൾ പ്രതികരിച്ചത്. ​കുറഞ്ഞ അളവിൽ ധാതുക്കളെ ആശ്രയിച്ചുള്ള, എന്നാൽ നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനു സമാനമായ കാര്യക്ഷമത​യുള്ള സോളാർ പാനലുകൾ വികസിപ്പിച്ചെടുക്കാനുള്ള ​സാധ്യതയും ​തുറന്നു കിടപ്പുണ്ട്.

ഹരിതഗൃഹ വാതക​ങ്ങളുടെ ഉത്സർജനം ​മാത്രമല്ല മനുഷ്യരാശി നേരിടുന്ന ​സവിശേഷപരമായ പാരിസ്ഥിതിക പ്രതിസന്ധി. ജൈവവൈവിധ്യത്തിന്റെ ​നാശവും മലിനീകരണവും ​ധാതു ഖനനത്തി​ന്റെ ഉപോല്പന്നങ്ങളാണ്.​​ ഇത് സംബന്ധിച്ച് 2021 ന്റെ തുടക്കത്തിൽ , ഓസ്ട്രിയയിലെ വിയന്ന യൂണിവേഴ്‌സിറ്റി ഓഫ് ഇക്കണോമിക്‌സ് ആന്റ് ബിസിനസ്സിലെ ഒരു സംഘം, ദുർബലമായ ആവാസവ്യവസ്ഥകളിൽ ​അവിടുള്ള ഖനനത്തിന്റെ സ്വാധീനത്തെക്കുറിച്ച് ഒരു വിശകലനം ​പ്രസിദ്ധീകരിച്ചിട്ടുണ്ട് . ​ബോക്സൈറ്റ് (അലുമിനി​യം), ചെമ്പ്, സ്വർണ്ണം, ഇരുമ്പ്, ഈയം, മാംഗനീസ്, നിക്കൽ, വെള്ളി, സിങ്ക്​ എന്നീ ഒമ്പത് ലോഹ അയിരുകളാണ് പരിശോധി​ച്ചത്. ഈയം ഒഴികെയുള്ള​വയുടെ ​ഖനനവും സംസ്കരണവും കഴിഞ്ഞ രണ്ട് പതിറ്റാ​ണ്ടിൽ കുതിച്ചുയർന്നു. 2019-ൽ​ മാത്രം ഇത്തരത്തിൽ വേർതിരിച്ചെടുത്ത അയിരിന്റെ 79 ശതമാനവും ​മരുഭൂമികൾ, ഉഷ്ണമേഖലാ മഴക്കാടുകൾ, ഉഷ്ണമേഖലാ പുൽമേടുകൾ , സാവന്നകൾ മുതലായ ​ഭൂമിയിലെ സമ്പന്നമായ ​ജൈവവ്യവസ്ഥകളിൽ നിന്നുമായിരുന്നു. ലോകത്തിലെ പകുതി ലോഹ ഖനികളും സംരക്ഷിത പ്രദേശങ്ങളിൽ നിന്ന് 20 കിലോമീറ്ററോ അതിൽ താഴെയോ ഉള്ളവയാണെന്നും സംഘം കണ്ടെത്തി​.​

​ഖനനത്തിന്റെ ബാക്കിപത്രമാണ് മാലിന്യം.അയിരുകൾ ലഭിക്കാൻ നീക്കം ചെയ്ത പാറകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പലയിടത്തും രേഖപ്പെടുത്തിയിട്ടുണ്ട്. അയിരിനെ വേർതിരിച്ചതിനുശേഷം ഖനന പ്രവർത്തനങ്ങളുടെ ഉപോൽപ്പന്നങ്ങൾ സംഭരിക്കുന്നതിന് ഉപയോഗിക്കുന്ന ടെയിലിംഗ് ഡാമുകൾ എന്നറിയപ്പെടുന്ന അണക്കെട്ടുകൾ പലപ്പോഴും പ്രദേശവാസികൾക്ക് ഭീഷണിയാവാറാറുണ്ട്. നിരുത്തരവാദപരമായി പരിപാലിക്കപ്പെടുന്ന ടെയിലിംഗ് ഡാമുകൾ തകരുന്നത് ഒരു പ്രത്യേക വിഷയമാണ് .ചിലപ്പോൾ ഇതിനെത്തുടർന്ന് വിഷമിശ്രിതങ്ങൾ ഒഴുകി ഒരു പ്രദേശമാകെ പ്രതിസന്ധി സൃഷ്ടിക്കാറുണ്ട് . ഇതിനുദാഹരണമാണ് 2019-ൽ പെറുവിലെ കോബ്രിസ ടെയ്‌ലിംഗ് അണക്കെട്ടിന്റെ തകർച്ച. അന്ന് 67,000 ക്യുബിക് മീറ്റർ സയനൈഡ് കലർന്ന ചെമ്പ് മാലിന്യം മാന്താരോ നദിയിലേക്ക് ഒഴുകിയെത്തുകയാണുണ്ടായത് . അതുപോലെ 2019-ൽ ബ്രസീലിലെ ഫീജോയിൽ ഉണ്ടായ മറ്റൊരു ദുരന്തത്തിൽ 237 പേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിൽ ടെയ്‌ലിംഗ് അണക്കെട്ടിന്റെ തകർച്ച മൂലമായിരുന്നു. ഇതുപോലെ ഭീഷണി സൃഷ്ടിച്ചു നിലകൊള്ളുന്ന ഖനികൾ ഇപ്പോഴുമുണ്ട്. ഉദാഹരണത്തിന്, ഇന്തോനേഷ്യയിലെ പപ്പുവയിലുള്ള ഗ്രാസ്ബർഗ് സ്വർണ്ണ ഖനി. ലോകത്തിലെ ഏറ്റവും വലിയ ഖനന പദ്ധതികളിലൊന്നായ ഇത് തെക്ക്-കിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനമായ ലോറന്റ്സ് ദേശീയോദ്യാനത്തിന് തൊട്ടുതാഴെയാണ് സ്ഥിതിചെയ്യുന്നത്. പാർക്കിലെ ശുദ്ധജല മലിനീകരണവുമായി ഖനി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് കണ്ടത്തിയിട്ടുള്ളത് .

ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ഒരു സ്വർണ്ണ ഖനിയുടെ ടെയ്‌ലിംഗ് അണക്കെട്ടിന്റെയും സംസ്‌കരണ പ്ലാന്റിന്റെയും ആകാശ കാഴ്ച

ധാതുക്കളുടെ ഖനനവും ആഗോള വിതരണവുമായി ബന്ധപ്പെട്ട് IEA പ്രധാനമായും ആറ് വെല്ലുവിളികളാണ് മുന്നോട്ട് ​വെക്കുന്നത്. സർക്കാരുകൾ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കണം, കമ്പനികൾ നവീകരിക്കപ്പെടണം ; പുനരുപയോഗവും അവയുടെ സാങ്കേതിക നിലവാരവും മെച്ചപ്പെടുത്തണം; വിതരണങ്ങൾ കൂടുതൽ സുരക്ഷിതവും സുതാര്യവുമാക്കണം ; ഉത്പാദകരും ഉപഭോക്താക്കളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടണം; ഏറ്റവും പ്രധാനമായി പാരിസ്ഥിതികവും സാമൂഹികവുമായ നിലവാരം മെച്ചപ്പെടുത്തണം. ഭാവിയിൽ ഖനികൾക്ക് അംഗീകാരം നൽകുമ്പോൾ പാരിസ്ഥിതിക ഘടകങ്ങൾക്ക് മുൻ‌തൂക്കം നൽകിക്കൊണ്ട്, അവ പ്രവർത്തിപ്പിക്കാനുള്ള സോഷ്യൽ ലൈസൻസിങ് നടപടികൾ ഊർജ്ജിതമാക്കണം. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സീറോ-കാർബൺ ഖനികൾക്കൊക്കെ ഇപ്പോൾ തുടക്കമായിട്ടുണ്ട്. ഇത്തരുണത്തിൽ പ്രവർത്തിച്ചെങ്കിൽ മാത്രമേ ഇനിയങ്ങോട്ടുള്ള നമ്മുടെ ക്ലീൻ എനർജി സ്വപ്‌നങ്ങൾ ക്ലീനായി യാഥാർഥ്യമാകുകയുള്ളു.

അധിക വായനക്ക് :

ശാസ്ത്ര നൊബേലുകളിലെ അശാസ്ത്രീയത

ഈ വർഷത്തെ ശാസ്ത്ര നൊബേൽ സമ്മാനങ്ങൾ  പ്രഖ്യാപിക്കപ്പെട്ട ഒരാഴ്ചയാണ് കടന്നുപോയത്. എല്ലാ വർഷത്തെയും പോലെ, രസതന്ത്രം, ഭൗതിക ശാസ്ത്രം, വൈദ്യശാസ്ത്രം എന്നീ  ശാസ്ത്രശാഖകളിൽ മികച്ച സംഭാവന നൽകിയ ഏതാനും ശാസ്ത്രജ്ഞർക്ക് പുരസ്കാരവും ലഭിച്ചു. സമ്മാനം ലഭിച്ച എല്ലാ ശാസ്ത്രജ്ഞരും അഭിനന്ദനങ്ങൾ അർഹിക്കുന്നു. മനുഷ്യരാശിക്കനുഗുണമായ   ശാസ്ത്രരംഗത്തെ നേട്ടങ്ങൾ തീർച്ചയായും അംഗീകരിക്കപ്പെടണം, ആദരിക്കപ്പെടുകയും  വേണം. എന്നാൽ നൊബേൽ സമ്മാനം നൽകുന്നതിലെ അശാസ്ത്രീയത  ശാസ്ത്രലോകത്തെ വിമർശകർ  എക്കാലവും ഉയർത്തിപിടിക്കാറുള്ള ഒരു  ഗൗരവമേറിയ വിഷയമാണ്. ഒരുപക്ഷെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള വിഷയം. നൊബേൽ സമ്മാനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉൾകൊള്ളുന്ന വലിയ വിക്കിപീഡിയ പേജ് തന്നെ അതിന് സാക്ഷ്യം. പുരസ്‌കാര നിർണയത്തിൽ  ശാസ്ത്രത്തിന്റെ  സ്വഭാവം വളച്ചൊടിക്കുകയും അതിന്റെ ചരിത്രം തിരുത്തിയെഴുതുകയും, പ്രധാന സംഭാവന നൽകുന്ന പല പിന്നണി ശാസ്ത്രജ്ഞരെയും അവഗണിക്കുകയും ചെയ്യുന്നതിലൂടെ ശാസ്ത്രത്തെ അപമാനിക്കുകയാണ് പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ നിർഭാഗ്യവശാൽ സംഭവിക്കാറുള്ളത്.


നൊബേൽ സമ്മാനം  ആദ്യമായി നൽകപ്പെട്ട 1901 തന്നെ എടുക്കുക . ആന്റിടോക്‌സിൻ കണ്ടുപിടിച്ചതിന് എമിൽ  അഡോൾഫ്   വോൺ ബെഹ്റിംഗിന് ആയിരുന്നു വൈദ്യശാസ്ത്രത്തിലെ ആദ്യ നൊബേൽ.  എന്നാൽ അതെ കണ്ടുപിടുത്തതിൽ അദ്ദേഹത്തിന്റെ  അടുത്ത സഹപ്രവർത്തകനായിരുന്ന കിറ്റാസാറ്റോ ഷിബാസബ്യൂറോയുടെ പേര് നാമനിർദേശം ചെയ്യപ്പെട്ടെങ്കിലും കമ്മിറ്റി പരിഗണിച്ചില്ല . ക്ഷയരോഗത്തിനുള്ള സ്ട്രെപ്റ്റോമൈസിൻ എന്ന സുപ്രധാനമായ ആൻറിബയോട്ടിക് കണ്ടുപിടിച്ചതിന് 1952 ലെ മെഡിസിൻ, ഫിസിയോളജി സമ്മാനം സെൽമാൻ വാക്സ്മാനെ മാത്രമായി തേടിയെത്തിയപ്പോൾ അതേ കണ്ടുപിടുത്തതിൽ പ്രധാന പങ്കാളിയായിരുന്ന ആൽബർട്ട് ഷാറ്റ്സ് പിന്തള്ളപ്പെടുകയാണുണ്ടായത് . കണ്ടുപിടുത്തം തനിക്കും  കൂടി  അവകാശപ്പെട്ടതാണെന്നു വാദിച്ചുകൊണ്ടു  ഷാറ്റ്സ്  സെൽമാനെതിരെ നിയമയുദ്ധത്തിൽ ഏർപ്പെട്ടെങ്കിലും നൊബേൽ ജേതാവെന്ന ആ സുവർണ പദവി ലഭിച്ചില്ല.  ഷാറ്റ്സിനു നഷ്ടപരിഹാരം നൽകി തർക്കം  പരിഹരിക്കുകയാണുണ്ടായത്. 1962 ൽ ഡി എൻ എ യുടെ പിരിയൻ ഗോവണി ആകൃതി കണ്ടുപിടിച്ചതിന് വാട്സണും ക്രിക്കിനും വിൽകിൻസിനും നൊബേൽ ലഭിച്ചപ്പോൾ ആ കണ്ടുപിടുത്തത്തിന് അടിസ്ഥാനപരമായ സംഭാവന നൽകിയ റോസലിൻഡ് ഫ്രാങ്ക്‌ളിൻ എങ്ങനെ അവഗണിക്കപ്പെട്ടെന്നുള്ളത് ഇന്നും ചർച്ച ചെയ്യപ്പെടാറുള്ളതാണ് . 2008 ലെ രസതന്ത്ര സമ്മാനം ഗ്രീൻ ഫ്ലൂറസന്റ് പ്രോട്ടീൻ (GFP) കണ്ടുപിടിച്ചതിന് മൂന്ന് ഗവേഷകർക്ക് ലഭിച്ചു. എന്നാൽ ജിഎഫ്പിക്ക് വേണ്ടി ആദ്യമായി ജീൻ ക്ലോൺ ചെയ്ത  ഡഗ്ലസ് പ്രാഷർ എന്ന ശാസ്ത്രജ്ഞൻ അവരുടെ കൂട്ടത്തിലായിരുന്നില്ല.  ജിഎഫ്പി എന്ന   ആശയം ആദ്യമായി കൊണ്ടുവന്നത് പ്രാഷർ ആയിരുന്നെങ്കിലും ഗവേഷണം നടത്താനുള്ള സാമ്പത്തിക സഹായം അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് ലഭിക്കാതിരുന്നതിനെ തുടർന്ന് അദ്ദേഹത്തിന് ഗവേഷണം തുടരാൻ കഴിഞ്ഞില്ല.പിന്നീട് പല ഗവേഷണ സ്ഥാപനങ്ങളിലേക്കും ജിഎഫ്പി യിൽ ഗവേഷണം നടത്താനുള്ള സാമ്പത്തിക സഹായത്തിനു വേണ്ടി  അപേക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തുടർന്ന് അദ്ദേഹത്തിന്റെ വ്യക്തിജീവിതം  തന്നെ സാമ്പത്തികമായി തകർന്ന അവസ്ഥയിലായപ്പോൾ  ഒരു ഷട്ടിൽ ബസ് ഡ്രൈവറായി ജോലി ചെയ്തു . ഈ സമയത്താണ് ജിഎഫ്പിക്ക് നൊബേൽ സമ്മാനം ലഭിക്കുന്നതും, ആ മൂന്ന് ഗവേഷകർ തങ്ങളുടെ നോബൽ സമ്മാനദാന ചടങ്ങിലെ പ്രസംഗത്തിൽ പ്രാഷറിനോട് നന്ദി പറയുകയും ചെയ്തത്. ഇവരുടെ  ഇടപെടലുകളെ തുടർന്ന് 2010 ൽ പ്രാഷർ തിരിച്ചു ഗവേഷണരംഗത്തേക്ക് പ്രവേശിക്കുകയും ചെയ്തു. ഇതുപോലെ ഒരുപാട് ഉദാഹരണങ്ങൾ ശാസ്ത്ര നൊബേലിന്റെ ചരിത്രം പരിശോധിച്ചാൽ കണ്ടെത്താൻ സാധിക്കും. കഴിഞ്ഞ വർഷത്തെ രസതന്ത്ര നൊബേലിൽ വരെ.

 ​ചിലരൊക്കെ  അർഹിച്ച നൊബേൽ ​കിട്ടാതാവുമ്പോൾ സ്വയം പൊട്ടിത്തെറിച്ച് പ്രതിഷേധിച്ചിട്ടുമുണ്ട്  . ഉദാഹരണത്തിന്, റെയ്മണ്ട് ​വഹൻ ദമാഡിയൻ എന്ന ശാസ്ത്രജ്ഞൻ . 2003 ലെ ​വൈദ്യശാസ്ത്ര നൊബേൽ ​സമ്മാനം പോൾ ലോട്ടർബർ , സർ പീറ്റർ മാൻസ്ഫീൽഡ് എന്നിവർക്ക് ” മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ്(എംആർഐ) സംബന്ധിച്ച അവരുടെ കണ്ടെത്തലുകൾക്ക് ” ​ആണ് ​ലഭി​ച്ചത് . ​ എന്നാൽ ​ റെയ്മണ്ട് ​വഹൻ ദമാഡിയൻ  ​ആയിരുന്നു ​മാഗ്നറ്റിക് റെസൊണൻസ്​ ഉപയോഗിച്ച് കാൻസർ ബാധിച്ചതും ബാധിക്കാത്തതുമായ കോശങ്ങളെ  തിരിച്ചറിയാൻ  സാധിക്കുമെന്ന് ആദ്യം റിപ്പോർട്ട് ​ചെയ്തത് ​. പിന്നീട് അദ്ദേഹം ​ഈ വിദ്യ ​ആദ്യമായി  മനുഷ്യ​ന്റെ ​ സ്കാനിലേക്ക് വിവർത്തനം ​ചെയ്യുകയും ​ചെയ്തു. ​​ദമാഡിയന്റെ ​ഈ ​യഥാർത്ഥ റിപ്പോർ​ട്ടായിരുന്നു എൻ‌എം‌ആറിനെ ഇന്നത്തെ രീതിയിലേക്ക് വികസിപ്പിക്കാൻ ​നൊബേൽ ലഭിച്ച ​ലൗട്ടർബറിനെ പ്രേരിപ്പി​ച്ചതുതന്നെ . ​എന്നിട്ടും തന്നെ നൊബേലിന്  ​പരിഗണിക്കാത്തതിലുള്ള  ​അമർഷം തീർക്കാൻ  ​ദമാഡിയൻ ​വ്യത്യസ്തമായ ഒരു ​  ​പ്രതിഷേധ രീതിയായിരുന്നു അവലംബിച്ചത്. ന്യൂയോർക്ക്  ടൈംസ് , ദി വാഷിംഗ്ടൺ പോസ്റ്റ് , ലോസ് ഏഞ്ചൽസ് ടൈംസ് ​തുടങ്ങിയ മുൻ നിര  ​അന്താരാഷ്ട്ര പത്ര​ങ്ങളിൽ  അദ്ദേഹം ​ ​തന്റെ സംഭവനകളെക്കുറിച്ചു ഒരു മുഴു പേജ് പരസ്യം തന്നെ നൽകി.ഏറ്റവും ​കുറഞ്ഞത് തുല്യമായ അംഗീകാര​മെങ്കിലും  ​ദമാഡിയ​ന്റെ ​ സൃഷ്ടിക്ക് ​അർഹിക്കുന്നുവെന്ന് ചില ഗവേഷകർക്ക് തോന്നി.​”​ ​ഒരു തിങ്കളാഴ്ച സുപ്രഭാതത്തിൽ ഉറക്കമുണർന്ന്  നോക്കുമ്പോൾ ഞാൻ  ചരിത്രത്തിൽ നിന്നും നിഷ്കരുണം മായ്ച്ചുകളയപ്പെട്ടിരിക്കുന്നു , ​എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു അത് .”, എന്നായിരുന്നു ന്യൂയോർക്ക് ടൈംസിനോട് അദ്ദേഹം പറഞ്ഞത്.


ആർക്കൊക്കെ  സമ്മാനം ലഭിക്കേണ്ടതായിരുന്നു ലഭിക്കരുതായിരുന്നു എന്ന വാഗ്‌വാദത്തിനപ്പുറം , ശാസ്ത്ര നൊബേലുകൾ കേവലം ഒരു വ്യക്തി അല്ലെങ്കിൽ പരമാവധി മൂന്ന് വ്യക്തികൾക്ക്  പ്രതിഫലം  നൽകുന്നതിലേക്ക്  ഒതുക്കപ്പെടുന്നു എന്നതാണ്  പുനർവിചിന്തനത്തിനു വിധേയമാക്കപ്പെടേണ്ട​  ​വിഷയം. ശാസ്ത്ര മുന്നേറ്റങ്ങളും  കണ്ടുപിടിത്തങ്ങളും  ഒരിക്കലും ഒരു ഏകാന്ത പഥികന്റെ ഗവേഷണ സഞ്ചാരത്തിൽ നിന്നുണ്ടാകുന്നതല്ലെന്നുള്ള യാഥാർഥ്യം നിലനിൽക്കെ ഓരോ വർഷവും ഒന്നോ രണ്ടോ മൂന്നോ  ​ഗവേഷകരുടെ പേരിലേക്ക് മാത്രമായി ഇത്തരം പ്രതിഫലങ്ങൾ വ്യക്തിനിഷ്ഠമായി പോകുന്നതിലെ യുക്തി പുനഃപരിശോധിക്കേണ്ടതാണ്. ശാസ്ത്ര ഗവേഷണം ഒരു സംഘടിത പരിശ്രമം ആണ്. അതുകൊണ്ടാണ് ‘ഗവേഷണ സംഘ’ങ്ങൾ രൂപീകരിക്കപ്പെടുന്നത്.   ​ഓരോ ഗവേഷണ ​സംഘത്തിലും ഒരു തലവന് പുറമെ , ​അനവധി ഗവേഷക വിദ്യാർത്ഥികളുടെയും ,​പോസ്റ്റ്‌ഡോക്കുകളുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു ​​​വലിയ നിര തന്നെ പ്രവർത്തിക്കാറുണ്ട് . എന്നാൽ ഇത്തരം അംഗീകാരങ്ങൾ ​വരുമ്പോൾ അത് ആ ഗവേഷക സംഘത്തിന്റെ കപ്പിത്താന്റെ പേരിൽ മാത്രമായി ആലേഖനം ചെയ്യപ്പെടുകയാണ് പതിവ് . ജീവിതകാലം മുഴുവൻ  “നൊബേൽ ജേതാവ് ” എന്ന സുവർണ പദവി അവർക്ക് ലഭിക്കും. ആളുകൾ അവരുടെ കീഴിൽ ഗവേഷണം നടത്തുവാൻ തിക്കും തിരക്കും കൂട്ടും. അവരുടെ പ്രഭാഷണങ്ങൾക്ക് വലിയ ഡിമാൻഡും സ്വീകാര്യത ലഭിക്കും.  ഇത് ഒരു മുഖ്യ ഗവേഷകൻ/ഗവേഷക നയിക്കുന്ന ഗവേഷക സംഘത്തിന്റെ കാര്യം .​ മിക്കപ്പോഴും, ​ഒന്നിലധികം ഗവേഷക  ​സംഘങ്ങൾ  ഒരൊറ്റ പ്രോജക്റ്റിൽ സഹകരിക്കു​ന്ന  സാഹചര്യം ഉണ്ട് ​.​ ഉദാഹരണത്തിന് ​ ​2017 ൽ “ഗുരുത്വാകർഷണ തരംഗങ്ങളെ സംബന്ധിച്ച കണ്ടെത്തലുകൾക്ക്”  ഭൗതികശാസ്ത്ര നൊബേൽ ലഭിച്ചത് എടുത്ത് പരിശോധിച്ചു നോക്കുക.  ഈ തരംഗങ്ങൾ രേഖപ്പെടുത്തിയ ലേസർ ഇന്റർഫെറോമീറ്റർ ഗ്രാവിറ്റേഷണൽ-വേവ് ഒബ്സർവേറ്ററി (ലിഗോ / LIGO) പദ്ധതിക്ക് നേതൃത്വം നൽകിയ  റെയ്നർ വെയ്സ്, കിപ് തോൺ, ബാരി ബാരിഷ് എന്നിവർക്കാണ് സമ്മാനം ലഭിച്ചത്.  അതേസമയം ​ലിഗോ  ടീം തങ്ങളുടെ ​ഈ ​കണ്ടെത്തൽ ​പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിന്റെ രചയിതാക്കളുടെ പട്ടിക  ​​മൂന്ന് ​പേജുകളുണ്ട് ! അതായത് അത്രയും പേരുടെ സംഭാവന ഈ അംഗീകാരത്തിന് പിന്നിലുണ്ടെന്നർത്ഥം. ശാസ്ത്രത്തിനു ഇതുവരെ   ​പിടികൊടുക്കാത്ത  ഹിഗ്സ് ബോസോണിന്റെ പിണ്ഡം കൃത്യമായി കണക്കാക്കിയ​ത് വിശദീകരിക്കുന്ന ​​2015 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു  ​പ്രബന്ധത്തിൽ  5,154 ​രചയിതാക്കളുണ്ട്. 33 പേജ് ഉള്ള ഈ പ്രബന്ധത്തിൽ 24 പേജോളം ഇതിൽ ഉൾപ്പെട്ടിട്ടുള്ള ഗവേഷകരുടെയും അവർ പ്രതിനിധീകരിക്കുന്ന സ്ഥാപനങ്ങളുടെയും പേരുകളാണ്.

​ഇത്തരം വിമർശനങ്ങളെ നൊബേൽ കമ്മിറ്റി എങ്ങനെ  പ്രതിരോധിക്കുന്നു എന്നതും കൗതുകമുളവാക്കുന്ന കാര്യമാണ്. നൊബേൽ സമ്മാനവുമായി ബന്ധപ്പെട്ട്  ​ആൽഫ്രഡ് നോബലിന്റെ ​വിൽപത്രത്തിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾക്ക് ​വിധേയമായി മാത്രമേ  തങ്ങൾ പ്രവർത്തിക്കുന്നുള്ളു എന്നാണ് ഇക്കൂട്ടരുടെ വാദം. ​അങ്ങനെയാണെങ്കിൽ ​”മുൻവർഷത്തിൽ” അതാതു മേഖലയിൽ സുപ്രധാന കണ്ടുപിടിത്തം നടത്തിയ “വ്യക്തിയെ” അംഗീകരിക്കാ​നാണ്  ​വിൽപത്രം ആവശ്യപ്പെടു​ന്നത് .​ അതായത് ഒരു വ്യക്തിക്ക് മാത്രമേ ഒരു മേഖലയിലെ നൊബേൽ സമ്മാനം നൽകാൻ പാടുള്ളു. ഏക പ്രതിഭാ സങ്കല്പം.   എന്നാൽ സമീപകാലങ്ങളിൽ ഇതിൽ നിന്ന് വിഭിന്നമായി ​ നോബൽ കമ്മിറ്റി മൂന്നു പേരെ വരെ ​അവരുടെ സംഭാവനകളുടെ അടിസ്ഥാനത്തിൽ ​അംഗീകരിക്കു​ന്നുണ്ട് . ​അതായത് വിൽപത്രത്തിലെ നിയമങ്ങൾ നിലവിൽ  ലംഘിക്കപ്പെട്ടു  കഴിഞ്ഞു . അങ്ങനെയെങ്കിൽ ഗവേഷണം ഒരു കൂട്ടായ പരിശ്രമമാണെന്ന് അംഗീകരിച്ച്  ​ഒരു പടി കൂടി മുന്നോട്ട് കടന്ന് ഒരു മാതൃക സൃഷ്ടിക്കാൻ തീർച്ചയായും നൊബേൽ കമ്മിറ്റിക്ക് ശ്രമിക്കാവുന്നതേയുള്ളൂ . സമാനമായ ഒരു നിർദേശം സയന്റിഫിക് അമേരിക്കൻ എന്ന ശാസ്ത്ര മാസികയുടെ എഡിറ്റർമാർ  2012 ൽ ​മുന്നോട്ടു വെച്ചിരുന്നു -​ സമാധാന​ത്തിനുള്ള നൊബേൽ ​നൽകുന്നത് പോലെ ​എന്തുകൊണ്ട് ശാസ്ത്ര നൊബേലുകൾ  ഒരു ഗവേഷക സംഘത്തിന് നൽകിക്കൂടാ എന്ന്. മരണാനന്തര ബഹുമതിയായും നൊബേൽ സമ്മാനങ്ങൾ നൽകാറില്ല എന്നതും ശ്രദ്ധേയം. സുപ്രധാനമായ ശാസ്ത്ര സംഭാവനകൾ നടത്തിയാൽ മാത്രം പോരാ , കമ്മിറ്റി പരിഗണിക്കുന്നത് വരെ ജീവിച്ചിരിക്കുന്നെങ്കിൽ മാത്രമേ പരിഗണന ലഭിക്കുകയുള്ളു. റോസലിൻഡ് ഫ്രാങ്ക്ളിന് നൊബേൽ ലഭിക്കാതെ പോയത് അവർ ജെയിംസ് വാട്സൺ, ഫ്രാൻസിസ് ക്രിക്ക്, മൗറിസ് വിൽക്കിൻസ് എന്നിവർക്ക് നോബൽ നൽകുന്നതിന് നാല് വർഷം മുമ്പ് മരണ​പ്പെട്ടതുകൊണ്ടാണെന്ന് ​ കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു .​ എന്നാൽ 2011 ൽ വൈദ്യ ശാസ്ത്രത്തിനുള്ള  നൊബേൽ റാൽഫ് സ്റ്റീൻമാന് ​ ​മരണാന്തര നൊബേൽ ആയിട്ടാണ് നൽകിയത്. അവാർഡിന് പരിഗണിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോൾ മരണപ്പെടുകയാണെങ്കിൽ നൊബേൽ നൽകാൻ നിയമം അനുശാസിക്കുന്നുവെന്ന്  കമ്മിറ്റി ​വാദിച്ചു . നമ്മുടെ മഹാത്മാ ഗാന്ധിക്ക് എന്തുകൊണ്ട് നൊബേൽ നൽകിയില്ല എന്നതിനും ഇതേ ഉത്തരമാണ് നൊബേൽ കമ്മിറ്റി നൽകിയത്. ആ തീരുമാനത്തിൽ പിന്നീട് കമ്മിറ്റി ഖേദം പ്രകടിപ്പിച്ചെങ്കിലും. ഇങ്ങനെ നോക്കുമ്പോൾ  2019 ൽ  രസതന്ത്ര നൊബേൽ ലഭിച്ച 97 കാരനായ ജോൺ ഗൂഡിനഫ് തന്റെ ദീർഘായുസ്സിനോട് തീർച്ചയായും നന്ദി പറയേണ്ടതായി വരും.

Source: Nobel Foundation

ഏക /ഏകാന്ത പ്രതിഭ സങ്കല്പത്തിൽ അധിഷ്ഠിതമായ ശാസ്ത്ര നോബേൽ​ ചരിത്രം ​പരിശോധിച്ചാൽ കാണുന്ന മറ്റൊരു വസ്തുത ഈ പ്രതിഭകൾ മിക്കപ്പോഴും വെളുത്തവരും പുരുഷന്മാരുമാണ് എന്നുള്ളതാണ്. 120 വർഷത്തെ ശാസ്ത്ര​ ​നോബൽ  ജേതാക്കളിൽ മൂന്ന് ശതമാനത്തിൽ താഴെ മാത്രമാണ് സ്ത്രീകൾ, ​അതിൽ തന്നെ കറുത്ത വർഗക്കാരിയായ ​ ഒരു സ്ത്രീക്ക് മാത്രമേ ​നൊബേൽ  ലഭിച്ചിട്ടുള്ളൂ​.​വൈദ്യശാസ്ത്ര  നൊബേൽ  ആകെ 224 വിജയികൾക്ക്  നൽകിയപ്പോൾ  അതിൽ 12 എണ്ണം മാത്രമാണ്  സ്ത്രീകൾക്ക് ലഭിച്ചത്.  രസതന്ത്ര നൊബേലിന്റെ 188 മൊത്തം ജേതാക്കളിൽ 7 സ്ത്രീകളാണ് ഇതുവരെയുള്ളത്. 1901 മുതൽ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച 219 ജേതാക്കളിൽ നാല് പേർ മാത്രമാണ് സ്ത്രീകൾ. കഴിഞ്ഞ വർഷം താരതമ്യേന ഭേദപ്പെട്ട ഒരു വർഷമായിരുന്നു ഇക്കാര്യത്തിൽ.  11 നൊബേൽ പുരസ്കാരങ്ങളിൽ 4 എണ്ണം സ്ത്രീകൾക് ലഭിച്ചു. അതിൽ തന്നെ ആദ്യമായി രസതന്ത്ര നൊബേൽ രണ്ടു വനിതകൾക്ക് മാത്രമായി ലഭിച്ചു. എന്നാൽ ഇത്തവണത്തെ ശാസ്ത്ര നോബേൽ പ്രഖ്യാപിച്ചപ്പോൾ അതിൽ സ്ത്രീകൾ ആരും തന്നെ ഇല്ല. ശാസ്ത്ര സംഭാവനകൾ മാത്രം സുതാര്യമായി മാനദണ്ഡമാക്കുന്നിടത്ത്   സ്ത്രീകളെ  പ്രത്യേകമായി പരിഗണിക്കേണ്ടതില്ല . ആത്യന്തികമായി, നൊബേൽ വിജയികളുടെ ലിംഗ ഘടനയുടെ പ്രശ്നം  സാമൂഹികമായ സ്ത്രീ-പുരുഷ ലിംഗ അസമത്വത്തിന്റെ പ്രതിഫലനം ലളിതമായി വിളിച്ചോതുക മാത്രമേ ചെയ്യുന്നുള്ളു .  ശാസ്ത്ര നൊബേൽ ജേതാക്കളിലെ ലിംഗ വിടവ്  ഉടലെടുക്കുന്നത്  ശാസ്ത്ര സാങ്കേതിക മേഖലകളിൽ , പ്രത്യേകിച്ച് അക്കാദമിക് രംഗത്ത് പുരുഷന്മാരെ അപേക്ഷിച്ച് ഇന്നും സ്ത്രീകളുടെ പ്രാതിനിധ്യം  ഇന്നും താരതമ്യേന  കുറവായതുകൊണ്ടാണ്. സ്ത്രീകളായ വിജയികളുടെ എണ്ണവും അതിനാൽ അനുപാതികമായേ പ്രതീക്ഷിക്കേണ്ടതുള്ളൂ. അതുകൊണ്ട് നൊബേൽ സമ്മാനം പ്രഖ്യാപിക്കുന്ന വേളയിൽ മാത്രം  സ്ത്രീകൾക് നൊബേൽ ലഭിക്കുന്നില്ല എന്ന തോന്നൽ  ഈ വിടവ് നികത്താൻ ഇനിയും പരിശ്രമിക്കേണ്ടിയിരിക്കുന്നു എന്നാണ് ഓർമപ്പെടുത്തുന്നത്.  യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോ യുടെ കണക്കു പ്രകാരം 1970 ൽ 8 ശതമാനം സ്ത്രീകൾ ശാസ്ത്ര സാങ്കേതിക അക്കാഡമിക് മേഖലയിൽ ഉണ്ടായിരുന്നപ്പോൾ 2019 ൽ അത് 27 ശതമാനം ആയിട്ടുണ്ട് . ഇനിയും അത് മെച്ചപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇതിലും​ ​പരിതാപകരമാണ്കറുത്തവർഗക്കാരായ ജേതാക്കളുടെ  എണ്ണം .നൊബേലിന്റെ 120 വർഷത്തെ ചരിത്രത്തിൽ കറുത്ത വർഗക്കാരായ ഒരാൾക്കും  ശാസ്ത്ര വിഭാഗത്തിൽ സമ്മാനം ലഭിച്ചിട്ടില്ല​.ഈ വർഷം ആദ്യം ​ബെയ്‌റൂട്ടിലെ അമേരിക്കൻ സർവകലാശാല ​പ്രസിദ്ധീകരിച്ച ഒരു  പഠനം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ലഭിച്ച 141 മുൻനിര ശാസ്ത്ര പുരസ്കാരങ്ങൾ വിശകലനം ചെയ്യുകയും​ , ശാസ്ത്ര രംഗത്തെ പ്രധാന അവാർഡുകളിൽ ഗവേഷണങ്ങൾ  മെച്ചപ്പെട്ട ഗുണനിലവാരം പുലർത്തിയാൽ കൂടി  പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് പ്രധാന അവാർഡുകൾ നേടാനുള്ള സാധ്യത വളരെ കുറവാണെന്ന് കണ്ടെത്തി. വ്യവസ്ഥാ​പിതമായ  ​സ്ത്രീപുരുഷ അസമത്വവും വംശീയതയുമെല്ലാം സ്ത്രീകളുടെയും വെള്ളക്കാരല്ലാത്തവരുടെയും നൊബേൽ സമ്മാനങ്ങളിലെ പ്രാതിനിധ്യം തുലാസിലാക്കുന്നു.

Source: UN Women Twitter handle


നൊബേൽ സമ്മാനം ഇത്രയധികം അംഗീകരിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ഇതൊരു വലിയ സംഭവമായി ലോകം മുഴുവൻ കണക്കാക്കപ്പെടുകയും  ചെയ്യുമ്പോഴാണ് ഇത്തരം സമ്മാനങ്ങൾ നിർണയിക്കുന്നതിൽ ഉള്ള അശാസ്ത്രീയതകൾക്കുള്ള  പ്രസക്തി.  വ്യകതിപരമായി നൽകുന്ന ഇത്തരം സമ്മാനങ്ങൾ സാമൂഹിക അംഗീകാരങ്ങൾ കൂടിയാണ്. നിർഭാഗ്യവശാൽ നോബൽ ജേതാക്കൾ പലരും പിന്നീട് കപട ശാസ്ത്രങ്ങളുടെയും വംശീയ വെറിയുടെയും ഒക്കെ വക്താക്കളായത് നമുക്ക് കാണാവുന്നതാണ്.  നൊബേൽ ഡിസീസ് അഥവാ നൊബേലിറ്റിസ് എന്നാണീ പ്രവണതക്ക് പറയുന്നത്. ഉദാഹരണത്തിന്, ട്രാൻസിസ്റ്ററിന്റെ  കണ്ടുപിടുത്തതിന് 1956 ലെ ഭൗതികശാസ്ത്ര സമ്മാനം ലഭിച്ച വില്യം ഷോക്ക്ലി, പിന്നീട വംശീയ വെറിയുടെയും വർഗോന്നതിയുടെയും വക്താവായി.  ആഫ്രിക്കൻ അമേരിക്കക്കാർ ഐക്യു കുറവ് ഉള്ളവരാണെന്നും അവർ  വന്ധ്യംകരിക്കപ്പെടണമെന്നും അദ്ദേഹം വിശ്വസിക്കുകയും വാദിക്കുകയും ചെയ്തു.  ഇതിന് ഉപോൽബലകമായി ആഫ്രിക്കക്കാർ ശരാശരിയേക്കാൾ ബുദ്ധി കുറഞ്ഞവരാണെന്നും ജെയിംസ് വാട്സൺ അവകാശപ്പെട്ടു . 1954 ലെ രസതന്ത്ര നൊബേൽ ലഭിച്ച ലീനസ് പോളിംഗ് വലിയ അളവിൽ (സാധാരണ ഡോസിന്റെ 120 മടങ്) വിറ്റാമിൻ സി കഴിക്കുന്നത്  സ്‌കീസോഫ്രീനിയ, കാൻസർ മുതലായ രോഗങ്ങൾ ശമിപ്പിക്കുമെന്ന്  യാതൊരു ശാസ്ത്രീയ പിൻബലവുമില്ലാതെ വാദിച്ചു. ലോകമെമ്പാടുമുള്ള എല്ലാ ബയോളജി ലാബുകളിലും ഉപയോഗിക്കുന്ന പിസിആർ സൃഷ്ടിച്ചതിന് 1993 ൽ രസതന്ത്ര സമ്മാനം ലഭിച്ച കാരി മുള്ളിസ് ജ്യോതിഷത്തിന്റെ ഒരു വക്താവായി മാറി. ആഗോള താപനം എന്നൊരു പ്രതിഭാസം ഇല്ലെന്ന് വാദിച്ചു.


​ശാസ്ത്ര നൊബേലുകൾ ശാസ്ത്രമൂല്യത്തിന്റെ അവസാന വാക്കാണെന്നും അത് ലഭിക്കുന്ന ഏക പ്രതിഭകൾ ശാസ്ത്രത്തിന്റെ അപ്പോസ്തലന്മാരുമാണെന്ന് കരുതുന്ന ഒരു പ്രവണത​ നമ്മൾ മാറ്റേണ്ടതുണ്ട്. മറ്റേതു മേഖലയിലെയും പുരസ്‌കാരങ്ങൾ നിർണയിൽക്കുന്നതിലെ അപാകതകളും അശാസ്ത്രീയതകളും വൈകല്യങ്ങളും നൊബേൽ സമ്മാനത്തിന്റെ കാര്യത്തിലും ഉണ്ട് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. 

References:

  1. https://www.smithsonianmag.com/smart-news/the-nobel-gender-gap-widens-as-no-women-awarded-science-prizes-180978835/
  2. https://en.wikipedia.org/wiki/Nobel_disease
  3. The gender gap in highly prestigious international research awards, 2001–2020, https://doi.org/10.1162/qss_a_00148
  4. https://en.wikipedia.org/wiki/Nobel_Prize_controversies
  5. https://www.theatlantic.com/science/archive/2017/10/the-absurdity-of-the-nobel-prizes-in-science/541863/
  6. Combined Measurement of the Higgs Boson Mass in pp Collisions at square root of s=7 and 8 Te with the ATLAS and CMS Experiments, PRL 114, 191803 (2015)

ജപ്പാനിലെ ഹൈഡ്രജൻ ഒളിമ്പിക്‌സ്

ചെറിയ, ചെറിയ , വലിയ കാര്യങ്ങൾ കൊണ്ട് എപ്പോഴും ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാറുള്ള ഒരു രാജ്യമാണ് ജപ്പാൻ. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള അതിജീവനത്തിന്റെ പാരമ്പര്യമുള്ള, തുടരെ തുടരെ ശക്തമായ ഭൂചലനങ്ങളും, സൂനാമികളും അതിന്റെ പരിണത ഫലമായുണ്ടായ ഫുക്കുഷിമ പോലുള്ള ആണവ ദുരന്തങ്ങളും, അഗ്നിപർവത സ്പോടനങ്ങളുമൊക്കെയുണ്ടായിട്ടും  അതിനെയൊക്കെ  അഭൂതപൂർവമായി, ദ്രുതഗതിയിൽ അതിജീവിച്ചു ലോകത്തിന് മാതൃകയായ ജപ്പാൻ ജനത. മാത്രവുമല്ല, നമ്മുടെ ജീവിതം ഇന്ന് കാണുന്ന രീതിയിൽ സുഗമമാക്കിയ ഒട്ടനവധി കണ്ടുപിടുത്തങ്ങൾ സംഭാവന ചെയ്ത രാജ്യം കൂടിയാണ് ജപ്പാൻ. ഉദാഹരണത്തിന്, നമ്മുടെ കൈയിലുള്ള മൊബൈൽ  ഫോണുകളിലുള്ള ലിഥിയം അയോൺ ബാറ്ററി (സോണി), ഇലക്ട്രോണിക് കാൽക്കുലേറ്റർ, ക്യാമറ, ലാപ്ടോപ്പ് (ടോഷിബ) , എൽ ഇ ഡി ലൈറ്റുകൾ, ക്യൂ ആർ  കോഡ്, അജിനോമോട്ടോ, എന്തിനേറെ പറയുന്നു, നമ്മളിന്ന് യഥേഷ്ടം എടുത്ത് പെരുമാറുന്ന ഇമോജികൾ ആദ്യം ആവിഷ്കരിച്ചത് ജപ്പാൻ ആണ്.ഇതുകൊണ്ടൊക്കെയായിരിക്കണം, ഒരാൾ കേമൻ/കേമത്തി ആണെന്നുള്ളതിന് “ആള് ജപ്പാനാ! ” എന്ന് ചില  നാട്ടിൻപുറങ്ങളിൽ പറയാറുള്ളത്!

മാതൃകകളുടെ ലിസ്റ്റ് ഈ വർഷം ഒന്നുകൂടി പുതുക്കാൻ ഒരുങ്ങുകയാണ് ജപ്പാൻ. മുപ്പത്തിരണ്ടാം ഒളിമ്പിക്സിന് ടോക്കിയോയിൽ ആതിഥേയത്വം വഹിക്കാൻ പോകുന്നത് ജപ്പാനാണ്. 2020 ജൂലൈയിലായിരുന്നു നടക്കേണ്ടിയിരുന്നതെങ്കിലും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 2021 ജൂലൈയിലേക്ക് മാറ്റിവെക്കുകയായിരുന്നു. കോവിഡ് രോഗികളുടെ എണ്ണത്തിൽ നിലവിലൊരു വർധന ദൃശ്യമാകുന്നുണ്ടെങ്കിലും  ഇത്തവണ ഒളിമ്പിക്സ്  വിജയകരമായിത്തന്നെ  സംഘടിപ്പിക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് ജാപ്പനീസ് സർക്കാർ. ലോകത്തിൻ്റെ കായിക മാമാങ്കത്തിന് സുരക്ഷിതമായ വേദിയും വിരുന്നുമൊരുക്കേണ്ടതുണ്ട് എന്നുള്ളതിനാൽ തന്നെ ഇതിനോടകം രാജ്യം കർശന നിയന്ത്രണങ്ങളിലും ജാഗ്രതയിലുമായിക്കഴിഞ്ഞു. എന്നാൽ ഇതിൽ നിന്നെല്ലാം വിഭിന്നമായി ജപ്പാന്റെ ഈ നിശ്ചയദാർഢ്യത്തിനു പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്:  പാരമ്പര്യേതര ഊർജ്ജ മേഖലയിൽ  സ്വയംപര്യാപ്തത  കൈവരിച്ച ഒരു രാജ്യമായി ജപ്പാനെ പ്രതിനിധീകരിക്കാൻ ഇതിലും മികച്ച ഒരു സുവർണാവസരം ഈ ഒളിമ്പിക്‌സിലല്ലാതെ ജപ്പാന് ഇനി വരാനില്ല .ഫോസിൽ ഇന്ധനങ്ങളിന്മേലുള്ള ആശ്രയത്വവും കാർബൺ ഉത്സർജനവും പരമാവധി ഒഴിവാക്കി, ഹൈഡ്രജൻ എന്ന അക്ഷയ ഊർജ സ്രോതസ്സിന്റെ പ്രസക്തിയും സാധ്യതകളും ഈ ഒളിമ്പിക്സിൽ ലോകത്തിനു മുന്നിൽ തുറന്നു കാണിച്ച് ഒരു “ഹൈഡ്രജൻ സമൂഹ”ത്തിന്റെ പുതിയ മാതൃകയാവാൻ ഒരുങ്ങുകയാണ്  ജാപ്പനീസ് സർക്കാർ .ഒളിമ്പിക്സ് ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു ഉദ്യമം എന്നതും ശ്രദ്ധേയം.   
2011 മുമ്പ് ജപ്പാനിലെ മൊത്തം ഊർജോല്പാദനത്തിന്റെ 30 ശതമാനം ആണവോർജ്ജത്തിൽ നിന്നായിരുന്നു. എന്നാൽ 2011 ലെ  ഫുകുഷിമ ആണവ ദുരന്തത്തിന് ശേഷം ഇത് ഗണ്യമായി കുറഞ്ഞു കേവലം 2 ശതമാനമായി. പകരം ഫുകുഷിമയിൽ നിന്ന് തന്നെ രാജ്യത്തിന് വേണ്ട ഊർജം ഹൈഡ്രജൻ ഇന്ധന സാങ്കേതിക വിദ്യയിലൂടെ ഉല്പാദിപ്പിക്കാൻ ജാപ്പനീസ് സർക്കാർ മുൻകൈയെടുത്തു പദ്ധതികൾ പ്രാവർത്തികമാക്കി. രാജ്യത്തിൻറെ ഭാവി ഹൈഡ്രജൻ ഊർജ്ജത്തിലാണെന്നുള്ള സന്ദേശം നൽകി. 2050 ഓടുകൂടി പൂർണമായും ഹരിതഗൃഹ വാതകങ്ങളുടെ ഉത്സർജനം ഒഴിവാക്കുകയെന്നുള്ള ലക്ഷ്യത്തിലാണ് ജപ്പാൻ . ജപ്പാന്റെ ഭൂപ്രകൃതിയനുസരിച്ച് പാരമ്പര്യേതര അക്ഷയ ഊർജ സ്രോതസ്സുകളായ സൗരോർജ നിലയങ്ങളും കാറ്റാടിപ്പാടങ്ങളും നിർമിക്കുന്നതിന് പരിമിതികളുണ്ട്. ഇതിനെ തുടർന്നാണ് ഹൈഡ്രജൻ ഇന്ധന സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ ജപ്പാൻ പ്രയോജനപ്പെടുത്താൻ തീരുമാനിക്കുന്നത്. 

ഹൈഡ്രജൻ ദീപശിഖാ പ്രയാണം 

ലോകരാജ്യങ്ങൾക്ക് പ്രചോദനമായേക്കാവുന്ന ഈ ഉദ്യമത്തിന്റെ ആദ്യപടിയായി, ഭാഗികമായി ഹൈഡ്രജൻ ഇന്ധന സാങ്കേതികവിദ്യയുപയോഗിച്ചു  പ്രവർത്തിക്കുന്ന ഒളിമ്പിക് ദീപശിഖാ (olympic  torch) പ്രയാണം ഫുകുഷിമയിൽ നിന്നും ആരംഭിച്ചു കഴിഞ്ഞു. സൗരോർജ്ജമുപയോഗിച്ചുൽപ്പാദിപ്പിച്ച ഹൈഡ്രജൻ ആണ് ഈ ദീപശിഖ തെളിയിക്കാൻ ഉപയോഗപ്പെടുത്തുന്നത്. യാത്രയിലുടനീളം ഹൈഡ്രജൻ ഉപയോഗിച്ച് തന്നെയായിരിക്കും ദീപശിഖ ഭാഗികമായി തെളിയിക്കുന്നത്.  

‘ഹൈഡ്രജൻവൽക്കരിച്ച’  ഒളിമ്പിക് ഗ്രാമങ്ങൾ

ലോകരാജ്യങ്ങളിൽ നിന്നെമ്പാടുമായി   ആയിരക്കണക്കിന്  കായികതാരങ്ങളുടെ ടീമുകളും  മാധ്യമപ്രവർത്തകരുമെല്ലാം  ഒളിമ്പിക്സിനായി ഒത്തുചേരുന്ന ഇടമാണ് ഒളിമ്പിക് ഗ്രാമങ്ങൾ. ഇത്തവണ ഇവർക്കുള്ള  താമസത്തിനും ഗതാഗത  സൗകര്യങ്ങൾക്കും വേണ്ട ഊർജം മുഴുവനും  ഹൈഡ്രജൻ ഇന്ധനമുപയോഗിച്ചായിരിക്കും ഉല്പാദിപ്പിക്കുന്നത് എന്നതാണ് പ്രത്യേകത. ഇതിനായി ഹൈഡ്രജൻ ഇന്ധനമുപയോഗിച്ചു പ്രവർത്തിക്കുന്ന 100 ബസ്സുകളും 500 കാറുകളുമാണ് സംഘാടകർ ഒരുക്കുന്നത്. ‘സൊറ’ എന്ന മോഡലിൽ  അറിയപ്പെടുന്ന  ഹൈഡ്രജൻ ബസ്സുകളിൽ ഘടിപ്പിച്ചിട്ടുള്ളത് പത്ത് ടാങ്കുകളിലായി സംഭരിച്ചുവെക്കാവുന്ന 600 ലിറ്ററോളം ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന 111 കിലോവാട്ട് ഫ്യുവൽ സെല്ലുകളാണ്. ഇതിനു പുറമെ അടിയന്തിര ഘട്ടങ്ങളിൽ  ഉപയോഗിക്കാൻ 235 കിലോവാട്ടവർ ഊർജം ബാഹ്യമായും ശേഖരിച്ചു വെച്ചിട്ടുണ്ട്. ടോക്യോ നഗരത്തിൽ മാത്രമായി ഇത്തരം കാറുകൾക്കും ബസുകൾക്കും ഹൈഡ്രജൻ നിറക്കാനായി ഒളിമ്പ്കസിനോടനുബന്ധിച്ച്  ടോക്യോ മെട്രോപൊളിറ്റൻ ഗവൺമെന്റ്  35 ഓളം ഹൈഡ്രജൻ കേന്ദ്രങ്ങളും 2025 ഓടുകൂടി അധികമായി 80 കേന്ദ്രങ്ങളും നിർമിക്കാനും  ഒരു ലക്ഷം ഹൈഡ്രജൻ കാറുകൾ നിരത്തിലിറക്കാനും തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തിൻറെ മറ്റു ഭാഗങ്ങളിൽ ഇന്നുള്ള 130 ഹൈഡ്രജൻ കേന്ദ്രങ്ങൾക്ക് പുറമെ 150ഓളം കേന്ദ്രങ്ങളും അധികമായും  നിർമിക്കും. വാണിജ്യാടിസ്ഥാനത്തിൽ ഹൈഡ്രജൻ ഇന്ധനമുപയോഗിച്ചു പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ കാറായ ‘മിറായ്’ നിർമിച്ചതും ജാപ്പനീസ്  കമ്പനിയായ ടോയോട്ടയാണ് .ജാപ്പനീസ് ഭാഷയിൽ ‘മിറായ്’ എന്നാൽ ‘ഭാവി’ എന്നാണർത്ഥം.ടൊയോട്ട തന്നെയാണ് ടോക്യോ ഒളിമ്പിക്സിന്റെ മുഖ്യ പ്രായോജകരും. കൂടാതെ ഒളിമ്പിക് ഗ്രാമങ്ങളിലേക്കുള്ള  ഗാർഹികാവശ്യത്തിനുള്ള വൈദ്യുതിയും ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ചാണ് ഉല്പാദിപ്പിക്കുന്നത്. ഒളിമ്പിക്സിന് ശേഷം ഹൈഡ്രജൻ ഇന്ധനമുപയോഗിച്ച വൈദ്യുതവൽക്കരിക്കപ്പെട്ട ഒളിമ്പിക്സ് ഗ്രാമങ്ങളിലെ 4100 വീടുകൾ പൊതുജനത്തിനായി തുറന്നു കൊടുക്കും. ഇത്തരത്തിലുള്ള എല്ലാ വീടുകളിലേക്കും ഹൈഡ്രജൻ പൈപ്പ് ലൈനുകൾ ഉണ്ടായിരിക്കും.

എന്താണ് ഹൈഡ്രജൻ ഇന്ധന സാങ്കേതിക വിദ്യ ?

ഹൈഡ്രജൻ-ഓക്സിജൻ ഫ്യുവൽ സെല്ലുകൾ രാസോർജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന വൈദ്യുതരാസ സെല്ലുകളാണ്.ഒരു ഫ്യുവൽ സെല്ലിൽ രണ്ടു ഇലക്ട്രോഡുകളാണുള്ളത്.നെഗറ്റീവ് ചാർജ് ഉള്ള ഇലക്ട്രോഡായ ആനോഡും പോസിറ്റീവ് ഇലക്ട്രോഡ് ആയ കാഥോഡും. ഇവക്കിടയിൽ അയോൺ ചാലകങ്ങളായി ഇലക്ട്രോലൈറ്റും ഉണ്ട് . ഇന്ധനമായി ഹൈഡ്രജൻ ആനോഡിലേക്കും ഓക്സിജൻ കാഥോഡിലേക്കും കടത്തിവിടുമ്പോൾ ആനോഡിലെ ഉൽപ്രേരകം ഹൈഡ്രജൻ തന്മാത്രകളെ പ്രോട്ടോണുകളും ഇലക്ട്രോണുകളുമായി വിഘടിപ്പിക്കുന്നു. ഇതിൽ ഇലക്ട്രോണുകൾ ബാഹ്യ സർക്യൂട്ടിലൂടെയും (വൈദ്യുതി) പ്രോട്ടോണുകൾ ഇലക്ട്രോലൈറ്റിലൂടെയും കാഥോഡിലേക്ക് പ്രവഹിക്കുന്നു. കാഥോഡിനടുത്തെത്തിയ പ്രോട്ടോണുകൾ ഓക്സിജനും ഇലക്ട്രോണുകളുമായി ചേർന്ന് ജലവും താപവും ഉല്പാദിപ്പിക്കുന്നു. കാഥോഡിലെ ഉൽപ്രേരകമാണ് ഈ പ്രക്രിയ ത്വരിതപ്പെടുത്തുന്നത്. ഇത്രയുമാണ് ഒരു ആനോഡും കാഥോടുമുള്ള ഒരു സിംഗിൾ ഫ്യുവൽ സെല്ലിന്റെ ഊർജോല്പാദന പ്രക്രിയ.ഇത്തരമൊരു സെല്ലിൽ നിന്ന് കേവലം ഒരു വോൾട്ടിൽ താഴെ മാത്രമേ വോൾട്ടജ് ലഭിക്കുകയുള്ളൂ. ഇത് നമ്മുടെ ഊർജ ആവശ്യങ്ങൾക്ക് വളരെ പരിമിതമായതുകൊണ്ട് സാധാരണയായി ഒന്നിലധികം സിംഗിൾ സെല്ലുകൾ സീരീസായി ഘടിപ്പിച്ചാണ് ഊർജോല്പാദനം നടത്താറുള്ളത്. സീരീസായി ഘടിപ്പിച്ച ഇത്തരം സെല്ലുകളെ ചേർത്ത് ഫ്യുവൽ സെൽ സ്റ്റാക്ക് എന്നാണ് വിളിക്കുന്നത്. അതിനാൽ തന്നെ ഹൈഡ്രജൻ  ഇന്ധനമുപയോഗിച്ചുള്ള ഫ്യുവൽ സെൽ വാഹനങ്ങളിൽ  കാണാൻ സാധിക്കുക ഫ്യുവൽ സെൽ സ്റ്റാക്കുകളായിരിക്കും. വൈദ്യുതിയോടൊപ്പം കേവലം ജലവും താപവും മാത്രമാണ് ഉപോൽപ്പന്നം എന്നുള്ളതുകൊണ്ടുതന്നെ ഹൈഡ്രജൻ ഫ്യുവൽ സെല്ലിൽ ഓടുന്ന വാഹനങ്ങളിൽ നിന്നും കാർബൺ ഉത്സർജനം ഉണ്ടാകുകയില്ല. കൂടാതെ  ശബ്ദരഹിതമായാണ് പ്രവർത്തനവും എന്നുള്ളതുകൊണ്ട് വാഹനങ്ങളിലെ യാത്രക്കാർക്ക് മികച്ച യാത്രാനുഭവവും ലഭിക്കും. ഹൈഡ്രജൻ ഇന്ധനമായുപയോഗിക്കുന്നതുകൊണ്ട് വേറെയും ഒരു മെച്ചമുണ്ട് . ഒരു കിലോഗ്രാം ഡീസലിൽ നിന്ന് 45.5 മെഗാജൂൾ ഊർജം ലഭിക്കുമ്പോൾ ഒരു കിലോഗ്രാം ഹൈഡ്രജനിൽ നിന്ന് 120 മെഗാജൂൾ ഊർജം ഉല്പാദിപ്പിക്കാൻ സാധിക്കും.

എന്തൊക്കെയാണ്  ഹൈഡ്രജൻ സാങ്കേതികവിദ്യ നേരിടുന്ന  വെല്ലുവിളികൾ?

ഹൈഡ്രജൻ ഇന്ധന സാങ്കേതികവിദ്യ  ഊർജരംഗത്തെ ഗവേഷകർക്കും ലോകരാജ്യങ്ങൾക്കും ആവേശം നൽകുന്നുണ്ടെങ്കിലും  ഈ സാങ്കേതികവിദ്യ സർവത്രികമാക്കുന്നതിന് ഒട്ടേറെ വെല്ലുവിളികൾ ഉണ്ട്. യഥാർത്ഥത്തിൽ, ഫ്യുവൽ സെല്ലിലേക്ക് നിറക്കുന്ന ഹൈഡ്രജന്റെ ഉല്പാദനം കൂടി കാർബൺ ഉത്സർജനരഹിതമായാലേ ഹൈഡ്രജൻ സാങ്കേതികവിദ്യ പൂർണമായും  ‘ഹരിത’മാകൂ. ജലത്തിന്റെ നേരിട്ടുള്ള വൈദ്യുത വിശ്ലേഷണമോ (electrochemical water splitting) സൗരോർജം ഉപയോഗിച്ച് ജലത്തിൻ്റെ വൈദ്യുത വിശ്ലേഷണം നടത്തിയോ (photoelectrochemical water splitting) ഹൈഡ്രജനും ഓക്സിജനും ഉല്പാദിപ്പിക്കുന്ന സാങ്കേതികവിദ്യ ഇതിനായി തെരഞ്ഞെടുക്കാവുന്നതാണ്. ഇത്തരത്തിൽ ഉല്പാദിപ്പിക്കുന്ന ഹൈഡ്രജനെ ‘ഹരിത ഹൈഡ്രജൻ’ എന്നാണ് വിശേഷിപ്പിക്കുന്നത് . ഫ്യുവൽ സെല്ലുകളും വൈദ്യുത വിശ്ലേഷണ സെല്ലുകളും (electrolysers) പരസ്പരപൂരകങ്ങളായി ഘടിപ്പിച്ചും പ്രവർത്തിപ്പിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിച്ചു  വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം ഹൈഡ്രജന്‍ തന്നെ ഉപോല്പന്നമായി ലഭിക്കും. മാത്രവുമല്ല ഈ സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോൾ  നിലവിലുള്ള ഫ്യുവല്‍ സെല്ലുകളുടെ ചെലവ് കുറക്കാനും സാധിക്കും. കൂടുതൽ ഗവേഷണങ്ങൾ ഈ മേഖലയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 


ഉത്പാദനത്തിലെ വെല്ലുവിളികൾക്ക്  പുറമെ ഹൈഡ്രജന്റെ മറ്റൊരു പ്രശ്നം ഇതിന്റെ സംഭരണവും ഉല്പാദന സ്ഥലത്തു നിന്ന് മറ്റിടങ്ങളിലേക്ക്  എത്തിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ്. ഹൈഡ്രജൻ വാതകരൂപത്തിലാണ് ഉല്പാദിപ്പിക്കുന്നതെങ്കിലും ശേഖരിച്ചു വെക്കുന്നതിനു കൂടിയ മർദ്ദത്തിലോ ദ്രവീകരിച്ചോ സിലിണ്ടറുകളിൽ നിറക്കേണ്ടതുണ്ട്.  ഈ പ്രക്രിയക്കും ഊർജം ആവശ്യമുണ്ട്. പലപ്പോഴും ഈ ഊർജം പാരമ്പര്യേതര ഊർജ സ്രോതസ്സുകളിൽ നിന്നാവണമെന്നുമില്ല. ഇതിനു ഒരു ബദൽ മാർഗമെന്നോണം രാസബന്ധനമുപയോഗിച്ചു ഹൈഡ്രജനെ ദ്രവരൂപത്തിൽ വഹിക്കാൻ കഴിയുന്ന ലിക്വിഡ് ഓർഗാനിക് ഹൈഡ്രജൻ കാരിയറുകളുപയോഗിച്ച് വരുന്നുണ്ട്. ആവശ്യാനുസരണം ഹൈഡ്രജൻ ആഗിരണം ചെയ്യുകയും വിട്ടുകൊടുക്കുകയും ചെയ്യാൻ കഴിവുള്ള കാർബണിക സംയുക്തങ്ങളാണിവ. ദ്രവരൂപത്തിലുള്ള അമോണിയ ആക്കിമാറ്റുക എന്നതും ഒരു മാർഗമാണ്.  എന്നാൽ ഇവയൊന്നും വാണിജ്യവത്കരിക്കപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത. 

ജപ്പാൻ ഒളിമ്പിക്സിന് വേണ്ട വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ മുഴുവൻ  ഹൈഡ്രജനും ഉല്പാദിപ്പിക്കുന്നത് സൗരോർജം ഉപയോഗിച്ചുള്ള ജലത്തിന്റെ വൈദ്യുത വിശ്ലേഷണത്തിലൂടെയാണ്. ഇത്തരത്തിൽ ഹൈഡ്രജൻ ഉല്പാദിപ്പിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉല്പാദന കേന്ദ്രം  ജപ്പാനിലെ ഫുകുഷിമയിലാണെന്ന നേട്ടം കൂടി ജപ്പാനുണ്ട്. അങ്ങനെ എല്ലാംകൊണ്ടും ഒരു സമ്പൂർണ ഹരിത ഹൈഡ്രജൻ ഒളിമ്പിക്സ് നടത്താനുള്ള അവസാനവട്ട തയ്യാറെടുപ്പിലും ശുഭപ്രതീക്ഷയിലുമാണ് ജാപ്പനീസ് സർക്കാർ. ലോകരാജ്യങ്ങൾക്കെല്ലാം പ്രചോദനമാകുന്ന ഒരു മാതൃകയാകുമിതെന്നുള്ളത് നിസ്തർക്കമാണ്. ഹൈഡ്രജൻ സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ ഇന്ത്യയും ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട് എന്നുള്ളതും ഈയവസരത്തിൽ ആശാവഹമാണ് . ഇതിനായി  2021-22 സാമ്പത്തിക വർഷത്തെ കേന്ദ്ര ബഡ്‌ജറ്റിൽ നാഷണൽ ഹൈഡ്രജൻ മിഷൻ (NHM ) എന്ന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.തുടർന്ന്,  ഇക്കഴിഞ്ഞ ഏപ്രിലിൽ  ഇന്ത്യയിലെയും ജപ്പാനിലെയും ഈ രംഗത്തെ ശാസ്ത്രജ്ഞർ  കൂടിയാലോചനകൾ നടത്തുകയുമുണ്ടായി. 2050 ഓട് കൂടി ഇന്ത്യയിലെ മൊത്തം ഹൈഡ്രജൻ ഉല്പാദനത്തിന്റെ 80 ശതമാനവും ഹരിത  ഹൈഡ്രജൻ ആക്കുകയാണ് ഈ പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം. 

അധിക വായനക്ക്:

  1. https://www.nature.com/articles/d42473-020-00546-6
  2. https://www.reuters.com/article/us-olympics-2020-torch-idUSKBN1ZQ0D5
  3. https://www.washingtonpost.com/climate-solutions/japan-hydrogen-energy-carbon/2021/04/13/0dd68e4e-9229-11eb-aadc-af78701a30ca_story.html
  4. https://hbr.org/sponsored/2021/03/how-japans-hydrogen-innovations-may-fuel-cleaner-days-ahead
  5. Japan’s Hydrogen Society Ambition: 2020 Status and Perspectives
  6. https://www.pib.gov.in/PressReleasePage.aspx?PRID=1712893

കണ്ണുവേണം നൈട്രജൻ എന്ന ‘പുതിയ കാർബണി’ൽ

കാലാവസ്ഥാ വ്യതിയാനം  എന്ന് കേൾക്കുമ്പോൾ  നമ്മുടെ മനസ്സിലുണ്ടാകുന്ന ഒരു സങ്കൽപം,  കാലം തെറ്റിയ പേമാരിയും  ആഗോള താപനവും അന്തരീക്ഷ മലിനീകരണവും   ഫാക്ടറികളുടെയും വാഹനങ്ങളുടെയും പുക തുപ്പുന്ന കുഴലുകളും ഒക്കെയാവും. ഹരിതഗൃഹ വാതകങ്ങളിൽ ഏറിയ അംശവും കാർബൺ ഡയോക്സൈഡ് ആയതുകൊണ്ട്  ‘ആസ്ഥാന  വില്ലൻ’ പട്ടം എക്കാലവും കാർബൺ ഡയോക്സൈഡിനാണ്. മനുഷ്യന്റെ ഇടപെടലുകൾ മൂലമുണ്ടായ കാർബൺ ഉത്സർജനത്തിന്റെ വർധിച്ച നിരക്ക് കുറച്ചു കൊണ്ടുവരാൻ  ലോകരാജ്യങ്ങൾ  കാർബൺ ഉത്സർജന നയരൂപീകരണങ്ങളിലൂടെയും  ശാസ്ത്രലോകം ഗവേഷണങ്ങളിലൂടെയും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ കാർബൺ ഡയോക്സൈഡിന് മുഖ്യധാരാ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഉച്ചകോടികളിലും ചർച്ചകളിലും അനുബന്ധ ഗവേഷണങ്ങളിലും  വലിയ അപ്രമാദിത്തമാണുള്ളത്.

കാർബൺ ഡയോക്സൈഡ് വേണ്ടുവോളം പരിഗണിക്കപ്പെട്ടപ്പോൾ, പാർശ്വവൽക്കരിക്കപ്പെട്ട, ചെറിയ തോതിൽ ഉത്സർജിക്കപ്പെടുന്ന മറ്റു സംയുക്തങ്ങളുടെ  നിലവിലെ സ്ഥിതിയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഈ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഇതൊക്കെ ചിന്തിക്കാൻ ആർക്കുണ്ട് നേരം, അല്ലെ? പറഞ്ഞു വരുന്നത്, നൈട്രജനെ കുറിച്ചാണ്. ഹരിതഗൃഹ വാതകങ്ങളുടെ സ്ഥിരം ലിസ്റ്റിൽ അനുപാതം കുറവുള്ള, ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്ന നൈട്രസ് ഓക്സൈഡ് ഉണ്ടെങ്കിലും കേവലം  നൈട്രസ് ഓക്സൈഡ് ഉത്സർജനത്തിൽ  ഒതുങ്ങി നിൽക്കുന്നതല്ല നൈട്രജന്റെ പങ്ക് . യഥാർത്ഥത്തിൽ, നൈട്രജൻ  കാർബൺ ഡയോക്സൈഡിനേക്കാൾ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കാൻ പര്യാപ്തമാണ്. നഞ്ചെന്തിനാ നന്നാഴി? എന്ന് പറയുന്നതുപോലെ.

ആഗോള കാർബൺ ചക്രം അസന്തുലിതമായ അതേ തോതിൽ നൈട്രജൻ ചക്രവും അസന്തുലിതമാക്കപ്പെട്ടു എന്നതാണ് വസ്തുത. എന്നാലോ,  വളരെ കുറച്ചു ചർച്ചകളും നയരൂപീകരണങ്ങളുമേ നൈട്രജൻ പാദമുദ്ര (nitrogen footprint) സംബന്ധിച്ച്  നടക്കുന്നുള്ളൂ. നൈട്രജൻ ചക്രത്തിൽ മനുഷ്യന്റെ ഇടപെടലുകൾ കാർബണിലെന്ന പോലെ ഒറ്റ നോട്ടത്തിൽ  ഗ്രഹിക്കാൻ കഴിയില്ല. കുറച്ചു കൂടി സങ്കീർണമാണത്. നമ്മുടെ കണ്ണിൽ പ്രത്യേകിച്ച് ഉപദ്രവകാരിയൊന്നുമല്ലാത്ത, നിറമോ മണമോ ഒന്നുമില്ലാത്ത ഒരു വാതകമാണ് ഭൗമാന്തരീക്ഷത്തിൽ 78 ശതമാനം അടങ്ങിയിരിക്കുന്ന നൈട്രജൻ. മാത്രവുമല്ല നമ്മുടെ ശരീരത്തിലെ അമിനോ ആസിഡുകൾ, പ്രോട്ടീനുകൾ , ഡി എൻ എ മുതലായവയുടെ ഘടനയിൽ നിർണായക പങ്കുള്ള മൂലകം കൂടിയാണ് നൈട്രജൻ. ക്രിയാശീലത വളരെ കുറവുള്ള നൈട്രജൻ തന്മാത്രയിൽ (N2 ) രണ്ട് നൈട്രജൻ ആറ്റങ്ങൾ ബന്ധിക്കപ്പെട്ടിരിക്കുന്നത് ശക്തമായ ത്രിബന്ധനത്തിലൂടെയാണ് (N≡N). അതിനാൽ തന്നെ ഇത്രയധികം നൈട്രജൻ നമുക്കുചുറ്റും ഉണ്ടെങ്കിലും N2 എന്ന അവസ്ഥയിൽ ജീവജാലങ്ങൾക്ക് ആവശ്യമായ നൈട്രജൻ നേരിട്ട്  ആഗിരണം ചെയ്യുക സാധ്യമല്ല. എങ്ങനെയെങ്കിലും  ഈ രാസ ബന്ധനത്തിന്റെ ശക്തി കുറച്ചേ പറ്റൂ. ഇതിന് പ്രകൃതി കണ്ടുപിടിച്ച വഴിയാണ് പയറുചെടികളുടെ  വേരുകളിലും മറ്റുമുള്ള ബാക്ടീരിയകളുടെ സഹായമുപയോഗിച്ചുള്ള നൈട്രജൻ സ്ഥിതീകരണ പ്രക്രിയ (ഇതിനു ഏറ്റവും സഹായകരമായ പ്രതിഭാസമാണ് ഇടിമിന്നൽ) . ഇതിലൂടെ അന്തരീക്ഷ നൈട്രജനെ ജീവജാലങ്ങൾക്ക് ആഗിരണം ചെയ്യാൻ പാകത്തിൽ  ക്രിയാശീലമുള്ള അമോണിയ, നൈട്രേറ്റ്, നൈട്രൈറ്റ്  മുതലായ സംയുക്തങ്ങളാക്കി മാറ്റാൻ സാധിക്കും.  ഇത്രയുമാകുമ്പോൾ നൈട്രജൻ ചക്രത്തിന്റെ ഒരുഭാഗമേ ആയുള്ളൂ. ചക്രം പൂർത്തിയാക്കണമെങ്കിൽ തിരിച്ച് നൈട്രജനെ വാതകമായി അന്തരീക്ഷത്തിലെത്തിക്കണം. അതിനും നമ്മുടെ പ്രകൃതിയിൽ സഹായികളുണ്ട് , മേല്പറഞ്ഞ പ്രക്രിയയുടെ വിപരീത  പ്രവർത്തനം ചെയ്യുന്ന ബാക്ടീരിയകൾ, അതായത് നൈട്രജനടങ്ങിയ സംയുക്തങ്ങളെ തിരിച്ച്നൈ ട്രജൻ വാതകമാക്കുന്ന ബാക്ടീരിയകൾ. അങ്ങനെ ഈ രണ്ടുതരം പ്രക്രിയകളിലൂടെയാണ്  നൈട്രജൻ ചക്രം പ്രവർത്തിക്കുന്നത്. മനുഷ്യരുടെ ഇടപെടലുകളില്ലെങ്കിൽ ഈ ചക്രം സുഗമമായങ്ങനെ മുന്നോട്ടു പോകും. 

നൈട്രജൻ ചക്രം. അവലംബം : Nature Reviews Chemistry volume 2, pages 278–289 (2018)

ഹേബർ പ്രക്രിയ വിപ്ലവം 

മനുഷ്യർ വ്യാപകമായി കൃഷിയാരംഭിച്ചതോടെ നൈട്രജൻ അടങ്ങിയ സംയുക്തങ്ങൾക്ക് വലിയ ആവശ്യകതയുണ്ടായി. പച്ചിലവളങ്ങളുപയോഗിച്ചാൽ വിലയുല്പാദനം വർധിക്കുന്നതായും അതിൽ തന്നെ വിളപര്യയം വഴി ഇടക്കാലത്തു പയറുചെടികൾ കൃഷിചെയ്യുന്നത് ഗുണഫലമുണ്ടാക്കുമെന്നും മനസ്സിലാക്കി. ജനസംഘ്യാനുപാതികമായി കൃഷിയുടെ തോത് വർധിച്ചതോടെ നൈട്രജൻ സംയുക്തങ്ങളുടെയും ആവശ്യകത വർധിച്ചു. പ്രകൃതിയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്നത് എളുപ്പമല്ലാതായതോടെ വ്യാവസായികമായി അന്തരീക്ഷ നൈട്രജനെ എങ്ങനെ അമോണിയയും നൈട്രേറ്റുമൊക്കെ ആക്കിമാറ്റാമെന്നുള്ള  ശാസ്ത്ര ഗവേഷണങ്ങൾ ആരംഭിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജർമൻ ശാസ്ത്രജ്ഞരായ ഫ്രിറ്റ്സ് ഹേബറും കാൾ ബോഷും ചേർന്ന് വ്യാവസായികമായി നൈട്രജനെ അമോണിയയാക്കി മാറ്റാനുള്ള കാര്യക്ഷമമായ  രാസപ്രക്രിയയായ ഹേബർ പ്രക്രിയ കണ്ടുപിടിച്ചു.    ഹേബർ പ്രക്രിയയിൽ നൈട്രജനും ഹൈഡ്രജനും ചേർന്ന് ഇരുമ്പ് ഉൽപ്രേരകത്തിന്റെ സാന്നിധ്യത്തിൽ അമോണിയ ആണ് ഉല്പാദിപ്പിക്കപ്പെടുന്നത് (രാസ സമവാക്യം താഴെ). 

N2 (g) + 3 H2 (g) <—> 2 NH3 (g)

ഹേബർ പ്രക്രിയയിലൂടെ നൈട്രജനടങ്ങിയ രാസവളങ്ങൾ വലിയ തോതിൽ ഉല്പാദിപ്പിക്കാൻ സാധിച്ചതോടെ വിളയുല്പാദനം പലമടങ്ങു വർധിച്ചു .ഇതുവഴി കാർഷിക രംഗം അഭിവൃദ്ധിപ്പെട്ടതോടെ ലോകം ആഘോഷിച്ച ഒരു കണ്ടുപിടുത്തമായി ഹേബർ പ്രക്രിയ മാറി. ആഗോള ഭക്ഷ്യസുരക്ഷ  ഉറപ്പുവരുത്തുന്നതിലും ലോകത്തിന്റെ പട്ടിണി മാറ്റുന്നതിലും  വലിയ പങ്കു വഹിച്ചു. ഹേബർ പ്രക്രിയയുടെ ഒരു അനന്തര ഫലമാണ് ജനസംഘ്യാ വിസ്ഫോടനം എന്ന് കാനഡയിലെ മാനിറ്റോബ സർവകലാശാലയിലെ വാട്സലാഫ് സ്‌മൈൽ എന്ന ഒരു ശാസ്ത്രഞ്ജൻ കൗതുകകരമായ ഒരു പഠനക്കുറിപ്പ് ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി.”ഡിറ്റണേറ്റർ ഓഫ് പോപുലേഷൻ എക്സ്പ്ലോഷൻ” എന്ന തലക്കെട്ടിലാണ്  1999 ൽ നേച്ചർ മാസികയിൽ ഇത് പ്രത്യക്ഷപ്പെട്ടത്. നൈട്രജൻ അടങ്ങിയ രാസവള ഉപഭോഗം 1961ൽ  11 മില്യൺ ടൺ ആയിരുന്നത്  2014ൽ  108 മില്യൺ ടൺ ആയി വർധിച്ചു.  ഇന്നും അമോണിയയുടെ വ്യവസായികോല്പാദനത്തിന്  പ്രധാനമായും  ഹേബർ പ്രക്രിയയെയാണ് ആശ്രയിക്കുന്നത്.  

ഹേബർ പ്രക്രിയ മനുഷ്യരാശിക്ക് വലിയ സംഭാവനയാണ് നൽകിയതെങ്കിലും പാരിസ്ഥിതികമായി ഈ പ്രക്രിയയ്ക്ക് ചില ദൂഷ്യ വശങ്ങളുണ്ട്. പ്രധാനമായി, ഈ പ്രക്രിയയിൽ നൈട്രജൻ സ്ഥിതീകരണം  നടക്കുന്നത്  അന്തരീക്ഷോഷ്മാവിലോ അന്തരീക്ഷ മർദ്ദത്തിലോ അല്ല എന്നുള്ളത് തന്നെ . 450 ഡിഗ്രി താപവും അന്തരീക്ഷോഷ്മാവിന്റെ 200 മടങ്ങ് മർദ്ദവും ഈ പ്രക്രിയക്കാവശ്യമാണ്. അതിനാൽ വലിയ അളവിൽ ഊർജം ആവശ്യം വരുന്നുണ്ട് . ഇതിനു ആശ്രയിക്കുന്നതോ ഫോസിൽ ഇന്ധനങ്ങളെയും. അപ്പോൾ കാർബൺ ഡയോക്സൈഡ് ഉത്സർജനം ഇതിന്റെ കൂടപ്പിറപ്പാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതിന് പുറമെ ഹേബർ പ്രക്രിയയുടെ അഭികാരകളിലൊന്നായ ഹൈഡ്രജൻ നിർമ്മിക്കുന്നത് പ്രധാനമായും മീഥേൻ വാതകത്തിന്റെ സ്റ്റീo റീഫോർമേഷൻ വഴിയാണ്. ഇതിനും പ്രത്യാഘാതങ്ങളുണ്ട്, പ്രത്യേകിച്ച് മീഥേനിന്റെ കൈകാര്യത്തിൽ.

നൈട്രജൻ സമസ്യയും പഠനങ്ങളും 

അധികമായുല്പാദിപ്പിക്കപ്പെടുന്ന അമോണിയ നൈട്രജൻ ചക്രത്തിന്റെ സന്തുലിതാവസ്ഥയെ സാരമായി ബാധിക്കുന്നുണ്ട്. ഇത്രയധികം നൈട്രജൻ സ്ഥിതീകരിച്ചു അമോണിയയാക്കുമ്പോൾ തിരിച്ചുള്ള പ്രവർത്തനത്തിലൂടെ അത്രയും നൈട്രജൻ അന്തരീക്ഷത്തിലെത്തുന്നുണ്ടോ എന്ന ചോദ്യം ഉയരുന്നുണ്ട് . ഇല്ല എന്ന് തന്നെയാണ് ഉത്തരം. മാത്രവുമല്ല അമോണിയയും മറ്റു നൈട്രജൻ വളങ്ങളും ജീവജാലങ്ങൾ 100 ശതമാനവും ആഗിരണം (Nitrogen uptake efficiency) ചെയ്യുമോ, ആഗിരണം ചെയ്യുന്നതിന്റെ 100 ശതമാനവും ഉപയോഗപ്പെടുത്താനുള്ള ശേഷിയുണ്ടോ (Nitrogen use efficiency) എന്നീ ചോദ്യങ്ങളും ഉണ്ട്. എന്നാൽ ഇത് രണ്ടും 50 ശതമാനത്തിൽ താഴെ മാത്രമേ വരുന്നുള്ളു എന്നതാണ് വസ്തുത. ഇങ്ങനെ നോക്കുമ്പോൾ സ്വാഭാവികമായും നൈട്രജൻ ചക്രം വലിയ തോതിൽ താറുമാറാക്കപ്പെടുന്നുണ്ട് എന്ന് കരുതാവുന്നതാണ്.   മനുഷ്യൻ്റെ സർവ ഇടപെടലുകൾക്കും അവയുടെ പരിണതഫലങ്ങൾക്കും ഭൂമിക്ക് ഉൾക്കൊള്ളാവുന്ന, ഒരു പരിധിയുണ്ട്. പ്ലാനെറ്ററി ബൗണ്ടറി (planetary boundary ) എന്നാണ് ഈ പരിധിയെ പറയുന്നത്. ഈ പരിധിക്കുള്ളിൽ നിന്നുകൊണ്ട് മനുഷ്യന്  ഭൂമിക്ക്  സുരക്ഷിതമായ രീതിയിൽ ഭൂമിയിന്മേൽ ഇടപെടലുകൾ നടത്താം എന്നാണ്  ആശയം. പ്രധാനമായും ഒമ്പത് ഘടകങ്ങൾ ആണ് പ്ലാനെറ്ററി ബൗണ്ടറിയുടെ കാതൽ. നൈട്രജൻ , ഫോസ്ഫറസ് ചക്രത്തിന്റെ സന്തുലിതാവസ്ഥ ( മനുഷ്യാവശ്യത്തിനായി ഉപയോഗപ്പെടുത്തിയ അന്തരീക്ഷ നൈട്രജന്റെ അളവിനാലും, സമുദ്രത്തിലേക്കുള്ള ഫോസ്ഫറസ്  ഒഴുക്കിന്റെ അളവിനാലും നിർണയിക്കപ്പെടുന്നത്) , കാലാവസ്ഥ വ്യതിയാനം( അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിനാലും ആഗോള ഊർജ ഉപഭോഗത്തിനാലും നിയന്ത്രിക്കപ്പെടുന്നത്), സമുദ്രങ്ങളുടെ അമ്ലവത്കരണം (കാർബണേറ്റ് അയോണിന്റെ ഗാഢതയാൽ നിശ്ചയിക്കപ്പെടുന്നത്),സ്ട്രാറ്റോസ്ഫിയറിലെ ഓസോൺ ശോഷണം (ഓസോണിന്റെ അളവിനാൽ നിർണയിക്കപ്പെടുന്നത്), അന്തരീക്ഷത്തിലെ ഏറോസോളുകളുടെ( ഖരത്തിന്റെയോ ദ്രാവകത്തിന്റെയോ സൂക്ഷ്‌മകണികകള്‍ ഒരു വാതകത്തില്‍ തങ്ങി നില്‍ക്കുന്ന അവസ്ഥ) അളവ്, ശുദ്ധജല ഉപഭോഗം, ഹിമരഹിത കരഭാഗങ്ങളെ കൃഷിഭൂമിയാക്കി പരിവർത്തനം ചെയ്യുന്നതിന്റെ അളവ്,ജൈവവൈവിദ്ധ്യത്തിലെ കുറവിന്റെ നിരക്ക്,രാസമലിനീകരണം എന്നിവയാണവ. പ്ലാനെറ്ററി ബൗണ്ടറിയുടെ പ്രധാന ഘടകങ്ങളിൽ നൈട്രജൻ ചക്രം ഉൾപെടുന്നതുകൊണ്ട് അതിന്റെ സന്തുലിതാവസ്ഥ പരിപാലിക്കുന്നതിന്‌ മറ്റു ഘടകങ്ങളുടെയത്രതന്നെ വലിയ പ്രസക്തിയുണ്ട് എന്ന് സാരം. പ്ലാനെറ്ററി ബൗണ്ടറി ആശയപ്രകാരം,  പ്രതിവർഷം പരമാവധി 62 മില്യൺ ടൺ  നൈട്രജൻ മാത്രമേ സ്ഥിതീകരിക്കാൻ പാടുകയുള്ളു. ഇന്ന് പ്രതിവർഷം 300 മില്യൺ ടൺ  നൈട്രജൻ സ്ഥിതീകരിക്കപ്പെടുന്നുണ്ടെന്നാണ് ഏകദേശക്കണക്ക്. ഇതിൽ പ്രകൃത്യാലുള്ളതും വ്യാവസായികമുള്ളതും പെടും. എന്നാൽ, തിരിച്ച് അന്തരീക്ഷത്തിലെത്തുന്നതിന്റെ അംശം 50 ശതമാനത്തിൽ താഴെ മാത്രമേ വരുന്നുള്ളൂ. 

നൈട്രജൻ മലിനീകരണത്തെ പറ്റി പതിറ്റാണ്ടുകളായി  ആഴത്തിൽ പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന  ഒരു ശാസ്ത്രജ്ഞനാണ് യു. കെ സെൻറ്റർ ഫോർ എക്കോളജി ആൻഡ് ഹൈഡ്രോളജിയിലെ പ്രൊഫ. മാർക്ക് സട്ടൻ. ആഗോളതലത്തിൽ ആദ്യമായി  നൈട്രജൻ ചക്രത്തിന്റെ നിജസ്ഥിതി സമഗ്രമായി വിലയിരുത്താനും, ഭാവിയിലുണ്ടാകാവുന്ന പ്രശ്നങ്ങൾ കണ്ടെത്താനും അതിനുള്ള പരിഹാര മാർഗങ്ങൾ നിർദേശിക്കാനും 2011 ൽ ഐക്യരാഷ്ട്രസഭയുടെ ഭാഗമായുള്ള യു. എൻ എൻവയോൺമെന്റ് പ്രോഗ്രാം (UNEP) നിയോഗിച്ചത് പ്രൊഫ.സട്ടനെയാണ്. ഇതിന്റെ ഭാഗമായി കാർബൺ ഡയോക്സൈഡ് കാര്യവഹണവുമായി ബന്ധപ്പെട്ട്  രൂപീകരിച്ച ഐ.പി.സി.സി ( Intergovernmental Panel on Climate Change) യുടെ അതെ മാതൃകയിൽ  പ്രൊഫ.സട്ടന്റെ നേതൃത്വത്തിൽ യു. എന്നിന്റെ സഹായത്തോടെ  ഇന്റർനാഷണൽ നൈട്രജൻ മാനേജ്‌മെന്റ് സിസ്റ്റം (International Nitrogen Management System (INMS)) എന്ന പേരിൽ ഒരു ബൃഹദ്‌പദ്ധതി രൂപീകരിക്കപ്പെട്ടു.നൈട്രജൻ പാദമുദ്രയുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ  ലഭ്യമായ എല്ലാ ഗവേഷണ റിപ്പോർട്ടുകളും ആഴത്തിൽ പരിശോധിച്ച ശേഷം മലിനീകരണം സാധ്യമാക്കുന്ന എല്ലാ വിധ കാരണങ്ങളും കണ്ടെത്തി ക്രോഡീകരിച്ച് രാജ്യങ്ങളുടെയും പൊതുസമൂഹത്തിന്റെയും  ശ്രദ്ധയിൽ കൊണ്ടുവരികയാണ് പ്രൊഫ.സട്ടനും കൂട്ടരും ചെയ്തുകൊണ്ടിരിക്കുന്നത്. രാസവളപ്രയോഗങ്ങൾ മൂലം കൃഷിയിടങ്ങളിൽ നിന്ന്  സമുദ്രങ്ങളിലേക്ക് വന്നു ചേരുന്ന അധിക നൈട്രജൻ ഉറവിടങ്ങളടക്കമുള്ള പ്രശ്നങ്ങൾ  മുഖ്യധാരയിൽ കൊണ്ടുവരാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ മുമ്പ് അധികം ശ്രദ്ധയിൽ പെടാതെ പോയ പല പുതിയ കാരണങ്ങളും ഇവരുടെ പഠനറിപ്പോർട്ടുകളിൽ  ചൂണ്ടിക്കാണിക്കുന്നുണ്ട്.   

എങ്ങനെയൊക്കെയാണ് നൈട്രജൻ ഭൂമിക്ക് ഹാനികരമാകുന്നത് ?

1. സമുദ്രങ്ങളിലെ ഡെഡ് സോണുകൾ:  കൃഷിയിടങ്ങളിൽ മഴ പെയ്യുമ്പോൾ രാസവളങ്ങൾ നിന്നും നൈട്രേറ്റുകൾ കടലുകളിലും സമുദ്രങ്ങളിലും  ഒഴുകിയെത്തുന്നതിന്റെ ഭാഗമായി ആൽഗകൾ ദ്രുതഗതിയിൽ വളരുമ്പോൾ ‘ആൽഗൽ ബ്ലൂം’ അല്ലെങ്കിൽ ‘കടൽക്കറ’  എന്ന പ്രതിഭാസത്തിന്  കാരണമാകുന്നു.ആല്‍ഗെ ക്രമാതീതമായി വര്‍ധിച്ചാല്‍ കടല്‍വെള്ളത്തിലെ ഓക്സിജന്‍ അനുപാതത്തില്‍ കുറവുവരികയും  ഉപരിതല മത്സ്യങ്ങക്ക് ജീവിക്കാൻ സാധ്യമാകാതെ വരികയും ചെയ്യും. മൺസൂണിനു ശേഷം കേരളത്തിലെ കടൽ തീരങ്ങളിൽ സാധാരണയായി വർണവ്യത്യാസം  (പച്ചനിറത്തിലുള്ള കടൽജലം)  കണ്ടുവരാറുള്ളത്  നൈട്രജൻ അടങ്ങിയ ധാതുക്കൾ ഒഴുകിയെത്തുന്നതുകൊണ്ടാണ്. ഇത്തരം  സമുദ്രപ്രദേശങ്ങളെ ‘ഡെഡ് സോൺ’ (dead zone) എന്നാണ് വിശേഷിപ്പിക്കുന്നത്. ലോകത്തിലെ സമുദ്രങ്ങളിൽ ഇത്തരത്തിൽ നാനൂറിൽ പരം ഡെഡ്  സോണുകളുണ്ട്. അതിലേറ്റവും പ്രസിദ്ധമായ വലിയൊരു ഡെഡ് സോണാണ്‌ വടക്കേ അമേരിക്ക് സമീപമുള്ള  ഗൾഫ് ഓഫ് മെക്സിക്കോയിലേത്. വെറും രണ്ടു പി.പി.എമ്മിൽ താഴെ   മാത്രമാണ്  അവിടുത്തെ ഓക്സിജന്റെ ഗാഢത. 

2. കൃഷിയിടങ്ങളുടെ അമ്ലവത്കരണം: മേല്പറഞ്ഞ നൈട്രേറ്റുകളുടെ ഒലിച്ചുപോക്കിനു മറ്റൊരു പ്രത്യാഘാതം കൂടിയുണ്ട്. മഴ പെയ്യുമ്പോൾ കൃഷിയിടങ്ങളിൽ നിന്ന്  ഒലിച്ചുപോകുന്ന  നൈട്രേറ്റുകൾ അതിനോടൊപ്പം മഗ്നീഷ്യവും കാൽസ്യവും കൂടി കൂടെ കൊണ്ടുപോകാൻ പ്രാപ്തരാണ്. ഇതിന്റെ ഫലമായി കൃഷിയിടങ്ങളിലെ മണ്ണിനു കൂടുതൽ അമ്ല സ്വഭാവം കൈവരികയും വിളകളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു . 

3.  അന്തരീക്ഷ മലിനീകരണം: വാഹനങ്ങളിൽനിന്നും വ്യവസായശാലകളിൽ നിന്നുമുള്ള നൈട്രിക് (NO), നൈട്രസ് (N2O)    ഉത്സർജനം നൈട്രജൻ മലിനീകരണത്തിന് കാരണമാകുന്നുണ്ട്. നൈട്രജൻ മലിനീകരണത്തിന്റെ സ്രോതസ്സുകളായും ഹരിത ഗൃഹ വാതകമായും നൈട്രസ് ഓക്സൈഡ്  താരതമ്യേന കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട് . ​നൈട്രസ് ഓക്സൈഡ് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളാണ് പ്രധാനമായും ഇതിൽ വരുന്നത്. 

4. ക്ഷാര സ്വഭാവമുള്ള  അന്തരീക്ഷ വായു :  താരതമ്യേന ക്ഷാരഗുണമുള്ള  അമോണിയയുടെ അളവ് ​വായുവിൽ  വർധിക്കുന്നത്  വായുവിന്റെ അമ്ലഗുണം കുറയാൻ കാരണമാകുന്നുണ്ട്. പ്രധാനമായും ഇത് ബാധിക്കുന്നത് ചതുപ്പ് പ്രദേശങ്ങളിൽ കാണുന്ന, വായുവിന്റെ അമ്ല ഗുണത്തെ ആശ്രയിച്ച് കഴിയുന്ന, കാർബൺ ഡയോക്സൈഡ് ശേഖരിക്കാൻ കഴിവുള്ള തരം പായലുകളെയാണ്. 

5. ഓസോൺ ശോഷണം: വാഹങ്ങളിൽ നിന്നുള്ള നൈട്രജനടങ്ങിയ ഓക്സൈഡുകൾ ഓസോൺ ശോഷണത്തിന് കാരണമാകുന്നുണ്ട്. കൂടാതെ ചില ബാക്റ്റീരിയകൾക്ക് മണ്ണിൽ അധികമുള്ള നൈട്രേറ്റുകളെ നൈട്രസ് ഓക്സൈഡ് ആക്കിമാറ്റുവാനുള്ള കഴിവുണ്ട്. ​സമുദ്രനിരപ്പിൽ നിന്ന്  വളരെ ഉയരമുള്ള പ്രദേശങ്ങളിൽ ഇത് സൂര്യനിൽ നിന്നുമുള്ള അൾട്രാ വയലറ്റ് രശ്മികളുമായി ചേർന്ന്  ​​പ്രവർത്തിച്ച് ​ഓസോൺ ശോഷണത്തിനു കാരണമാകുന്നുണ്ട്. ​നൈട്രസ് ഓക്സൈഡിന്റെ കാലാവധി 120 വർഷമാണ് എന്ന് കൂടി നമ്മൾ ഓർക്കണം. ​​

ആൽഗൽ ബ്ലൂം

നൈട്രജൻ മലിനീകരണം  യൂറോപ്യൻ യൂണിയന് പ്രതിവർഷം ഉണ്ടാക്കുന്ന ബാധ്യത 70 ബില്യൺ മുതൽ 320 ബില്യൺ യൂറോയാണ്. മേഖലാടിസ്ഥാനത്തിൽ അമേരിക്കക്കും യൂറോപ്യൻ യൂണിയനും ശേഷം നൈട്രജൻ മലിനീകരണത്തെ കുറിച്ച് ഇന്ത്യയും പഠനങ്ങൾ നടത്തിയിട്ടുണ്ട്. ​ഇതിനോടനുബന്ധിച്ച് 2017ൽ  ഇന്ത്യൻ ശാസ്ത്രജ്ഞരുടെ ഒരു സംഘം ‘ഇന്ത്യൻ നൈട്രജൻ അസ്സെസ്സ്മെന്റ്  (INA​)’ എന്നൊരു  പഠനറിപ്പോർട്ട് പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഐ.എൻ.എ യുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ നൈട്രജൻ മലിനീകരണത്തിന്റെ  പ്രധാന  സ്രോതസ്സ്  കൃഷിയിടങ്ങൾ  തന്നെയാണ്. നെല്ല്, ഗോതമ്പ് കൃഷികൾക്കാണിതിൽ മുഖ്യ പങ്ക്. ഫെർട്ടിലൈസർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കണക്കു പ്രകാരം  ഇന്ത്യയുടെ വാർഷിക നൈട്രജൻ വള ഉപഭോഗം  17 മില്യൺ ടൺ ആണ്.  എന്നാൽ ഇതിന്റെ 33 ശതമാനം മാത്രമേ നെൽവയലുകളിലും ഗോതമ്പുപാടങ്ങളിലും നൈട്രേറ്റുകളുടെ രൂപത്തിൽ ആഗിരണം ചെയ്യപ്പെടുന്നുള്ളൂ. ബാക്കി 67 ശതമാനവും ജലാശയങ്ങളിലേക്ക് ഒഴുകിയെത്തുകയോ ഉപയോഗിക്കപ്പെടാതെ പോകുകയോ ചെയ്യുന്നു. 

പരിഹാര നടപടികൾ ???

കാർബൺ ഉത്സർജനം കുറക്കുന്നതിന് ലോകരാജ്യങ്ങളെല്ലാം നയങ്ങൾ രൂപീകരിച്ചതുപോലെ നൈട്രജന്റെ കാര്യത്തിലും നമ്മൾ ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പ്രൊഫ.സട്ടൻ അടക്കമുള്ള ഈ രംഗത്തെ വിദഗ്ധരുടെ സാന്നിധ്യത്തിൽ അനവധി വട്ടമേശ സമ്മേളനങ്ങൾ ആഗോളതലത്തിലും പ്രാദേശികാടിസ്ഥാനത്തിലും  നടക്കുകയും പല പഠന സമിതികൾ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ലോകമെമ്പാടുമുള്ള കർഷകരോട് നൈട്രജനടങ്ങിയ രാസവളങ്ങൾ പൂർണമായും ഒഴിവാക്കാൻ ആഹ്വാനം ചെയ്യുകയെന്നുള്ള നിർദേശം മുന്നിലുണ്ടെങ്കിലും, ഇത് വലിയ എതിർപ്പുകൾ ക്ഷണിച്ചു വരുത്തുമെന്നതിൽ യാതൊരു സംശയവുമില്ല; പ്രത്യേകിച്ച് ശക്തരായ  രാസവള കമ്പനികൾ. മറ്റൊരു ക്രിയാത്മക സമീപനം, പാഴായി പോകുന്ന നൈട്രജന്റെ അളവ് കുറച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങളാണ്. താരതമ്യേന സ്വീകരിക്കപ്പെട്ട ഒരു നിർദേശമായിരുന്നു ഇത്.   2019 ഒക്ടോബറിൽ ശ്രീലങ്കയിലെ കൊളമ്പോയിൽ ഐക്യ രാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ നൈട്രജൻ പാദമുദ്ര കൈകാര്യം ചെയ്യുന്നതിന് വേണ്ടി നടന്ന ഒരു സമ്മേളനത്തിന് മുന്നോടിയായി ഇക്കാര്യം  പ്രൊഫ.സട്ടനും സംഘവും ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിനെ ഈ  നിർദേശങ്ങൾ ധരിപ്പിച്ചുകൊണ്ട് കത്തെഴുതി. തുടർന്ന് ഇക്കാര്യം പരിഗണിക്കപ്പെടുകയും  ഇതിന്റെ ഫലമായി പാരീസ് ഉടമ്പടിയുടെ  മാതൃകയിൽ കൊളമ്പോ ഉടമ്പടി രൂപീകരിക്കുകയും ചെയ്തു. 2030 ഓടുകൂടി നൈട്രജന്റെ പാഴ്‌ച്ചെലവ് പകുതിയാക്കി കൊണ്ടുവരാനുള്ള മാർഗരേഖകൾ ഈ ഉടമ്പടിയിൽ സ്വീകരിച്ചു. ഇന്ത്യയടക്കം  മുപ്പതോളം രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര  പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുത്തു. പാരീസ് ഉടമ്പടി ഒരു മുത്തശ്ശിമരമാണെങ്കിൽ കൊളംബോ ഉടമ്പടി ഒരു കൊച്ചു വൃക്ഷ തൈ ആണെന്നാണ് പ്രൊഫ.സട്ടൻ ഈ ഉടമ്പടിയെ അന്ന് വിശേഷിപ്പിച്ചത്.

നൈട്രജന്റെ പാഴ്‌ച്ചെലവ് മാത്രമല്ല പരിഗണിക്കപ്പെടേണ്ടത്. നൈട്രിക്, നൈട്രസ് ഓക്സൈഡുകൾ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ കാലാവസ്ഥ വ്യതിയാനത്തോടൊപ്പം ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. താപനില വർധിപ്പിക്കാൻ കാർബൺ ഡയോക്സൈഡിനെക്കാൾ 300 മടങ്ങു ശേഷിയുണ്ട് നൈട്രസ് ഓക്സൈഡിന്. നൈട്രസ് ഓക്സൈഡിനെ അവഗണിക്കുകയാണെങ്കിൽ, കാർബൺ ഡയോക്സൈഡിന്റെ ഉത്സർജനം കുറക്കുന്നതിലൂടെ ആഗോളതാപനിലയുടെ വർധന 1.5 ഡിഗ്രിക്ക് താഴെയാക്കി  ക്ലിപ്തപ്പെടുത്തുകയെന്നുള്ള ഐ.പി.സി.സി യുടെ ലക്ഷ്യം ഫലം കാണുകയില്ല എന്നർത്ഥം.  

സമാന്തരമായി ഗവേഷണങ്ങളും പുരോഗമിക്കുന്നുണ്ട്. നൈട്രജന്റെ ആഗിരണശേഷി കൂട്ടുവാനുള്ള പരീക്ഷണങ്ങൾ,   ഉദാഹരണത്തിന് ന്യൂട്രിയൻ പോലുള്ള വൻകിട വളം കമ്പനികൾ   പോളിമർ കവചത്തിലാക്കിയ നൈട്രജൻ ധാതുക്കളുടെ പെല്ലെറ്റുകൾ വിപണിയിൽ ലഭ്യമാക്കുന്നുണ്ട് . ഈ പെല്ലെറ്റിലേക്ക് ജലം പതുക്കെ ആഴ്ന്നിറങ്ങി നൈട്രജനെ അലിയിക്കുകയും, ശേഷം വളരെ സാവധാനമേ  മണ്ണിലേക്ക് നൈട്രജൻ എത്തുകയുള്ളൂ എന്നതുകൊണ്ട്, ആഗിരണശേഷി വർധിക്കുകയും, അങ്ങനെ അലക്ഷ്യമായുള്ള ഒലിച്ചുപോക്ക് കുറക്കാനും സാധിക്കുകയും ചെയ്യും എന്നാണ് കമ്പനി സാക്ഷ്യപ്പെടുത്തുന്നത്.നൈട്രജൻ ധാതുക്കൾക്ക് പകരം യൂറിയയും ഇതുപോലെ ലഭ്യമാണ്.യൂറിയ പെട്ടെന്ന് വിഘടിച്ച് അമോണിയയായി അന്തരീക്ഷത്തിലേക്ക് പോകുന്നത് തടയാനും, പകരം വേരുകൾക് ദ്രുതഗതിയിൽ അമോണിയ ആഗിരണം  ചെയ്യാനും ഈ പെല്ലറ്റ് രീതി വഴി സാധിക്കും. 

നൈട്രജൻ ആവശ്യകത നിർണയിക്കുന്ന സെൻസറുകൾ വയലുകളിൽ സ്ഥാപിക്കുകയും  ഡ്രോണുകളുടെയും  റോബോട്ടുകളുടെയും സഹായം  പ്രയോജനപ്പെടുത്തി ചിട്ടയായ  മേൽനോട്ടം വഹിക്കാനും കഴിയുന്ന  സാങ്കേതികവിദ്യകളും പുറത്തു വരുന്നുണ്ട്. കൃത്യസമയത്, കൃത്യമായ അളവിൽ ചെടികൾക്കു ആവശ്യമായ നൈട്രജൻ കൊടുക്കാൻ ഇതുവഴി സാധിക്കുമെന്നതാണീ രീതിയുടെ മേന്മ.    

ജനിത എഞ്ചിനീറിങ് വഴിയും ചില പരിഹാരമാർഗങ്ങൾക്ക് വേണ്ടിയുള്ള ഗവേഷണം പുരോഗമിക്കുകയാണ്.പരമ്പരാഗത നൈട്രജൻ സ്ഥിതീകരണ ബാക്റ്റീരിയക്ക് പയറുവർഗ്ഗത്തിൽ പെട്ട സസ്യങ്ങളിൽ മാത്രമേ സഹവസിക്കാൻ സാധിക്കുകയുള്ളു. എന്നാൽ ജനിതക എൻജിനീയറിങ്ങിലൂടെ ഇത്തരം ബാക്റ്റീരിയകളെ  മറ്റു ചെടികളിലും വളരാൻ  പ്രാപ്തരാക്കാൻ സാങ്കേതിക വിദ്യകളുണ്ട്. ഉദാഹരണമായി, കാലിഫോർണിയയിലെ പൈവട്ട്  ബയോ  എന്നൊരു കമ്പനി ഇത്തരം ബാക്റ്റീരിയകളെ ഗോതമ്പു പോലുള്ള ചെടികളിൽ പരീക്ഷിച്ച്  വിജയിച്ചിട്ടുണ്ട്. വിത്ത് വിതക്കുന്ന സമയത്ത് ജനിതകമാറ്റം വരുത്തിയ ബാക്റ്റീരിയകളെ വിത്തിന്മേൽ തളിച്ചുകൊടുക്കുകയും, ആ വിത്തുകൾ മുളക്കുമ്പോൾ ബാക്റ്റീരിയകൾ വേരുകളിൽ സഹവസിക്കുകയും പിന്നീട് നൈട്രജൻ സ്ഥിതീകരണം നടത്തുകയുമാണ് ചെയ്യുന്നത്. ജനിതകമാറ്റം വരുത്തിയ  നൈട്രജൻ സ്ഥിതീകരണ ബാക്ടീരിയ  നൈട്രജൻ അടങ്ങിയ വളങ്ങളേക്കാൾ വിളവുത്പാദനത്തിനു ഫലപ്രദമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

നൈട്രജൻ ഉപഭോഗം സംബന്ധിച്ച വെല്ലുവിളികൾ നേരിടുന്നതിന്  ഇനിയും ഗവേഷണങ്ങൾ തുടരേണ്ടതുണ്ട് . ഉപോൽബലകമായി ഗവൺമെന്റ് തലത്തിൽ നൈട്രജൻ പാദമുദ്ര കുറച്ചു കൊണ്ടുവരുന്നതിനുള്ള  ശ്രമങ്ങൾ ഊർജ്ജിതപ്പെടുത്തേണ്ടതുമുണ്ട്. ഉപഭോക്താവെന്ന നിലയിൽ നമുക്കും ചില സംഭാവനകൾ ചെയ്യാൻ സാധിക്കും. നൈട്രജൻ കൂടുതലടങ്ങിയ ജന്തുജന്യമായ പ്രോട്ടീനുകൾ കുറച്ച് സസ്യജന്യ പ്രോട്ടീനുകൾ പകരമായി തെരെഞ്ഞെടുക്കുകയും  നൈട്രജനാടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ പാഴാക്കാതിരിക്കാൻ  ശ്രദ്ധിക്കുകയും കൃഷിക്ക് ജൈവവളങ്ങൾ തെരെഞ്ഞെടുക്കുകയുമൊക്കെ  ചെയ്യാവുന്നതാണ്. 

അധിക വായനക്ക്: 

1 .Fowler D et al. 2013 The global nitrogen cycle in the twenty-first century. Phil Trans R Soc B 368: 20130164.

2. Vaclav Smil , Detonator of the population explosion, Nature volume 400, page415 (1999)

3. Nitrogen pollution policy beyond the farm,Kanter, D.R., Bartolini, F., Kugelberg, S. et al. Nitrogen pollution policy beyond the farm. Nature  Food 1, 27–32 (2020)

4. https://www.soilassociation.org/causes-campaigns/fixing-nitrogen-the-challenge-for-climate-nature-and-health/the-impacts-of-nitrogen-pollution/

5. Nitrogen Pollution and the European Environment Implications for Air Quality Policy report 2013 by  European commission 

6. Rockström, J., W. Steffen, K. Noone, Å. Persson, F. S. Chapin, III, E. Lambin, T. M. Lenton, M. Scheffer, C. Folke, H. Schellnhuber, B. Nykvist, C. A. De Wit, T. Hughes, S. van der Leeuw, H. Rodhe, S. Sörlin, P. K. Snyder, R. Costanza, U. Svedin, M. Falkenmark, L. Karlberg, R. W. Corell, V. J. Fabry, J. Hansen, B. Walker, D. Liverman, K. Richardson, P. Crutzen, and J. Foley. 2009. Planetary boundaries:exploring the safe operating space for humanity. Ecology and Society 14(2): 32.

7. Planetary boundaries: Guiding human development on a changing planet, Science  13 Feb 2015: Vol. 347, Issue 6223, 1259855

6.  https://www.newscientist.com/article/mg25033340-800-the-nitrogen-emergency-how-to-fix-our-forgotten-environmental-crisis/#bx333408B1

7 .The Indian Nitrogen Assessment, (2017), Sources of Reactive Nitrogen, Environmental and Climate Effects, Management Options, and Policies.


കോവിഡ് പകരും; വാക്സീൻ പകരുമോ ?

കോവിഡിന്റെ അതിശക്തമായ രണ്ടാം തരംഗത്തിലൂടെയാണ് നമ്മൾ ഇന്ത്യക്കാർ ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. പല സംസ്ഥാനങ്ങളിലും സ്ഥിതി രൂക്ഷമായതോടെ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. സമാന്തരമായി പ്രതിരോധ വാക്സീൻ വിതരണം ദ്രുതഗതിയിലാക്കാനുള്ള സജ്ജീകരണങ്ങളും നടക്കുന്നുണ്ട്. വാക്സീൻ എന്ന ഉത്തരം നമ്മുടെ മുന്നിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ വന്നു എന്നുള്ളതും അതിന്റെ ഫലം പല രാജ്യങ്ങളിലും ഇപ്പോഴേ കണ്ടു തുടങ്ങി എന്നതും നമുക്ക് തരുന്ന ആശ്വാസം ചെറുതല്ല. പൊതുവെ നമ്മുടെ  നിലപാട് രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കുക എന്നതാണ്. അവിടെ തന്നെയാണ് പ്രതിരോധ വാക്സീനിന്റെ പ്രസക്തിയും. 


കോവിഡ്  പകരുന്ന അതേ തീവ്രതയിൽ തന്നെയാണ് അതിനേക്കാൾ മാരകമായ, കോവിഡ് സംബന്ധിച്ച  തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് എന്നുള്ളതും ശ്രദ്ധേയമാണ്. വാക്സീൻ വന്നപ്പോൾ അതിനെയും ആളുകൾ വെറുതെ വിട്ടില്ല. അതിൽ ഏറ്റവും പുതുതായി ശ്രദ്ധയിൽ പെട്ടത് കോവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് മറ്റുള്ളവരിലേക്ക് അത് പകർത്താൻ കഴിയുമെന്നുള്ള വിചിത്രമെന്ന് തോന്നുന്നതും വ്യാജവുമായ വാർത്തകൾ ഈയിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതാണ് . വാക്സീൻ എടുത്തവരുടെ വിയർപ്പ്, രക്തം, ഉമിനീർ മുതലായവയിലൂടെ മറ്റൊരാളിലേക്ക് വാക്സീൻ പകർത്താൻ കഴിയുമെന്നും അതുവഴി സ്ത്രീകളുടെ പ്രത്യുല്പാദന ശേഷിക്ക് തകരാർ സംഭവിക്കുമെന്നുമാണ് പ്രചരിക്കുന്നത്. ഇത് പൂർണമായും വ്യാജ പ്രചാരണമാണെന്ന് സ്ഥിരീകരിച്ച് ആരോഗ്യ വിദഗ്ധർ രംഗത്ത് വരികയും അശാസ്ത്രീയമായ കാര്യമാണിതെന്നു അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്. ഇവിടെ  ശ്രദ്ധിക്കേണ്ട ഒരു കാര്യം , ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ നടത്തിയവർ  കൂട്ടുപിടിച്ചത്  മറ്റുള്ളവരിലേക്ക് പകരാൻ കഴിയുന്ന  വാക്സീനെക്കുറിച്ചുള്ള ശാസ്ത്ര റിപ്പോർട്ടുകളിലെ ചില പ്രത്യേക ശകലങ്ങൾ മാത്രം അടർത്തിയായിരുന്നു എന്നുള്ളതാണ്. അതിനാൽ തന്നെ അതിനെ വിശ്വാസയോഗ്യമായി ആളുകൾ കണക്കാക്കി ഏറ്റെടുത്തു പ്രചരിപ്പിച്ചു. 


​അപ്പോൾ ചോദ്യമിതാണ് : ഒരു വാക്‌സീന് അങ്ങനെ മറ്റൊരാളിലേക്ക് പകരാൻ കഴിയുമോ ?

കഴിയുന്ന വാക്‌സിനുകൾ ഉണ്ടെന്നാണ്  ഉത്തരം, പക്ഷെ ഇതുവരെ മനുഷ്യരിൽ ഇത് പരീക്ഷിച്ചിട്ടില്ല എന്ന് മാത്രം. അങ്ങനെയെങ്കിൽ എങ്ങനെയാണു പകരുന്ന വാക്സീനുകൾ പ്രവർത്തിക്കുന്നത് ?


മനുഷ്യന്റെ കൈകടത്തലുകളുടെ ഭാഗമായി കാലം ചെല്ലുന്തോറും മൃഗങ്ങളുമായി അടുത്തിടപഴകുന്നത്തിന്റെ തോത് വർദ്ധിച്ചു വരുന്നുണ്ട്. ആളുകൾ കൂടുതൽ യാത്ര ചെയ്യുകയും, കാട് കയ്യേറി കൃഷി ചെയ്യുകയും, മരം വെട്ടുകയും, വീട് വെക്കുകയും, പക്ഷികളെയും മൃഗങ്ങളെയും ഭക്ഷിക്കുകയെല്ലാം ചെയ്യുമ്പോൾ  അവിടുത്തെ മൃഗങ്ങളിലൂടെ  പല പുതിയ, പരിചയമില്ലാത്ത വൈറസുകളുമായി  മനുഷ്യർ  സമ്പർക്കത്തിൽ വരുന്നു. എന്നാൽ  നമ്മൾ  ഇത്തരത്തിലുള്ള പകർച്ചവ്യാധികളെയൊന്നും ഒരിക്കലും മുന്നിൽകാണാറില്ല എന്നുള്ളതും, അതിന് വേണ്ട തയ്യാറെടുപ്പുകളൊന്നും നടത്താറുമില്ല എന്നതാണ് വസ്തുത.  ഇങ്ങനെ വന്യജീവികളിൽ നിന്ന് മനുഷ്യരിലേക്ക് പടർന്ന  പുതിയ പകർച്ച വ്യാധികൾക് സാക്ഷ്യം വഹിച്ചതിനു പലവിധ ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. 2014/15 കാലഘട്ടത്തിൽ ആഫ്രിക്കയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട എബോള , സാർസ്, മേഴ്‌സ്, നിപ്പ, H1 N1 മുതൽ ഇപ്പോഴത്തെ കോവിഡ്-19  വരെ. ഇത്തരം പകർച്ച വ്യാധികളെ നമ്മൾ സാധാരണയായി നേരിടാറുള്ളത് രോഗവാഹകരായ  ജീവികളുമായുള്ള സമ്പർക്കം ഒഴിവാക്കുന്നതിലൂടെയാണ്. എന്നാൽ രോഗം പടരാതിരിക്കാൻ നമുക്ക്  ചെയ്യാൻ കഴിയുന്ന  മറ്റൊരു സാധ്യതയുണ്ട് : രോഗവാഹകരായ മൃഗങ്ങൾക്കിടയിൽ   ഇത്തരം വൈറസുകൾക്ക് പെരുകാൻ അവസരം കൊടുക്കാതെ ഇരിക്കുക എന്നത്. ഇതൊരു പുതിയ ഐഡിയ ഒന്നുമല്ല. പേപ്പട്ടി വിഷബാധക്ക് കാരണമായ റാബീസ് വൈറസിന്റെ മനുഷ്യരിലേക്കുള്ള പകർച്ചയുടെ നിരക്ക് ലോകമെമ്പാടും വൻ തോതിൽ കുറഞ്ഞത് റാബീസ് പടർത്താൻ സാധ്യതയുള്ള എല്ലാ ജീവികളെയും സാർവത്രികമായി വാക്സീൻ കുത്തിവെപ്പിന് വിധേയമാക്കിയതിലൂടെയാണ്. അങ്ങനെയാണ്  മനുഷ്യരിലേക്കുള്ള പകർച്ച നിയന്ത്രണവിധേയമാക്കിയത് . വന്യ ജീവികളിലുള്ള  പ്രതിരോധ കുത്തിവെപ്പ് കൊള്ളാമല്ലോ എന്ന് തോന്നുമെങ്കിലും പ്രത്യുൽപാദന നിരക്ക് കൂടിയ, മനുഷ്യരിലേക്ക് രോഗം പടർത്താൻ ശേഷിയുള്ള  ജീവികളെയെല്ലാം തിരഞ്ഞു പിടിച്ച് കുത്തിവെപ്പിന് വിധേയമാക്കുക എന്നത് പ്രായോഗികമായി എളുപ്പമല്ല . ഓരോ രാജ്യങ്ങളുടെയും ഇതിനോടുള്ള നിലപാട് വ്യത്യസ്തവുമാണ്.  

എന്നാൽ മൃഗങ്ങൾക്കിടയിൽ സ്വയം പകരാൻ ശേഷിയുള്ള  ഒരു വാക്സീനായാലോ? അങ്ങനെ ഒന്ന് സാധ്യമാണെന്നാണ് അടുത്തിടെ നടന്ന ചില പഠനങ്ങൾ തെളിയിക്കുന്നത്. ഒരു ജീവിയിൽ ഇങ്ങനെ സ്വയം പകരാൻ ശേഷിയുള്ള വാക്‌സിനേഷൻ നടത്തുക, അതിനെ  സ്വതന്ത്രമായി അതിന്റെ കൂട്ടത്തിലുള്ള മറ്റു ജീവികളോട്  സമ്പർക്കത്തിലേർപ്പെടാൻ വിടുക, അങ്ങനെ വാക്‌സിൻ മറ്റു ജീവികളിലേക്ക് പടരുന്നതിലൂടെ രോഗപ്രതിരോധശേഷി കൈവരിക്കുക, ഇതാണ് ലക്ഷ്യം. ഇത്തരത്തിലുള്ള വാക്സീനെ പറയുന്നത് ‘self-disseminating vaccines​’ എന്നാണ്.​ ജീവനുള്ളതോ അല്ലാത്തതോ ആയ വൈറസുകളെ ഉപയോഗിച്ച് തന്നെ രോഗത്തെ ചെറുക്കുക എന്ന പരമ്പരാഗത ആശയത്തിൽ അധിഷ്ഠിതമായായിരുന്നു  ഈയടുത്ത കാലം വരെ വികസിപ്പിച്ചെടുത്ത വാക്സീനിൻറെ പ്രവർത്തന തത്വം. കുത്തിവെപ്പിലൂടെ രോഗത്തിനനുസൃതമായ പ്രതിരോധം സൃഷ്ടിക്കാൻ പ്രാപ്തിയുള്ള ജീവനുള്ള വൈറസുകളെ രോഗവാഹകരാവാൻ സാധ്യതയുള്ള ജീവികളുടെ  ശരീരത്തിലേക്ക് കടക്കാൻ അനുവദിക്കുകയും, അവയുടെ സാന്നിധ്യത്തിൽ ശരീരത്തിൽ രോഗത്തെ പ്രതിരോധിക്കാനുള്ള ആന്റിബോഡികൾ ഉണ്ടാവുകയും അതുവഴി പ്രതിരോധ ശേഷി കൈവരികയുമാണ് ചെയ്യുന്നത്. സാധാരണഗതിയിൽ ഇങ്ങനെയുള്ള വൈറസുകൾക്ക് ആ ജീവിയിൽ അണുബാധയൊന്നും ഉണ്ടാക്കാൻ  ശേഷി ഉണ്ടായിരിക്കുകയില്ല (അവക്ക് ആ ജീവിയുടെ  ശരീരത്തിൽ എണ്ണം പെരുകാൻ സാധിക്കില്ല ). അതിനുള്ള സജ്ജീകരണങ്ങളൊക്കെ നടത്തിയാണ് ഇത്തരം വാക്സീനുകൾ വികസിപ്പിച്ചെടുക്കാറുള്ളത്. എന്നാൽ ഇതിനു കഴിവുള്ള, കുത്തിവെപ്പിന് വിധേയമാകുന്ന ജീവിക്ക്  ഹാനികരമല്ലാത്ത  വൈറൽ വാക്സീനുകളും ഉണ്ട്. അത്തരം വാക്സീനുകളിലുപയോഗിക്കുന്ന വൈറസിന് എണ്ണം പെരുകാൻ കഴിയുമെങ്കിലും മറ്റൊരു ജീവിയിലേക്ക്  പകരാൻ കഴിയുന്ന നിരക്ക് വളരെ കുറവായിരിക്കും . അതുകൊണ്ട് തന്നെ ഇത്തരം വൈറസുകളെ പ്രയോജനപ്പെടുത്തി സ്വയം പടരുന്ന വാക്സീൻ വികസിപ്പിച്ചെടുക്കുക്ക വളരെ പ്രയാസമാണ്. 


ജീനോം എഞ്ചിനീയറിംഗ് വഴി പകർച്ചാ ശേഷി കൂടിയ വാക്സീനുകളിലും പഠനങ്ങൾ പുരോഗമിക്കുകയാണ്. ഇവിടെ ചെയ്യുന്നത് രോഗം പരത്തുന്ന വൈറസുകളുടെ ജീനോമിന്റെ ഒരു ഭാഗം എടുത്ത് കുത്തിവെപ്പെടുക്കുന്ന ജീവിക്ക് ഹാനികരമല്ലാത്ത ഒരു വൈറസിൽ നിക്ഷേപിക്കുകയും, തുടർന്ന് വാക്‌സിനേഷനിലൂടെ ആ വൈറസിനെ മറ്റു ജീവികളിലേക്ക് രോഗം പടരുന്ന പോലെ പടരാൻ അനുവദിക്കുക എന്നുമാണ്. ഇങ്ങനെ ഒരു ജീവിയിൽ നിന്നും സ്വയം മറ്റൊരു ജീവിയിലേക്ക് പടരാൻ അനുവദിക്കുന്നതു വഴി ജീവികൾക്കിടയിൽ നല്ല തോതിൽ രോഗ പ്രതിരോധശേഷി കൈവരികയും മനുഷ്യരിലേക്ക് പകരാതെ   കൂടുതൽ മെച്ചപ്പെട്ട രീതിയിൽ രോഗ പ്രതിരോധം സാധ്യമാകുകയും ചെയ്യും .  ഇങ്ങനെയുള്ള അതിനൂതന സാങ്കേതിക വിദ്യയുപയോഗിച്ച് വികസിപ്പിച്ചെടുത്ത സ്വയം പകരുന്ന വാക്സീനിന്റെ പരീക്ഷണങ്ങൾ കാട്ടു മുയലുകളിലൊക്കെ നടത്തി വിജയകരമായിട്ടുണ്ട്.

ലാസ,എബോള മുതലായ മനുഷ്യരിലേക്ക് സംക്രമിക്കാൻ കഴിയുന്ന വൈറസുകൾക്കുള്ള ഇത്തരം വാക്സീനുകളിലുള്ള ഗവേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷി മൃഗാദികളിൽ ഇത് വിജയകരമായി പ്രയോഗിക്കാൻ കഴിഞ്ഞാൽ തന്നെ വലിയ തോതിൽ, ചുരുങ്ങിയ ചെലവിൽ  ഇത്തരം സാംക്രമിക രോഗങ്ങളെ നമുക്ക് പ്രതിരോധിക്കാൻ കഴിയും. പകർച്ചാശേഷിയുള്ള വാക്സീനുകൾ മനുഷ്യരിലും വിജയകരമായി വികസിപ്പിക്കാൻ കഴിഞ്ഞാൽ ശാസ്ത്രരംഗത്തിന്റെ മറ്റൊരു വലിയ സംഭവനയായിരിക്കുമത്. ​എന്നാൽ ശൈശവ ദിശയിലുള്ള  ഈ ഗവേഷണം ഇനിയും ഒരുപാട്  മുന്നോട്ട് പോകേണ്ടതുണ്ട്.​ ​വാക്സീനിലുള്ള വൈറസുകൾ അനിയന്ത്രിതമായി പെരുകുമോ, മറിച്ച്, കുത്തിവെപ്പെടുത്ത ഒരു ജീവിക്ക് ഒരു നിശ്ചിത എണ്ണം ജീവികളിലേക്ക് മാത്രം പടർത്താൻ കഴിയുന്ന തരത്തിൽ അതിനെ നിജപ്പെടുത്തി നിർത്താൻ സാധിക്കുമോ,  പരീക്ഷണത്തിൽ നിഷ്കർഷിക്കാത്ത മറ്റേതെങ്കിലും ജീവികളിലേക്ക് പടരുമോ, വാക്സീനിലെ വൈറസിന് ഒരു സമയപരിധി കഴിഞ്ഞാൽ ജനിതകമാറ്റം വരുമോ,​ പരീക്ഷണഘട്ടത്തിലില്ലാത്ത പുതിയ ഏതെങ്കിലും അവസ്ഥയിൽ വാക്സീനിലെ വൈറസ് പെരുകി അണുബാധയുണ്ടാക്കുമോ  തുടങ്ങിയ കാര്യങ്ങളിൽ ഇനിയും പഠനങ്ങൾ നടത്തേണ്ടതുണ്ട്. 

എന്തായാലും ഗവേഷണങ്ങൾ പുരോഗമിക്കട്ടെ, അത് വരെ ഇതുമായി ബന്ധപ്പെട്ട വ്യാജ വാർത്തകളൊന്നും പ്രചരിപ്പിക്കാതെ നമുക്ക് സഹകരിക്കാം. ​​

Related reads:

  1. Nature Ecology & Evolution, volume 4, pages1168–1173(2020)
  2. https://www.sciencedirect.com/science/journal/0966842X
  3. Expert Rev. Vaccines, 2016;15(1) 31-39
  4. https://www.newscientist.com/article/mg24732960-100-we-now-have-the-technology-to-develop-vaccines-that-spread-themselves/

കൊറോണക്കാലത്തെ ഇന്റർനെറ്റ് ഉപഭോഗം: ഒരു പാരിസ്ഥിതിക അവലോകനം

കൊറോണയുടെ കടന്നുവരവോടുകൂടി  ലോകമെമ്പാടുമുള്ള ആളുകൾ വീട്ടിലിരുന്നുള്ള ജോലികളിലും  വിദ്യാർഥികൾ ഓൺലൈൻ പഠനത്തിലും വ്യാപൃതരായതോടെ ഇന്റർനെറ്റ് ഉപഭോഗത്തിൽ സ്ഫോടനാത്മകമായ വളർച്ചയാണുണ്ടായിരിക്കുന്നതെന്ന് പല ഇന്റർനെറ്റ് സേവനദാതാക്കളും മാധ്യമങ്ങളും ഈയടുത്ത് കണക്കുകൾ സഹിതം രേഖപ്പെടുത്തുകയുണ്ടായി.അതേസമയം, ആളുകൾ ഡിജിറ്റൽ ജീവിതത്തിലേക്ക് മാറിയതിന്റെയും വാഹനങ്ങളുടെ ഉപയോഗം, യാത്രകൾ ഇവയൊക്കെ കുറഞ്ഞതിന്റെയും അനന്തര ഫലമായി പരിസ്ഥിതി മലിനീകരണത്തിലുണ്ടായ കുറവുമായി  ബന്ധപ്പെട്ടുള്ള ഒട്ടനവധി ശുഭവാർത്തകളും നമ്മളെ തേടിയെത്തി. പലപ്പോഴും വാഹനങ്ങളും , വീട്ടുപകരണങ്ങളും, വ്യവസായശാലകളുമൊക്കെയാണ് പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന കാര്യത്തിൽ നമ്മൾ ഇപ്പോഴും കണക്കിലെടുക്കാറുള്ളത്, അല്ലെങ്കിൽ നമ്മൾ വളർന്നുവന്ന കാലഘട്ടങ്ങളിൽ ഇവക്കൊക്കെയായിരുന്നു മുൻഗണന കൊടുക്കാറുണ്ടായിരുന്നത്. എല്ലാം ഡേറ്റ അധിഷ്ഠിതമായ ഈ കാലത്തിലേക്ക് നമ്മൾ മെല്ലെ നീങ്ങുന്നതോടെ താരതമ്യേന ഒരു പരിസ്ഥിതി സൗഹാർദ നയമാണ്  സ്വീകരിക്കുന്നതെന്നാവും സ്വാഭാവികമായും ഒറ്റ നോട്ടത്തിൽ നമുക്കെല്ലാവർക്കും തോന്നലുണ്ടാവുന്നത് .എന്നാൽ നമ്മൾ തികച്ചും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് ഇന്റർനെറ്റ് ഉപഭോഗം കൊണ്ടുണ്ടാകുന്ന പരോക്ഷമായ പാരിസ്ഥിതിക  പ്രത്യാഘാതങ്ങൾ എന്നാണ് അമേരിക്കയിലെ പഡ്യൂ ,മേരിലാൻഡ്, യെയ്ൽ  സർവകലാശാലകളിലെ  ഗവേഷകർ The overlooked environmental footprint of increasing Internet use എന്ന പേരിൽ Resources , Conservation & Recycling  എന്ന ജേണലിൽ  പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠന റിപ്പോർട്ടിൽ  പറയുന്നത്. അതായത് ഡിജിറ്റൽ പൗരന്മാരെന്ന നിലയിലും നമ്മൾ ഓരോരുത്തരും ഓരോ മിനുട്ടിലും പരിസ്ഥിതിക്ക് ദോഷമുണ്ടാക്കിക്കൊണ്ടിരിക്കുന്നെന്നർത്ഥം. 

പരമ്പരാഗത രീതിയിൽ നിന്നും വിഭിന്നമായാണ് ഇന്റർനെറ്റ് ഉപഭോഗം പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.വാഹനങ്ങളിൽ നിന്നും വ്യവസായ ശാലകളിൽ നിന്നുമൊക്കെ പുറന്തള്ളപ്പെടുന്ന കാർബൺ  ഡൈ ഓക്സൈഡിന്റെയും മറ്റും അളവ് നിർണയിക്കാൻ ഇന്റർനെറ്റിനെ അപേക്ഷിച്ച് എളുപ്പമാണ്.ഇന്റർനെറ്റ് എന്ന് പറയുമ്പോൾ അതിന്റെ ശൃംഖലയിൽ  പ്രവർത്തിക്കുന്ന കോടാനുകോടി മെഷീനുകളും അതുമായി ബന്ധപ്പെട്ട കമ്പനികളും എല്ലാം ഉൾപ്പെടുന്നതും അവയുടെ ഊർജ ഉപഭോഗം കൃത്യമായി തിട്ടപ്പെടുത്തുക ദുഷ്കരമാണെന്നുമാണ് ഒരു വസ്തുത. ഇനി ഈ മെഷീനുകൾ എല്ലാം എത്ര ഊർജമാണ് ഉപയോഗിക്കുന്നതെന്ന് തിട്ടപ്പെടുത്താൻ കഴിഞ്ഞാൽ പോലും,ഓഫ് ലൈൻ ഉപയോഗം കൊണ്ടുണ്ടാകുന്ന ഊർജോപഭോഗവും  (ഉദാഹരണത്തിന് മൈക്രോസോഫ്ട് വേഡിൽ ഒരു ഫയലുണ്ടാക്കുന്നത്), ഓൺലൈനിൽ അതൊരാൾക്ക് ഇ-മെയിലായി അയച്ചുകൊടുക്കുമ്പോഴുണ്ടാകുന്ന ഉപഭോഗവും വേർതിരിച്ചെടുക്കുക എളുപ്പമല്ല.എന്നിരുന്നാലും, ഇത്തരം പഠനങ്ങൾ തുടങ്ങുന്നത് നമ്മുടെ ഡേറ്റയെല്ലാം സൂക്ഷിക്കപ്പെടുന്ന വലിയ സെർവറുകളുള്ള  പ്രധാന ഡേറ്റ സെന്ററുകൾ അടിസ്ഥാനമാക്കിയാണ്.സെർവറുകളുടെ പ്രവർത്തനങ്ങൾക്ക് വൻ  തോതിൽ ഊർജം ആവശ്യമുണ്ട്. കൂടാതെ സെർവറുകൾ ചൂടാകാതിരിക്കുന്നതിനാവശ്യമായ  ശീതീകരണ സംവിധാനങ്ങൾക്ക് വേണ്ട വൈദ്യുതിയും ചെറുതല്ല. 2016 ൽ വന്ന കണക്കു പ്രകാരം ഗൂഗിളിന് ഇത്തരത്തിൽ 2.5 ദശലക്ഷം സെർവറുകളാണ് ലോകത്തെമ്പാടുമായുള്ളത്. അതുകൊണ്ട്  ഡേറ്റാ സെന്ററുകളിലെ ഊർജോപഭോഗമാണ് പാരിസ്ഥിതിക പ്രശ്നങ്ങളുടെ പ്രധാന പങ്ക് വഹിക്കുന്നത്. ആഗോള ഊർജ ഉപഭോഗത്തിന്റെ മൂന്ന്  ശതമാനമേ ഇത്  വരുന്നുള്ളു എങ്കിലും പല രാജ്യങ്ങൾക്കും ഇത് അവരുടെ ദേശീയ ഉപഭോഗത്തെക്കാൾ കൂടുതലാണ് . ഊർജോല്പാദനത്തിന് ഇന്നും ഫോസിൽ ഇന്ധനങ്ങളെ തന്നെ കൂടുതലായി  ആശ്രയിക്കുന്നതുകൊണ്ട് ഇന്റർനെറ്റ് സേവനത്തിനു വേണ്ട  ഊർജോപയോഗത്തിലുള്ള കാര്യക്ഷമത അനുസരിച്ച്  അതുമായി പാരിസ്ഥിതിക പ്രശ്നങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു. പാരിസ്ഥിതിക പ്രശ്നങ്ങളെന്നു പറയുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് പ്രകൃതിയിലേക്ക് പുറന്തള്ളപ്പെടുന്ന കാർബണിന്റെ തോത് അല്ലെങ്കിൽ carbon footprint  (ഇതിനെ കാർബൺ ഡയോക്സൈഡിന്റെ യൂണിറ്റായാണ്  പൊതുവെ കണക്കാക്കപ്പെടുന്നത് ) ആണെങ്കിലും ജലത്തിന്റെയും  ഭൂമിയുടെയും ആനുപാതിക ഉപഭോഗവും ഇക്കാര്യത്തിൽ പ്രധാനമാണ്. ഒരു ജിബി ഇന്റർനെറ്റ് നമ്മൾ ഉപയോഗിക്കുമ്പോൾ, പ്രസരണ കാര്യക്ഷമതയനുസരിച്ച്, ആഗോളതലത്തിൽ ഏകദേശം  28 മുതൽ 63 ഗ്രാം വരെ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളപ്പെടുകയും, 0 .1  മുതൽ 35 ലിറ്റർ  വരെ ജലവും 0 .7 മുതൽ 20 ചതുരശ്ര സെന്റീമീറ്റർ വരെ ഭൂമി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നുണ്ട് എന്നാണ് പഠനങ്ങളിൽ പറയുന്നത്. പല രാജ്യങ്ങൾക്കും ഇതിന്റെ തോത് പല തരത്തിലാണ്.ഇന്ത്യയുടെ കാര്യമെടുത്താൽ പ്രതിവർഷം 8000 ലിറ്റർ ഡീസലാണ് ഒരു മൊബൈൽ ടവർ പ്രവർത്തിപ്പിക്കാൻ മാത്രമായി വേണ്ടിവരുന്നത് .കാർബൺ ഡൈ ഓക്സൈഡിന്റെ കാര്യമെടുത്താൽ  ഒരു സാധാരണ ഇ-മെയിൽ അയക്കുമ്പോൾ ശരാശരി 4 ഗ്രാം  കാർബൺ ഡൈ ഓക്സൈഡും അതൊരു സ്പാം ഇ -മെയിൽ ആകുമ്പോൾ 0.3 ഗ്രാമും അറ്റാച്ച്മെന്റ് ഉള്ള  ഇ -മെയിൽ ആകുമ്പോൾ അത് 50 ഗ്രാം കാർബൺ ഡൈ ഓക്സൈഡുമാണ് പുറന്തള്ളപ്പെടുന്നതെന്നാണ് ഈ രംഗത്തെ  വിദഗ്ധർ  റിപ്പോർട്ട് ചെയ്യുന്നത്. കടലാസിലുള്ള ഒരു കത്തിന്റെ അറുപത്തിലൊന്ന് അംശമേ ഇതുള്ളൂ എങ്കിലും ഒരു ദിവസത്തെ നമ്മുടെ ഇ -മെയിൽ ഇടപാടുകളുടെ എണ്ണമെടുത്ത്  കണക്കു കൂട്ടി നോക്കിയാൽ ഒരുപക്ഷെ ഒരു കത്തിനേക്കാൾ കൂടുതലായിരിക്കും എന്നുവേണം അനുമാനിക്കാൻ. ഇ -മെയിൽ ഇടപാടുകൾക്ക് മാത്രമായി പ്രതിവർഷം ശരാശരി 33 കിലോവാട്ട് വൈദ്യുതിയാണ് ഉപയോഗിക്കപ്പെടുന്നത്. ഓസ്ട്രേലിയയിലെ Centre   for Energy Efficient Telecommunications അഭിപ്രായപ്പെടുന്നത് ഇന്റർനെറ്റ് ഒരു രാജ്യമായിരുന്നെങ്കിൽ ആഗോള ഊർജോപയോഗത്തിൽ അഞ്ചാമതാകുമായിരുന്നെന്നാണ്.  ഗൂഗിളിന്റെ തന്നെയുള്ള ഒരു കണക്ക് പ്രകാരം ഒരു ഗൂഗിൾ സെർച്ചിൽ മാത്രം 0 .2  ഗ്രാം കാർബൺ ഡൈ ഓക്സൈഡാണ് പുറത്തേക്ക് വിടുന്നത്. അത്തരത്തിൽ 47000 റിക്വസ്റ്റുകൾ ഒരു സെക്കന്റിൽ വരുമ്പോൾ, ഉപയോഗിക്കുന്ന ഫോൺ /ലാപ്ടോപ്പ് /കമ്പ്യൂട്ടർ /ടാബ്ലെറ്റിന്റെ സ്വഭാവവും ഒരു പേജിൽ എത്ര സമയം ചെലവഴിക്കുന്നുവെന്നതിനുമനുസരിച്ച് 500 കിലോഗ്രാം കാർബൺ ഡൈ ഓക്സൈഡാണ് പുറത്തേക്ക് ഒരു സെക്കന്റിൽ ഗൂഗിൾ സെർച്ചിലൂടെ മാത്രം നമ്മൾ വിടുന്നത്, അതായത് ഒരു മിനുട്ടിൽ 300 ടൺ ! 

ഇ -മെയിലുകൾ മാത്രമല്ല , നമ്മൾ കാണുന്ന നെറ്റ്ഫ്ലിക്സ് ,ആമസോൺ പ്രൈം, യൂ ട്യൂബ് , ഫേസ്‌ബുക്ക് പോലുലുള്ള വീഡിയോ സ്ട്രീമിംഗ് മാധ്യമങ്ങളെല്ലാം കാർബൺ ഡൈ ഓക്സൈഡ്  പുറന്തള്ളുന്നതിൽ ഒട്ടും പിന്നിലല്ല.ലോക് ഡൗണിന്റെ തുടക്കത്തിൽ മാത്രം നെറ്റ്ഫ്ലിക്സ് ഉപഭോഗത്തിൽ 16 % വർദ്ധനവാണുണ്ടായത്. 4,50000 മെഗാവാട്ട് വൈദ്യുതിയാണ് പ്രതിവർഷം നെറ്റ്ഫ്ലിക്സിന് വേണ്ടിവരുന്നത്. 2021 അവസാനിക്കുന്നതുവരെ വീട്ടിരിന്നുള്ള ഓൺലൈൻ ജോലിയും പഠനവും തുടരുകയാണെങ്കിൽ ആഗോളതലത്തിൽ 34 ദശലക്ഷം യൂണിറ്റ്  കാർബൺ ഡയോക്സൈഡ്  പുറന്തള്ളപ്പെടുമെന്നാണ് ഇതുവരെയുള്ള ഇന്റർനെറ്റ് ഉപയോഗം അടിസ്ഥാനമാക്കി പഡ്യൂ സർവകലാശാല ഗവേഷകർ പ്രവചിക്കുന്നത്. പോർച്ചുഗൽ എന്ന രാജ്യത്തിൻറെ വിസ്തീർണത്തിന്റെ രണ്ടു മടങ്ങു വരുന്നത്രയും  കാടുണ്ടെങ്കിലേ ഇത്രയും കാർബൺ ഡയോക്സൈഡ് ശുദ്ധീകരിക്കാൻ കഴിയൂ എന്നും ഇവരുടെ പഠന റിപ്പോർട്ടിൽ പറയുന്നുണ്ട്. കാണുന്ന വീഡിയോയുടെ നിലവാരം H D യിൽ നിന്നും ‘സ്റ്റാൻഡേർഡ് ‘ ആക്കി മാറ്റിയാൽ പോലും ഇതിൽ 86 % കുറവ് വരുത്താൻ സാധിക്കും .മറ്റൊരു വിപ്ലവമാണ് വീഡിയോ കോൺഫറൻസിങ്ങുകളുടെ കാര്യത്തിൽ ഈ കൊറോണക്കാലത്ത് ഉണ്ടായിരിക്കുന്നത് . ലോക്ഡൗണിന്റെ ആദ്യ ഘട്ടത്തിൽ  മാത്രം സൂം ഉപയോക്താക്കളിൽ മൂന്ന് മടങ്ങ് വർദ്ധനവാണുണ്ടായത്. ഒരു മണിക്കൂർ വീഡിയോ കോൺഫറൻസിങ്ങിലൂടെ മാത്രം ശരാശരി 150 മുതൽ  1000 ഗ്രാം കാർബൺ ഡൈ ഓക്സൈഡാണ് പുറത്തുവരുന്നത് (ഒരു കാറിൽ നിന്നും മൂന്നേമുക്കാൽ ലിറ്റർ പെട്രോൾ കത്തിച്ചാൽ ഏകദേശം 8800 ഗ്രാം കാർബൺ ഡൈ ഓക്സൈഡേ വരുന്നുള്ളു!!). വീഡിയോ ക്യാമറ ഓഫ് ചെയ്യുന്നതിലൂടെ മാത്രം ഇത് 96 ശതമാനത്തോളം കുറക്കാൻ സാധിക്കും. അതുപോലെ യൂ ട്യൂബിൽ പാട്ട് ഇട്ട് ഉറങ്ങുന്നവർ ഒരു കാര്യവുമില്ലാതെ എത്രയോ ഗ്രാം  കാർബൺ ഡൈ ഓക്സൈഡാണ് പുറത്തു വിടുന്നത്. 

കാർബൺ ഡൈ ഓക്സൈഡുമായി ബന്ധപ്പെട്ടാണ് കൂടുതൽ  പഠനങ്ങളും ഇന്റർനെറ്റ് ഉപഭോഗവുമായി ചേർത്ത് നടന്നിട്ടുള്ളത്. എന്നാൽ അത്രതന്നെ പരിഗണിക്കപ്പെടാത്ത വസ്തുതയാണ്  ഇന്റർനെറ്റുമായി ബന്ധപ്പെട്ട  ജലത്തിന്റെ ഉപയോഗം (water footprint). ജല സ്രോതസ്സുകളെ അടിസ്ഥാനമാക്കി ഊർജോല്പാദനം നടത്തുന്ന രാജ്യങ്ങളെ സംബന്ധിച്ച് ഇതിന്റെ തോത് വളരെ കൂടുതലായിരിക്കും. ഉദാഹരണത്തിന് ബ്രസീൽ. ബ്രസീലിന്റെ ഊർജോല്പാദനം 70 ശതമാനവും ജലവൈദ്യുത പദ്ധതികളിൽ നിന്നായതുകൊണ്ട് അവിടുത്തെ ഇന്റർനെറ്റ് ഉപയോഗം കൊണ്ട് കാർബൺ ഡയോക്സൈഡ് കുറവാണെങ്കിലും ജലസ്രോതസ്സുകളെ അത് സാരമായി ബാധിക്കും. ഒരു രാജ്യത്തിൻറെ ഡേറ്റ സെൻറ്ററുകൾ ആ രാജ്യത്ത് സ്ഥാപിക്കാതെ മറ്റു രാജ്യങ്ങളിൽ കൊണ്ടുപോയി സ്ഥാപിക്കുന്നതിന്റെ ഒരു ലക്‌ഷ്യം ഇതാണ്. അതുകൊണ്ട് നമ്മുടെ ഇന്റർനെറ്റ് ഉപഭോഗത്തിന്റെ  ദൂഷ്യഫലം നമ്മുടെ രാജ്യത്തെ ആയിരിക്കണമെന്നില്ല ബാധിക്കുന്നത്. ആഗോള തലത്തിലെ ഇന്റർനെറ്റ് ഉപഭോഗം ശരാശരി 2 .6 ലക്ഷം കോടി ലിറ്റർ ജല ഉപഭോഗത്തിന്  തുല്യമാണ് . നമ്മൾ കാണുന്ന വീഡിയോകളുടെ നിലവാരം കുറച്ചാൽ തന്നെ 53 ദശലക്ഷം ലിറ്ററും, കോൺഫറൻസിങ്ങിൽ വീഡിയോ ആവശ്യമില്ലെങ്കിൽ അത് ഓഫ് ചെയ്തുവെച്ചാൽ 10 .7 ദശലക്ഷം ലിറ്ററും(പ്രതി  ലക്ഷം ആളുകൾക്ക്) ജലം ലാഭിക്കാനാവും. 

ഇന്റർനെറ്റ് ഉപഭോഗത്തിന്റെ മറ്റൊരു പാരിസ്ഥിതിക പ്രാധാന്യമുള്ള വശമാണ് ഭൂമിയുടെ ഉപയോഗം. ഡേറ്റ സെൻറ്ററുകൾ സ്ഥാപിക്കാനും മൊബൈൽ ടവറുകൾക്കും ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്റർ ഭൂമിയാണ് ഉപയോഗിക്കപ്പെടുന്നത്. ഇതിൽ അധികവും കൃഷിയോഗ്യവും വാസയോഗ്യവുമായ ഭൂമിയാണെന്നുള്ളതാണ് ശ്രദ്ധേയം. ഇപ്പോഴത്തെ നിരക്കിൽ ഇന്റർനെറ്റ് ഉപഭോഗം തുടർന്നാൽ അമേരിക്കയിലെ ലോസ് ഏഞ്ചലെസിന്റെ അത്രയും വിസ്‌തീർണമുള്ള അധിക ഭൂമി ഈ വർഷത്തിന്റെ അവസാനത്തോട് കൂടി വേണ്ടി വരുമെന്നാണ് പഠനങ്ങളിൽ പറയുന്നത്. ഭൂമി ഉപയോഗിക്കപ്പെടുന്നതിന്റെ മറ്റൊരു വശം അവിടുത്തെ ആവാസ വ്യവസ്ഥയെയും ഭൂപ്രകൃതിയെയുമൊക്കെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ്.

Courtesy: Resources, Conservation & Recycling 167 (2021) 105389


പല വൻകിട ഇന്റർനെറ്റ് അധിഷ്‌ഠിത കമ്പനികളും തങ്ങൾക്ക് സാധ്യമാകുന്ന തരത്തിൽ പാരിസ്ഥിതിക ആഘാതങ്ങൾ കുറക്കാനുള്ള ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞു. ഉദാഹരണത്തിന്, ആപ്പിൾ തങ്ങളുടെ ഊർജ ഉപഭോഗത്തിന്റെ ഭൂരിഭാഗവും സോളാർ, കാറ്റ് പോലുള്ള സ്രോതസ്സുകളിൽ നിന്നുമായിരിക്കുമെന്ന് തീരുമാനിച്ചിട്ടുണ്ട്. 2022 ൽ അയോവയിലുള്ള തങ്ങളുടെ ഡേറ്റ സെൻറ്റർ പൂർണമായും കാറ്റിൽ നിന്നുള്ള വൈദ്യുതി ഉപയോഗപ്പെടുത്തിക്കൊണ്ടായിരിക്കും  പ്രവർത്തന സജ്ജമാകുകയെന്ന് ഫേസ്ബുക്കും അറിയിച്ചിട്ടുണ്ട്. മൈക്രോസോഫ്ട് പ്രൊജക്റ്റ് നാറ്റിക് ടീം തങ്ങളുടെ ഒരു ഡേറ്റ സെൻറ്റർ സ്കോട്ലൻറ്റിനടുത്തു  കടലിന്റെ അടിത്തട്ടിൽ സ്ഥാപിച്ച് അതിന്റെ പ്രവർത്തനം കാര്യക്ഷമവും വിശ്വാസ യോഗ്യവുമാണെന്ന് ഈയടുത്ത് വിലയിരുത്തുകയുണ്ടായി. ഡേറ്റ സെൻറ്ററുകളുടെ ശീതീകരണത്തിനു വേണ്ട ഊർജം കടലിനടിയിൽ സ്ഥാപിക്കുന്നതിലൂടെ ലഭിക്കാമെന്നാണ് ഈ പ്രോജക്ടിന്റെ ഗുണഫലം.

Courtesy: pixabay

ഇന്റർനെറ്റ് ഉപഭോക്താവെന്ന നിലയിൽ വ്യക്തിപരമായി നമുക്കും ചിലതൊക്കെ ചെയ്യാൻ സാധിക്കും. ഇതിനു വേണ്ടി ചെയ്യാവുന്ന സംഭാവനകൾ കഴിവതും അനാവശ്യ ഉപഭോഗവും സ്ട്രീമിങ്ങും  കുറക്കുക, പാട്ടുകൾ ആവർത്തിച്ച് കേൾക്കണമെങ്കിൽ ഓൺലൈൻ സ്ട്രീമിങ്ങിനെ ആശ്രയിക്കാതെ ഒരിക്കൽ ഡൗൺലോഡ് ചെയ്ത് വെച്ച് പിന്നീട് കേൾക്കുക, ആവശ്യമില്ലെങ്കിൽ വീഡിയോ കോൺഫറൻസിങ്ങിൽ വീഡിയോ ഓഫ് ചെയ്യുക  ഇവയൊക്കെയാണ്. 

References :

1 . The overlooked environmental footprint of increasing Internet use, Resources, Conservation & Recycling 167 (2021) 105389

2 .How Bad are Bananas?: The Carbon Footprint of Everything by Mike Berners -Lee 

3. The Water Footprint of Hydropower Production-State of the Art and Methodological Challenges- Global Challenges 2017, 1, 1600018

ലേശം ആഴ്‌സെനിക് എടുക്കട്ടെ ?

പ്രശസ്ത ഇംഗ്ലീഷ് ഗായകൻ റോബി വില്യംസ് ഏകദേശം ഒരാഴ്ച മുമ്പ് ഒരു റേഡിയോയിൽ നൽകിയ അഭിമുഖത്തിൽ അദ്ദേഹത്തിന്റെ രക്തത്തിൽ കൂടിയ അളവിൽ ആഴ്‌സെനിക് കണ്ടെത്തിയെന്ന് ഒരു ആശങ്ക പങ്കുവെക്കുകയുണ്ടായി. അതിന് ഒരു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് ആഹാരക്രമത്തിൽ വളരെയധികം മത്സ്യം അദ്ദേഹം ഉൾപ്പെടുത്തിയിരുന്നു എന്നതായിരുന്നു. ആഴ്‌സെനിക് ഉപയോഗിച്ചുള്ള കൊലപാതകങ്ങളുടെ എണ്ണം ഇപ്പോൾ വളരെ കുറഞ്ഞിട്ടുണ്ടെങ്കിലും ആഴ്‌സെനിക് വിഷബാധയേറ്റുള്ള ഒരുപാട് മരണങ്ങൾ ഇന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അതിൽ ഭൂരിഭാഗവും ഭക്ഷണത്തിൽ നിന്നും കുടിവെള്ളത്തിൽ നിന്നും ദീർഘകാലം കൊണ്ട് ഏൽക്കുന്ന വിഷബാധ കൊണ്ടുണ്ടാകുന്നതാണ്. അതിനാൽ തന്നെ പല രാജ്യങ്ങളും അവരുടെ കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ആർസെനിക്കിന്റെ അളവ് ഒരു സൂചകമായി നിശ്ചയിച്ചിട്ടുണ്ട്. ദൈനംദിന ഭക്ഷണക്രമത്തിൽ ആഴ്‌സെനിക് അകത്തു ചെല്ലാൻ ഒരു സാധ്യതയുണ്ടെന്നിരിക്കെ ഒരു മരണത്തെക്കുറിച്ച് അന്വേഷിക്കുമ്പോൾ ശരീരത്തിൽ ആഴ്‌സെനിക്ന്റെ അളവ് കണ്ടെത്തി നിർണയിക്കപ്പെട്ടാൽ കൂടിയും , അത് ആഴ്‌സെനിക് അകത്തു ചെന്നതുകൊണ്ടുള്ള കൊലപാതകമാണോ അതോ ആദ്യമേ ശരീരത്തിൽ ഒരളവിൽ ആഴ്‌സെനിക് ഉണ്ടായിരുന്നോ എന്ന് തീരുമാനിക്കുക പ്രയാസമാണ്.

ഒരു സട കൊഴിഞ്ഞ സിംഹത്തോട് വേണമെങ്കിൽ ആഴ്‌സെനിക്കിനെ നമുക്ക് ഉപമിക്കാവുന്നതാണ്. അത്രയധികം കൊലപാതകങ്ങൾ ആഴ്‌സെനിക് ഉപയോഗിച്ച് ചരിത്രത്തിൽ നടത്തപ്പെട്ടിട്ടുണ്ട് എന്നതാണ് അതിന് കാരണം. ഇത്തരം രാസവിഷങ്ങളുടെ ചരിത്രം തേടിപ്പോയാൽ നമ്മൾ ചെന്നെത്തുക ബൈബിളിലും പുരാതന ചൈനീസ് ഗ്രന്ഥങ്ങളിലും ആയുർവേദത്തിലുമെല്ലാം പരാമർശിക്കുന്ന പലതരം വിഷങ്ങളെക്കുറിച്ചും, മരണം ത്വരിതപ്പെടുത്താൻ വേണ്ടി വിഷംപുരട്ടിയ ആയുധങ്ങളുപയോഗിച്ചു ഭക്ഷണത്തിനായി മൃഗങ്ങളെയും പക്ഷികളെയും മനുഷ്യർ കൊന്നിരുന്നതും വിഷവസ്തുക്കൾ ഉപയോഗിച്ചു തങ്ങളുടെ എതിരാളികളെ വകവരുത്തിയ ഈജിപ്ഷ്യൻ, റോമൻ, ഗ്രീക്ക് കഥകളിലുമൊക്കെയായിരിക്കും. പ്രസിദ്ധനായ തത്വചിന്തകൻ സോക്രടീസിനെ വധിക്കാൻ ഹെംലോക്ക് എന്ന വിഷ ചെടിയുടെ പാനീയം കുടിക്കാൻ നൽകിയ കഥ നമ്മളിൽ പലരും കേട്ടിട്ടുണ്ടാകും. അത്തരത്തിൽ, ആദ്യമായി രാസപരിശോധനക്ക് വിധേയമാക്കപ്പെട്ട രാസവസ്തുവായി റിപ്പോർട്ട് ചെയ്യപ്പെട്ട രാസപദാര്ഥമാണ് ഈ ആഴ്‌സെനിക് (Arsenic) എന്ന മൂലകം. ആഴ്‌സെനിക് അംശം പരിശോധിക്കാൻ വേണ്ടി 1832ൽ മാർഷ് ടെസ്റ്റ് എന്ന സുപ്രസിദ്ധ പരിശോധനാരീതി വികസിപ്പിച്ചെടുത്തത് ഒരു ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ജെയിംസ് മാർഷ് ആണ്. ജെയിംസ് മാർഷ്, വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്ന മൈക്കേൽ ഫാരഡെയുടെ സഹായി ആയി വൈദ്യുതകാന്തികതയിൽ റോയൽ മിലിറ്ററി അക്കാഡമിയിൽ 1829 മുതൽ 1846 വരെ ഗവേഷണ സഹായിയായി പ്രവർത്തിച്ചിട്ടുമുണ്ട്. അങ്ങനെയിരിക്കെ, 1833ൽ ഇംഗ്ളണ്ടിലെ കെന്റ് എന്ന ഒരു സ്ഥലത്തു വളരെ പ്രമാദമായ ഒരു കൊല നടന്നു. ജോർജ് ബോഡിൽ എന്ന, സ്ഥലത്തെ പ്രധാന ജന്മി ഒരു കാപ്പി കുടിച്ചതിനു ശേഷം മരണപ്പെടുകയാണുണ്ടായത്. ഇതേ സമയം അവിടുള്ള ഒരു ഡോക്ടർ ബട്ലർ ആഴ്‌സെനിക് വിഷബാധയേറ്റുള്ള മരണത്തെക്കുറിച്ചു പല നിരീക്ഷണങ്ങളും നടത്തി വരുന്ന സമയം കൂടിയായിരുന്നു. സ്വാഭാവികമായും അദ്ദേഹം സംഭവസ്ഥലത്തെത്തുകയും ജോർജ് ഛർദിച്ച പദാർത്ഥം, കുടിച്ച കാപ്പിയുടെ മട്ട് (അവശിഷ്ടം)എന്നിവ ശേഖരിക്കുകയും ചെയ്തു. ബട്ലറിലെ കുറ്റാന്വേഷകൻ ഉണർന്നു. അദ്ദേഹം ആ സാമ്പിളുകൾ പ്രസിദ്ധനായ മൈക്കൽ ഫാരഡെക്ക് കൈമാറി. എന്നാൽ ഫാരഡെ തന്റെ ഗവേഷണ തിരക്കുകൾ മൂലം ആ ജോലി ജെയിംസ് മാർഷിനെ ഏല്പിച്ചു. ജെയിംസ് മാർഷ് ആദ്യം ചെയ്തത് തനിക്കു കിട്ടിയ സാമ്പിളുകളിൽ നിന്ന് കുറച്ചെടുത്തു കത്തിച്ചു നോക്കുകയായിരുന്നു. കത്തിക്കുമ്പോൾ ചെറുതായി വെളുത്തുള്ളിയുടെ മണം അദ്ദേഹത്തിന് അനുഭവപ്പെട്ടു. ആര്സെനിക്ന്റെ അംശം ഉണ്ടെന്ന് അദ്ദേഹത്തിന് സംശയം തോന്നിയത് കൊണ്ടും, തന്റെ നിഗമനത്തിനു കുറച്ചുകൂടി വിശ്വാസ്യമായ തെളിവ് നൽകാനും വേണ്ടി അദ്ദേഹം ഒരു ടെസ്റ്റ് കൂടി നടത്തി. സിൽവർ (വെള്ളി) ടെസ്റ്റ് എന്നായിരുന്നു അതിന്റെ പേര്. വളരെ ലളിതമായ ഒരു ടെസ്റ്റ് ആയിരുന്നു ഈ സിൽവർ ടെസ്റ്റ്; സിൽവർ നൈട്രേറ്റ് ലായനി ടെസ്റ്റ് ചെയ്യേണ്ട സാമ്പിളിലേക് ഒഴിച്ച്, അല്പസമയത്തിനു ശേഷം ലായനിയിൽ മഞ്ഞ/ബ്രൗൺ നിറത്തിലുള്ള അവക്ഷിപ്തം ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കും. നിറ വ്യത്യാസം ഉണ്ടെങ്കിൽ ആഴ്‌സെനിക്കിന്റെ അംശം ഉണ്ടെന്നുറപ്പിക്കാം. ജെയിംസ് മാർഷിന്റെ സംശയം ബലപ്പെടുത്തിക്കൊണ്ട് ജോർജ് ബോഡിൽ കുടിച്ച കാപ്പിയുടെ മട്ടിൽ നിന്നും മഞ്ഞ അവക്ഷിപ്തം പ്രത്യക്ഷപ്പെട്ടു. സമാനമായ രീതിയിൽ സിൽവർ നൈട്രേറ്റിന്‌ പകരം കോപ്പർ സൾഫേറ്റ് ലായനി ഒഴിച്ചും ഇതേ ടെസ്റ്റ് ചെയ്യാം .ആഴ്‌സെനിക്കിന്റെ അംശം ഉണ്ടെങ്കിൽ മഞ്ഞ /ബ്രൗൺ നിറത്തിനു പകരം പച്ച നിറത്തിലുള്ള അവക്ഷിപ്തം ആയിരിക്കുമെന്ന് മാത്രം. എന്നാൽ ഈ രണ്ടു പരിശോധനകളിലും ആഴ്‌സെനിക്കിന്റെ അളവ് കൃത്യമായി നിർണയിക്കാൻ കഴിയാത്തതു കൊണ്ടും, പ്രകൃത്യാലുള്ള ആഴ്‌സെനിക്കിന്റെ അംശം ആണെങ്കിലോ ഇതെന്നും ഉള്ള സംശയം കൊണ്ടും ജെയിംസ് മാർഷ് ഈ പരിശോധന ഫലങ്ങളിലും തൃപ്തനായില്ല . എങ്കിലും, ആ കാലഘട്ടത്തിൽ സാധ്യമായിരുന്ന ഈ പരിശോധനാരീതികൾ വെച്ച് പരമാവധി പരിശ്രമിച്ചു ഡോക്ടർ ബട്ലറിനു റിപ്പോർട് നൽകി . പിന്നീട് ജോർജിന്റെ ചെറുമകൻ ജോൺ ബോഡിൽ ആയിരുന്നു ആര്സെനിക് നൽകിയത് എന്ന് കണ്ടെത്തുകയും, ആഴ്‌സെനിക് വാങ്ങിയ കടയിലെ ജീവനക്കാർ ജോണിനെ തിരിച്ചറിയുകയും ചെയ്തതോടെ കേസ് തെളിഞ്ഞു.


ജോർജ് ബോഡിലിന്റെ കൊലപാതകത്തിലെ പരിശോധനാഫലങ്ങളിൽ തൃപ്തനല്ലാതിരുന്ന ജെയിംസ് മാർഷ്‌ ആഴ്‌സെനിക് അംശം കണ്ടുപിടിക്കാൻ കൂടുതൽ കൃത്യതയാർന്ന ഒരു ടെസ്റ്റ് കണ്ടുപിടിക്കണം എന്ന് മനസ്സിലുറപ്പിച്ചു. ഭാവിയിൽ ആഴ്‌സെനിക് വിഷബാധയേറ്റുള്ള മരണങ്ങളിൽ കുറ്റമറ്റ രീതിയിൽ പരിശോധനാഫലം നൽകിയേ തീരൂ എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു . അദ്ദേഹം തന്റെ പരീക്ഷണങ്ങൾ തുടർന്നു. അങ്ങനെ ഹൈഡ്രോക്ലോറിക് ആസിഡും സിങ്ക് എന്ന ലോഹവും ഉപയോഗിച്ച് ആർസെനിക്കിന്റെ അംശം കണ്ടുപിടിക്കുന്ന ഒരു രീതി വികസിപ്പിച്ചെടുത്തു. പരിശോധിക്കേണ്ട സാമ്പിളിലേക്ക് ഹൈഡ്രോക്ലോറിക് ആസിഡും മുൻകൂട്ടി അറിയുന്ന അളവിൽ സിങ്ക് എന്ന ലോഹവും ചേർത്ത് കഴിഞ്ഞാൽ സിങ്ക്, ഹൈഡ്രജൻ വാതകത്തെ ഹൈഡ്രോക്ലോറിക് അസിഡിൽ നിന്നും ആദേശം ചെയ്യുകയും, അങ്ങനെ പുറത്തു വരുന്ന ഹൈഡ്രജൻ സാമ്പിളിലെ ആർസെനികുമായി പ്രവർത്തിച്ചു ആർസീൻ എന്ന വാതകം ഉണ്ടാകുകയും ചെയ്യും എന്ന് അദ്ദേഹം മനസ്സിലാക്കി. ആർസീൻ കത്തിച്ചു കഴിഞ്ഞാൽ അത് വിഘടിച്ചു കിട്ടുന്ന ആര്സെനിക് മൂലകത്തിന്റെ ബാഷ്പം ഒരു തണുപ്പിച്ച ട്യൂബിലൂടെ കടത്തി വിടുമ്പോൾ ആഴ്‌സെനിക് മൂലകം ട്യൂബിന്റെ വശങ്ങളിൽ കണ്ണാടി പോലെ അവക്ഷിപ്തപ്പെടുകയും പിന്നീട് ടെസ്റ്റ് ട്യൂബിൽ നിന്ന് അത് ശേഖരിച്ചു സാമ്പിളിൽ അടങ്ങിരിയിരിക്കുന്ന ആർസെനിക്കിന്റെ അംശം കൃത്യമായി (50 ൽ ഒരംശം മില്ലിഗ്രാം അളവിൽ ആഴ്‌സെനിക് ഉണ്ടായാൽ പോലും) നിർണയിക്കുകയും ചെയ്തു. ഈ കണ്ടുപിടുത്തം അദ്ദേഹം 1836ൽ എഡിൻബർഗ് ഫിലോസോഫിക്കൽ ജേണലിൽ പ്രബന്ധമായി പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. നിറങ്ങളെ ആശ്രയിച്ചു മാത്രം ആഴ്‌സെനിക്കിന്റെ അംശം കണ്ടുപിടിച്ചിരുന്ന കാലത്തിനു ജെയിംസ് മാർശിന്റെ ഈ സംഭാവന വളരെ വിലപ്പെട്ടതായിരുന്നു. അതുകൊണ്ട് ആഴ്‌സെനിക് കണ്ടുപിടിക്കാനുള്ള ഈ ടെസ്റ്റിന് അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി ഈ ആഴ്‌സെനിക് പരിശോധനാ സംവിധാനത്തിന് മാർഷ് ടെസ്റ്റ് എന്ന് പിൽക്കാലത്ത് നാമകരണം ചെയ്യപ്പെട്ടു.

മാർഷ് ടെസ്റ്റ്ന്റെ ഉത്ഭവം ബോഡിലിന്റെ കൊലപാതകത്തെത്തുടർന്നായിരുന്നെങ്കിലും ഔദ്യോഗികമായി അതിന്റെ ഗുണഫലം ആദ്യമായി കിട്ടിയത് 1840 ൽ ഫ്രാൻസിൽ നടന്ന ലഫർജ് കൊലപാതക കേസിലായിരുന്നു. അവിടെയും വില്ലൻ ആര്സെനിക് തന്നെ! ഉരുക്കു കച്ചവടക്കാരൻ ആയിരുന്ന ചാൾസ് ലഫർജ് തന്റെ സമ്പത്തെല്ലാം നശിച്ചപ്പോൾ കടബാധ്യത തീർക്കാൻ വേണ്ടി താരതമ്യേന ധനികയായിരുന്ന മേരിയെ അവരുടെ ബന്ധുക്കളെ ഒക്കെ താൻ ധനികനാണെന്ന് പറഞ്ഞു കബളിപ്പിച്ചു വിവാഹം ചെയ്തു. ജന്മനാട്ടിൽ നിന്നും ബിസിനസിന് വേണ്ടി പാരിസിലെത്തിയപ്പോൾ ചാൾസിന്റെ വിശ്വരൂപം മേരി കണ്ടു. സമ്പൽ സമൃദ്ധി പ്രതീക്ഷിച്ചു വന്ന മേരിക്ക് അതൊന്നും കാണാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, ചാൾസ് വരുത്തി വെച്ച കടബാധ്യതകൾ ഏറ്റെടുക്കേണ്ടിയും വന്നു. നിരാശയായ മേരി ചാൾസിനോട് വിവാഹ ബന്ധം വേർപെടുത്തണമെന്നു ആവശ്യപ്പെട്ടു. ചാൾസിന് അത് സമ്മതമല്ലായിരുന്നു. സമ്പത്തൊക്കെ എങ്ങനെയെങ്കിലും തിരിച്ചുപിടിക്കാം, പക്ഷെ വിവാഹബന്ധം അതിന്റെ പേരിൽ വേണ്ടെന്നു വെക്കരുത് എന്ന ചാൾസ് ആണയിട്ടു പറഞ്ഞപ്പോൾ മേരി ഒരുവിധം സമ്മതിച്ചു. ബിസിനസ് ട്രിപ്പനുബന്ധിച്ച് ചാൾസിന് മേരിയെ പലപ്പോഴും വിട്ടു നിൽക്കേണ്ടി വന്നു. അങ്ങനെയിരിക്കെ 1839 ഡിസംബറിൽ പാരീസിൽ ഒരു ബിസിനസ് ട്രിപ്പിലായിരുന്ന സമയത്തു മേരി ചാൾസിന് ഒരു ക്രിസ്മസ് കേക്ക് കൊടുത്തു വിട്ടു. അത് കഴിച്ച ഉടനെ അദ്ദേഹത്തിന് ഗുരുതരമായ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കോളറ വ്യാപകമായിരുന്ന ആ കാലഘട്ടത്തിൽ ചാൾസ് ആദ്യമൊന്നും തന്റെ ദേഹാസ്വാസ്ഥ്യം കോളേറെയുടെ ലക്ഷണമാകുമെന്നു കരുതി അത്ര ഗൗനിച്ചില്ല. താൻ കഴിച്ച കേക്ക് ഒരുപക്ഷെ കേടുവന്നു ഭക്ഷ്യവിഷബാധ വല്ലതുമായിരിക്കുമെന്നു കരുതി ചാൾസ് ആ കേക്ക് വലിച്ചെറിയുകയാണ് ഉണ്ടായത്. അധികം താമസിയാതെ ചാൾസ് വീട്ടിലേക്ക് തിരിച്ചു.
പൈസ സമ്പാദിക്കാൻ കഴിഞ്ഞെങ്കിൽ കൂടിയും വീട്ടിൽ തിരിച്ചെത്തിയ ചാൾസിന് ഒരു ഉന്മേഷവും ഉണ്ടായിരുന്നില്ല. ചാൾസിന് ഭക്ഷണമൊക്കെ നൽകി നല്ലപോലെ മേരി ശുശ്രൂഷിച്ചെങ്കിലും വളരെ വേഗത്തിൽ ചാൾസ് പാരീസ് സിൻഡ്രോമിനു (പാരീസ് ജീവിത്തിൽ നിരാശ/ഉത്സാഹമില്ലായ്മ അനുഭവപ്പെടുന്ന ഒരു തരം വിഷാദ രോഗം) അടിമപ്പെട്ടു. ചാൾസിനെ ചികിൽസിക്കാൻ ഡോക്ടർ വന്നു. കോളേറെയുടെ ലക്ഷണങ്ങളുമായി ഡോക്ടർ യോജിച്ചു. ഇനിയാണ് ട്വിസ്റ്റ്! ഭർത്താവിനെ വൈകുന്നേരങ്ങളിൽ ശല്യപ്പെടുത്തുന്ന എലികൾക്ക് വിഷം വെക്കാനാണ് എന്ന് പറഞ്ഞു മേരി ചാൾസിനെ പരിശോധിക്കാൻ വന്ന ഡോക്ടറിനോട് ആഴ്‌സെനിക് കുറിച്ചു വാങ്ങി. ഡോക്ടർ വളരെ നിഷ്കളങ്കനായിരുന്നിരിക്കണം,അദ്ദേഹത്തിന് യാതൊരു സംശയവും തോന്നിയില്ല. എന്തായാലും അടുത്ത ദിവസം തന്നെ ചാൾസിന്റെ രോഗം കലശലായി ആളുകളൊക്കെ അദ്ദേഹത്തെ സന്ദർശിക്കാൻ തുടങ്ങി. അങ്ങനെ വന്നവരിൽ ചാൾസിന്റെ ഒരു ബന്ധുവിന്റെ സുഹൃത്ത് അന്നയും ഉണ്ടായിരുന്നു. ചാൾസിന് കുടിക്കാൻ കൊടുക്കുന്ന പാലിൽ വെളുത്ത നിറത്തിലുള്ള ഒരു പൊടി മേരി ചേർക്കുന്നത് അന്നയുടെ ശ്രദ്ധയിൽ പെട്ടു. എന്താണതെന്നു സംശയത്തോടെ അന്ന ചോദിച്ചപ്പോൾ ഒരു പ്രത്യേക തരം പഞ്ചസാരയാണ് അതെന്നു മേരി മറുപടി നൽകി. എന്നാൽ അന്നയുടെ സംശയം അവിടം കൊണ്ടവസാനിച്ചില്ല. ചാൾസിന് നൽകിയ പാലിന്റെ ഉപരിതലത്തിൽ വെളുത്ത പൊടികൾ കിടന്നിരുന്നത് അന്നയുടെ ശ്രദ്ധയിൽപ്പെടുകയും, ചാൾസിനെ പരിശോധിക്കാൻ വന്ന ഡോക്ടറിന് ആ പാൽ കൊടുക്കുകയും, ഡോക്ടർ ആ പാൽ രുചിച്ചു നോക്കി ക്ഷാര രസം ഉണ്ടെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. വളരെ പെട്ടെന്ന് തന്നെ ചാൾസിന്റെ ആരോഗ്യനില വഷളായി. മരിക്കാറായ ചാൾസിന്റെ അടുത്ത അദ്ദേഹത്തിന്റെ ബന്ധുക്കളൊക്കെ ഒത്തുകൂടിയ സമയം അന്ന മേരിയെക്കുറിച്ചുള്ള തന്റെ സംശയങ്ങൾ ചാൾസിന്റെ അമ്മയോട് സൂചിപ്പിച്ചു. തോട്ടത്തിലെ ജോലിക്കാർ മേരിക്ക് ആഴ്‌സെനിക് കൊണ്ട് വന്നു കൊടുത്തു എന്ന് കൂടി അറിഞ്ഞപ്പോൾ സംശയങ്ങളും ഭയവും ബലപ്പെട്ടു. ആഴ്‌സെനിക് വാങ്ങിയത് മേരി നിഷേധിച്ചില്ലെങ്കിലും, അത് എലി ശല്യത്തിന് വേണ്ടി ആണെന്ന് തന്ത്രപൂർവം വീണ്ടും എല്ലാവരെയും വിശ്വസിപ്പിച്ചു. എന്തായാലും, വളരെ വേഗത്തിൽ തന്നെ ചാൾസ് പരലോകത്തെത്തി. മരിക്കുന്നതിന് തൊട്ടു മുമ്പ് ചാൾസിന് കൊടുത്ത പാൽ ഗ്ലാസ്സിനടിയിൽ വെളുത്ത പഞ്ചസാര പോലെയുള്ള അതെ പൊടി ഊറി കിടന്നത് അന്ന ശ്രദ്ധിച്ചിരുന്നു. ഈ വിവരം അവർ പോലീസിനെ ധരിപ്പിക്കുകയും ചെയ്തു . പോലീസ് പിന്നീട് ഈ കേസ് ഏറ്റെടുക്കുകയും, സ്ഥലത്തെ കെമിസ്റ്റുകളെ കൊണ്ട് ചാൾസിന്റെ ശരീരത്തിൽ ആഴ്‌സെനിക് ഉണ്ടോ എന്ന് പരിശോധിപ്പിക്കുകയും ചെയ്തു. പക്ഷെ അവർക്കൊന്നും, ആഴ്സെനിക്കിന്റെ അംശം കണ്ടെത്താനായില്ല. പരിശോധനാഫലത്തിൽ ഉള്ള സംശയം കൊണ്ട് ഒരു പുനഃപരിശോധനക്ക് പോലീസ് തയ്യാറായി. മാത്യു ഓർഫില എന്നൊരു സ്പാനിഷ് രാസവിഷശാസ്ത്രജ്ഞനെ കൊണ്ട് വീണ്ടും സാമ്പിൾ പരിശോധിപ്പിച്ചു. ജെയിംസ് മാർഷിന്റെ മാർഷ് ടെസ്റ്റ് ആയിരുന്നു അദ്ദേഹം അവലംബിച്ചത്. വളരെ പെട്ടെന്ന് തന്നെ ആഴ്സെനിക്കിന്റെ അളവ് നിർണയിക്കാനും കോടതിയിൽ തെളിയിക്കാനും മാത്യുവിന് കഴിഞ്ഞു. അങ്ങനെ, മേരിയാണ് ഇതിനു പിന്നിലെന്ന് കോടതി കണ്ടെത്തുകയും അവരെ ശിക്ഷിക്കുകയും ചെയ്തു. ലഫറജ് ആഴ്‌സെനിക് കൊലക്കേസ് പിന്നീട് 1937ൽ The Lady and the Arsenic എന്ന ഫിക്ഷൻ ആയി ജോസഫ് ഷെയറിങ് പ്രസിദ്ധീകരിച്ചു . ആർസെനിക്കിനെ പ്രമേയമാക്കി പല കൃതികളും എഴുതപ്പെട്ടു…

Picture courtesies:http://gutenberg.net.au/ebooks14/1400041h.html, https://etcanada.com/news/725919/robbie-williams-says-high-fish-diet-nearly-killed-him-with-mercury-and-arsenic-poisoning/