Category Archives: Travel

സുരലോക ജലധാര ഒഴുകിയൊഴുകി…

ആ ഇരമ്പൽ ഇപ്പോഴും കാതുകളിലുണ്ട്. ഓരോ സെക്കന്റിലും 24 ലക്ഷം ലിറ്റർ വെള്ളം പാറക്കെട്ടുകളിൽ തട്ടിത്തെറിച്ചങ്ങനെ ഒഴുകുകയാണ്. വെള്ളിച്ചില്ലും വിതറി, തുള്ളി തുള്ളി ഒഴുകും ,പൊരി നുര ചിതറി എന്ന് ബിച്ചു തിരുമല ഒരു പാട്ടിൽ വർണിക്കുന്നതുപോലെ.വടക്കെ അമേരിക്കയുടെയും കാനഡയുടെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന, 58 കിലോമീറ്റര്‍ ഒഴുകി അമേരിക്കയുടെയും കാനഡയുടെയും അതിര്‍ത്തിയിലെത്തി , ​കുതിരലാടത്തിന്റെ ആകൃതിയി​ൽ
53 മീറ്റർ താഴേക്ക് പതിക്കുന്ന നയാഗ്ര, ഒഴുകി പോകുന്ന വെള്ളത്തിന്റെ അളവ് കണക്കിലെടുത്താല്‍, ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ്. കുട്ടിക്കാലം മുതൽക്കു തന്നെ പത്രങ്ങളിലും ടി വി യിലെ യാത്രാവിവരണങ്ങളിലൂടെയും ഒരുപാട് കേട്ടറിഞ്ഞിട്ടുള്ളതാണ് ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ഈയിടത്തെപ്പറ്റി.​ ​പ്രകൃതി ഒരുക്കിയ വിസ്മയങ്ങൾ എപ്പോഴും അത്ഭുതപ്പെടുത്താറുണ്ടെന്നിരിക്കെ കാനഡയി​ലായിരിക്കുമ്പോൾ നയാഗ്ര വരെ പോയി അതൊന്ന് നേരിൽ കാണാതെ ഇരിക്കുന്നതെങ്ങനെ ? അതുകൊണ്ട് തന്നെ കാൾഗരിയിൽ നിന്നും 3250 കിലോമീറ്റർ ദൂരെയുള്ള നയാഗ്ര വരെ പോകാൻ കാരണം മറ്റൊന്നായിരുന്നില്ല.

കാർ പാർക്ക് ചെയ്ത് നടക്കുമ്പോൾ ഏകദേശം ഒരു കിലോമീറ്റർ ചുറ്റളവിൽ തന്നെ​ ​ഒരു മൂടൽ മഞ്ഞിന്റെയും ചാറ്റൽ മഴയുടെയും പ്രതീതി നയാഗ്ര സൃഷ്ടിക്കുന്നുണ്ട്. ദൂരെ നിന്നുമുള്ള ആദ്യ കാഴ്ചയിൽ തന്നെ ​എത്ര നോക്കിനിന്നാലും മതിയാവാത്ത ​ഒരു മായാ വിസ്മയമായങ്ങനെ നിൽക്കുകയാണ് നയാഗ്ര . കണ്ണെടുക്കാതെ അല്പസമയം നോക്കിയങ്ങനെ നിൽകുമ്പോൾ സ്ലോ മോഷനിൽ ആണോ എന്നുപോലും തോന്നുന്ന പച്ചകലർന്ന നീല നിറത്തിലുള്ള ജലപ്രവാഹവും, വെയിലെഴുതുന്ന ​മഴവില്ലും​,​ ​ഇരമ്പുന്ന ശബ്ദവും, വെള്ളക്കണികകൾ അന്തരീക്ഷത്തിൽ തീർക്കുന്ന പുകമറയും . പ്രകൃതി ഒരുക്കുന്ന ഒരു താളമേളം തന്നെ.

​കുറച്ചുകൂടി അടുത്തെത്തിയപ്പോൾ നദിയുടെ കരയിലൂടെ സുരക്ഷിതമായി നടക്കാൻ ഹാൻഡ് റെയിലുകൾ പിടിപ്പിച്ച നടപ്പാത. അരികിലെല്ലാം മനോഹരമായ പൂച്ചെടികൾ, പുൽത്തകിടികൾ , കുളിരാടി നിൽക്കുന്ന മേപ്പിൾ മരങ്ങൾ, നദിക്കരയിൽ ചാഞ്ഞു നിൽക്കുന്ന ആപ്പിൾ മരങ്ങൾ . അതിനിടയിൽ നിന്നും തങ്ങളുടെ സാന്നിധ്യം അറിയിച്ചുകൊണ്ടുള്ള ചീവീടുകളുടെ കച്ചേരിയും.​അപരിചിതരായ ഒരുപാട് ആളുകൾ , പല രാജ്യങ്ങളിൽ നിന്നും, പല സംസ്കാരമുള്ളവർ. എല്ലാവരുടെയും ലക്‌ഷ്യം ഒന്ന് മാത്രം. നയാഗ്ര എന്ന വിസ്മയം കാണണം, മതിമറന്ന് ആസ്വദിക്കണം. നദിയുടെ മറുവശത്തുള്ള ഒബ്‌സർവേഷൻ ഡെക്കിൽ ഒട്ടനവധി അമേരിക്കക്കാരും കാണാൻ വന്നുകൊണ്ടിരിക്കുന്നു. കോവിഡ് മഹാമാരിക്കാലം ആയതുകൊണ്ടായിരിക്കാം നദിക്കു കുറുകെയുള്ള പാലത്തിലൂടെ സന്ദർശകരെ അമേരിക്കയുടെ ഭാഗത്തേക്കും തിരിച്ചും അനുവദിക്കുന്നുണ്ടായിരുന്നില്ല . ആകെ മൂന്ന് വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളത്. രണ്ടെണ്ണം അമേരിക്കയുടെ ഭാഗത്തും ഒരെണ്ണം കാനഡക്കും. കാണാനുള്ള അഴകും തലയെടുപ്പും വെച്ച് നോക്കുമ്പോൾ വലിയ വെള്ളചാട്ടം കാനഡ ഭാഗത്തായതുകൊണ്ട് കാനഡയിലാണെന്നുള്ള ഒരഹങ്കാരം ഇല്ലോളം തോന്നാതിരുന്നില്ല.

കരയിൽ നിന്നുമുള്ള ദൂരക്കാഴ്ച കൺ നിറയെ കണ്ടു കഴിഞ്ഞാൽ അടുത്തതായി നദിയിലൂടെ ബോട്ടിൽ താഴെ വരെ പോയി നേരിട്ട് അടുത്ത് നിന്നും നോക്കിക്കാണുന്ന ചടങ്ങാണ്. ഇതിനായി അമേരിക്കക്കാർക്കും കാനഡക്കാർക്കും പ്രത്യേകം പ്രത്യേകം ബോട്ടുകൾ സജ്ജീകരിച്ചിട്ടുണ്ട് . ബോട്ടിൽ കയറാൻ ക്യൂവുമുണ്ട്. ക്യൂ തെറ്റിച്ച് ഇടിച്ചു കയറാന്‍ ആരും പരാക്രമം കാണിക്കുന്നതായി കണ്ടില്ല . ആളുകളെല്ലാം ക്ഷമയോടെ , ആകാംക്ഷാഭരിതരായി മര്യാദയോടെ നിൽക്കുന്നു . ബോട്ടുയാത്രയുടെ ആകർഷക ഘടകം രണ്ടു രാജ്യങ്ങളുടെയും സന്ദർശകർക്ക് പ്രത്യേക നിറമുള്ള മഴക്കോട്ടുകളാണ് സംഘാടകർ ധരിക്കാൻ നൽകുന്നെന്നുള്ളതാണ് . അമേരിക്കക്ക് നീലയും കാനഡാക്ക് പിങ്ക് നിറവും. പോഞ്ചോ എന്നാണത്രെ ഇതിനു പറയുന്നത്. വെള്ളച്ചാട്ടത്തിന് അടുത്തെത്തുമ്പോള്‍ നനയാൻ 100 ശതമാനം സാധ്യതയുള്ളതിനാൽ ഒരു പരിധിവരെയെങ്കിലും വസ്ത്രം നയാതിരിക്കാനാണ് ഈ പോഞ്ചോ .അമേരിക്കൻ ഭാഗത്തു നിന്നും വരുന്ന രണ്ടു നിലയുള്ള വലിയ ബോട്ടിനു “maid of the mist” എന്നാണ് പേര്, മൂടൽമഞ്ഞിന്റെ തോഴിയെന്നൊക്കെ വേണമെങ്കിൽ മലയാളത്തിൽ വിശേഷിപ്പിക്കാം. എന്തായാലും, ഈ തോഴി 1846 മുതൽ സന്ദർശകരെ സേവിക്കുന്നുണ്ട് എന്നാണ് ചരിത്രം. 2013 വരെയും തോഴി തന്നെയാണ് അമേരിക്കയിലെയും കാനഡയിലെയും സന്ദർശകരെ സഹായിച്ചിരുന്നത് . 2014 മുതലാണ് കാനഡയുടെ hornblower cruise പ്രവർത്തനം ആരംഭിച്ചത്. മലയാളത്തിൽ വേണമെങ്കിൽ നമുക്കവനെ കുഴൽമുഴക്കി എന്നൊക്കെ ഒരു ചേഞ്ചിന് വിളിക്കാം. സന്ദർശകരെ വെള്ളച്ചാട്ടത്തിനു തൊട്ടുമുമ്പിൽ വരെ എത്തിച്ചു തിരിച്ചെത്തിക്കുന്നത് ഇവനും തോഴിയും തമ്മിലുള്ള ഒരു ധാരണയുടെ അടിസ്ഥാനത്തിലാണ്. ഒന്നിടവിട്ട് രണ്ടുപേരും കൊടുങ്കാറ്റിൽ പെട്ട കപ്പൽ പോലെ ആടിയുലഞ്ഞു മന്ദം മന്ദം വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് . മുകളിൽ നിന്ന് നോക്കുമ്പോൾ കാണാൻ കൗതുകമുള്ള ഒരു കാഴ്ചയാണ് നീലയും പിങ്കും വേഷധാരികളെയും വഹിച്ചു ഇവർ ഊളിയിട്ടു പോകുന്നത് . ആളുകളുടെ ആവേശം വലിയ ശബ്ദങ്ങളായി വെള്ളച്ചാട്ടത്തിന്റെ ഇരമ്പലിൽ ഒന്നുമില്ലാതായി അലിഞ്ഞുപോകുന്ന പ്രതീതി. കാനഡയുടെ പതാകയും വഹിച്ചുള്ള ബോട്ട് അമേരിക്കയുടെ ഭാഗത്തുള്ള വെള്ളച്ചാട്ടത്തിന് അരികിലൂടെ മെല്ലെ നീങ്ങി പിന്നീട് കാനഡ ഭാഗത്ത് കുതിരലാടം പോലെയുള്ള വെള്ളച്ചാട്ടത്തിനെ ലക്ഷ്യമാക്കി മുമ്പിലേക്ക്. ബോട്ടിലെ സഞ്ചാരികളെല്ലാം വലിയ ആവേശത്തിമിർപ്പിലും. “അതിനടുത്തെത്തിയാ എന്റെ സാറേ ചുറ്റുമുള്ളതൊന്നും കാണൂല ” പ്രതിഭാസത്തിൽ വലിയ മുരൾച്ചയോടെ താഴേക്കുവീഴുന്ന തണുത്ത ജലം അടുത്തുചെല്ലുമ്പോള്‍ നമ്മളെയാകെ നനച്ചുകളയും. വെള്ളച്ചാട്ടം ‘കാണുക’ മാത്രമല്ല ‘അനുഭവിക്കുക’യും വേണമല്ലോ ! എന്തായാലും മൂടല്‍മഞ്ഞുപോലെയുള്ള ആ അന്തരീക്ഷത്തിൽ .’കാണൽ’ ഒന്നും വ്യക്തമായി നടന്നില്ലെങ്കിലും നല്ലവണ്ണം ‘അനുഭവിച്ചു’ എന്ന് വേണം പറയാൻ .തണുത്ത വെള്ളത്തുള്ളികള്‍ മുഖത്ത് ഏറ്റുവാങ്ങി അത്ഭുതസ്തബ്ധരായി ആളുകളങ്ങനെ നില്‍ക്കുന്നു. നയാഗ്രയുടെ ഗാംഭീര്യം ശരിക്കും അനുഭവിച്ചറിയുന്നപോലെ .ചിലർ അതിനിടക്ക് പറന്നുപോകാതെ ബദ്ധപ്പെട്ട് ബോട്ടിന്റെ റെയിലിൽ പിടിച്ചു നിൽക്കുന്നു. മറ്റു ചിലരാണെങ്കിൽ വശ്യമനോഹരമായ ഈ കാഴ്ച കാമറയിൽ ഒപ്പിയെടുക്കാനുള്ള ശ്രമം. സ്വൈര വിഹാരം നടത്തുന്ന വെള്ളപ്പറവകളും, ഇടയ്ക്കിടെ വെയിൽ തൊട്ടും തഴുകിയും പോകുന്ന മുറക്ക് ഒളിചുകളിക്കുന്ന മാരിവില്ലും . അനുസ്യൂതം ഒഴുകിവീഴുന്ന വെള്ളച്ചാട്ടത്തിന്റെ അനിര്‍വചനീയമായ ഈ സൗന്ദര്യം സഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ ഇരു രാജ്യങ്ങളിലെയും ഭരണകൂടങ്ങൾ ഒത്തൊരുമിച്ചു വേണ്ടുവോളം സൗകര്യമൊരുക്കിയിട്ടുണ്ടെന്നുള്ളതു എടുത്തു പറയേണ്ടതാണ്.

ബോട്ടുയാത്ര കഴിഞ്ഞു തിരിച്ചെത്തുമ്പോൾ വല്ലാത്തൊരു സാഫല്യം ആണ് തോന്നിയത്. ഇട്ടിരിക്കുന്ന പോഞ്ചോ റീസൈക്കിൾ ചെയ്യാൻ നൽകുകയോ നയാഗ്രയുടെ സ്മരണാർത്ഥം കൂടെ കൂട്ടുകയോ ചെയ്യാം . വ്യക്തമായ മാലിന്യ നിർമാർജന പദ്ധതിയുള്ളതുകൊണ്ടാവണം ഇത്രയധികം സന്ദര്ശകരുണ്ടായിട്ടും ആ പരിസരം മുഴുവനും വൃത്തിയും വെടിപ്പുമായി സൂക്ഷിച്ചിട്ടുണ്ട്. ആളുകളുടെ സാമൂഹ്യബോധവും ഒരു ഘടകമായിരിക്കാം. നയാഗ്രയില്‍ ടൂറിസ്റ്റ് സീസണ്‍ ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയാണ്. അത് കഴിയുമ്പോള്‍ വെള്ളത്തിന്റെ ഒഴുക്കിന്റെ നിയന്ത്രണം ന്യൂയോര്‍ക്കിലെയും ഒന്റാറിയോവിലെയും വൈദ്യുതി ബോർഡുകൾക്കാണ് .

നയാഗ്രൻ കാറ്റേറ്റ് ഒരു ദിവസം മുഴുവനും അവിടെ ചെലവഴിക്കണമെന്നുണ്ടായിരുന്നെങ്കിലും സമയത്തിന്റെ അപര്യാപ്തത മൂലം അടുത്ത സീസണിൽ വിശദമായി വരണമെന്ന് മനസ്സിലുറപ്പിച്ചു നയാഗ്രയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച കേ. ആർ വിജയയുടെയും സായിപ്പിന്റെയും “സുരലോക ജലധാര ഒഴുകിയൊഴുകി ള ള ള .. ള ള ള ..”യും മൂളിക്കൊണ്ട് അങ്ങനെ തിരിച്ച് കാൾഗരിയിലേക്ക് . ആ ഒരു അപൂർണത മടക്കയാത്രയിൽ തെല്ലും അലട്ടാതിരുന്നില്ല . ആഗ്രഹങ്ങളും യാഥാർഥ്യങ്ങളും ദ്വന്ദ്വ യുദ്ധത്തിലായിരിക്കുന്നിടത്തോളം ഈ തോന്നലിനു പ്രത്യേകിച്ച് പുതുമയൊന്നുമില്ലെങ്കിലും. എന്തായാലും ഈ കുറിപ്പെഴുതുമ്പോഴും ചിത്രങ്ങൾ പങ്കുവെക്കുമ്പോഴും ആ ഇരമ്പലും ദൃശ്യചാരുതയും മനസ്സിൽ ഇന്നലെയെന്നപോലെ തങ്ങി നിൽക്കുന്നു.
” വെയില്‍ വെള്ളത്തിലെന്ന പോലെ നീ എന്നില്‍ പ്രവേശിച്ചു. മഞ്ഞ്, ഇലയില്‍ നിന്നെന്ന പോലെ തിരിച്ചു പോവുകയും ചെയ്തു. എങ്കിലും നന്ദിയുണ്ട് നിന്നോട്.. ഈ കെട്ടിക്കിടപ്പിനെ കുറഞ്ഞ നേരത്തേക്ക്, നീ സ്ഫടികമെന്നു തോന്നിച്ചു.” എന്ന് കവി വീരാൻ കുട്ടി എഴുതിയ പോലെ…