Tag Archives: General

കോവിഡ് പകരും; വാക്സീൻ പകരുമോ ?

കോവിഡിന്റെ അതിശക്തമായ രണ്ടാം തരംഗത്തിലൂടെയാണ് നമ്മൾ ഇന്ത്യക്കാർ ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. പല സംസ്ഥാനങ്ങളിലും സ്ഥിതി രൂക്ഷമായതോടെ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. സമാന്തരമായി പ്രതിരോധ വാക്സീൻ വിതരണം ദ്രുതഗതിയിലാക്കാനുള്ള സജ്ജീകരണങ്ങളും നടക്കുന്നുണ്ട്. വാക്സീൻ എന്ന ഉത്തരം നമ്മുടെ മുന്നിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ വന്നു എന്നുള്ളതും അതിന്റെ ഫലം പല രാജ്യങ്ങളിലും ഇപ്പോഴേ കണ്ടു തുടങ്ങി എന്നതും നമുക്ക് തരുന്ന ആശ്വാസം ചെറുതല്ല. പൊതുവെ നമ്മുടെ  നിലപാട് രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കുക എന്നതാണ്. അവിടെ തന്നെയാണ് പ്രതിരോധ വാക്സീനിന്റെ പ്രസക്തിയും. 


കോവിഡ്  പകരുന്ന അതേ തീവ്രതയിൽ തന്നെയാണ് അതിനേക്കാൾ മാരകമായ, കോവിഡ് സംബന്ധിച്ച  തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് എന്നുള്ളതും ശ്രദ്ധേയമാണ്. വാക്സീൻ വന്നപ്പോൾ അതിനെയും ആളുകൾ വെറുതെ വിട്ടില്ല. അതിൽ ഏറ്റവും പുതുതായി ശ്രദ്ധയിൽ പെട്ടത് കോവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് മറ്റുള്ളവരിലേക്ക് അത് പകർത്താൻ കഴിയുമെന്നുള്ള വിചിത്രമെന്ന് തോന്നുന്നതും വ്യാജവുമായ വാർത്തകൾ ഈയിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതാണ് . വാക്സീൻ എടുത്തവരുടെ വിയർപ്പ്, രക്തം, ഉമിനീർ മുതലായവയിലൂടെ മറ്റൊരാളിലേക്ക് വാക്സീൻ പകർത്താൻ കഴിയുമെന്നും അതുവഴി സ്ത്രീകളുടെ പ്രത്യുല്പാദന ശേഷിക്ക് തകരാർ സംഭവിക്കുമെന്നുമാണ് പ്രചരിക്കുന്നത്. ഇത് പൂർണമായും വ്യാജ പ്രചാരണമാണെന്ന് സ്ഥിരീകരിച്ച് ആരോഗ്യ വിദഗ്ധർ രംഗത്ത് വരികയും അശാസ്ത്രീയമായ കാര്യമാണിതെന്നു അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്. ഇവിടെ  ശ്രദ്ധിക്കേണ്ട ഒരു കാര്യം , ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ നടത്തിയവർ  കൂട്ടുപിടിച്ചത്  മറ്റുള്ളവരിലേക്ക് പകരാൻ കഴിയുന്ന  വാക്സീനെക്കുറിച്ചുള്ള ശാസ്ത്ര റിപ്പോർട്ടുകളിലെ ചില പ്രത്യേക ശകലങ്ങൾ മാത്രം അടർത്തിയായിരുന്നു എന്നുള്ളതാണ്. അതിനാൽ തന്നെ അതിനെ വിശ്വാസയോഗ്യമായി ആളുകൾ കണക്കാക്കി ഏറ്റെടുത്തു പ്രചരിപ്പിച്ചു. 


​അപ്പോൾ ചോദ്യമിതാണ് : ഒരു വാക്‌സീന് അങ്ങനെ മറ്റൊരാളിലേക്ക് പകരാൻ കഴിയുമോ ?

കഴിയുന്ന വാക്‌സിനുകൾ ഉണ്ടെന്നാണ്  ഉത്തരം, പക്ഷെ ഇതുവരെ മനുഷ്യരിൽ ഇത് പരീക്ഷിച്ചിട്ടില്ല എന്ന് മാത്രം. അങ്ങനെയെങ്കിൽ എങ്ങനെയാണു പകരുന്ന വാക്സീനുകൾ പ്രവർത്തിക്കുന്നത് ?


മനുഷ്യന്റെ കൈകടത്തലുകളുടെ ഭാഗമായി കാലം ചെല്ലുന്തോറും മൃഗങ്ങളുമായി അടുത്തിടപഴകുന്നത്തിന്റെ തോത് വർദ്ധിച്ചു വരുന്നുണ്ട്. ആളുകൾ കൂടുതൽ യാത്ര ചെയ്യുകയും, കാട് കയ്യേറി കൃഷി ചെയ്യുകയും, മരം വെട്ടുകയും, വീട് വെക്കുകയും, പക്ഷികളെയും മൃഗങ്ങളെയും ഭക്ഷിക്കുകയെല്ലാം ചെയ്യുമ്പോൾ  അവിടുത്തെ മൃഗങ്ങളിലൂടെ  പല പുതിയ, പരിചയമില്ലാത്ത വൈറസുകളുമായി  മനുഷ്യർ  സമ്പർക്കത്തിൽ വരുന്നു. എന്നാൽ  നമ്മൾ  ഇത്തരത്തിലുള്ള പകർച്ചവ്യാധികളെയൊന്നും ഒരിക്കലും മുന്നിൽകാണാറില്ല എന്നുള്ളതും, അതിന് വേണ്ട തയ്യാറെടുപ്പുകളൊന്നും നടത്താറുമില്ല എന്നതാണ് വസ്തുത.  ഇങ്ങനെ വന്യജീവികളിൽ നിന്ന് മനുഷ്യരിലേക്ക് പടർന്ന  പുതിയ പകർച്ച വ്യാധികൾക് സാക്ഷ്യം വഹിച്ചതിനു പലവിധ ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. 2014/15 കാലഘട്ടത്തിൽ ആഫ്രിക്കയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട എബോള , സാർസ്, മേഴ്‌സ്, നിപ്പ, H1 N1 മുതൽ ഇപ്പോഴത്തെ കോവിഡ്-19  വരെ. ഇത്തരം പകർച്ച വ്യാധികളെ നമ്മൾ സാധാരണയായി നേരിടാറുള്ളത് രോഗവാഹകരായ  ജീവികളുമായുള്ള സമ്പർക്കം ഒഴിവാക്കുന്നതിലൂടെയാണ്. എന്നാൽ രോഗം പടരാതിരിക്കാൻ നമുക്ക്  ചെയ്യാൻ കഴിയുന്ന  മറ്റൊരു സാധ്യതയുണ്ട് : രോഗവാഹകരായ മൃഗങ്ങൾക്കിടയിൽ   ഇത്തരം വൈറസുകൾക്ക് പെരുകാൻ അവസരം കൊടുക്കാതെ ഇരിക്കുക എന്നത്. ഇതൊരു പുതിയ ഐഡിയ ഒന്നുമല്ല. പേപ്പട്ടി വിഷബാധക്ക് കാരണമായ റാബീസ് വൈറസിന്റെ മനുഷ്യരിലേക്കുള്ള പകർച്ചയുടെ നിരക്ക് ലോകമെമ്പാടും വൻ തോതിൽ കുറഞ്ഞത് റാബീസ് പടർത്താൻ സാധ്യതയുള്ള എല്ലാ ജീവികളെയും സാർവത്രികമായി വാക്സീൻ കുത്തിവെപ്പിന് വിധേയമാക്കിയതിലൂടെയാണ്. അങ്ങനെയാണ്  മനുഷ്യരിലേക്കുള്ള പകർച്ച നിയന്ത്രണവിധേയമാക്കിയത് . വന്യ ജീവികളിലുള്ള  പ്രതിരോധ കുത്തിവെപ്പ് കൊള്ളാമല്ലോ എന്ന് തോന്നുമെങ്കിലും പ്രത്യുൽപാദന നിരക്ക് കൂടിയ, മനുഷ്യരിലേക്ക് രോഗം പടർത്താൻ ശേഷിയുള്ള  ജീവികളെയെല്ലാം തിരഞ്ഞു പിടിച്ച് കുത്തിവെപ്പിന് വിധേയമാക്കുക എന്നത് പ്രായോഗികമായി എളുപ്പമല്ല . ഓരോ രാജ്യങ്ങളുടെയും ഇതിനോടുള്ള നിലപാട് വ്യത്യസ്തവുമാണ്.  

എന്നാൽ മൃഗങ്ങൾക്കിടയിൽ സ്വയം പകരാൻ ശേഷിയുള്ള  ഒരു വാക്സീനായാലോ? അങ്ങനെ ഒന്ന് സാധ്യമാണെന്നാണ് അടുത്തിടെ നടന്ന ചില പഠനങ്ങൾ തെളിയിക്കുന്നത്. ഒരു ജീവിയിൽ ഇങ്ങനെ സ്വയം പകരാൻ ശേഷിയുള്ള വാക്‌സിനേഷൻ നടത്തുക, അതിനെ  സ്വതന്ത്രമായി അതിന്റെ കൂട്ടത്തിലുള്ള മറ്റു ജീവികളോട്  സമ്പർക്കത്തിലേർപ്പെടാൻ വിടുക, അങ്ങനെ വാക്‌സിൻ മറ്റു ജീവികളിലേക്ക് പടരുന്നതിലൂടെ രോഗപ്രതിരോധശേഷി കൈവരിക്കുക, ഇതാണ് ലക്ഷ്യം. ഇത്തരത്തിലുള്ള വാക്സീനെ പറയുന്നത് ‘self-disseminating vaccines​’ എന്നാണ്.​ ജീവനുള്ളതോ അല്ലാത്തതോ ആയ വൈറസുകളെ ഉപയോഗിച്ച് തന്നെ രോഗത്തെ ചെറുക്കുക എന്ന പരമ്പരാഗത ആശയത്തിൽ അധിഷ്ഠിതമായായിരുന്നു  ഈയടുത്ത കാലം വരെ വികസിപ്പിച്ചെടുത്ത വാക്സീനിൻറെ പ്രവർത്തന തത്വം. കുത്തിവെപ്പിലൂടെ രോഗത്തിനനുസൃതമായ പ്രതിരോധം സൃഷ്ടിക്കാൻ പ്രാപ്തിയുള്ള ജീവനുള്ള വൈറസുകളെ രോഗവാഹകരാവാൻ സാധ്യതയുള്ള ജീവികളുടെ  ശരീരത്തിലേക്ക് കടക്കാൻ അനുവദിക്കുകയും, അവയുടെ സാന്നിധ്യത്തിൽ ശരീരത്തിൽ രോഗത്തെ പ്രതിരോധിക്കാനുള്ള ആന്റിബോഡികൾ ഉണ്ടാവുകയും അതുവഴി പ്രതിരോധ ശേഷി കൈവരികയുമാണ് ചെയ്യുന്നത്. സാധാരണഗതിയിൽ ഇങ്ങനെയുള്ള വൈറസുകൾക്ക് ആ ജീവിയിൽ അണുബാധയൊന്നും ഉണ്ടാക്കാൻ  ശേഷി ഉണ്ടായിരിക്കുകയില്ല (അവക്ക് ആ ജീവിയുടെ  ശരീരത്തിൽ എണ്ണം പെരുകാൻ സാധിക്കില്ല ). അതിനുള്ള സജ്ജീകരണങ്ങളൊക്കെ നടത്തിയാണ് ഇത്തരം വാക്സീനുകൾ വികസിപ്പിച്ചെടുക്കാറുള്ളത്. എന്നാൽ ഇതിനു കഴിവുള്ള, കുത്തിവെപ്പിന് വിധേയമാകുന്ന ജീവിക്ക്  ഹാനികരമല്ലാത്ത  വൈറൽ വാക്സീനുകളും ഉണ്ട്. അത്തരം വാക്സീനുകളിലുപയോഗിക്കുന്ന വൈറസിന് എണ്ണം പെരുകാൻ കഴിയുമെങ്കിലും മറ്റൊരു ജീവിയിലേക്ക്  പകരാൻ കഴിയുന്ന നിരക്ക് വളരെ കുറവായിരിക്കും . അതുകൊണ്ട് തന്നെ ഇത്തരം വൈറസുകളെ പ്രയോജനപ്പെടുത്തി സ്വയം പടരുന്ന വാക്സീൻ വികസിപ്പിച്ചെടുക്കുക്ക വളരെ പ്രയാസമാണ്. 


ജീനോം എഞ്ചിനീയറിംഗ് വഴി പകർച്ചാ ശേഷി കൂടിയ വാക്സീനുകളിലും പഠനങ്ങൾ പുരോഗമിക്കുകയാണ്. ഇവിടെ ചെയ്യുന്നത് രോഗം പരത്തുന്ന വൈറസുകളുടെ ജീനോമിന്റെ ഒരു ഭാഗം എടുത്ത് കുത്തിവെപ്പെടുക്കുന്ന ജീവിക്ക് ഹാനികരമല്ലാത്ത ഒരു വൈറസിൽ നിക്ഷേപിക്കുകയും, തുടർന്ന് വാക്‌സിനേഷനിലൂടെ ആ വൈറസിനെ മറ്റു ജീവികളിലേക്ക് രോഗം പടരുന്ന പോലെ പടരാൻ അനുവദിക്കുക എന്നുമാണ്. ഇങ്ങനെ ഒരു ജീവിയിൽ നിന്നും സ്വയം മറ്റൊരു ജീവിയിലേക്ക് പടരാൻ അനുവദിക്കുന്നതു വഴി ജീവികൾക്കിടയിൽ നല്ല തോതിൽ രോഗ പ്രതിരോധശേഷി കൈവരികയും മനുഷ്യരിലേക്ക് പകരാതെ   കൂടുതൽ മെച്ചപ്പെട്ട രീതിയിൽ രോഗ പ്രതിരോധം സാധ്യമാകുകയും ചെയ്യും .  ഇങ്ങനെയുള്ള അതിനൂതന സാങ്കേതിക വിദ്യയുപയോഗിച്ച് വികസിപ്പിച്ചെടുത്ത സ്വയം പകരുന്ന വാക്സീനിന്റെ പരീക്ഷണങ്ങൾ കാട്ടു മുയലുകളിലൊക്കെ നടത്തി വിജയകരമായിട്ടുണ്ട്.

ലാസ,എബോള മുതലായ മനുഷ്യരിലേക്ക് സംക്രമിക്കാൻ കഴിയുന്ന വൈറസുകൾക്കുള്ള ഇത്തരം വാക്സീനുകളിലുള്ള ഗവേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷി മൃഗാദികളിൽ ഇത് വിജയകരമായി പ്രയോഗിക്കാൻ കഴിഞ്ഞാൽ തന്നെ വലിയ തോതിൽ, ചുരുങ്ങിയ ചെലവിൽ  ഇത്തരം സാംക്രമിക രോഗങ്ങളെ നമുക്ക് പ്രതിരോധിക്കാൻ കഴിയും. പകർച്ചാശേഷിയുള്ള വാക്സീനുകൾ മനുഷ്യരിലും വിജയകരമായി വികസിപ്പിക്കാൻ കഴിഞ്ഞാൽ ശാസ്ത്രരംഗത്തിന്റെ മറ്റൊരു വലിയ സംഭവനയായിരിക്കുമത്. ​എന്നാൽ ശൈശവ ദിശയിലുള്ള  ഈ ഗവേഷണം ഇനിയും ഒരുപാട്  മുന്നോട്ട് പോകേണ്ടതുണ്ട്.​ ​വാക്സീനിലുള്ള വൈറസുകൾ അനിയന്ത്രിതമായി പെരുകുമോ, മറിച്ച്, കുത്തിവെപ്പെടുത്ത ഒരു ജീവിക്ക് ഒരു നിശ്ചിത എണ്ണം ജീവികളിലേക്ക് മാത്രം പടർത്താൻ കഴിയുന്ന തരത്തിൽ അതിനെ നിജപ്പെടുത്തി നിർത്താൻ സാധിക്കുമോ,  പരീക്ഷണത്തിൽ നിഷ്കർഷിക്കാത്ത മറ്റേതെങ്കിലും ജീവികളിലേക്ക് പടരുമോ, വാക്സീനിലെ വൈറസിന് ഒരു സമയപരിധി കഴിഞ്ഞാൽ ജനിതകമാറ്റം വരുമോ,​ പരീക്ഷണഘട്ടത്തിലില്ലാത്ത പുതിയ ഏതെങ്കിലും അവസ്ഥയിൽ വാക്സീനിലെ വൈറസ് പെരുകി അണുബാധയുണ്ടാക്കുമോ  തുടങ്ങിയ കാര്യങ്ങളിൽ ഇനിയും പഠനങ്ങൾ നടത്തേണ്ടതുണ്ട്. 

എന്തായാലും ഗവേഷണങ്ങൾ പുരോഗമിക്കട്ടെ, അത് വരെ ഇതുമായി ബന്ധപ്പെട്ട വ്യാജ വാർത്തകളൊന്നും പ്രചരിപ്പിക്കാതെ നമുക്ക് സഹകരിക്കാം. ​​

Related reads:

  1. Nature Ecology & Evolution, volume 4, pages1168–1173(2020)
  2. https://www.sciencedirect.com/science/journal/0966842X
  3. Expert Rev. Vaccines, 2016;15(1) 31-39
  4. https://www.newscientist.com/article/mg24732960-100-we-now-have-the-technology-to-develop-vaccines-that-spread-themselves/

നമുക്കുമുണ്ടോ ഈ മോഡസ് ഓപ്പറാണ്ടി ?

യൂ ട്യൂബ്  വീഡിയോകളിൽ  വ്യക്തിപരമായി  എനിക്കിഷ്ടപ്പെട്ട  ഒരു പരമ്പരയാണ്  സഫാരി ചാനലിലെ  “ചരിത്രം എന്നിലൂടെ”. അതിൽ ഒരിക്കൽ  കേരളാ പോലീസ് മുൻ എസ്.പി  ശ്രീ. ജോർജ് ജോസഫ്  തന്റെ പോലീസ് ജീവിതം സംബന്ധിച്ചുള്ള വളരെയധികം അനുഭവ കഥകൾ പ്രേക്ഷകരോട് പങ്കുവെക്കുകയുണ്ടായി. അവയിൽ  ഏറ്റവും ആകർഷകമായി തോന്നിയ ഒരു കാര്യം, കുറ്റവാളിയുടെ  ‘മോഡസ് ഓപ്പറാണ്ടി ‘ വെച്ചു കേസ് തെളിയിക്കുന്ന അദ്ദേഹത്തിന്റെ ഒരു രീതിയായിരുന്നു. ‘മോഡസ് ഓപ്പറാണ്ടി’ എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം ലളിതമായി പറഞ്ഞാൽ,  mode of operation  അല്ലെങ്കിൽ പ്രവർത്തനശൈലി എന്നാണ്.ഒരു  കാര്യം കാര്യക്ഷമതയോടെ നടത്തിയെടുക്കാൻ ഒരാൾ  അവലംബിക്കുന്ന മാർഗം എന്നാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ക്രിമിനോളജിയിലാണ്  ഈ വാക്ക് കൂടുതലായും ഉപയോഗിക്കാറുള്ളത്. ഒരു കുറ്റവാളിയുടെ  ഒരു കൂട്ടം കുറ്റകൃത്യങ്ങളിൽ  ബോധപൂർവമുള്ളതും അല്ലാത്തതും ആയ ഒരു പ്രവർത്തനശൈലി  കണ്ടെത്താൻ കഴിയുന്നുണ്ടെങ്കിൽ അതിനെ അടിസ്ഥാനമാക്കി അന്വേഷണ ഉദ്യോഗസ്ഥർക്ക് കുറ്റം തെളിയിക്കാൻ സാധിക്കും. ഇങ്ങനെ മോഡസ് ഓപ്പറാണ്ടിയുടെ പേരിൽ കുപ്രസിദ്ധനായ ഒരു കൊലയാളിയായിരുന്നു 1888 മുതൽ 1891 വരെ ലണ്ടനിൽ  11 കൊലപാതകങ്ങൾ നടത്തിയ ജാക്ക് റിപ്പർ. റിപ്പറിന്റെ കൊലപാതകങ്ങളുടെ ഒരു പൊതു സ്വഭാവം കൊല്ലപ്പെട്ടവരെല്ലാം സ്ത്രീകളാണെന്നും പാവപ്പെട്ട,  വേശ്യാവൃത്തിയിലേർപ്പെട്ടവർ  ആയിരുന്നെന്നും, കൊലപാതകങ്ങൾ നടത്തിയ ശേഷം മൃതദേഹത്തെ ക്രൂരമായി മുറിവേല്പിച്ചിരുന്നു എന്നതുമായിരുന്നു. ഇതുപോലെ ഓരോ കുറ്റവാളിക്കും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ഒരു ശൈലിയുണ്ടാകുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധർ പറയുന്നത്. അതുകൊണ്ട് മോഡസ് ഓപ്പറാണ്ടി എന്ന് കേൾക്കുമ്പോൾ  പൊതുവെ നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുക സീരിയൽ കൊലയാളികളും  ക്രൈം ത്രില്ലർ സിനിമകളുമൊക്കെയായിരിക്കും. എന്നാൽ ഈ മോഡസ് ഓപ്പറാണ്ടി കുറ്റവാളികളെ ബന്ധപ്പെടുത്തി മാത്രമാണോ നിർവചിക്കാൻ കഴിയുക ? നമുക്കുമുണ്ടോ ഈ പറഞ്ഞ മോഡസ് ഓപ്പറാണ്ടി ? 

ഉണ്ടെന്നാണ് ഉത്തരം.

നല്ലതും ചീത്തയുമായ പല തരം  ശീലങ്ങൾ ഉള്ളവരാണ് നമ്മളെല്ലാവരും.അവയിൽ ചിലതൊക്കെ ബോധപൂർവമുള്ളതും ചിലത് നമ്മളറിയാതെ തന്നെ തുടർന്നുപോരുന്നതുമായ ശീലങ്ങളായിരിക്കും. ഇത്തരം ശീലങ്ങൾക്ക് നമ്മുടെ ദൈനംദിന പ്രവൃത്തികൾ  വിജയകരമായി പൂർത്തിയാക്കുന്നതിൽ വലിയ പങ്കുണ്ട്. നമ്മൾ  ചെയ്യുന്ന, അല്ലെങ്കിൽ ഏറ്റെടുക്കുന്ന  ഒരു കാര്യം തന്നെ ഒരുദാഹരണമായി എടുത്ത് ഒരു ആത്മപരിശോധന നടത്തുകയാണെങ്കിൽ അതിൽ പല വിധത്തിലുള്ള നമ്മുടേതായ വ്യക്തിമുദ്രയുള്ള, അല്ലെങ്കിൽ ഒരു ശൈലി കാണാൻ സാധിക്കും (സ്‌കൂൾ, കോളജ് പഠന കാലത്ത് പരീക്ഷക്ക് കോപ്പിയടിക്കുന്ന വിരുതരെ കണ്ടിട്ടില്ലേ? അവരിൽ പലരും  വ്യത്യസ്തമായ രീതികളായിരിക്കും അവലംബിക്കുന്നത്). ക്രിയാത്മകമായി ഒരു കാര്യം  നിർവഹിക്കുന്നതിന്  നമ്മൾ പിന്തുടരുന്ന നമ്മുടേതായ ഒരു രീതി,അതിനു  ഉപോൽബലകമായി വർത്തിക്കുന്ന നമ്മുടെ ശീലങ്ങൾ, അത് എങ്ങനെ നമ്മൾ എന്ന വ്യക്തിയെ അടയാളപ്പെടുത്തുന്നു, ഇതൊക്കെയാണ് നമ്മുടെ ‘മോഡസ് ഓപ്പറാണ്ടി’യെ നിർവചിക്കുന്നത്.

എന്തൊക്കെയായിരിക്കും നമ്മുടെ മോഡസ് ഓപ്പറാണ്ടിയെ നിർവചിക്കുന്ന ചില  ഘടകങ്ങൾ? നമുക്ക് പരിശോധിച്ചുനോക്കാം. ഒരുദാഹരണമാണ് പശ്ചാത്തലത്തിലുള്ള ശബ്ദം. ചിലർക്ക് ഉച്ചത്തിലൊ ശബ്ദം കുറച്ചോ ശരാശരി ശബ്ദത്തിലോ   പാട്ട്  കേട്ടുകൊണ്ട് ചെയ്താലേ ഒരു കാര്യം നല്ലത് പോലെ ചെയ്ത് തീർക്കാൻ കഴിയൂ. ചിലപ്പോൾ പാട്ടിന്റെ വരികളിലേക്കൊന്നും ശ്രദ്ധ പോകുന്നുണ്ടാകില്ലെങ്കിലും ഒരു സംഗീതം ഇങ്ങനെ പശ്ചാത്തലത്തിൽ ഓടുന്നത്  ഇത്തരക്കാർക്ക് അത്യാവശ്യമായിരിക്കും. ഇതിൽ തന്നെ കേൾക്കുന്ന പാട്ടുകളുടെ സ്വഭാവത്തിൽ ഒരു ശൈലി പിന്തുടരുന്നവരും ഉണ്ട്- പഴയ /പുതിയ മെലഡികൾ,പോപ്പ്  സംഗീതം , ഗസലുകൾ മുതലായവ. പാട്ടിന് പകരം കറങ്ങുന്ന സീലിംഗ് ഫാനിന്റെ ശബ്ദം ആയിരിക്കാം ചിലർക്ക് വേണ്ടത് (ഫാനിന്റെ കാറ്റില്ലെങ്കിലും ശബ്ദം കേട്ടില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല എന്ന് പറയാറുള്ള ആരെയെങ്കിലുമൊക്കെ നമുക്കറിയാതിരിക്കില്ല!).നേരെ മറിച്ച് ചിലർക്ക് നിശബ്ദമായ അന്തരീക്ഷമായിരിക്കും ഒരു കാര്യം ചെയ്യാൻ വേണ്ടത്. ഒരു മൊട്ടു സൂചി വീഴുന്ന  ശബ്ദം കേട്ടാൽ പോലും ജോലി തടസ്സപ്പെടും എന്നുള്ളവർ . ഇത്  കേവലം ഇഷ്ടത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള ഒരു തെരെഞ്ഞെടുപ്പാവണമെന്നില്ല . നമ്മുടെ കാര്യക്ഷമതയുടെ തോതിലും ഇതിനു സ്വാധീനമുണ്ടായേക്കാം. നമ്മളിതിനെ കുറിച്ച് ബോധവാന്മാരായിരിക്കാറില്ലെന്ന് മാത്രം. 

ജോലി ചെയ്യാൻ തെരഞ്ഞെടുക്കുന്ന സ്ഥലം ഇതുപോലെ നമ്മുടെ മോഡസ് ഓപ്പറാണ്ടിയെ സ്വാധീനിക്കുന്ന ഒരു ഘടകമാണ് . കുറച്ചൊക്കെ ഇത് മറ്റൊരാളുടെ കൂടി തെരെഞ്ഞെടുപ്പാണെങ്കിലും നമുക്ക് സ്വാതന്ത്ര്യമുള്ള സന്ദർഭങ്ങളിൽ നമ്മുടെ കാര്യക്ഷമത നിർണയിക്കുന്നതിൽ ജോലി ചെയ്യാൻ തെരഞ്ഞെടുക്കുന്ന സ്ഥലത്തിനും സ്വാധീനമുണ്ട്. ഉദാഹരണത്തിന് ലാപ്ടോപ്പിൽ ജോലി ചെയ്യുന്ന ആളുകൾ . ചിലർക്ക് കൃത്യമായി ഒരു മേശയും കസേരയുമൊക്കെ ഉണ്ടെങ്കിലേ വൃത്തിയായി ആ ജോലി ചെയ്യാൻ കഴിയൂ. മറ്റു ചിലർക്ക് ബെഡിൽ കാലു നീട്ടിയിരുന്നോ കിടന്നുകൊണ്ടോ ഒക്കെ ചെയ്യുമ്പോഴായിരിക്കും കാര്യക്ഷമത കിട്ടുന്നത്. വീടും ഓഫീസും  അല്ലാതെ മറ്റൊരിടമാണ് ലഘുഭക്ഷണ ശാലകൾ.പാശ്ചാത്യ രാജ്യങ്ങളിൽ പരക്കെ കാണുന്ന ഒരു കാഴ്ചയാണ് ലഘു ഭക്ഷണ ശാലകളിൽ കാപ്പിയോ ചായയോ നുകർന്നു കൊണ്ട് ശ്രദ്ധാപൂർവം ലാപ്ടോപ്പിൽ ജോലി ചെയ്യുന്നവരോ പുസ്തകം വായിക്കുന്നവരോ ആയ കുറേ ആളുകൾ . ജോലി ചെയ്യാൻ തെരഞ്ഞെടുക്കുന്ന സ്ഥലം മാത്രമല്ല , ആ സ്ഥലത്തിന്റെ വൃത്തിയും ചിലർക്ക് മുഖ്യമാണ് . വലിച്ചുവാരിയിട്ടിരിക്കുന്ന സാധനങ്ങളുടെ ഇടയിലിരുന്നു കൊണ്ട് മര്യാദക്ക് ജോലി ചെയ്ത് തീർക്കുന്ന ആളുകളുണ്ട്. മറ്റു ചിലർക്ക്  വളരെ വൃത്തിയായി വെച്ചിരിക്കുന്ന മേശയും പരിസരവുമൊക്കെ വേണം . ഇത് ജോലിയിൽ  മാത്രമല്ല പഠനത്തിന്റെ കാര്യത്തിലും കാണാം . പുസ്തകങ്ങൾ  ചുറ്റിലും വലിച്ചു വാരിയിട്ട് പഠിക്കുന്നവർ, പഠിക്കുന്ന പുസ്തകം മാത്രം എടുത്ത് മേശപ്പുറത്തു തുറന്നു വെക്കുന്നവർ, കട്ടിലിൽ ഇരുന്നോ കിടന്നോ പഠിക്കുന്നവർ  . തെരഞ്ഞെടുക്കുന്ന സ്ഥലത്തിന് പുറമെ, അവിടെ നമ്മൾ എങ്ങനെ ഇരിക്കുന്നു എന്നതും ചിലർക്ക് മുഖ്യമാണ് . ഉദാഹരണത്തിന് കാലിന്മേൽ  കാൽ കയറ്റി വെക്കുക , കാൽ പിണച്ചുവെച്ചിരിക്കുക , കസേരയിൽ ചമ്രം പടിഞ്ഞിരിക്കുക, കസേരയിൽ ചാരിയിരുന്ന് മേശപ്പുറത്ത് കാൽ കയറ്റിവെച്ചിരിക്കുക, ചാരുകസേരയിൽ ചാഞ്ഞിരുന്ന് ചെയ്യുക, ഇതൊന്നുമല്ലാതെ മര്യാദക്ക് രണ്ടു കാലും നിലത്തുറപ്പിച്ച് നിവർന്ന് ഇരിക്കുക,  കസേരയുടെയോ സ്റ്റൂളിന്റെയോ ബാറിൽ ചവിട്ടി പിന്നോട്ട് കാലൂന്നിയിരിക്കുക, ചെരുപ്പോ ഷൂസോ ധരിച്ചിട്ടുണ്ടെങ്കിൽ  അത് ഊരി ഒരുവശത്തേക്ക് നീക്കിവെച്ച് വെച്ചിരിക്കുക ..ഇങ്ങനെ പലവിധം . മറ്റൊരു വിഭാഗത്തിന് ജോലി ചെയ്യാൻ തെരഞ്ഞെടുക്കുന്ന സ്ഥലത്തെ വെളിച്ചവും സമയവും  ഒരു പ്രധാന ഘടകമായിരിക്കും. കഴിവതും പകൽ വെളിച്ചത്തിൽ ചെയ്യാൻ മുൻഗണന കൊടുക്കുന്നവർ, ജനാലക്കരികിലിരുന്ന്  ചെയ്യുന്നവർ, ജനാലക്കഭിമുഖമായി ഇരുന്ന് ചെയ്യുന്നവർ, രാത്രിയിൽ ടേബിൾ ലാമ്പിൻറെ അല്ലെങ്കിൽ ട്യൂബ് ലൈറ്റിന്റെ  വെളിച്ചത്തിൽ പുലരുവോളം ഇരുന്ന് ജോലി ചെയ്ത് പൂർത്തിയാക്കുന്നവർ, ഇരുണ്ട വെളിച്ചത്തിൽ സ്ക്രീനിലെ വെളിച്ചത്തിനെ ആശ്രയിച്ചു ചെയ്യുന്നവർ , അതിരാവിലെ ഉണർന്നിരുന്ന് ചെയ്യുന്നവർ, സന്ധ്യക്കൊന്നു മയങ്ങി പിന്നീട് എഴുന്നേറ്റിരുന്ന് ദീർഘനേരം ജോലി ചെയ്യുന്നവർ  ..അങ്ങനെ വെളിച്ചത്തിന്റെ കാര്യത്തിൽ തന്നെ പല രീതികളാണ്. അതുപോലെ മറ്റൊന്നാണ്  ഫോൺ , പേഴ്സ് , വള , ബ്രേ‌സ്ലെറ്റ് ,വാച്ച് (പരീക്ഷ ഹാളുകളിൽ  അധികവും കാണാറുള്ള വിഭാഗം) ഒക്കെ ഊരി മേശപ്പുറത്ത് വെച്ചിട്ടിരുന്ന്  ചെയ്യുന്നവർ..സ്ഥലത്തിനും സമയത്തിനുമുള്ള സ്വാധീനം പോലെ തന്നെയാണ്  ചിലർക്ക് എത്ര സമയം ഒരു പ്രവൃത്തിയിൽ ചെലവഴിക്കാൻ കഴിയുന്നു എന്നതിലെ ഓരോരുത്തരുടെ രീതി. ചിലർക്ക് മണിക്കൂറുകളോളം കുത്തിയിരുന്ന് ഒരു കാര്യം ചെയ്തു തീർക്കാൻ കഴിയുമെങ്കിൽ മറ്റു ചിലർക്ക് ഇടയ്ക്കിടെ ഒരു ഇടവേള വേണം. ഇങ്ങനെ സമയബന്ധിതമായല്ലാതെ ,ആവശ്യമാണെന്ന് എപ്പോൾ തോന്നുന്നുവോ അപ്പോൾ ഇടവേള എടുക്കുന്നവരും ഉണ്ട്. അങ്ങനെ  ബഹുജനം പലവിധം!


നമ്മൾ തെരഞ്ഞെടുക്കുന്ന വേഷത്തിനും ഉണ്ടൊരു പ്രാധാന്യം . അതിനെക്കുറിച്ച് നമ്മൾ അധികം ആലോചിക്കാറില്ലെന്ന് മാത്രം. ചിലർക്ക് അയഞ്ഞ,വായുസഞ്ചാരമുള്ള  വസ്ത്രങ്ങളിടുമ്പോഴാണ് കൂടുതൽ കാര്യക്ഷമമായി ഒരു കാര്യം ചെയ്‌തു തീർക്കാൻ പറ്റാറുള്ളതെങ്കിൽ ചിലർക്കു ഇറുകിയ വസ്ത്രങ്ങളിലായിരിക്കും ആശ്രയം. അതിൽ നിന്ന് മാറി ഒരു വേഷം എടുക്കുമ്പോൾ നമ്മൾക്കുണ്ടാകാറുള്ള ഒരു “സുഖക്കുറവ് ” (ജോലിയുടെ സ്വഭാവത്തിനെ ആശ്രയിച്ചിരിക്കുമെങ്കിലും കൂടി) ഇതിന്റെ ഒരു സൂചികയാണ്. ഏത് വേഷമായാലും അതൊന്നും ഒരു തരത്തിലും ബാധിക്കാത്തവരും  വേഷങ്ങളിൽ തന്നെ പുതിയത് ഇടുമ്പോൾ അത് കാര്യമായി തടസ്സമാകുന്നവരും ഉണ്ട്. വേഷം പോലെ തന്നെ പ്രാധാന്യമുള്ള മറ്റൊരു ഘടകമാണ് ജോലി ചെയ്യുമ്പോളുള്ള നമ്മുടെ ഭക്ഷണ ശീലം. ചിലർക്ക് ഇടയ്ക്കിടെ ഒരു കാപ്പിയോ ചായയോ വേണമെങ്കിൽ ചിലർക്കിടക്കിടെ വെള്ളം കുടിക്കണം.  മറ്റു ചിലർക്ക്  ഇതൊന്നുമില്ലെങ്കിലും  വല്ല ബിസ്കറ്റോ ചോക്ലേറ്റോ ഒക്കെ ആയിരിക്കും സൈഡിൽ വേണ്ടത്. ചിലർക്കിടക്കിടെ ഓരോ സിഗരറ്റ് വലി ആയിരിക്കും വേണ്ടത്. ഏറ്റെടുത്ത പണി പൂർത്തിയാകുന്നതുവരെ വിശപ്പും ദാഹവുമൊന്നും അറിയാത്തവരും നമുക്കിടയിലുണ്ട്. 

ഇങ്ങനെയൊക്കെയുള്ള ഒരു കൂട്ടം പ്രവർത്തന ശൈലികളുടെ  ആകെത്തുകയാണ് നമ്മൾ ഓരോരുത്തരുടെയും  മോഡസ് ഓപ്പറാണ്ടി. ഇത്രയും വായിച്ചു കഴിഞ്ഞെങ്കിൽ എന്താണ് നിങ്ങളുടെ മോഡസ് ഓപ്പറാണ്ടി എന്നൊന്ന് ചിന്തിച്ചു നോക്കുമല്ലോ ?!

Image courtesy: pixabay.com

മാറുന്ന കാലത്തെ മായുന്ന തെറികൾ

ഈ കൊറോണക്കാലത്ത് , അതിൻ്റെ തുടക്കത്തിൽ , സോഷ്യൽ മീഡിയ ഏറ്റെടുത്ത ഒരു “ആപ്ത വാക്യം” ആയിരുന്നു “വീട്ടിലിരി മൈരെ/മലരേ” എന്നുള്ളത്. ശരിയാണ്, കൊറോണ ആണ്, കറങ്ങി നടക്കാതെ കഴിവതും വീട്ടിൽ ഇരിക്കണം; അതിലൊന്നും ഒരു തർക്കവുമില്ല. പറഞ്ഞു വരുന്നത്, “വീട്ടിൽ ഇരിക്കൂ ” എന്ന് മാത്രം പറയുന്നതിനേക്കാൾ  ഫലപ്രാപ്തി, അതിൻ്റെ കൂടെ ഒരു ‘മൈരോ മലരോ’ ചേർത്ത് പറയുമ്പോൾ കിട്ടുന്നു, അല്ലെങ്കിൽ നമ്മുടെ ഉള്ളിലുള്ള, ഉറങ്ങുകയൊ  എണീറ്റ് ഇരിക്കുകയോ ചായ കുടിച്ച് കൊണ്ടിരിക്കുകയോ ചെയ്യുന്ന വിപ്ലവസിംഹം അത് ആവശ്യപ്പെടുന്നു, എന്നൊരു പൊതു ധാരണ ഇന്ന് നമുക്കിടയിൽ വ്യാപകമായി കണ്ടുവരുന്നുണ്ട്. നമ്മുടെ വികാരപ്രകടനത്തിൻ്റെ ഭാഷകളിൽ സുപ്രധാനമായ ഒന്നാണ് തെറിയും.  ചിലർ തങ്ങളുടെ വെറുപ്പോ കോപമോ  പ്രകടിപ്പിക്കാൻ തെറി വിളിക്കുന്നു. മറ്റു ചിലർ മറ്റുള്ളവരുടെ മേൽ ആധിപത്യം നേടാൻ തെറി വിളിക്കുന്നു.  ഒരു റിബൽ ആണെന്ന്  സ്വയമൊരു തോന്നൽ ഉളവാക്കാൻ തെറി പ്രയോഗം  സഹായിക്കുമെന്ന് വാദിക്കുന്നവർ ചിലർ. അമർഷവും നിരാശയും അടിച്ചമർത്താനുള്ള വഴിയായി ഒരു കൂട്ടർ തെറി വിളിയെ കാണുമ്പോൾ മറ്റൊരു കൂട്ടർ അതിനെ സ്നേഹം പ്രകടിപ്പിക്കാനുള്ള ഒരു രീതിയായി ആവിഷ്കരിക്കുന്നു. ജീവിത സാഹചര്യങ്ങളോടുള്ള ഒരു പ്രതികരണം എന്ന നിലയിലും, സാഹിത്യപരമായുമൊക്കെ തെറിയെ വീക്ഷിക്കുന്നവരും ഉണ്ട്.  അങ്ങനെ  നോക്കുമ്പോൾ തെറിക്ക് അതിൻ്റേതായ ഒരു അസ്തിത്വം ഉണ്ട്. എങ്കിലും അതിൻ്റെ പ്രാഥമിക ധർമം മനസ്സിൽ ഉള്ള വികാര വിക്ഷോഭത്തെ ഒറ്റ വാക്കിൽ ഒരു മിനി ബോംബായി  പുറന്തള്ളാൻ നമ്മളെ സഹായിക്കുക എന്നുള്ളതാണ്.

എന്നാൽ ഇന്ന് നമുക്കിടയിൽ തെറി വാക്കുകൾ ഉപയോഗിക്കപ്പെടുന്നത് അതിൻ്റെ ശരിയായ ലക്ഷ്യത്തിലാണോ? പതിറ്റാണ്ടുകളായി തെറികൾ എന്ന് നമ്മൾ കരുതിയിരുന്ന പല വാക്കുകളും സാമാന്യവൽക്കരിക്കപ്പെടുകയും അതിനു വലിയൊരു സ്വീകാര്യത കിട്ടുകയും ചെയ്യുന്നുണ്ടോ?  ഇന്നത്തെ നമ്മുടെ സമൂഹം  ഇതിനോട് സഹിഷ്ണുത വെച്ച് പുലർത്താൻ തുടങ്ങിയോ? ഉദാഹരണത്തിന് നേരത്തെ  പറഞ്ഞ വാക്കുകൾ തന്നെ എടുക്കുക. പരിചയം ഇല്ലാത്ത, മനസ്സിലാകാത്ത, ഏതെങ്കിലും ഒരു കാര്യം, അതിനോടുള്ള തികച്ചും സാധാരണമായ ഒരു പ്രതികരണം എന്ന നിലയിൽ “ഇതെന്ത് മൈര്!?” എന്ന് പറയുന്ന പ്രവണത  ഇന്ന്  വർദ്ധിച്ച് വരികയാണ്. വിചാരിച്ച കാര്യം നടക്കാതെ വരുമ്പോൾ, അല്ലെങ്കിൽ സ്നേഹരൂപേണ ഒക്കെ ആളുകൾ ഈ ഒരു “മൈരിസ”ത്തിന് വിധേയമാകാറുണ്ട്. ആദ്യകാലങ്ങളെ അപേക്ഷിച്ച് ഇത്തരം പദ പ്രയോഗങ്ങളോട് നമുക്ക് ഉണ്ടായിരുന്ന അസഹിഷ്ണുത ഇന്ന് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതിനുള്ള ഒരു കാരണം, സമൂഹ മാധ്യമങ്ങളുടെ ഇടപെടലാണ്. മുമ്പ്  മഞ്ഞ പത്രങ്ങൾ  വായിച്ചും എഴുതിയും ഒക്കെ തൃപ്തിപ്പെട്ടിരുന്നവർക്ക് ഒരു വലിയ  അവസരം ആണ് യൂട്യൂബ് ഫേസ്ബുക്ക് മുതലായവയുടെ കടന്ന് വരവ് ഒരുക്കി കൊടുത്തത്. അവിടെ ആരെയും ഭയക്കാതെ തെറി പറയാനുള്ള ഒരു ഇടം കിട്ടുകയും, ആ  തെറി നൂറ് പേർ ഏറ്റു പറയുമ്പോൾ, അതിൻ്റെ തീവ്രത കുറയുകയും അത് പിന്നെ ഒരു തെറി അല്ലാതാവുകയും ചെയ്യുന്ന ഒരു സാഹചര്യം രൂപപ്പെടുന്നു. ഇത് പറയുമ്പോൾ സ്വാഭാവികമായും ഉയരുന്ന ചോദ്യങ്ങൾ, എന്താണ് ഇവിടെ മോശം/ അശ്ലീലം, ആരാണ് എന്താണ് അശ്ലീലം എന്നും അല്ലാത്താതെന്നും നിശ്ചയിക്കുന്നത്  ,ഒരു വാക്ക് തെറി/അശ്ലീലം ആണോ അല്ലയോ എന്ന് നിശ്ചയിക്കുന്നതിൻ്റെ മാനദണ്ഡം എന്താണ് തുടങ്ങിയവയാണ്. ഒരു പരിധി വരെ ഇതൊക്കെ നമ്മൾ സ്വയം തീരുമാനിക്കുകയാണ് ചെയ്യുന്നത്.

വ്യാപകമായി ഉപോഗിക്കപ്പെടുന്ന തെറികളുടെ ഒരു പൊതു സ്വഭാവം, അത് ഒന്നുകിൽ എതെങ്കിലും ഒരു ശരീരഭാഗവുമായി ബന്ധപ്പെടുന്നതോ , മറ്റു ജീവികളോ (ഉദാഹരണത്തിന് പട്ടി, നായ, കുരങ്ങ്, കഴുത, പന്നി..(പാവങ്ങൾ!) ),  ജാതീയമായോ സാമ്പത്തികമായോ തൊഴിൽപരമായോ  താഴെ തട്ടിലെന്ന് മുദ്ര കുത്തപ്പെട്ട ഒരു വിഭാഗത്തെ പ്രതിനിധീകരിക്കുന്നവയോ, വിസർജ്യ വസ്തുക്കളോ,  ആണ് എന്നതാണ്. ഇത്തരം വാക്കുകൾ നിരന്തമായും അലക്ഷ്യമായും ഉപയോഗിക്കുന്നതിലൂടെയും, അങ്ങനെ  സാമാന്യവൽകരിക്കുന്നതിലൂടെയും  നമ്മൾ ചിന്തിക്കാതെ പോകുന്ന ചില വസ്തുതകൾ ഉണ്ട്. ശരീര ഭാഗങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള തെറി പ്രയോഗങ്ങൾ നടത്തുമ്പോൾ നമ്മൾ അറിയാതെ സെക്‌സിസത്തിൻ്റെ പ്രാഥമിക വക്താക്കളാവുകയാണ്. സ്ത്രീകളെ അപമാനിച്ചവരെ കയ്യേറ്റം ചെയ്യാൻ പോകുമ്പോൾ രോഷം പ്രകടിപ്പിക്കുന്നതിൻ്റെ ഭാഗമായി “അവൻ്റെ അമ്മേടെ….അമ്മൂമ്മെടെ….” എന്നോക്കെ പറഞ്ഞു കേൾക്കുന്നതിലെ ഔചിത്യം ആലോചിക്കേണ്ടതാണ്. വികരവിക്ഷോഭത്തിനിടക്ക് ഇതൊന്നും നോക്കാൻ പറ്റില്ല എന്ന് അതിനെ ന്യായീകരിക്കാൻ ശ്രമിക്കുമ്പോൾ, മാറേണ്ടത് നമ്മുടെ ഈ മനോഭാവമാണ്. ഇത് ഒരു സ്വഭാവ രൂപീകരണത്തിൻ്റെ ഭാഗമായി പരിശീലനത്തിലൂടെ ആർജിച്ചെടുക്കാൻ  കഴിയുന്ന ഒന്ന് തന്നെയാണ്.   അസ്ഥാനത്തുള്ള  അശ്ലീല പദപ്രയോഗങ്ങൾ, തീർച്ചയായും ഒഴിവാക്കാൻ പറ്റവുന്നതെയുള്ളു. അതിനുള്ള ഒരു ഉദാഹരണമാണ് നമ്മൾ ഇത്തരം വാക്കുകൾ സ്വന്തം വീട്ടിലും, കുടുംബാംഗങ്ങളുടെ അടുത്തും,  ജോലി സ്ഥലത്തും ഉപയോഗിക്കുന്നില്ല എന്നുള്ളത്. അസ്ഥാനത്തുള്ള തെറി എന്ന് പറയുമ്പോൾ സ്വാഭാവികമായും, സ്ഥാനത്തുള്ള   തെറികളും ഉണ്ടോ, അതെന്ത് എന്ന ചോദ്യം വരും. എളുപ്പം മനസ്സിലാക്കാൻ പറ്റുന്ന ഒരു ഉദാഹരണം, സാഹിത്യ സ്രഷ്ടാക്കൾ അവർക്ക് ഒരു പ്രത്യേക ശരീര ഭാഗത്തെ കൃത്യമായി പരാമർശിക്കാൻ ഇത്തരം വാക്കുകൾ, അത് തെറിയായി കണക്കാക്കപ്പെടുന്നെങ്കിൽ കൂടി,  വായനക്കാരിലേക്ക്  ഉദ്ദേശിച്ച സന്ദേശം കൈമാറാൻ പ്രചാരമുള്ള വാക്കുകൾ   
ഉപയോഗിക്കാറുണ്ട് എന്നതാണ്.

മറ്റൊരു വിഭാഗമാണ് തൊഴിലും ജാതിപ്പേരും ജീവിതസാഹചര്യങ്ങളും വിളിച്ചുള്ള തെറികൾ. യൂട്യൂബ് വീഡിയോയിൽ വന്നും, വാട്ട്സ്ആപ് സ്റ്റാറ്റസുകൾ വഴിയും ഇത്തരം തെറികൾക്ക് നല്ല പ്രചാരം ലഭിക്കുമ്പോൾ, ഇതിൻറെ നാനാർത്ഥങ്ങളിലേക്കൊന്നും ആരും പോകാറില്ലെന്നുള്ളതാണ് വാസ്തവം. ഒരു കാലത്ത് പല അപമാനങ്ങളും സഹിച്ച ഒരു വിഭാഗത്തെ നമ്മുടെ വകയായി വീണ്ടും വീണ്ടും അപമാനിക്കുകയാണ്,  പ്രത്യേകിച്ച് ഒരു പ്രശ്നവും ഇല്ലല്ലോ എന്ന് നമ്മൾ കരുതി പോരുന്ന തെറികൾ വിളിക്കുന്നതിലൂടെ നമ്മൾ ചെയ്യുന്നത് എന്നൊരു ബോധം നമുക്ക് വേണ്ടതുണ്ട്. ആന്തരികാർത്ഥം പോയിട്ട്, ഇത്തരം വാക്കുകളുടെ ബാഹ്യാർത്ഥം എന്തെന്ന് പോലും അറിയാതെ, നിർബാധം വെച്ച് കാച്ചുന്ന ഒരു വിഭാഗവും ഇവിടെ ഉണ്ട് എന്നതും ഇതിൻ്റെ കൂടെ ചേർത്ത് വായിക്കേണ്ടതാണ്. 

പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള ഒരു  തരംഗവും ഇക്കാര്യത്തിൽ നമ്മളെ സ്വാധീനിച്ചിട്ടുണ്ട്. ഉദാഹരണത്തിന് fuck!, oh shit പോലുള്ള വാക്കുകളോട് നമ്മൾ സമരസപ്പെട്ടു കഴിഞ്ഞു. FCUK എന്നെഴുതിയ ടീഷർട്ട് ഒരു ട്രെൻഡ് ആണിപ്പോൾ . വാക്കുകൾ മാത്രമല്ല, ചില ചേഷ്ടകളും ഇപ്പോൾ സാമാന്യവൽക്കരിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, നടുവിരൽ നമസ്കാരം , ഇന്ന് വാട്ട്സ്ആപ്, ഗൂഗ്ൾ ഇമോജികളിൽ വരെ ഇടം നേടിക്കഴിഞ്ഞു. പക്ഷെ അതെടുത്ത് എങ്ങനെ പെരുമാറുക എന്നത് പൂർണമായും നമ്മുടെ ഒരു തെരഞ്ഞെടുപ്പാണ്!

ഉന്നത വിദ്യാഭ്യാസവും, പേരും പ്രശസ്തിയും, സംസ്കാരവും തൊഴിലും ഒക്കെ ഉണ്ടെന്ന് അവകാശപ്പെടുന്നവർ പോലും അലക്ഷ്യമായുള്ള ഇത്തരം പ്രയോഗങ്ങളിലൂടെ തെറ്റായ സന്ദേശം സമൂഹത്തിന് നൽകുന്നുണ്ട്. മാന്യമായ ഭാഷയിൽ ആശയ വിനിമയം ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും എന്നിരിക്കെ , അതിൻ്റെ മാന്യത കാത്തു സൂക്ഷിക്കാനും നമ്മൾ എല്ലാവരും ബാധ്യസ്ഥരാണ്. നമ്മൾ ഉപയോഗിക്കുന്ന വാക്കുകളുടെ തെരഞ്ഞെടുപ്പ് നമ്മുടെ ഐഡൻ്റിറ്റിയും സംസ്കാരവും കൂടിയാണ്. തെറി വിളിക്കുന്നത് നിർത്തുക എന്നത് കേവലം വാക്കുകൾ പ്രയോഗിക്കാതെ ഇരിക്കുക എന്ന് മാത്രമല്ല, നമ്മുടെ മനോഭാവത്തിലും അത് മാറ്റി എടുക്കേണ്ടതുണ്ട് .

Picture courtesy: pixabay.com

വന്നു, കണ്ടു, സെൽഫി എടുത്തു!✌🏾

മാറുന്ന യാത്രാശീലങ്ങളും മറക്കുന്ന മര്യാദകളും. 


കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലത്തിനിടക്ക് നമ്മുടെ വിനോദയാത്രാശീലങ്ങളിലും അതിലുപരി സന്ദർശന മര്യാദകളിലും (travel etiquettes) വലിയ ഒരു മാറ്റമാണ് ഉണ്ടായിട്ടുള്ളത് . ആണ്ടിനോ സംക്രാന്തിക്കോ എങ്ങോട്ടെങ്കിലും പോവുക എന്നതിൽ നിന്നും ഇന്ന് വിനോദയാത്ര ചെയ്യുന്ന ആളുകളുടെയും സ്ഥലങ്ങളുടെയും എണ്ണം കൂടുകയും ഇടയ്ക്ക് ഒരു ചെറിയ ലിഷർ ട്രിപ്പ്  പോവുക എന്നത് ഇന്ന് സർവസാധാരണവുമായിട്ടുണ്ട് . വിമാന യാത്രാനിരക്കിൽ ഉണ്ടായിരിക്കുന്ന വലിയ കുറവും,ബഡ്ജറ്റ് യാത്രാ ക്‌ളാസ്  വന്നത് കൊണ്ടും ഒക്കെ പ്രാദേശികമായ യാത്രകൾ മാത്രം ചെയ്തുകൊണ്ടിരുന്ന നിലയിൽ നിന്നും വിദേശ യാത്രകളിലേക്ക് പലരും മാറിയിട്ടുണ്ട്. യാത്ര പോകുന്നതും സ്ഥലങ്ങൾ സന്ദർശിക്കുകയും ഒക്കെ ചെയ്യുന്നത് കൂടുതലും സമ്പന്നരുടെ മാത്രം വിഷയം ആയിരുന്ന ഒരു കാലത്തിൽ നിന്നും ഇന്ന് ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്. പ്രത്യക്ഷത്തിൽ ഇതിൻ്റെ ഒരു കാരണം സാമൂഹികവും സാമ്പത്തികവുമായ സുസ്ഥിതിയിൽ ഉണ്ടായ ഒരു മാറ്റം ആണെങ്കിലും പരോക്ഷമായി ടെക്നോളജിയുടെയും സോഷ്യൽ മീഡിയയുടെയും കടന്നുവരവും അതുണ്ടാക്കിയ വലിയ സ്വാധീനവും ഒരു കാരണം ആണ് എന്നു വേണം പറയാൻ. 


 ക്യാമറയുള്ള സ്മാർട്ഫോണുകളുടെ വരവും സോഷ്യൽ മീഡിയയും ഇന്റർനെറ്റും യാത്രകൾ ചെയ്യുന്നത് തത്സമയം ലോകത്തോട് പങ്കുവെക്കാനുള്ള ഒരു വലിയ  സാധ്യതയാണ് നമുക്ക് തുറന്നുതന്നത് .പലരും തങ്ങളുടെ യാത്ര അനുഭവങ്ങൾ  വീഡിയോയായും ചിത്രങ്ങളായും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമ്പോൾ സ്വാഭാവികമായും അത് കാണുന്ന ഏതൊരാളിലും എനിക്കും /ഞങ്ങൾക്കും ഇതുപോലെയൊക്കെ ഒരു യാത്ര പോകണം, ഇതൊക്കെയല്ലേ ലൈഫ് എന്ന ഒരു തോന്നലുളവാക്കുന്നുണ്ട്.ഒരു സ്ഥലത്തു പോയതിന്റെ നല്ലതും ചീത്തയുമായ അനുഭവങ്ങളും ഇനി അത്തരം സ്ഥലങ്ങളിലേക്ക് പോകുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് തുടങ്ങിയ പല ഉപകാരപ്രദമായ അറിവുകൾ  സോഷ്യൽ മീഡിയയുടെ വരവോടു കൂടി വളരെയധികം ജനകീയവും പ്രാപ്യവും ആയിട്ടുണ്ട്. മാത്രവുമല്ല  അറിയപ്പെടാതെ കിടന്നിരുന്ന പല ചരിത്ര-സാംസ്കാരിക പ്രാധാന്യമുള്ള, പ്രകൃതി രമണീയമായ സ്ഥലങ്ങൾക്കും ഇതുവഴി വലിയൊരു സ്വീകാര്യതയും ദൃശ്യപരതയും ഇത്തരത്തിലുള്ള യാത്രക്കാരെക്കൊണ്ട് ലഭിച്ചു . വിനോദയാത്രകളുടെ പ്രധാന ഉദ്ദേശങ്ങളുടെ ലിസ്റ്റ് ജീവിതത്തിനു തൽകാലം അതിന്റെ സമ്മർദ്ദങ്ങളിൽ നിന്നും ഒരു മോചനം നൽകി മാനസികമായി പുതിയ  ഉണർവു നൽകുക, പുതിയ ആളുകളെയും സംസ്കാരങ്ങളെയും പരിചയപ്പെടുക, നല്ല ഓർമ്മകൾ ഉണ്ടാക്കുക എന്നിങ്ങനെ പോകുന്നു . എന്നാൽ ഇന്നത്തെ നമ്മുടെ യാത്രകൾ ഇത്തരത്തിലുള്ള ലക്ഷ്യങ്ങളിൽ നിന്നൊക്കെ അകന്നോ ? കേവലം സോഷ്യൽ മീഡിയയിൽ സെൽഫികളും  വീഡിയോകളും പങ്കുവെക്കുക, ഞാൻ/ ഞങ്ങൾ ഇവിടെ പോയി എന്ന് എല്ലാവരെയും ഒന്നറിയിക്കുക എന്ന ഒരു ലക്ഷ്യത്തിലേക്ക് മാത്രം നമ്മുടെ യാത്രകൾ ചുരുങ്ങുന്നുണ്ടോ ? ഒരു സ്ഥലം സന്ദർശിക്കുന്നതിനേക്കാൾ സമാധാനവും സന്തോഷവും സോഷ്യൽ മീഡിയയിൽ നിന്നും കിട്ടുന്ന ലൈക്കുകളും കമെന്റുകളും നമുക്ക് തരുന്നുണ്ടോ? അപ്രാപ്യമല്ലാത്ത ഒരു സ്ഥലവും ഇല്ലെന്നും എപ്പോൾ വേണമെങ്കിലും ചെയ്യാവുന്ന വെറും ഒന്നാണ് യാത്ര എന്ന ഒരു തോന്നൽ നമ്മൾക്കുണ്ടോ ? 


തീർച്ചയായും യാത്രകൾ പോകണം , ചിത്രങ്ങളും  എടുക്കണം . എന്നാൽ സോഷ്യൽ മീഡിയ ചിത്രങ്ങളെടുക്കാനുള്ള യാത്രകളാണ് യാത്രയുടെ സ്വത്വത്തെ കളഞ്ഞു കുളിക്കുന്നത് . പല ടൂറിസ്റ്റു കേന്ദ്രങ്ങളിലും സെൽഫി സ്പോട്ടുകൾ വന്നതും , “സെൽഫി ടൂറിസം” എന്നൊരു പുതിയ ആശയം തന്നെ ഉണ്ടായതും ഇതിന്റെ ഒരു ഭാഗമായാണ് . പലപ്പോഴും നമ്മളും  ഈ സെൽഫി ടൂറിസത്തിന്റെ ഇരകളും ഇരപിടിയന്മാരുമായിട്ടുണ്ടാകും. ഒരു സ്ഥലത്തു പോകുമ്പോൾ ഓ, നമ്മൾ ഒരു സെൽഫി പിടിക്കുന്നത് കൊണ്ട് എന്തുണ്ടാവാനാ എന്ന് ചിന്തിക്കുമ്പോൾ, നമ്മളെപ്പോലെ ഒരു നൂറു പേർ അതെ സ്ഥലത്തു അതെ സമയത്തു അത് ചിന്തിക്കുമ്പോഴാണ് ആ സ്ഥലത്തിന്റെ ആകർഷണീയത നമ്മൾക്ക് നഷ്ടപ്പെടുന്നത് . ഒരു തരം വില്പനവസ്തുവായിട്ടാണ് പിന്നെ അതിനെ നോക്കിക്കാണാൻ കഴിയുക . തിക്കിലും തിരക്കിലും എങ്ങനെയെങ്കിലും അവിടുന്ന് ഒരു ഫോട്ടോ എടുത്ത് അടുത്ത സ്പോട്ടിലേക്ക് പോകാൻ നമ്മൾ പ്രേരിപ്പിക്കപ്പെടുകയാണ് .(വളരെയധികം തിരക്കുള്ള പല ആരാധനാലയങ്ങളിലും നമ്മൾക്കു ഒരു ആത്മീയാനുഭവം എന്നതിലുപരി ഇതേ വികാരം തന്നെയാണ് അനുഭവപ്പെടുക,) നമ്മുടെ ഇത്തരത്തിലുള്ള അഭിനിവേശങ്ങൾക്കും അമിതമായ ടൂറിസത്തിനും പല തരത്തിലുള്ള പരിണതഫലങ്ങളുണ്ട്.ഏതെങ്കിലും ഒരു സ്ഥലം അറിയപ്പെടാതെ കിടക്കുക , ഒരു ദിവസം ഒരാൾ അത് കണ്ടുപിടിക്കുക , സോഷ്യൽ മീഡിയയിൽ ഒരു നല്ല ഫോട്ടോ ഇട്ട്  അത് വൈറലാവുക, പിന്നീട് പറ്റുന്നത്ര എല്ലാവരും അങ്ങോട്ട് ഇരച്ചെത്തുക  അതേപോലുള്ള ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്യുക എന്ന ഒരു സംസ്‍കാരം നമ്മൾ കാണുന്നതാണ് . അവിടുത്തെ പരിസ്ഥിതിയെയും ആവാസവ്യവസ്ഥയെയും ആളുകളുടെ സ്വൈരജീവിതത്തെയും ഇതെങ്ങനെ പ്രതികൂലമായി ബാധിക്കപ്പെടുന്നെന്നൊന്നും നമ്മൾ ആലോചിക്കാറേയില്ല. തീർച്ചയായും സാമ്പത്തികമായി അത് പല തൊഴിൽ സാധ്യതകളും അവിടുത്തെ ജനങ്ങൾക്ക് നൽകുന്നുണ്ട്. എങ്കിലും നമ്മുടെ യാത്രാ മര്യാദകൾ,ഉദാഹരണത്തിന് പ്ലാസ്റ്റിക് സാധനങ്ങൾ അലക്ഷ്യമായി വലിച്ചെറിയുക, അവിടുത്തെ ജീവികളെ ഉപദ്രവിക്കുക, പേടിപ്പിച്ചു ഓടിക്കുക,ചുമരിലും മറ്റും എഴുതി വൃത്തികേടാക്കുക മുതലായവ അവിടെ പാലിക്കപ്പെടുന്നുണ്ടോ എന്നൊന്നും ഉറപ്പുവരുത്താറില്ല. ഇത്തരം സന്ദർശക മര്യാദയുടെ അഭാവം തന്നെയാണ് പല സ്ഥലങ്ങളും യുനെസ്കോയുടെയും മറ്റും പൈതൃക സ്ഥലങ്ങളായി മാറാനും കർശനമായി സന്ദർശകരെ നിജപ്പെടുത്താനും ചില സ്ഥലങ്ങൾ സന്ദർശകർക്കായി തുറന്ന് കൊടുക്കുകയേ ചെയ്യാതിരിക്കാനും  അവരെ പ്രേരിപ്പിക്കുന്നത്.പല മ്യൂസിയങ്ങളിലും ഫോൺ അനുവദിക്കാത്തതിന്റെ ഒരു കാരണം നമ്മുടെ ഈ അഭിനിവേശവും മഹത്തായ ഒരു കലാസൃഷ്ടി ആസ്വദിക്കാനോ പുരാതനമായ ഒരു സംസ്കാരത്തിന്റെ ശേഷിപ്പുകളെ മാനിക്കാനോ ഉള്ള താല്പര്യമില്ലായ്മയും ഒക്കെയാണ്.

ഇക്കാര്യത്തിൽ എന്റ്റെ  ഒരു അനുഭവം പറയുകയാണെങ്കിൽ  ,നാല് വർഷം മുമ്പ് പാരീസിലെ ലൂവ് മ്യൂസിയം സന്ദർശിക്കാൻ  ഒരു ഭാഗ്യം എനിക്കുണ്ടായി . ലോകത്തിലെ ഏറ്റവും വലിയ ആർട്ട് മ്യൂസിയം ആണ് ലൂവ് . ലിയനാർഡോ ഡാ  വിഞ്ചിയുടെ  500 വർഷം പഴക്കമുള്ള പ്രശസ്ത പെയിന്റിങ് ആയ മോണ ലിസ അവിടെയാണുള്ളത് .അകത്തു കയറാൻ ഒന്നും സമയമില്ലാത്ത ഒരു വിഭാഗം ആളുകൾ പുറത്തു നിന്ന് സെൽഫി എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ടു നിർവൃതി അടയുന്നതാണ് ആദ്യം അവിടെ കണ്ടത് (ഈ വികാരത്തെ  ചൂഷണം ചെയ്തും പല ബിസിനസ്സുകൾ  ഉണ്ട്. ഒരു നഗരത്തിൽ പോയാൽ ഒരു മണിക്കൂറോ ഒന്നര മണിക്കൂറോ കൊണ്ട് നഗരത്തിലെ പ്രധാന സന്ദർശക കേന്ദ്രങ്ങൾ ഒരു ബസ്സിൽ കയറ്റി കാണിച്ചു തരികയും , അഞ്ച്  മിനുറ്റ് ഓരോ സ്ഥലത്തും നിർത്തി ഫോട്ടോ മാത്രം എടുത്ത് പോരാനുള്ള സംവിധാനങ്ങൾ ഒക്കെ ഇപ്പൊൾ പല വലിയ നഗരങ്ങളിലും ഉണ്ട്. പശുവിന്റെ ചൊറിച്ചിലും തീരും, കാക്കയുടെ വിശപ്പും മാറും! ) പ്രതിദിനം ശരാശരി 15000 -20000 സന്ദർശകരാണ് ലൂവിനുള്ളത് . അതുകൊണ്ട് തന്നെ വലിയ തിരക്കാണ് പ്രതീക്ഷിച്ചതും .ടിക്കറ്റെടുത്തു അകത്തു കടന്നപ്പോൾ വലിയ കാര്യമായ തിരക്കും ഫോട്ടോയെടുപ്പും ഒന്നും ആദ്യം കണ്ടില്ല. പക്ഷെ മോണ ലിസ യുടെ അടുത്തെത്തിയപ്പോ സംഗതി മനസ്സിലായി . നാല്  നിലകളുള്ള,  വളരെയധികം വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന, ആ മ്യൂസിയത്തിൽ ഇവിടെ മാത്രം വലിയ തിക്കും തിരക്കും സെൽഫിയെടുപ്പും. സ്വസ്ഥമായി നിന്ന് മോണ ലിസയെ കാണാനോ മഹത്തായ ആ കലാ സൃഷ്ടിയെ വിലമതിക്കാനോ കഴിയാത്ത, വേറെ ഒരാളുടെ ഇടി കൊള്ളേണ്ട അവസ്ഥ. പല രാജ്യങ്ങളിൽ നിന്നും, ഒരേ സമയം ആ ഒരു കലാസൃഷ്ടി കാണാൻ മാത്രമായി വന്ന കൂട്ടം ആളുകൾ പരസ്പരം പാലിക്കേണ്ട ഒരു മര്യാദ ആണ് നമ്മളെ പോലെ മറ്റുള്ളവരെയും കാണാൻ അനുവദിക്കുക എന്നത് . മറിച്ച് തികച്ചും അരോചകമായ ഒരു ദൃശ്യാനുഭവവും നിരാശയും ആണ് മോണ ലിസ തന്നത് .ആ മ്യൂസിയത്തിൽ എന്തായാലും കണ്ടിരിക്കേണ്ട ഒന്നാണ് മോണ ലിസ എന്ന് എല്ലാവരും പറയുന്നു, എന്നാലോ മോണ ലിസയുടെ അടുത്ത് ചെല്ലുമ്പൊ അതിനെ മാത്രം കാണാൻ പറ്റാത്ത ഒരു അവസ്ഥ .അന്ന് എനിക്ക് കാണാൻ ആയ മോണ ലിസ ആണ് ചുവടെ !

2019 ൽ ബ്രിട്ടീഷ് ടൂറിസ്റ്റുകളുടെ ഒരു പോളിൽ ലോകത്തെ ഏറ്റവും നിരാശാജനകമായ ടൂറിസ്ററ് കേന്ദ്രമായി (World’s most disappointing attractions) തെരെഞ്ഞെടുക്കപ്പെട്ടത് മോണ ലിസ ആയിരുന്നു. മോണ ലിസ സെൽഫി ടൂറിസം മറ്റു പല പ്രശ്നങ്ങൾക്കും പാത്രമാവുന്നുണ്ട് . അഭൂതപൂർവമായ തിരക്ക് ലൂവിന് സമ്മാനിക്കുന്നത് സുരക്ഷാ പ്രശ്നങ്ങൾ ആണ് . മോണ ലിസ ഇന്ന് ഒരു സെൽഫി ബ്രാൻഡ് മാത്രമാവുമ്പോൾ അവിടെയുള്ള ബാക്കി ഏഴായിരത്തോളം പെയിന്റിങ്ങുകളും സംസ്കാരങ്ങളും അപ്രസക്തമാക്കപ്പെടുകയാണ് . ഇത് മോണ ലിസയുടെ മാത്രം അവസ്ഥയല്ല. മറ്റ് മ്യൂസിയങ്ങളുടെയും പൈതൃകസ്ഥാനങ്ങളുടെയും താജ് മഹലിന്റെയും ബീച്ചുകളുടെയും അവസ്ഥ വ്യത്യസ്തമല്ല .ഈയടുത്ത് ഇറ്റലിയിൽ ഒരു മ്യൂസിയത്തിൽ അന്റോണിയോ ക്യാനോവയുടെ ഒരു ശില്പത്തിൽ ഒരു സന്ദർശകൻ സെൽഫിയെടുക്കാൻ കയറിയിരുന്ന് അതിന്റെ കാലിലെ മൂന്ന് വിരലുകൾ പൊട്ടിച്ചെടുത്തത് ഒരു വാർത്തയായിരുന്നു. സെൽഫി ടൂറിസത്തിന്റെ ഒരു അവസാന വാക്കെന്നോണം അമേരിക്കയിലെ മയാമിയിൽ ഒരു സെൽഫി മ്യൂസിയം തന്നെയുണ്ട് . അവിടെ ഒരാൾക്കു ഫോണും കൊണ്ടുപോയി അവിടത്തെ പലവിധത്തിലുള്ള പശ്ചാത്തല ചിത്രങ്ങളുടെ മുന്നിൽ നിന്ന് വേണ്ടത്ര സെൽഫികൾ എടുക്കാം എന്നതാണ് ഓഫർ. അതുപോലെ ലോകത്തിന്റെ സെൽഫി തലസ്ഥാനം (world’s selfie capital or world’s selfiest city  ) എന്ന് ഇപ്പോൾ ഫിലിപ്പീൻസിലെ മനില മാറിക്കഴിഞ്ഞു.  

A news clip appeared in the New York Times.
https://www.google.com/amp/s/www.nytimes.com/2020/08/19/world/europe/italy-vandalism-tourism.amp.html


സെൽഫി യുഗവും ടൂറിസവും ഇങ്ങനെ പുരോഗമിക്കുമ്പോൾ വെറും ഒരു സന്ദർശകൻ എന്നുള്ള നിലയിൽ നിന്നും മര്യാദയും മൂല്യവും ഉള്ള  സന്ദർശകൻ എന്ന തലത്തിലേക്ക്  നമ്മൾ മാറേണ്ടതുണ്ട് . ടൂറിസം സാക്ഷരത എന്നൊന്ന് കൂടി ഈ ഇന്റർനെറ്റ് യുഗം ഇപ്പോൾ ആവശ്യപ്പെടുന്നുണ്ട് .സോഷ്യൽ മീഡിയയുടെയും ടെക്നോളോജിയുടെയും വിവേകപൂർണമായ ഉപയോഗം , മറ്റു സന്ദർശകരുടെ അവകാശങ്ങളെ മാനിക്കൽ, സന്ദർശിക്കുന്ന സ്ഥലങ്ങളുടെ സ്വത്വത്തെ മാനിക്കൽ  എന്നിവയൊക്ക നമ്മൾ ഒരു യാത്രയിൽ അറിഞ്ഞിരിക്കേണ്ടതുണ്ട്. 

വാദി പ്രതിയാക്കപ്പെടുമ്പോൾ!

കൂടെക്കൂടെ നമ്മുടെ രാജ്യത്തിന്റെ പുരോഗമനം (പ്രത്യേകിച്ച് മതവും, വ്യക്തിസ്വാതന്ത്ര്യവും മനുഷ്യാവകാശവും) സംബന്ധിച്ചുള്ള ചർച്ചകളിൽ കടന്നുവരാറുള്ള ഒരു പറച്ചിലാണ് , ങ്ങ്ഹും നമ്മൾ അതിന് പുറകോട്ടല്ലേ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്, ഇവിടെ ഇപ്പോൾ അതിനൊന്നും ഒരു വിലയുമില്ല, സ്ത്രീകളുടെ അവകാശങ്ങൾക്ക് പുല്ല് വില പോലും ഇല്ലാതിരുന്ന “സൗദി അറേബ്യയിൽ പോലും” ലിബറൽ ആശയങ്ങൾക്ക് അല്പം സ്ഥാനം ലഭിക്കാൻ തുടങ്ങി, സ്ത്രീകൾക്ക് വാഹനം ഓടിക്കാനും, വോട്ട് ചെയ്യാനും, പുരുഷ മേധാവിത്തത്തിൽ നിന്നും പുറത്ത് വരാനും ഒക്കെ ഇപ്പോൾ സാധിക്കുന്നു ,സിനിമ തിയേറ്ററുകൾ ഒക്കെ തുറന്നു ,അവർ മാറ്റത്തിന്റെ പാതയിലാണ് അതിന്റെ ഗുണഫലങ്ങൾ നമ്മുടെ പ്രവാസി മലയാളികൾക്കും അനുഭവിക്കാം എന്നൊക്കെ. അങ്ങനെ നമ്മുടെ പ്രശംസക്ക് പാത്രമായ അതേ സൗദി അറേബ്യയിൽ നിന്നും ഇന്നലെ ഒരു ദൗർഭാഗ്യകരവും വിരോധാഭാസകരവുമായ ഒരു വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടു. സൗദിയിലെ സ്ത്രീകളുടെ അവകാശങ്ങൾക്കും അവരുടെ ഉന്നമനത്തിനും വേണ്ടി പോരാടിയ, ഇന്ന് അവിടുത്തെ സ്ത്രീകൾ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് കാരണക്കാരായ മനുഷ്യാവകാശ പ്രവർത്തകരിൽ ഒരാളും ആക്ടിവിസ്റ്റുമായ ലുജൈൻ അൽ ഹത്ലൂലിന് സൗദിയിൽ ഈ ഒരു മാറ്റത്തിന് തുടക്കമിട്ടതിനും, വിദേശ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്നു എന്ന പേരിലും ഇൻ്റർനെറ്റിലൂടെ രാജ്യത്തെ ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നു എന്ന കുറ്റത്തിനും 5 വർഷവും 8 മാസവും (ആകെ 68 മാസം) സൗദി കോടതി ജയിൽ ശിക്ഷ വിധിച്ചു. അന്താരാഷ്ട്ര മാധ്യമങ്ങളിലൊക്കെ അത് വലിയ വാർത്തയാവുകയും ചർച്ചയാവുകയും, ഐക്യരാഷ്ട്ര സഭ ഈ വിധിയോട് വിയോജിപ്പ് അറിയിക്കുകയും ചെയ്തപ്പോൾ, മലയാളം മാധ്യമങ്ങളിൽ അത് വളരെ ചെറിയ ഒരു വാർത്തയിൽ ഒതുങ്ങി.

ആരാണ് ലുജൈൻ അൽ ഹത്ലൂൽ? സൗദി സ്വദേശിനിയായ മുപ്പത്തിയൊന്ന്കാരി. സൗദിയിൽ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച ശക്തരായ മനുഷ്യാവകാശ പ്രവർത്തകരിൽ ഒരാൾ. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിൽ നിന്നും ഫ്രഞ്ച് ഭാഷയിൽ ബിരുദ പഠനം പൂർത്തിയാക്കി. സോഷ്യൽ മീഡിയയിലൂടെ സജീവമായി സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു.

എന്തായിരുന്നു ലുജൈൻ അൽ ഹത്ലൂൽ സൗദിയിലെ സ്ത്രീകൾക്ക് വേണ്ടി ചെയ്തത്?

ലുജൈൻ എറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് 2013ൽ സൗദിയിൽ സ്ത്രീകൾക്ക് വാഹനം ഓടിക്കാൻ ഉള്ള അവകാശത്തിന് വേണ്ടിയും പുരുഷമേധാവിത്തത്തിനെതിരെയുമുള്ള (male guardianship) പോരാട്ടത്തിലൂടെയുമായിരുന്നു. അതിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ അവർ കാർ ഓടിക്കുന്നതും മുഖാവരണം ധരിക്കാതെയും ഒക്കെയുള്ള ചിത്രം പങ്ക് വെച്ചു. സൗദിയിൽ ഇത് ഒരു പ്രക്ഷോഭത്തിന് വഴി തുറന്നു. 2014ൽ യു. എ. ഇ യിൽ നിന്നും റിയാദിലേക്ക് കാർ ഓടിച്ചതിന് 73 ദിവസം ലുജൈൻ തടങ്കലിലാക്കപ്പെട്ടു. ലൈസൻസ് ഉണ്ടായാലും, രാജ്യാതിർത്തി കടന്നതും സ്ത്രീകൾ വാഹനമോടിക്കാൻ പാടില്ല എന്നതുമായിരുന്നു ആരോപിക്കപ്പെട്ട കുറ്റങ്ങൾ. പിന്നീട് വിട്ടയച്ചെങ്കിലും 2018 മേയിൽ പ്രക്ഷോഭം ശക്തിപ്പെട്ടതോടെ മറ്റു മനുഷ്യാവകാശ പ്രവർത്തകരോടൊപ്പം ലുജൈനും പോലീസ് തടവിലായി. ‍ രാജ്യദ്രോഹ കുറ്റങ്ങളിൽ ഐക്യരാഷ്ട്ര സഭയില്‍ ജോലിക്ക് അപേക്ഷ നല്‍കിയത് പോലും ഉള്‍പ്പെടും! പിന്നീട് ഒരു മാസത്തിന് ശേഷം 2018 ജൂണിൽ സ്ത്രീകൾക്ക് വാഹനമോടിക്കാൻ ഉള്ള നിരോധനം സൗദി ഒഴിവാക്കി ലോകത്തിൻ്റെ ശ്രദ്ധ പിടിച്ചുപറ്റി. പലരും ഈ ചരിത്ര മുഹൂർത്തത്തെ വാഴ്ത്തി. പക്ഷെ പിന്നാമ്പുറത്ത് 10 മാസം ഒരു വിചാരണയും നടത്താതെ ഭരണകൂടം ലുജൈനിനെ ഏകാന്ത തടവിലിട്ടു. ജയിലിൽ ഇവർക്ക് മാത്രം സന്ദർശകരെ ഒന്നും അനുവദിച്ചിരുന്നില്ല. ആംനസ്റ്റി ഇൻ്റർനാഷണലിൻ്റെ റിപ്പോർട്ട് പ്രകാരം ഈ കാലമത്രയും ക്രൂരമായ ശാരീരിക പീഡനവും (ചാട്ടവാറടി, ഷോക്ക് ഏൽപ്പിക്കൽ) ലൈംഗിക പീഡനവും അവർ നേരിട്ടു. ഒരു വർഷത്തിനു ശേഷം കേസ് അന്വേഷണം പൂർത്തിയായി എങ്കിലും വിചാരണ അനന്തമായി സൗദി ഭരണകൂടം നീട്ടിക്കൊണ്ട് പോയി. അങ്ങനെ ഒടുവിൽ, 2 ദിവസങ്ങൾക്ക് മുമ്പ് 6 വർഷത്തോളം ഉള്ള ജയിൽവസത്തിന് ശിക്ഷ കൽപിക്കപ്പെട്ടു.

ഡ്രൈവിംഗ് അവകാശം നേടിയെടുക്കുന്നതിന് പുറമെ സ്ത്രീകൾക്ക് വോട്ട് ചെയ്യാനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനും ഉള്ള അനുമതി നേടിയെടുക്കാനും ലുജൈനിനും കൂട്ടർക്കും കഴിഞ്ഞു. 2015ൽ നിയമ പോരാട്ടത്തിലൂടെ തെരഞ്ഞെടുപ്പിൽ ലുജൈൻ മത്സരിച്ചെങ്കിലും, ബാലറ്റിൽ പേര് ഉണ്ടായിരുന്നില്ല എന്നാണ് ആംനസ്റ്റി ഇൻ്റർനാഷണൽ റിപ്പോർട്ട് ചെയ്തത്.

സൗദി അറേബ്യ ഒരു നവോത്ഥാന പാതയിലാണെന്ന് പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും ഇത്തരത്തിലുള്ള പല പരോക്ഷമായ സംഭവങ്ങളും ഇരട്ടത്താപ്പും നടന്നുകൊണ്ടിരിക്കുന്നു എന്നതാണ് നമ്മൾ മനസ്സിലാക്കേണ്ടത് . ആക്ടിവിസവും രാജ്യദ്രോഹവും തമ്മിലുള്ള അന്തരം ഭരണകൂടം തിരിച്ചറിയാതെ പോകുന്നിടത്തോളം ഇനിയും ലുജൈനുമാരും റുകി ഫെർണാണ്ടസുമാരും ഒക്കെ ജയിൽവാസം ഏറ്റുവാങ്ങേണ്ടി വരും. ഇതിൻ്റെ ഒക്കെ അലകൾ നമ്മുടെ ഇന്ത്യാ മഹാരാജ്യത്തും അടിച്ചുതുടങ്ങിയിട്ടുണ്ടെന്നു പിന്നെ പ്രത്യേകം പറയേണ്ടതില്ലല്ലോ!

Picture courtesy: AFP/Getty Images

On time management

Recently, I happened to come across a lecture on “TIME MANAGEMENT”. Time, which is equally distributed to all human beings, is an important aspect which needs to be well-managed. We all have an invisible relationship with time, whether we are aware of it or not is a different story. Our uneven ways of spending our 24 h time mainly include time for doing useful/responsible work (usually our studies or job), time to have a reconnect with family/friends/society and do accomplish our personal goals of whatever nature and finally our switch off time aka sleeping time. A perfect balance between all three of these is absolutely necessary to have a quality life and we deserve it. Here are my instantaneous thoughts/experiences on few related aspects:

1. Digital well-being : In fact, for last one year I am researching as a part of my personal goals on how do distractions work, digital well-being and experimenting with clean sleeping habits (I am prone to polyphasic sleep, interrupted sleep and lots of vivid dreams which looks like it comes with a well written script) and I could find many correlations with the quality of time we spend on each time zones.
I use an Android phone and in its settings there’s one thing called “Digital well-being and parental control” which once you open shows a pie diagram of how much time you spend on your phone on that particular day with a detailed time record of using each app. Also you can set timer for your activities and all that (I didn’t go for that timer stuff). Perhaps many of you know this already. I found it quite retrospective as I was lacking a realization of how many hours I spend using my phone. I didn’t feel good about it ; so I set a goal in such a way that I will gradually bring down this over time with a daily decrease of few minutes. This helped me to scrutinize what should I watch , whether it’s of value or not, how long does that take and so on, instead of randomly grazing over every X and Y that comes to me. I can surely say this worked for me and found impactful on all the three aspects of time management. I should also not forget to mention that my nature of work doesn’t have much to do with phone except some emails and slack nudges; so, that might be one reason that have worked well for my responsible work part. 


2. Cultural differences in time management:  There are also cultural differences in time management. I have seen when working with people at various countries, that people have their own indigenous culture having another pattern of time management and work standards. For example, my South Korean colleagues work extremely far longer than regular working hours up to 12 AM or so on a daily basis. They manage their sleep during way back to home in train etc. and next day they’ll appear sharp at 8 in the morning. I have observed that staying longer time in office is not many times due to massive work load or just to meet a deadline , but it’s just like that it’s a cultural aspect and we may on other hand interpret that as an ineffective time management. Chinese also have a similar pattern while colleagues from Europe work sharp 8 hours and leave on time. This also brings in a conflict between hard work and smart work. I think cultural influences are also part of responsible work hours. Imagine if we have got a job in South Korea with a giant like Samsung , we will have to fit with cultural standards of their working which may find very exhaustive in a long run and that means our responsible hours may invade both our reconnect and rejuvenation hours.

3. Need of knowing own momentum and time management : A familiar example I can think about is our childhood comparison of one studying for long time and scoring less marks in an exam and the other being spending short time and scoring high marks (I am talking about about an ideal case where there are no manipulations) . For the one who spends or require more time to understand a concept MUST spend enough time to get the fruit. What if one day he/she decides to follow the other one and spends less time  to have an equivalent time frame of study? ? This is a kind of case where knowing own momentum is important and manage timings accordingly (Thanks to my MSc. classmate for instilling this point in me during my CUSAT days) .

Picture courtesy: Pixabay