കൊറോണയുടെ കടന്നുവരവോടുകൂടി ലോകമെമ്പാടുമുള്ള ആളുകൾ വീട്ടിലിരുന്നുള്ള ജോലികളിലും വിദ്യാർഥികൾ ഓൺലൈൻ പഠനത്തിലും വ്യാപൃതരായതോടെ ഇന്റർനെറ്റ് ഉപഭോഗത്തിൽ സ്ഫോടനാത്മകമായ വളർച്ചയാണുണ്ടായിരിക്കുന്നതെന്ന് പല ഇന്റർനെറ്റ് സേവനദാതാക്കളും മാധ്യമങ്ങളും ഈയടുത്ത് കണക്കുകൾ സഹിതം രേഖപ്പെടുത്തുകയുണ്ടായി.അതേസമയം, ആളുകൾ ഡിജിറ്റൽ ജീവിതത്തിലേക്ക് മാറിയതിന്റെയും വാഹനങ്ങളുടെ ഉപയോഗം, യാത്രകൾ ഇവയൊക്കെ കുറഞ്ഞതിന്റെയും അനന്തര ഫലമായി പരിസ്ഥിതി മലിനീകരണത്തിലുണ്ടായ കുറവുമായി ബന്ധപ്പെട്ടുള്ള ഒട്ടനവധി ശുഭവാർത്തകളും നമ്മളെ തേടിയെത്തി. പലപ്പോഴും വാഹനങ്ങളും , വീട്ടുപകരണങ്ങളും, വ്യവസായശാലകളുമൊക്കെയാണ് പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന കാര്യത്തിൽ നമ്മൾ ഇപ്പോഴും കണക്കിലെടുക്കാറുള്ളത്, അല്ലെങ്കിൽ നമ്മൾ വളർന്നുവന്ന കാലഘട്ടങ്ങളിൽ ഇവക്കൊക്കെയായിരുന്നു മുൻഗണന കൊടുക്കാറുണ്ടായിരുന്നത്. എല്ലാം ഡേറ്റ അധിഷ്ഠിതമായ ഈ കാലത്തിലേക്ക് നമ്മൾ മെല്ലെ നീങ്ങുന്നതോടെ താരതമ്യേന ഒരു പരിസ്ഥിതി സൗഹാർദ നയമാണ് സ്വീകരിക്കുന്നതെന്നാവും സ്വാഭാവികമായും ഒറ്റ നോട്ടത്തിൽ നമുക്കെല്ലാവർക്കും തോന്നലുണ്ടാവുന്നത് .എന്നാൽ നമ്മൾ തികച്ചും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് ഇന്റർനെറ്റ് ഉപഭോഗം കൊണ്ടുണ്ടാകുന്ന പരോക്ഷമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ എന്നാണ് അമേരിക്കയിലെ പഡ്യൂ ,മേരിലാൻഡ്, യെയ്ൽ സർവകലാശാലകളിലെ ഗവേഷകർ The overlooked environmental footprint of increasing Internet use എന്ന പേരിൽ Resources , Conservation & Recycling എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠന റിപ്പോർട്ടിൽ പറയുന്നത്. അതായത് ഡിജിറ്റൽ പൗരന്മാരെന്ന നിലയിലും നമ്മൾ ഓരോരുത്തരും ഓരോ മിനുട്ടിലും പരിസ്ഥിതിക്ക് ദോഷമുണ്ടാക്കിക്കൊണ്ടിരിക്കുന്നെന്നർത്ഥം.
പരമ്പരാഗത രീതിയിൽ നിന്നും വിഭിന്നമായാണ് ഇന്റർനെറ്റ് ഉപഭോഗം പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.വാഹനങ്ങളിൽ നിന്നും വ്യവസായ ശാലകളിൽ നിന്നുമൊക്കെ പുറന്തള്ളപ്പെടുന്ന കാർബൺ ഡൈ ഓക്സൈഡിന്റെയും മറ്റും അളവ് നിർണയിക്കാൻ ഇന്റർനെറ്റിനെ അപേക്ഷിച്ച് എളുപ്പമാണ്.ഇന്റർനെറ്റ് എന്ന് പറയുമ്പോൾ അതിന്റെ ശൃംഖലയിൽ പ്രവർത്തിക്കുന്ന കോടാനുകോടി മെഷീനുകളും അതുമായി ബന്ധപ്പെട്ട കമ്പനികളും എല്ലാം ഉൾപ്പെടുന്നതും അവയുടെ ഊർജ ഉപഭോഗം കൃത്യമായി തിട്ടപ്പെടുത്തുക ദുഷ്കരമാണെന്നുമാണ് ഒരു വസ്തുത. ഇനി ഈ മെഷീനുകൾ എല്ലാം എത്ര ഊർജമാണ് ഉപയോഗിക്കുന്നതെന്ന് തിട്ടപ്പെടുത്താൻ കഴിഞ്ഞാൽ പോലും,ഓഫ് ലൈൻ ഉപയോഗം കൊണ്ടുണ്ടാകുന്ന ഊർജോപഭോഗവും (ഉദാഹരണത്തിന് മൈക്രോസോഫ്ട് വേഡിൽ ഒരു ഫയലുണ്ടാക്കുന്നത്), ഓൺലൈനിൽ അതൊരാൾക്ക് ഇ-മെയിലായി അയച്ചുകൊടുക്കുമ്പോഴുണ്ടാകുന്ന ഉപഭോഗവും വേർതിരിച്ചെടുക്കുക എളുപ്പമല്ല.എന്നിരുന്നാലും, ഇത്തരം പഠനങ്ങൾ തുടങ്ങുന്നത് നമ്മുടെ ഡേറ്റയെല്ലാം സൂക്ഷിക്കപ്പെടുന്ന വലിയ സെർവറുകളുള്ള പ്രധാന ഡേറ്റ സെന്ററുകൾ അടിസ്ഥാനമാക്കിയാണ്.സെർവറുകളുടെ പ്രവർത്തനങ്ങൾക്ക് വൻ തോതിൽ ഊർജം ആവശ്യമുണ്ട്. കൂടാതെ സെർവറുകൾ ചൂടാകാതിരിക്കുന്നതിനാവശ്യമായ ശീതീകരണ സംവിധാനങ്ങൾക്ക് വേണ്ട വൈദ്യുതിയും ചെറുതല്ല. 2016 ൽ വന്ന കണക്കു പ്രകാരം ഗൂഗിളിന് ഇത്തരത്തിൽ 2.5 ദശലക്ഷം സെർവറുകളാണ് ലോകത്തെമ്പാടുമായുള്ളത്. അതുകൊണ്ട് ഡേറ്റാ സെന്ററുകളിലെ ഊർജോപഭോഗമാണ് പാരിസ്ഥിതിക പ്രശ്നങ്ങളുടെ പ്രധാന പങ്ക് വഹിക്കുന്നത്. ആഗോള ഊർജ ഉപഭോഗത്തിന്റെ മൂന്ന് ശതമാനമേ ഇത് വരുന്നുള്ളു എങ്കിലും പല രാജ്യങ്ങൾക്കും ഇത് അവരുടെ ദേശീയ ഉപഭോഗത്തെക്കാൾ കൂടുതലാണ് . ഊർജോല്പാദനത്തിന് ഇന്നും ഫോസിൽ ഇന്ധനങ്ങളെ തന്നെ കൂടുതലായി ആശ്രയിക്കുന്നതുകൊണ്ട് ഇന്റർനെറ്റ് സേവനത്തിനു വേണ്ട ഊർജോപയോഗത്തിലുള്ള കാര്യക്ഷമത അനുസരിച്ച് അതുമായി പാരിസ്ഥിതിക പ്രശ്നങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു. പാരിസ്ഥിതിക പ്രശ്നങ്ങളെന്നു പറയുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് പ്രകൃതിയിലേക്ക് പുറന്തള്ളപ്പെടുന്ന കാർബണിന്റെ തോത് അല്ലെങ്കിൽ carbon footprint (ഇതിനെ കാർബൺ ഡയോക്സൈഡിന്റെ യൂണിറ്റായാണ് പൊതുവെ കണക്കാക്കപ്പെടുന്നത് ) ആണെങ്കിലും ജലത്തിന്റെയും ഭൂമിയുടെയും ആനുപാതിക ഉപഭോഗവും ഇക്കാര്യത്തിൽ പ്രധാനമാണ്. ഒരു ജിബി ഇന്റർനെറ്റ് നമ്മൾ ഉപയോഗിക്കുമ്പോൾ, പ്രസരണ കാര്യക്ഷമതയനുസരിച്ച്, ആഗോളതലത്തിൽ ഏകദേശം 28 മുതൽ 63 ഗ്രാം വരെ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളപ്പെടുകയും, 0 .1 മുതൽ 35 ലിറ്റർ വരെ ജലവും 0 .7 മുതൽ 20 ചതുരശ്ര സെന്റീമീറ്റർ വരെ ഭൂമി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നുണ്ട് എന്നാണ് പഠനങ്ങളിൽ പറയുന്നത്. പല രാജ്യങ്ങൾക്കും ഇതിന്റെ തോത് പല തരത്തിലാണ്.ഇന്ത്യയുടെ കാര്യമെടുത്താൽ പ്രതിവർഷം 8000 ലിറ്റർ ഡീസലാണ് ഒരു മൊബൈൽ ടവർ പ്രവർത്തിപ്പിക്കാൻ മാത്രമായി വേണ്ടിവരുന്നത് .കാർബൺ ഡൈ ഓക്സൈഡിന്റെ കാര്യമെടുത്താൽ ഒരു സാധാരണ ഇ-മെയിൽ അയക്കുമ്പോൾ ശരാശരി 4 ഗ്രാം കാർബൺ ഡൈ ഓക്സൈഡും അതൊരു സ്പാം ഇ -മെയിൽ ആകുമ്പോൾ 0.3 ഗ്രാമും അറ്റാച്ച്മെന്റ് ഉള്ള ഇ -മെയിൽ ആകുമ്പോൾ അത് 50 ഗ്രാം കാർബൺ ഡൈ ഓക്സൈഡുമാണ് പുറന്തള്ളപ്പെടുന്നതെന്നാണ് ഈ രംഗത്തെ വിദഗ്ധർ റിപ്പോർട്ട് ചെയ്യുന്നത്. കടലാസിലുള്ള ഒരു കത്തിന്റെ അറുപത്തിലൊന്ന് അംശമേ ഇതുള്ളൂ എങ്കിലും ഒരു ദിവസത്തെ നമ്മുടെ ഇ -മെയിൽ ഇടപാടുകളുടെ എണ്ണമെടുത്ത് കണക്കു കൂട്ടി നോക്കിയാൽ ഒരുപക്ഷെ ഒരു കത്തിനേക്കാൾ കൂടുതലായിരിക്കും എന്നുവേണം അനുമാനിക്കാൻ. ഇ -മെയിൽ ഇടപാടുകൾക്ക് മാത്രമായി പ്രതിവർഷം ശരാശരി 33 കിലോവാട്ട് വൈദ്യുതിയാണ് ഉപയോഗിക്കപ്പെടുന്നത്. ഓസ്ട്രേലിയയിലെ Centre for Energy Efficient Telecommunications അഭിപ്രായപ്പെടുന്നത് ഇന്റർനെറ്റ് ഒരു രാജ്യമായിരുന്നെങ്കിൽ ആഗോള ഊർജോപയോഗത്തിൽ അഞ്ചാമതാകുമായിരുന്നെന്നാണ്. ഗൂഗിളിന്റെ തന്നെയുള്ള ഒരു കണക്ക് പ്രകാരം ഒരു ഗൂഗിൾ സെർച്ചിൽ മാത്രം 0 .2 ഗ്രാം കാർബൺ ഡൈ ഓക്സൈഡാണ് പുറത്തേക്ക് വിടുന്നത്. അത്തരത്തിൽ 47000 റിക്വസ്റ്റുകൾ ഒരു സെക്കന്റിൽ വരുമ്പോൾ, ഉപയോഗിക്കുന്ന ഫോൺ /ലാപ്ടോപ്പ് /കമ്പ്യൂട്ടർ /ടാബ്ലെറ്റിന്റെ സ്വഭാവവും ഒരു പേജിൽ എത്ര സമയം ചെലവഴിക്കുന്നുവെന്നതിനുമനുസരിച്ച് 500 കിലോഗ്രാം കാർബൺ ഡൈ ഓക്സൈഡാണ് പുറത്തേക്ക് ഒരു സെക്കന്റിൽ ഗൂഗിൾ സെർച്ചിലൂടെ മാത്രം നമ്മൾ വിടുന്നത്, അതായത് ഒരു മിനുട്ടിൽ 300 ടൺ !

ഇ -മെയിലുകൾ മാത്രമല്ല , നമ്മൾ കാണുന്ന നെറ്റ്ഫ്ലിക്സ് ,ആമസോൺ പ്രൈം, യൂ ട്യൂബ് , ഫേസ്‌ബുക്ക് പോലുലുള്ള വീഡിയോ സ്ട്രീമിംഗ് മാധ്യമങ്ങളെല്ലാം കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നതിൽ ഒട്ടും പിന്നിലല്ല.ലോക് ഡൗണിന്റെ തുടക്കത്തിൽ മാത്രം നെറ്റ്ഫ്ലിക്സ് ഉപഭോഗത്തിൽ 16 % വർദ്ധനവാണുണ്ടായത്. 4,50000 മെഗാവാട്ട് വൈദ്യുതിയാണ് പ്രതിവർഷം നെറ്റ്ഫ്ലിക്സിന് വേണ്ടിവരുന്നത്. 2021 അവസാനിക്കുന്നതുവരെ വീട്ടിരിന്നുള്ള ഓൺലൈൻ ജോലിയും പഠനവും തുടരുകയാണെങ്കിൽ ആഗോളതലത്തിൽ 34 ദശലക്ഷം യൂണിറ്റ് കാർബൺ ഡയോക്സൈഡ് പുറന്തള്ളപ്പെടുമെന്നാണ് ഇതുവരെയുള്ള ഇന്റർനെറ്റ് ഉപയോഗം അടിസ്ഥാനമാക്കി പഡ്യൂ സർവകലാശാല ഗവേഷകർ പ്രവചിക്കുന്നത്. പോർച്ചുഗൽ എന്ന രാജ്യത്തിൻറെ വിസ്തീർണത്തിന്റെ രണ്ടു മടങ്ങു വരുന്നത്രയും കാടുണ്ടെങ്കിലേ ഇത്രയും കാർബൺ ഡയോക്സൈഡ് ശുദ്ധീകരിക്കാൻ കഴിയൂ എന്നും ഇവരുടെ പഠന റിപ്പോർട്ടിൽ പറയുന്നുണ്ട്. കാണുന്ന വീഡിയോയുടെ നിലവാരം H D യിൽ നിന്നും ‘സ്റ്റാൻഡേർഡ് ‘ ആക്കി മാറ്റിയാൽ പോലും ഇതിൽ 86 % കുറവ് വരുത്താൻ സാധിക്കും .മറ്റൊരു വിപ്ലവമാണ് വീഡിയോ കോൺഫറൻസിങ്ങുകളുടെ കാര്യത്തിൽ ഈ കൊറോണക്കാലത്ത് ഉണ്ടായിരിക്കുന്നത് . ലോക്ഡൗണിന്റെ ആദ്യ ഘട്ടത്തിൽ മാത്രം സൂം ഉപയോക്താക്കളിൽ മൂന്ന് മടങ്ങ് വർദ്ധനവാണുണ്ടായത്. ഒരു മണിക്കൂർ വീഡിയോ കോൺഫറൻസിങ്ങിലൂടെ മാത്രം ശരാശരി 150 മുതൽ 1000 ഗ്രാം കാർബൺ ഡൈ ഓക്സൈഡാണ് പുറത്തുവരുന്നത് (ഒരു കാറിൽ നിന്നും മൂന്നേമുക്കാൽ ലിറ്റർ പെട്രോൾ കത്തിച്ചാൽ ഏകദേശം 8800 ഗ്രാം കാർബൺ ഡൈ ഓക്സൈഡേ വരുന്നുള്ളു!!). വീഡിയോ ക്യാമറ ഓഫ് ചെയ്യുന്നതിലൂടെ മാത്രം ഇത് 96 ശതമാനത്തോളം കുറക്കാൻ സാധിക്കും. അതുപോലെ യൂ ട്യൂബിൽ പാട്ട് ഇട്ട് ഉറങ്ങുന്നവർ ഒരു കാര്യവുമില്ലാതെ എത്രയോ ഗ്രാം കാർബൺ ഡൈ ഓക്സൈഡാണ് പുറത്തു വിടുന്നത്.
കാർബൺ ഡൈ ഓക്സൈഡുമായി ബന്ധപ്പെട്ടാണ് കൂടുതൽ പഠനങ്ങളും ഇന്റർനെറ്റ് ഉപഭോഗവുമായി ചേർത്ത് നടന്നിട്ടുള്ളത്. എന്നാൽ അത്രതന്നെ പരിഗണിക്കപ്പെടാത്ത വസ്തുതയാണ് ഇന്റർനെറ്റുമായി ബന്ധപ്പെട്ട ജലത്തിന്റെ ഉപയോഗം (water footprint). ജല സ്രോതസ്സുകളെ അടിസ്ഥാനമാക്കി ഊർജോല്പാദനം നടത്തുന്ന രാജ്യങ്ങളെ സംബന്ധിച്ച് ഇതിന്റെ തോത് വളരെ കൂടുതലായിരിക്കും. ഉദാഹരണത്തിന് ബ്രസീൽ. ബ്രസീലിന്റെ ഊർജോല്പാദനം 70 ശതമാനവും ജലവൈദ്യുത പദ്ധതികളിൽ നിന്നായതുകൊണ്ട് അവിടുത്തെ ഇന്റർനെറ്റ് ഉപയോഗം കൊണ്ട് കാർബൺ ഡയോക്സൈഡ് കുറവാണെങ്കിലും ജലസ്രോതസ്സുകളെ അത് സാരമായി ബാധിക്കും. ഒരു രാജ്യത്തിൻറെ ഡേറ്റ സെൻറ്ററുകൾ ആ രാജ്യത്ത് സ്ഥാപിക്കാതെ മറ്റു രാജ്യങ്ങളിൽ കൊണ്ടുപോയി സ്ഥാപിക്കുന്നതിന്റെ ഒരു ലക്‌ഷ്യം ഇതാണ്. അതുകൊണ്ട് നമ്മുടെ ഇന്റർനെറ്റ് ഉപഭോഗത്തിന്റെ ദൂഷ്യഫലം നമ്മുടെ രാജ്യത്തെ ആയിരിക്കണമെന്നില്ല ബാധിക്കുന്നത്. ആഗോള തലത്തിലെ ഇന്റർനെറ്റ് ഉപഭോഗം ശരാശരി 2 .6 ലക്ഷം കോടി ലിറ്റർ ജല ഉപഭോഗത്തിന് തുല്യമാണ് . നമ്മൾ കാണുന്ന വീഡിയോകളുടെ നിലവാരം കുറച്ചാൽ തന്നെ 53 ദശലക്ഷം ലിറ്ററും, കോൺഫറൻസിങ്ങിൽ വീഡിയോ ആവശ്യമില്ലെങ്കിൽ അത് ഓഫ് ചെയ്തുവെച്ചാൽ 10 .7 ദശലക്ഷം ലിറ്ററും(പ്രതി ലക്ഷം ആളുകൾക്ക്) ജലം ലാഭിക്കാനാവും.
ഇന്റർനെറ്റ് ഉപഭോഗത്തിന്റെ മറ്റൊരു പാരിസ്ഥിതിക പ്രാധാന്യമുള്ള വശമാണ് ഭൂമിയുടെ ഉപയോഗം. ഡേറ്റ സെൻറ്ററുകൾ സ്ഥാപിക്കാനും മൊബൈൽ ടവറുകൾക്കും ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്റർ ഭൂമിയാണ് ഉപയോഗിക്കപ്പെടുന്നത്. ഇതിൽ അധികവും കൃഷിയോഗ്യവും വാസയോഗ്യവുമായ ഭൂമിയാണെന്നുള്ളതാണ് ശ്രദ്ധേയം. ഇപ്പോഴത്തെ നിരക്കിൽ ഇന്റർനെറ്റ് ഉപഭോഗം തുടർന്നാൽ അമേരിക്കയിലെ ലോസ് ഏഞ്ചലെസിന്റെ അത്രയും വിസ്‌തീർണമുള്ള അധിക ഭൂമി ഈ വർഷത്തിന്റെ അവസാനത്തോട് കൂടി വേണ്ടി വരുമെന്നാണ് പഠനങ്ങളിൽ പറയുന്നത്. ഭൂമി ഉപയോഗിക്കപ്പെടുന്നതിന്റെ മറ്റൊരു വശം അവിടുത്തെ ആവാസ വ്യവസ്ഥയെയും ഭൂപ്രകൃതിയെയുമൊക്കെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ്.

പല വൻകിട ഇന്റർനെറ്റ് അധിഷ്‌ഠിത കമ്പനികളും തങ്ങൾക്ക് സാധ്യമാകുന്ന തരത്തിൽ പാരിസ്ഥിതിക ആഘാതങ്ങൾ കുറക്കാനുള്ള ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞു. ഉദാഹരണത്തിന്, ആപ്പിൾ തങ്ങളുടെ ഊർജ ഉപഭോഗത്തിന്റെ ഭൂരിഭാഗവും സോളാർ, കാറ്റ് പോലുള്ള സ്രോതസ്സുകളിൽ നിന്നുമായിരിക്കുമെന്ന് തീരുമാനിച്ചിട്ടുണ്ട്. 2022 ൽ അയോവയിലുള്ള തങ്ങളുടെ ഡേറ്റ സെൻറ്റർ പൂർണമായും കാറ്റിൽ നിന്നുള്ള വൈദ്യുതി ഉപയോഗപ്പെടുത്തിക്കൊണ്ടായിരിക്കും പ്രവർത്തന സജ്ജമാകുകയെന്ന് ഫേസ്ബുക്കും അറിയിച്ചിട്ടുണ്ട്. മൈക്രോസോഫ്ട് പ്രൊജക്റ്റ് നാറ്റിക് ടീം തങ്ങളുടെ ഒരു ഡേറ്റ സെൻറ്റർ സ്കോട്ലൻറ്റിനടുത്തു കടലിന്റെ അടിത്തട്ടിൽ സ്ഥാപിച്ച് അതിന്റെ പ്രവർത്തനം കാര്യക്ഷമവും വിശ്വാസ യോഗ്യവുമാണെന്ന് ഈയടുത്ത് വിലയിരുത്തുകയുണ്ടായി. ഡേറ്റ സെൻറ്ററുകളുടെ ശീതീകരണത്തിനു വേണ്ട ഊർജം കടലിനടിയിൽ സ്ഥാപിക്കുന്നതിലൂടെ ലഭിക്കാമെന്നാണ് ഈ പ്രോജക്ടിന്റെ ഗുണഫലം.

ഇന്റർനെറ്റ് ഉപഭോക്താവെന്ന നിലയിൽ വ്യക്തിപരമായി നമുക്കും ചിലതൊക്കെ ചെയ്യാൻ സാധിക്കും. ഇതിനു വേണ്ടി ചെയ്യാവുന്ന സംഭാവനകൾ കഴിവതും അനാവശ്യ ഉപഭോഗവും സ്ട്രീമിങ്ങും കുറക്കുക, പാട്ടുകൾ ആവർത്തിച്ച് കേൾക്കണമെങ്കിൽ ഓൺലൈൻ സ്ട്രീമിങ്ങിനെ ആശ്രയിക്കാതെ ഒരിക്കൽ ഡൗൺലോഡ് ചെയ്ത് വെച്ച് പിന്നീട് കേൾക്കുക, ആവശ്യമില്ലെങ്കിൽ വീഡിയോ കോൺഫറൻസിങ്ങിൽ വീഡിയോ ഓഫ് ചെയ്യുക ഇവയൊക്കെയാണ്.
References :
1 . The overlooked environmental footprint of increasing Internet use, Resources, Conservation & Recycling 167 (2021) 105389
2 .How Bad are Bananas?: The Carbon Footprint of Everything by Mike Berners -Lee
3. The Water Footprint of Hydropower Production-State of the Art and Methodological Challenges- Global Challenges 2017, 1, 1600018
blogs too consumes a little bit electricity
LikeLike