പ്രശസ്ത ഇംഗ്ലീഷ് ഗായകൻ റോബി വില്യംസ് ഏകദേശം ഒരാഴ്ച മുമ്പ് ഒരു റേഡിയോയിൽ നൽകിയ അഭിമുഖത്തിൽ അദ്ദേഹത്തിന്റെ രക്തത്തിൽ കൂടിയ അളവിൽ ആഴ്‌സെനിക് കണ്ടെത്തിയെന്ന് ഒരു ആശങ്ക പങ്കുവെക്കുകയുണ്ടായി. അതിന് ഒരു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് ആഹാരക്രമത്തിൽ വളരെയധികം മത്സ്യം അദ്ദേഹം ഉൾപ്പെടുത്തിയിരുന്നു എന്നതായിരുന്നു. ആഴ്‌സെനിക് ഉപയോഗിച്ചുള്ള കൊലപാതകങ്ങളുടെ എണ്ണം ഇപ്പോൾ വളരെ കുറഞ്ഞിട്ടുണ്ടെങ്കിലും ആഴ്‌സെനിക് വിഷബാധയേറ്റുള്ള ഒരുപാട് മരണങ്ങൾ ഇന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അതിൽ ഭൂരിഭാഗവും ഭക്ഷണത്തിൽ നിന്നും കുടിവെള്ളത്തിൽ നിന്നും ദീർഘകാലം കൊണ്ട് ഏൽക്കുന്ന വിഷബാധ കൊണ്ടുണ്ടാകുന്നതാണ്. അതിനാൽ തന്നെ പല രാജ്യങ്ങളും അവരുടെ കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ആർസെനിക്കിന്റെ അളവ് ഒരു സൂചകമായി നിശ്ചയിച്ചിട്ടുണ്ട്. ദൈനംദിന ഭക്ഷണക്രമത്തിൽ ആഴ്‌സെനിക് അകത്തു ചെല്ലാൻ ഒരു സാധ്യതയുണ്ടെന്നിരിക്കെ ഒരു മരണത്തെക്കുറിച്ച് അന്വേഷിക്കുമ്പോൾ ശരീരത്തിൽ ആഴ്‌സെനിക്ന്റെ അളവ് കണ്ടെത്തി നിർണയിക്കപ്പെട്ടാൽ കൂടിയും , അത് ആഴ്‌സെനിക് അകത്തു ചെന്നതുകൊണ്ടുള്ള കൊലപാതകമാണോ അതോ ആദ്യമേ ശരീരത്തിൽ ഒരളവിൽ ആഴ്‌സെനിക് ഉണ്ടായിരുന്നോ എന്ന് തീരുമാനിക്കുക പ്രയാസമാണ്.
ഒരു സട കൊഴിഞ്ഞ സിംഹത്തോട് വേണമെങ്കിൽ ആഴ്‌സെനിക്കിനെ നമുക്ക് ഉപമിക്കാവുന്നതാണ്. അത്രയധികം കൊലപാതകങ്ങൾ ആഴ്‌സെനിക് ഉപയോഗിച്ച് ചരിത്രത്തിൽ നടത്തപ്പെട്ടിട്ടുണ്ട് എന്നതാണ് അതിന് കാരണം. ഇത്തരം രാസവിഷങ്ങളുടെ ചരിത്രം തേടിപ്പോയാൽ നമ്മൾ ചെന്നെത്തുക ബൈബിളിലും പുരാതന ചൈനീസ് ഗ്രന്ഥങ്ങളിലും ആയുർവേദത്തിലുമെല്ലാം പരാമർശിക്കുന്ന പലതരം വിഷങ്ങളെക്കുറിച്ചും, മരണം ത്വരിതപ്പെടുത്താൻ വേണ്ടി വിഷംപുരട്ടിയ ആയുധങ്ങളുപയോഗിച്ചു ഭക്ഷണത്തിനായി മൃഗങ്ങളെയും പക്ഷികളെയും മനുഷ്യർ കൊന്നിരുന്നതും വിഷവസ്തുക്കൾ ഉപയോഗിച്ചു തങ്ങളുടെ എതിരാളികളെ വകവരുത്തിയ ഈജിപ്ഷ്യൻ, റോമൻ, ഗ്രീക്ക് കഥകളിലുമൊക്കെയായിരിക്കും. പ്രസിദ്ധനായ തത്വചിന്തകൻ സോക്രടീസിനെ വധിക്കാൻ ഹെംലോക്ക് എന്ന വിഷ ചെടിയുടെ പാനീയം കുടിക്കാൻ നൽകിയ കഥ നമ്മളിൽ പലരും കേട്ടിട്ടുണ്ടാകും. അത്തരത്തിൽ, ആദ്യമായി രാസപരിശോധനക്ക് വിധേയമാക്കപ്പെട്ട രാസവസ്തുവായി റിപ്പോർട്ട് ചെയ്യപ്പെട്ട രാസപദാര്ഥമാണ് ഈ ആഴ്‌സെനിക് (Arsenic) എന്ന മൂലകം. ആഴ്‌സെനിക് അംശം പരിശോധിക്കാൻ വേണ്ടി 1832ൽ മാർഷ് ടെസ്റ്റ് എന്ന സുപ്രസിദ്ധ പരിശോധനാരീതി വികസിപ്പിച്ചെടുത്തത് ഒരു ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ജെയിംസ് മാർഷ് ആണ്. ജെയിംസ് മാർഷ്, വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്ന മൈക്കേൽ ഫാരഡെയുടെ സഹായി ആയി വൈദ്യുതകാന്തികതയിൽ റോയൽ മിലിറ്ററി അക്കാഡമിയിൽ 1829 മുതൽ 1846 വരെ ഗവേഷണ സഹായിയായി പ്രവർത്തിച്ചിട്ടുമുണ്ട്. അങ്ങനെയിരിക്കെ, 1833ൽ ഇംഗ്ളണ്ടിലെ കെന്റ് എന്ന ഒരു സ്ഥലത്തു വളരെ പ്രമാദമായ ഒരു കൊല നടന്നു. ജോർജ് ബോഡിൽ എന്ന, സ്ഥലത്തെ പ്രധാന ജന്മി ഒരു കാപ്പി കുടിച്ചതിനു ശേഷം മരണപ്പെടുകയാണുണ്ടായത്. ഇതേ സമയം അവിടുള്ള ഒരു ഡോക്ടർ ബട്ലർ ആഴ്‌സെനിക് വിഷബാധയേറ്റുള്ള മരണത്തെക്കുറിച്ചു പല നിരീക്ഷണങ്ങളും നടത്തി വരുന്ന സമയം കൂടിയായിരുന്നു. സ്വാഭാവികമായും അദ്ദേഹം സംഭവസ്ഥലത്തെത്തുകയും ജോർജ് ഛർദിച്ച പദാർത്ഥം, കുടിച്ച കാപ്പിയുടെ മട്ട് (അവശിഷ്ടം)എന്നിവ ശേഖരിക്കുകയും ചെയ്തു. ബട്ലറിലെ കുറ്റാന്വേഷകൻ ഉണർന്നു. അദ്ദേഹം ആ സാമ്പിളുകൾ പ്രസിദ്ധനായ മൈക്കൽ ഫാരഡെക്ക് കൈമാറി. എന്നാൽ ഫാരഡെ തന്റെ ഗവേഷണ തിരക്കുകൾ മൂലം ആ ജോലി ജെയിംസ് മാർഷിനെ ഏല്പിച്ചു. ജെയിംസ് മാർഷ് ആദ്യം ചെയ്തത് തനിക്കു കിട്ടിയ സാമ്പിളുകളിൽ നിന്ന് കുറച്ചെടുത്തു കത്തിച്ചു നോക്കുകയായിരുന്നു. കത്തിക്കുമ്പോൾ ചെറുതായി വെളുത്തുള്ളിയുടെ മണം അദ്ദേഹത്തിന് അനുഭവപ്പെട്ടു. ആര്സെനിക്ന്റെ അംശം ഉണ്ടെന്ന് അദ്ദേഹത്തിന് സംശയം തോന്നിയത് കൊണ്ടും, തന്റെ നിഗമനത്തിനു കുറച്ചുകൂടി വിശ്വാസ്യമായ തെളിവ് നൽകാനും വേണ്ടി അദ്ദേഹം ഒരു ടെസ്റ്റ് കൂടി നടത്തി. സിൽവർ (വെള്ളി) ടെസ്റ്റ് എന്നായിരുന്നു അതിന്റെ പേര്. വളരെ ലളിതമായ ഒരു ടെസ്റ്റ് ആയിരുന്നു ഈ സിൽവർ ടെസ്റ്റ്; സിൽവർ നൈട്രേറ്റ് ലായനി ടെസ്റ്റ് ചെയ്യേണ്ട സാമ്പിളിലേക് ഒഴിച്ച്, അല്പസമയത്തിനു ശേഷം ലായനിയിൽ മഞ്ഞ/ബ്രൗൺ നിറത്തിലുള്ള അവക്ഷിപ്തം ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കും. നിറ വ്യത്യാസം ഉണ്ടെങ്കിൽ ആഴ്‌സെനിക്കിന്റെ അംശം ഉണ്ടെന്നുറപ്പിക്കാം. ജെയിംസ് മാർഷിന്റെ സംശയം ബലപ്പെടുത്തിക്കൊണ്ട് ജോർജ് ബോഡിൽ കുടിച്ച കാപ്പിയുടെ മട്ടിൽ നിന്നും മഞ്ഞ അവക്ഷിപ്തം പ്രത്യക്ഷപ്പെട്ടു. സമാനമായ രീതിയിൽ സിൽവർ നൈട്രേറ്റിന് പകരം കോപ്പർ സൾഫേറ്റ് ലായനി ഒഴിച്ചും ഇതേ ടെസ്റ്റ് ചെയ്യാം .ആഴ്‌സെനിക്കിന്റെ അംശം ഉണ്ടെങ്കിൽ മഞ്ഞ /ബ്രൗൺ നിറത്തിനു പകരം പച്ച നിറത്തിലുള്ള അവക്ഷിപ്തം ആയിരിക്കുമെന്ന് മാത്രം. എന്നാൽ ഈ രണ്ടു പരിശോധനകളിലും ആഴ്‌സെനിക്കിന്റെ അളവ് കൃത്യമായി നിർണയിക്കാൻ കഴിയാത്തതു കൊണ്ടും, പ്രകൃത്യാലുള്ള ആഴ്‌സെനിക്കിന്റെ അംശം ആണെങ്കിലോ ഇതെന്നും ഉള്ള സംശയം കൊണ്ടും ജെയിംസ് മാർഷ് ഈ പരിശോധന ഫലങ്ങളിലും തൃപ്തനായില്ല . എങ്കിലും, ആ കാലഘട്ടത്തിൽ സാധ്യമായിരുന്ന ഈ പരിശോധനാരീതികൾ വെച്ച് പരമാവധി പരിശ്രമിച്ചു ഡോക്ടർ ബട്ലറിനു റിപ്പോർട് നൽകി . പിന്നീട് ജോർജിന്റെ ചെറുമകൻ ജോൺ ബോഡിൽ ആയിരുന്നു ആര്സെനിക് നൽകിയത് എന്ന് കണ്ടെത്തുകയും, ആഴ്‌സെനിക് വാങ്ങിയ കടയിലെ ജീവനക്കാർ ജോണിനെ തിരിച്ചറിയുകയും ചെയ്തതോടെ കേസ് തെളിഞ്ഞു.
ജോർജ് ബോഡിലിന്റെ കൊലപാതകത്തിലെ പരിശോധനാഫലങ്ങളിൽ തൃപ്തനല്ലാതിരുന്ന ജെയിംസ് മാർഷ് ആഴ്‌സെനിക് അംശം കണ്ടുപിടിക്കാൻ കൂടുതൽ കൃത്യതയാർന്ന ഒരു ടെസ്റ്റ് കണ്ടുപിടിക്കണം എന്ന് മനസ്സിലുറപ്പിച്ചു. ഭാവിയിൽ ആഴ്‌സെനിക് വിഷബാധയേറ്റുള്ള മരണങ്ങളിൽ കുറ്റമറ്റ രീതിയിൽ പരിശോധനാഫലം നൽകിയേ തീരൂ എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു . അദ്ദേഹം തന്റെ പരീക്ഷണങ്ങൾ തുടർന്നു. അങ്ങനെ ഹൈഡ്രോക്ലോറിക് ആസിഡും സിങ്ക് എന്ന ലോഹവും ഉപയോഗിച്ച് ആർസെനിക്കിന്റെ അംശം കണ്ടുപിടിക്കുന്ന ഒരു രീതി വികസിപ്പിച്ചെടുത്തു. പരിശോധിക്കേണ്ട സാമ്പിളിലേക്ക് ഹൈഡ്രോക്ലോറിക് ആസിഡും മുൻകൂട്ടി അറിയുന്ന അളവിൽ സിങ്ക് എന്ന ലോഹവും ചേർത്ത് കഴിഞ്ഞാൽ സിങ്ക്, ഹൈഡ്രജൻ വാതകത്തെ ഹൈഡ്രോക്ലോറിക് അസിഡിൽ നിന്നും ആദേശം ചെയ്യുകയും, അങ്ങനെ പുറത്തു വരുന്ന ഹൈഡ്രജൻ സാമ്പിളിലെ ആർസെനികുമായി പ്രവർത്തിച്ചു ആർസീൻ എന്ന വാതകം ഉണ്ടാകുകയും ചെയ്യും എന്ന് അദ്ദേഹം മനസ്സിലാക്കി. ആർസീൻ കത്തിച്ചു കഴിഞ്ഞാൽ അത് വിഘടിച്ചു കിട്ടുന്ന ആര്സെനിക് മൂലകത്തിന്റെ ബാഷ്പം ഒരു തണുപ്പിച്ച ട്യൂബിലൂടെ കടത്തി വിടുമ്പോൾ ആഴ്‌സെനിക് മൂലകം ട്യൂബിന്റെ വശങ്ങളിൽ കണ്ണാടി പോലെ അവക്ഷിപ്തപ്പെടുകയും പിന്നീട് ടെസ്റ്റ് ട്യൂബിൽ നിന്ന് അത് ശേഖരിച്ചു സാമ്പിളിൽ അടങ്ങിരിയിരിക്കുന്ന ആർസെനിക്കിന്റെ അംശം കൃത്യമായി (50 ൽ ഒരംശം മില്ലിഗ്രാം അളവിൽ ആഴ്‌സെനിക് ഉണ്ടായാൽ പോലും) നിർണയിക്കുകയും ചെയ്തു. ഈ കണ്ടുപിടുത്തം അദ്ദേഹം 1836ൽ എഡിൻബർഗ് ഫിലോസോഫിക്കൽ ജേണലിൽ പ്രബന്ധമായി പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. നിറങ്ങളെ ആശ്രയിച്ചു മാത്രം ആഴ്‌സെനിക്കിന്റെ അംശം കണ്ടുപിടിച്ചിരുന്ന കാലത്തിനു ജെയിംസ് മാർശിന്റെ ഈ സംഭാവന വളരെ വിലപ്പെട്ടതായിരുന്നു. അതുകൊണ്ട് ആഴ്‌സെനിക് കണ്ടുപിടിക്കാനുള്ള ഈ ടെസ്റ്റിന് അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി ഈ ആഴ്‌സെനിക് പരിശോധനാ സംവിധാനത്തിന് മാർഷ് ടെസ്റ്റ് എന്ന് പിൽക്കാലത്ത് നാമകരണം ചെയ്യപ്പെട്ടു.

മാർഷ് ടെസ്റ്റ്ന്റെ ഉത്ഭവം ബോഡിലിന്റെ കൊലപാതകത്തെത്തുടർന്നായിരുന്നെങ്കിലും ഔദ്യോഗികമായി അതിന്റെ ഗുണഫലം ആദ്യമായി കിട്ടിയത് 1840 ൽ ഫ്രാൻസിൽ നടന്ന ലഫർജ് കൊലപാതക കേസിലായിരുന്നു. അവിടെയും വില്ലൻ ആര്സെനിക് തന്നെ! ഉരുക്കു കച്ചവടക്കാരൻ ആയിരുന്ന ചാൾസ് ലഫർജ് തന്റെ സമ്പത്തെല്ലാം നശിച്ചപ്പോൾ കടബാധ്യത തീർക്കാൻ വേണ്ടി താരതമ്യേന ധനികയായിരുന്ന മേരിയെ അവരുടെ ബന്ധുക്കളെ ഒക്കെ താൻ ധനികനാണെന്ന് പറഞ്ഞു കബളിപ്പിച്ചു വിവാഹം ചെയ്തു. ജന്മനാട്ടിൽ നിന്നും ബിസിനസിന് വേണ്ടി പാരിസിലെത്തിയപ്പോൾ ചാൾസിന്റെ വിശ്വരൂപം മേരി കണ്ടു. സമ്പൽ സമൃദ്ധി പ്രതീക്ഷിച്ചു വന്ന മേരിക്ക് അതൊന്നും കാണാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, ചാൾസ് വരുത്തി വെച്ച കടബാധ്യതകൾ ഏറ്റെടുക്കേണ്ടിയും വന്നു. നിരാശയായ മേരി ചാൾസിനോട് വിവാഹ ബന്ധം വേർപെടുത്തണമെന്നു ആവശ്യപ്പെട്ടു. ചാൾസിന് അത് സമ്മതമല്ലായിരുന്നു. സമ്പത്തൊക്കെ എങ്ങനെയെങ്കിലും തിരിച്ചുപിടിക്കാം, പക്ഷെ വിവാഹബന്ധം അതിന്റെ പേരിൽ വേണ്ടെന്നു വെക്കരുത് എന്ന ചാൾസ് ആണയിട്ടു പറഞ്ഞപ്പോൾ മേരി ഒരുവിധം സമ്മതിച്ചു. ബിസിനസ് ട്രിപ്പനുബന്ധിച്ച് ചാൾസിന് മേരിയെ പലപ്പോഴും വിട്ടു നിൽക്കേണ്ടി വന്നു. അങ്ങനെയിരിക്കെ 1839 ഡിസംബറിൽ പാരീസിൽ ഒരു ബിസിനസ് ട്രിപ്പിലായിരുന്ന സമയത്തു മേരി ചാൾസിന് ഒരു ക്രിസ്മസ് കേക്ക് കൊടുത്തു വിട്ടു. അത് കഴിച്ച ഉടനെ അദ്ദേഹത്തിന് ഗുരുതരമായ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കോളറ വ്യാപകമായിരുന്ന ആ കാലഘട്ടത്തിൽ ചാൾസ് ആദ്യമൊന്നും തന്റെ ദേഹാസ്വാസ്ഥ്യം കോളേറെയുടെ ലക്ഷണമാകുമെന്നു കരുതി അത്ര ഗൗനിച്ചില്ല. താൻ കഴിച്ച കേക്ക് ഒരുപക്ഷെ കേടുവന്നു ഭക്ഷ്യവിഷബാധ വല്ലതുമായിരിക്കുമെന്നു കരുതി ചാൾസ് ആ കേക്ക് വലിച്ചെറിയുകയാണ് ഉണ്ടായത്. അധികം താമസിയാതെ ചാൾസ് വീട്ടിലേക്ക് തിരിച്ചു.
പൈസ സമ്പാദിക്കാൻ കഴിഞ്ഞെങ്കിൽ കൂടിയും വീട്ടിൽ തിരിച്ചെത്തിയ ചാൾസിന് ഒരു ഉന്മേഷവും ഉണ്ടായിരുന്നില്ല. ചാൾസിന് ഭക്ഷണമൊക്കെ നൽകി നല്ലപോലെ മേരി ശുശ്രൂഷിച്ചെങ്കിലും വളരെ വേഗത്തിൽ ചാൾസ് പാരീസ് സിൻഡ്രോമിനു (പാരീസ് ജീവിത്തിൽ നിരാശ/ഉത്സാഹമില്ലായ്മ അനുഭവപ്പെടുന്ന ഒരു തരം വിഷാദ രോഗം) അടിമപ്പെട്ടു. ചാൾസിനെ ചികിൽസിക്കാൻ ഡോക്ടർ വന്നു. കോളേറെയുടെ ലക്ഷണങ്ങളുമായി ഡോക്ടർ യോജിച്ചു. ഇനിയാണ് ട്വിസ്റ്റ്! ഭർത്താവിനെ വൈകുന്നേരങ്ങളിൽ ശല്യപ്പെടുത്തുന്ന എലികൾക്ക് വിഷം വെക്കാനാണ് എന്ന് പറഞ്ഞു മേരി ചാൾസിനെ പരിശോധിക്കാൻ വന്ന ഡോക്ടറിനോട് ആഴ്‌സെനിക് കുറിച്ചു വാങ്ങി. ഡോക്ടർ വളരെ നിഷ്കളങ്കനായിരുന്നിരിക്കണം,അദ്ദേഹത്തിന് യാതൊരു സംശയവും തോന്നിയില്ല. എന്തായാലും അടുത്ത ദിവസം തന്നെ ചാൾസിന്റെ രോഗം കലശലായി ആളുകളൊക്കെ അദ്ദേഹത്തെ സന്ദർശിക്കാൻ തുടങ്ങി. അങ്ങനെ വന്നവരിൽ ചാൾസിന്റെ ഒരു ബന്ധുവിന്റെ സുഹൃത്ത് അന്നയും ഉണ്ടായിരുന്നു. ചാൾസിന് കുടിക്കാൻ കൊടുക്കുന്ന പാലിൽ വെളുത്ത നിറത്തിലുള്ള ഒരു പൊടി മേരി ചേർക്കുന്നത് അന്നയുടെ ശ്രദ്ധയിൽ പെട്ടു. എന്താണതെന്നു സംശയത്തോടെ അന്ന ചോദിച്ചപ്പോൾ ഒരു പ്രത്യേക തരം പഞ്ചസാരയാണ് അതെന്നു മേരി മറുപടി നൽകി. എന്നാൽ അന്നയുടെ സംശയം അവിടം കൊണ്ടവസാനിച്ചില്ല. ചാൾസിന് നൽകിയ പാലിന്റെ ഉപരിതലത്തിൽ വെളുത്ത പൊടികൾ കിടന്നിരുന്നത് അന്നയുടെ ശ്രദ്ധയിൽപ്പെടുകയും, ചാൾസിനെ പരിശോധിക്കാൻ വന്ന ഡോക്ടറിന് ആ പാൽ കൊടുക്കുകയും, ഡോക്ടർ ആ പാൽ രുചിച്ചു നോക്കി ക്ഷാര രസം ഉണ്ടെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. വളരെ പെട്ടെന്ന് തന്നെ ചാൾസിന്റെ ആരോഗ്യനില വഷളായി. മരിക്കാറായ ചാൾസിന്റെ അടുത്ത അദ്ദേഹത്തിന്റെ ബന്ധുക്കളൊക്കെ ഒത്തുകൂടിയ സമയം അന്ന മേരിയെക്കുറിച്ചുള്ള തന്റെ സംശയങ്ങൾ ചാൾസിന്റെ അമ്മയോട് സൂചിപ്പിച്ചു. തോട്ടത്തിലെ ജോലിക്കാർ മേരിക്ക് ആഴ്‌സെനിക് കൊണ്ട് വന്നു കൊടുത്തു എന്ന് കൂടി അറിഞ്ഞപ്പോൾ സംശയങ്ങളും ഭയവും ബലപ്പെട്ടു. ആഴ്‌സെനിക് വാങ്ങിയത് മേരി നിഷേധിച്ചില്ലെങ്കിലും, അത് എലി ശല്യത്തിന് വേണ്ടി ആണെന്ന് തന്ത്രപൂർവം വീണ്ടും എല്ലാവരെയും വിശ്വസിപ്പിച്ചു. എന്തായാലും, വളരെ വേഗത്തിൽ തന്നെ ചാൾസ് പരലോകത്തെത്തി. മരിക്കുന്നതിന് തൊട്ടു മുമ്പ് ചാൾസിന് കൊടുത്ത പാൽ ഗ്ലാസ്സിനടിയിൽ വെളുത്ത പഞ്ചസാര പോലെയുള്ള അതെ പൊടി ഊറി കിടന്നത് അന്ന ശ്രദ്ധിച്ചിരുന്നു. ഈ വിവരം അവർ പോലീസിനെ ധരിപ്പിക്കുകയും ചെയ്തു . പോലീസ് പിന്നീട് ഈ കേസ് ഏറ്റെടുക്കുകയും, സ്ഥലത്തെ കെമിസ്റ്റുകളെ കൊണ്ട് ചാൾസിന്റെ ശരീരത്തിൽ ആഴ്‌സെനിക് ഉണ്ടോ എന്ന് പരിശോധിപ്പിക്കുകയും ചെയ്തു. പക്ഷെ അവർക്കൊന്നും, ആഴ്സെനിക്കിന്റെ അംശം കണ്ടെത്താനായില്ല. പരിശോധനാഫലത്തിൽ ഉള്ള സംശയം കൊണ്ട് ഒരു പുനഃപരിശോധനക്ക് പോലീസ് തയ്യാറായി. മാത്യു ഓർഫില എന്നൊരു സ്പാനിഷ് രാസവിഷശാസ്ത്രജ്ഞനെ കൊണ്ട് വീണ്ടും സാമ്പിൾ പരിശോധിപ്പിച്ചു. ജെയിംസ് മാർഷിന്റെ മാർഷ് ടെസ്റ്റ് ആയിരുന്നു അദ്ദേഹം അവലംബിച്ചത്. വളരെ പെട്ടെന്ന് തന്നെ ആഴ്സെനിക്കിന്റെ അളവ് നിർണയിക്കാനും കോടതിയിൽ തെളിയിക്കാനും മാത്യുവിന് കഴിഞ്ഞു. അങ്ങനെ, മേരിയാണ് ഇതിനു പിന്നിലെന്ന് കോടതി കണ്ടെത്തുകയും അവരെ ശിക്ഷിക്കുകയും ചെയ്തു. ലഫറജ് ആഴ്‌സെനിക് കൊലക്കേസ് പിന്നീട് 1937ൽ The Lady and the Arsenic എന്ന ഫിക്ഷൻ ആയി ജോസഫ് ഷെയറിങ് പ്രസിദ്ധീകരിച്ചു . ആർസെനിക്കിനെ പ്രമേയമാക്കി പല കൃതികളും എഴുതപ്പെട്ടു…
Picture courtesies:http://gutenberg.net.au/ebooks14/1400041h.html, https://etcanada.com/news/725919/robbie-williams-says-high-fish-diet-nearly-killed-him-with-mercury-and-arsenic-poisoning/