പ്രൊഫ. ടി ജെ ജോസഫിന്റെ ആത്മകഥ “അറ്റുപോകാത്ത ഓർമ്മകൾ” ഏകദേശം ഒരു മാസം മുമ്പാണ് വായിച്ചു തീർന്നത്. നാട്ടിൽ നിന്നും വന്ന ഒരു സുഹൃത്തിനെക്കൊണ്ട് പ്രത്യേക താല്പര്യപ്രകാരം വരുത്തിച്ച ഒരു പുസ്തകം എന്ന നിലയിലും, അതിനുപരി ഇന്ത്യയിലെയും കേരളത്തിലെയും ഇന്നത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ വായിച്ചിരിക്കേണ്ട, കാലോചിതമായ ഒരു അനുഭവക്കുറിപ്പെന്ന നിലയിലും, ’അറ്റുപോകാത്ത ഓർമ്മകളെ’ക്കുറിച്ച് എന്തെങ്കിലും കുറിക്കണമെന്ന് ആദ്യമേ കരുതിയതാണ്.
മലയാളികൾക്ക് പ്രത്യേകിച്ച് ഒരു മുഖവുരയുടെ ആവശ്യമില്ലാത്തയാളാണ് പ്രൊഫ. ടി ജെ ജോസഫ് .മതേതരമെന്നവകാശപ്പെടുന്ന കേരളവും, സർക്കാരും, മത സംഘടനകളും ആശയങ്ങളുടെ പേരിൽ ഒരുപോലെ വെല്ലുവിളിച്ച തൊടുപുഴ ന്യൂമാൻ കോളജിലെ ജോസഫ് മാഷ്. തികച്ചും നിരുപദ്രവകരമെന്ന് കരുതിയ ഒരു ചോദ്യത്തിലൂടെ എങ്ങനെ ഒരദ്ധ്യാപകന്റെ ജീവിതം ശീർഷാസനം ചെയ്യപ്പെട്ടുവെന്നതിന്റെ ജീവിക്കുന്ന ഉദാഹരണം. “അറ്റുപോകാത്ത ഓർമ്മകളു”ടെ പ്രധാന പ്രതിപാദ്യമിതാണ്.രണ്ടു ഭാഗങ്ങളായാണ് ഈ ആത്‌മകഥ ക്രമപ്പെടുത്തിയിരിക്കുന്നത്. ആദ്യഭാഗത്ത് ചോദ്യപ്പേപ്പർ വിവാദവും തുടർന്നുണ്ടായ സംഭവ വികാസങ്ങളും, രണ്ടാം രണ്ടാം ഭാഗത്ത് പ്രൊഫസറുടെ മുൻകാല ജീവിതവും.

“അറ്റുപോകാത്ത ഓർമ്മകൾ” കേവലം മതഭ്രാന്തന്മാരുടെ ഇരയായ ഒരു അദ്ധ്യാപകന്റെ സിനിമ സ്റ്റൈൽ ക്ളീഷേ കഥ പറച്ചിലല്ല. പുസ്തകത്തിനൊരിക്കലും ഇരവാദത്തിന്റെ സ്വരവുമില്ല.നൊമ്പരപ്പെടുത്തുന്ന യാത്രയാണ്, ഒരു മനുഷ്യന്റെ തത്വചിന്തകളുടെ സംഹിത കൂടിയാണത്. പുസ്തകം എഴുതിയ ആളുടെ ചിന്തകൾക്കൊപ്പിച്ച് പലപ്പോഴും ആമേൻ മൂളിക്കൊണ്ടു സഞ്ചരിക്കുന്ന ഒരു ശരാശരി വായനക്കാരിയാണ് ഞാൻ എന്നുള്ളത് കൊണ്ടാവാം എഴുത്തുകാരൻ പ്രതിപാദിക്കുന്ന പല കാര്യങ്ങളും തുണിയുടുക്കാത്ത സത്യമായി അനുഭവപ്പെടുകയുണ്ടായി. സത്യം ! പരമാർത്ഥം !
വളരെ വളരെ ശരിയാണ്! എന്നെല്ലാം ഗദ്ഗദമായി പുറത്തേക്ക് വന്നു. ”അത്ര നിഷ്കളങ്കമായി തയ്യാറാക്കിയ ഒരു ചോദ്യമൊന്നുമായിരിക്കില്ല , അടി വീഴുന്നിടത്തു പോയി ചെവി കൊണ്ട് വെച്ചതാണ്” എന്നൊക്കെയുള്ള അഭിപ്രായങ്ങൾ സുഹൃദ് വലയങ്ങളിൽ നിന്നും കേട്ടിരുന്നെങ്കിലും പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ മാഷിന്റെ ശരിക്കൊപ്പം തന്നെയാണ് ഞാൻ പക്ഷം പിടിക്കുന്നത്. അങ്ങനെ ഉൾക്കൊള്ളാനാണ് എനിക്കിഷ്ടവും.
കൈ വെട്ടിയ മത തീവ്രവാദികളുടെ അക്രമത്തെക്കാൾ ജോസഫ് മാഷിനെ മാനസികമായി ഏറ്റവും കൂടുതൽ വിഷമിപിച്ചതും, അദ്ദേഹത്തിന്റെ ഭാര്യയുടെ ആത്മഹത്യ വരെ കാര്യങ്ങൾ എത്തിച്ചതും വർഷങ്ങളോളം അദ്ദേഹം പണിയെടുത്ത കോളേജ് മാനേജ്മെന്റും, സഹപ്രവർത്തകരും, സർകാർ അധികാരികളും അവരുടെ മലീമസമായ പ്രവൃത്തികളുമാണ് എന്നത് ഇല്ലോളം വേദനയോടെയല്ലാതെ വായിച്ചു തീർക്കാനാവില്ല. ഹൃദയസ്പർശിയായ പുസ്തകങ്ങൾ മുമ്പും വായിച്ചിട്ടുണ്ടെങ്കിലും ഇത്രകണ്ടു മനസ്സ് പ്രക്ഷുബ്ധമായ, ഉറക്കം നഷ്ടപ്പെടുത്തിയ ഒരു വായനാനുഭവം ഉണ്ടായിട്ടില്ലെന്ന് വേണം പറയാൻ. ” പരശുരാമന്റെ മഴു” എന്ന അധ്യായം ഏത് വായനക്കാരനും നിസ്സഹായനായ ഒരു കാഴ്ചക്കാരനായി നോക്കി നിൽക്കുന്ന ഒരു വായനാനുഭവമാണ് സമ്മാനിക്കുന്നത് .ഭയവും വിഷാദം ഘനീഭവിച്ചു നിൽക്കുന്ന ജോസഫ് മാഷിന്റെ വീടും പരിസരവും വായനക്കാരിലേക്ക് കൂടി ഊളിയിട്ടിറങ്ങുന്നുണ്ട് . എങ്കിലും, അതിനെയൊക്കെ മറികടക്കുന്ന’ ക്രൂര’മെന്നു തോന്നിപ്പിച്ച നർമ ബോധം ഒരു പരിധിവരെ ഇതിനെ ശമിപ്പിച്ചിട്ടുമുണ്ട് എന്ന പറയാതെ വയ്യ . എങ്ങനെ പറ്റുന്നു? സ്വയം കോമാളിയാവുകയാണോ??!! എന്ന് ചോദിച്ചു പോകുന്ന പല മുഹൂർത്തങ്ങൾ പുസ്തകത്തിലുണ്ട്. അതെ സമയം, ഹമ്പട! മാഷിന്റെ ബുദ്ധി കൊള്ളാമല്ലോ ! അത്ര പാവമൊന്നുമല്ല! എന്ന് തോന്നുന്ന ചില സന്ദർഭങ്ങളും ഉണ്ട്.

പുസ്തകത്തിലെന്നെ ഏറ്റവും ആകർഷിച്ച ഘടകം ആരെയും കുറ്റപ്പെടുത്താൻ വേണ്ടി എഴുതിയ പുസ്തകമാണ് എന്ന് വായനക്കാർക്ക് ഒരിക്കലും അനുഭവപ്പെടില്ല എന്നതാണ്. ജീവിതാനുഭവങ്ങളുടെ തുറന്നുപറച്ചിലുകളാവുമ്പോൾ ഏതെങ്കിലും ഒരു വിഭാഗത്തെ /വ്യക്തിയെ ഒക്കെ പഴിച്ച് തന്നെ ഈ അവസ്ഥയിലാക്കിയ ആളുകളോട് വായനക്കാരെക്കൊണ്ടുകൂടി വെറുപ്പിച്ചു കൊണ്ട് നിഷ്പ്രയാസം എഴുതി അവസാനിപ്പിക്കാവുന്ന ഒരു ആത്മകഥ, വളരെ വ്യത്യസ്തമായ രീതിയിലാണ് പ്രൊഫ.അവതരിപ്പിച്ചിരിക്കുന്നത്. ജ്ഞാനപീഠ പുരസ്‌കാരം നേടിയപ്പോൾ ഇടതു കൈ കൊണ്ട് ഒ.എൻ.വി കുറുപ്പിന് അഭിനന്ദന കുറിപ്പെഴുതി അയച്ചതും, അദ്ദേഹം അതിനൊരു കവിതയിലൂടെ മറുപടി അയച്ചതും, കൂടെ പതിനായിരം രൂപയുടെ ചെക്ക് കൂടി വെച്ചതും എന്നെ അത്ഭുതപ്പെടുത്തി. മനുഷ്യ സ്‌നേഹി എന്ന് നമ്മൾ കരുതുന്ന/ കരുതിയ സുകുമാർ അഴീക്കോടിനെ പോലുള്ളവരുടെ വൈരുദ്ധ്യാത്മക സമീപനവും ഞെട്ടലുളവാക്കി.
തീവ്രമായ ജീവിതാനുഭവങ്ങൾ പറഞ്ഞവസാനിപ്പിക്കുക മാത്രമാണ് പുസ്തകം എന്ന് കരുതിയിടത്ത് , തന്റെ ബാല്യവും , യൗവ്വനവും അധ്യാപക ജീവിതവുമെല്ലാം വിവരിച്ചുള്ള രണ്ടാം ഭാഗം കൂടി ചേർത്തത്തിലൂടെ പുസ്തകം വായനക്കാർ ആവശ്യപ്പെടുന്ന പൂർണതയിലെത്തുന്നുണ്ട് .വർത്തമാന കേരളവും ഇന്ത്യയും നമ്മൾ ഉൾപ്പെടുന്ന അവിടത്തെ അഭിനവ മതേതരവാദികളും “അറ്റുപോകാത്ത ഓർമ്മകൾ” വായിക്കണം.ആശയപരമായ വിയോജിപ്പുകൾ ഉണ്ടാകാമെങ്കിലും ജോസഫ് മാഷും അദ്ദേഹത്തിന്റെ അനുഭവങ്ങളും എക്കാലവും പ്രസക്തമാണ് എന്നത് നിസ്തർക്കമാണ്. പുസ്തകത്തിൽ പറയുന്ന പല കാര്യങ്ങളും മത വിശ്വാസികളായ സഹോദരങ്ങൾക്ക് ഉൾകൊള്ളാൻ കഴിഞ്ഞെന്ന് വരില്ല. യഥാർത്ഥ വായനക്കാരൻ എന്ന നിലയിലേക്ക് മാറാൻ ഒരു മതത്തിൻ്റെ മാത്രം വക്താവായി ഈ പുസ്തകത്തെ സമീപിച്ചാൽ കഴിഞ്ഞെന്നും വരില്ല.